TopTop

Explainer: പ്രതിരോധ സജ്ജമെന്ന് കേരളം; രോഗപ്പകർച്ച പരിമിതമെന്ന് യുഎഇ; 'ആരോഗ്യ അടിയന്തിരാവസ്ഥ' ഇല്ലെന്ന് WHO: കൊറോണയ്ക്കെതിരെ ആഗോള ജാഗ്രത

Explainer: പ്രതിരോധ സജ്ജമെന്ന് കേരളം; രോഗപ്പകർച്ച പരിമിതമെന്ന് യുഎഇ;

2019 ഡിസംബർ 31നാണ് ചൈനയിൽ ഹുബൈ പ്രവിശ്യയിലുള്ള വുഹാൻ നഗരത്തിൽ ആദ്യമായി കൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചൈനയിൽ മാത്രം ഇതുവരെ 17 മരണങ്ങൾ നടന്നു. 471 പേരി‍ൽ രോഗം സ്ഥിരീകരിക്കപ്പെട്ടു. ഇതിനു പിന്നാലെ വിവിധ രാജ്യങ്ങളിൽ നിന്ന് ഇതേ രോഗം സ്ഥിരീകരിക്കപ്പെട്ടതായി വാർത്തകൾ വന്നുതുടങ്ങി. ജപ്പാനിലും തായ്‌ലാൻഡിലും തയ്‌വാനിലും തുടങ്ങി യുഎസ് വരെയുള്ള രാജ്യങ്ങളിൽ ഈ രോഗം കണ്ടെത്തി. വുഹാൻ സന്ദർശിച്ചെത്തിയ മുപ്പതുകാരനാണ് യുഎസ്സിൽ രോഗബാധ കണ്ടെത്തിയത്. ഓരോ മണിക്കൂറിലും രോഗബാധയുള്ളവരുടെ എണ്ണം കൂടി വരികയാണ് എന്നത് ജനങ്ങളിൽ ആശങ്ക വളർത്തുന്നുണ്ട്.

എന്താണ് കൊറോണ വൈറസ്?

സസ്തനികളായ മൃഗങ്ങളിലും പക്ഷികളും കണ്ടുവരാറുള്ള വൈറസ്സാണ് കൊറോണ വൈറസ് എന്നറിയപ്പെട്ടിരുന്നത്. വളരെ അപൂർവ്വമായി മനുഷ്യരെയും ഈ രോഗം ബാധിച്ചിരുന്നു. ഈ വൈറസ്സിനെതിരെ വാക്സിനുകളോ മരുന്നുകളോ നിലവിലില്ല. ഇതേ വൈറസ്സിന്റെ ഒരു പുതിയ രൂപത്തെയാണ് ഇപ്പോൾ ചൈനയിൽ കണ്ടെത്തിയിരിക്കുന്നത്. വുഹാൻ എന്ന പ്രദേശത്ത് കണ്ടെത്തിയതിനാൽ വുഹാൻ ഫ്ലൂ എന്നും വുഹാൻ സീഫുഡ് മാർക്കറ്റ് ന്യൂമോണിയ വൈറസ് എന്നുമെല്ലാം ഈ രോഗം അറിയപ്പെടുന്നുണ്ട്. അതായത് കൊറോണ വൈറസ് കുടുംബത്തിൽ പെട്ട പുതിയൊരു വൈറസ്സാണ് മനുഷ്യരെ ബാധിച്ചിരിക്കുന്നത്. നേരത്തെ തന്നെ ആറോളം കൊറോണ വൈറസ്സുകൾ മനുഷ്യനെ ബാധിക്കുന്നതായി നിലവിലുണ്ട്. ഇപ്പോഴത്തേതും കൂടിയാകുന്നതോടെ ഇവയുടെ എണ്ണം ഏഴായി.

പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. അഞ്ച് മുതൽ ആറുവരെ ദിവസങ്ങളാണ് വൈറസ്സിന്റെ ബീജഗർഭകാലം അഥവാ ഇൻക്യുബേഷൻ പിരീഡ്. രോഗിയുമായി അടുത്തിടപഴകുന്നവർക്ക് രോഗബാധയുണ്ടാകാം. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ അതുവഴിയും രോഗബാധ വരാം.

എവിടെ നിന്ന് വന്നു?

ചൈനയിലെ വുഹാൻ ഇറച്ചി മാർക്കറ്റ് കാട്ടിറച്ചിക്ക് പേരു കേട്ടയിടമാണ്. ഇവിടെ പാമ്പുകളുടെയും കീരികളുടെയുമെല്ലാം ഇറച്ചി വിൽക്കപ്പെടുന്നു. ഈ ഇറച്ചികളുടെ കൂട്ടത്തിൽ ഒരുതരം ചൈനീസ് വെള്ളിക്കെട്ടൻ പാമ്പിന്റെ ഇറച്ചിയും വിൽപ്പനയ്ക്കുണ്ടായിരുന്നു. ഉയർന്ന വിഷമുള്ള പാമ്പിനമാണിത്. ഇവയിൽ നിന്നാകാം പുതിയ വൈറസ് രൂപപ്പെട്ടതെന്നാണ് പ്രാഥമിക അനുമാനം. രണ്ട് വൈറസ്സുകള്‍ ചേർന്ന് രൂപപ്പെട്ടതാകാമെന്നത് അടക്കമുള്ള നിഗമനങ്ങളും നിലവിലുണ്ട്. ഇവയെല്ലാം തെളിയിക്കപ്പെടുന്നതിന് കൂടുതൽ റിസർ‌ച്ച് ആവശ്യമാണ്.

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന രോഗമായിട്ടാണ് കൊറോണ വൈറസ് ഇക്കാലമത്രയും അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒന്നാണ്. വെരുകുകളിൽ നിന്നും ഒട്ടകങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന കൊറോണ വൈറസ്സുകൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെയാണ് ചൈന ഇതിനെ നേരിടുന്നത്?

കേരളത്തിൽ നിപ്പ വൈറസ് ആദ്യമായി ബാധിച്ച സന്ദർഭത്തിൽ ഒരു പ്രദേശത്തെ ഒറ്റപ്പെടുത്തണമെന്ന നിർദ്ദേശം പല വിദഗ്ധരും മുമ്പോട്ടു വെക്കുകയുണ്ടായി. എന്നാൽ സർക്കാർ അതിന് തയ്യാറായില്ല. ജനതയുടെ ആത്മവിശ്വാസം തകർക്കാനിടയുള്ള അത്തരം നടപടികളിലേക്ക് നീങ്ങേണ്ടതില്ല എന്നതായിരുന്നു സർക്കാർ നിലപാട്. പകരം സമൂഹത്തിന്റെ ജാഗ്രത വർധിപ്പിച്ചു. എന്നാൽ, കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വുഹാൻ മേഖലയെ ഒറ്റപ്പെടുത്തുകയാണ് ചൈനീസ് സർക്കാർ ചെയ്തിരിക്കുന്നത്. ഈ നടപടി വൈറസ് ബാധയുടെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്. ഒരു കോടി പത്ത് ലക്ഷം ജനങ്ങൾ പാർക്കുന്ന ഈ സ്ഥലം മുഴുവൻ മറ്റിടങ്ങളിൽ നിന്നും ഒറ്റപ്പെടുത്തപ്പെട്ടിരിക്കുകയാണ്. വിമാനങ്ങളും ട്രെയിനുകളും ബസ്സുകളുമെല്ലാം റദ്ദാക്കപ്പെട്ടിരിക്കുന്നു. പൊതുസ്ഥലങ്ങളില്‍ ജനങ്ങൾ മാസ്ക് ധരിക്കാതെ ഇറങ്ങരുതെന്ന് വുഹാനിലെ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ലഭ്യമായ വിവരങ്ങൾ പ്രകാരം അതീവ ജാഗ്രത ആവശ്യമാണ് ഈ വൈറസ്സിനെ പ്രതിരോധിക്കാൻ. ലോകാരോഗ്യ സംഘടനയുടെ അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. ആഗോള 'ആരോഗ്യ അടിയന്തരാവസ്ഥ' പ്രഖ്യാപിക്കുന്നതു വരെ ആലോചനയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അത്തരമൊരു സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘന പറയുന്നത്. എച്ച്1എൻ1, പോളിയോ, എബോള, സിക വൈറസ് തുടങ്ങിയവ പടർന്നു പിടിച്ച സമയങ്ങളിലാണ് മുൻപ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 2002ൽ 800 പേരുടെ മരണത്തിനിടയാക്കിയ സാർസ് വൈറസ്സിനേക്കാൾ അപകടം കുറഞ്ഞതാണ് കൊറോണ എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

എന്താണ് മരുന്ന്?

മരുന്നില്ല. കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യമായി അന്വേഷിച്ച് സ്ഥിരീകരണം നടത്തിയ ആരോഗ്യവകുപ്പ് സംഘത്തിലെ ഡോ. ഴോങ് നാൻഷാൻ പറയുന്നതു പ്രകാരം നിലവിലുള്ള ആന്റി വൈറലുകൾ ഉപയോഗിച്ച് ഫലം പരീക്ഷിക്കാവുന്നതാണ് എന്നാണ്.

എങ്ങനെയാണ് മലയാളികളെ ഈ വൈറസ് ബാധിച്ചത്?

സൗദിയിൽ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കുറച്ച് മണിക്കൂറുകൾക്കു മുമ്പാണ്. ഒരു ഫിലിപ്പൈൻസ് യുവതിയെ ചികിത്സിച്ചതിനു പിന്നാലെയാണ് ഇവർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയാത്ത് നാഷണലിലെ ജീവനക്കാരിയാണ് രോഗം ബാധിച്ചയാള്‍. അബഹയിലാണ് സംഭവം. ഇവരെ മെച്ചപ്പെട്ട ചികിൽസയ്ക്കായി അസീർ സെൻട്രല്‍ ആശുപത്രിയിലേക്കു മാറ്റി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.

ഫിലിപ്പൈൻസ് യുവതി ചികിത്സയ്ക്ക് എത്തിയപ്പോൾ പരിചരിക്കുകയും ഇടപെടുകയും ചെയ്ത 30 മലയാളി നഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് ശരിയായ ഭക്ഷണമോ പരിചരണമോ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. എപ്പോഴെങ്കിലും എത്തിക്കുന്ന ഭക്ഷണം വാതിലിനു പുറത്ത് വെച്ചിട്ടു പോകുകയാണ് ചെയ്യുന്നതെന്ന് പരാതിയുണ്ട്.

നഴ്സുമാര്‍ക്ക് ചികില്‍സയും സംരക്ഷണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. നോര്‍ക്ക വഴി ഇടപെടല്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറയുന്നു.

സൗദി അറേബ്യയിൽ വൈറസ്ബാധ സ്ഥിരീകരിച്ചത് ഗള്‍ഫ് മേഖലയിലാകമാനം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ആശങ്കയ്ക്ക് അടിസ്ഥാവനമില്ലെന്ന് യുഎഇ പറയുന്നു. രോഗത്തിന്റെ കടന്നുവരവ് പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും എടുത്തു കഴിഞ്ഞിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാനുള്ള സന്നാഹം രാജ്യത്തുണ്ടെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സ് ആന്റ് കണ്‍ട്രോള്‍ ഓഫ് പാന്‍ഡെമിക്സ് അറിയിച്ചു. ഇതുവരെ സ്വീകരിച്ച നടപടികള്‍ കൊറോണ വൈറസില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാണ്. മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പകർച്ചവ്യാധികളെ അപേക്ഷിച്ച് രോഗപ്പകർച്ച പരിമിതമാണെന്നും അധികൃതർ വിലയിരുത്തുന്നു.

എന്തെല്ലാം നടപടികളാണ് കേരളം എടുത്തിരിക്കുന്നത്?

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക പരിശോധനാ കൗണ്ടറും തുറന്നിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. ഏത് അടിയന്തിരാവസ്ഥയെയും നേരിടാൻ‌ ജാഗ്രതയോടെ ആരോഗ്യവകുപ്പ് നിലകൊള്ളുന്നുണ്ട്. ചൈനയിൽ പോയി വരുന്നവർ ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടേണ്ടതുണ്ട്. ഇതിന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധ പ്രതിരോധിക്കാനുള്ള കർശന നിർദ്ദേശം മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മറച്ചുവയ്ക്കരുതെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു.

പരിശോധന ഏഴ് വിമാനത്താവളങ്ങളിൽ

ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലാണ് പരിശോധന നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊച്ചി, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പരിശോധന ഏർപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിൽ കർശന പരിശോധന നടക്കും. 2019 ഡിസംബര്‍ 31ന് ശേഷം ഇന്ത്യന്‍ വിസക്കായി അപേക്ഷിച്ചവരുടെ വിവരങ്ങള്‍ കേന്ദ്ര ആരോഗ്യ വകുപ്പ് വിദേശകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിൽ നിന്ന് കേരളത്തിലെത്തിയ 28 പേരിൽ ആർക്കും കൊറോണ ബാധയില്ലെന്ന് അവിടെ പരിശേധന നടത്തുന്ന വിദഗ്ധ സംഘം അറിയിക്കുന്നു.

കപ്പലുകളിലെത്തുന്നവരെയും പരിശോധിക്കുന്നു

കൊച്ചി തുറമുഖ ട്രസ്റ്റ് ക്രൂയിസ് ടെര്‍മിനലിലും പ്രത്യേക നിരീക്ഷണ പരിശോധനാ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. വിമാന കമ്പനി ട്രാവല്‍ ഏജന്‍സികള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനീസ്, ഹോങ്കോങ്, വിമാനയാത്രക്കാരടക്കമുള്ള ചൈനക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. തുറമുഖത്ത് എത്തുന്ന ആഡംബര കപ്പല്‍ സഞ്ചാരികളെ പരിശോധിക്കാന്‍ പോര്‍ട്ട് ഹെല്‍ത്ത് വിഭാഗവും സംവിധാനമൊരുക്കിയിട്ടുണ്ട്. കൊച്ചി, ആലപ്പുഴ, തേക്കടി, മൂന്നാർ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഏറെയും ചൈനീസ് സഞ്ചാരികളെത്തുന്നത്. 2019ൽ മാത്രം 12,000 ചൈനീസ് സഞ്ചാരികൾ കേരളത്തിലെത്തി. കൊച്ചി വിമാനത്താവളം വഴിയാണ് ചൈനീസ് സഞ്ചാരികൾ ഏറെയുമെത്തുന്നത് എന്നതിനാലാണ് ഇവിടെ പരിശോധന കർശനമാക്കിയത്.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോം സ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. ചൈനയിൽ നിന്നും ഭക്ഷ്യ ഇറക്കുമതിയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.


Next Story

Related Stories