TopTop
Begin typing your search above and press return to search.

Explainer: വെനസ്വേലയുടെ പതനവും യുഎസ് ഉപരോധങ്ങളും: കരീബിയൻ കടലിലെ ക്യൂബയെന്ന കേവുവള്ളം ആടിയുലയുമ്പോൾ

Explainer: വെനസ്വേലയുടെ പതനവും യുഎസ് ഉപരോധങ്ങളും: കരീബിയൻ കടലിലെ ക്യൂബയെന്ന കേവുവള്ളം ആടിയുലയുമ്പോൾ

കടുത്ത ഇന്ധനക്ഷാമത്തിന്റെ പിടിയിലാണ് ക്യൂബ. പെട്രോൾ സ്റ്റേഷനുകൾക്കു മുമ്പിൽ നീണ്ട ക്യൂ ദൃശ്യമാണ് എവിടെയും. അഞ്ചും ആറും മണിക്കൂർ നീളുന്ന ക്യൂവാണ് എല്ലായിടത്തുമുള്ളത്. ഇന്ധത്തിനു മാത്രമല്ല, നിരവധി അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുകയും അവയ്ക്കെല്ലാം റേഷനിങ് ഏർപ്പെടുത്തേണ്ടി വരികയും ചെയ്തിരുന്നു ഈ ദ്വീപരാഷ്ട്രത്തിന്. ക്യൂബന്‍ തെരുവുകളിൽ കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും നീക്കങ്ങൾ വളരെ കുറഞ്ഞ അളവിലാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങളെ മാത്രം ആശ്രയിക്കാൻ നിർബന്ധിതരായിരിക്കുന്നു. ഇത് രാജ്യത്തെ മൊത്തം ബിസിനസ്സുകളെയും ബാധിച്ചിരിക്കുകയാണ്. എന്താണ് ഈ ക്ഷാമങ്ങൾക്കും കാരണമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ; അമേരിക്കയുടെ ഉപരോധങ്ങൾ.

എന്താണ് ക്യൂബയിലെ ഇന്ധനക്ഷാമത്തിനു പിന്നിൽ?

ക്യൂബയുടെയും വെനസ്വേലയുടെയും മുകളിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് ക്യൂബയിലെ ഇപ്പോഴത്തെ ഇന്ധനക്ഷാമത്തിന് കാരണം. വെനസ്വേലയെയാണ് ക്യൂബ ഇന്ധനത്തിനായി ആശ്രയിക്കുന്നത്. ക്ഷാമത്തെക്കുറിച്ച് ക്യൂബൻ പ്രസിഡണ്ട് മിഗ്വൽ ഡയസ് കാനെൽ രാജ്യത്തെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ദുഷ്കരമായ ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും ജനങ്ങൾ ഐക്യത്തോടെ അതിനെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഇന്ധനപരമായ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

ക്യൂബയുടെ പൊതുവുടമസ്ഥതയിലുള്ള ക്യൂബാമെറ്റൽസ് എന്ന ഷിപ്പിങ് കമ്പനിക്കുമേൽ ഉപരോധമേർപ്പെടുത്തുകയാണ് യുഎസ് ട്രഷറി ഡിപ്പാർ‌ട്ട്മെന്റ് ചെയ്തത്. ജൂലൈ മാസത്തിലായിരുന്നു ഇത്. വെനസ്വേലയ്ക്കും ക്യൂബയ്ക്കുമിടയിൽ സർവ്വീസ് നടത്തുന്ന മറ്റ് ഷിപ്പിങ് കമ്പനികൾക്കെതിരെയും ഉപരോധം വന്നു. വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ വിലപേശൽ‌ ശേഷി വർധിപ്പിക്കാൻ കച്ചവട ബന്ധത്തിലൂടെ സഹായിക്കുകയും ചെയ്യുന്നവരെ തടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കി. ഇതോടെ ക്യൂബമെറ്റൽസിന് യുഎസ്സിലുള്ള തങ്ങളുടെ ആസ്തികൾ ഉപയോഗിക്കാൻ പറ്റാതായി. യുഎസ് സ്ഥാപനങ്ങളുമായുള്ള ക്യൂബമെറ്റൽസിന്റെ ബന്ധങ്ങളെല്ലാം മരവിപ്പിക്കപ്പെട്ടു. യുഎസ്സുമായി നല്ല ബന്ധത്തിലുള്ള മറ്റു രാജ്യങ്ങളും ക്യൂബമെറ്റൽസുമായുള്ള ബിസിനസ്സുകളിൽ നിന്നും പിൻവാങ്ങി. കമ്പനി വലിയ പ്രതിസന്ധിയിലകപ്പെട്ടു. ജനുവരി മാസത്തിൽ തന്നെ വെനസ്വേലയുടെ പൊതുവുടമയിലുള്ള പെട്രോലിയോസ് ദെ വെനസ്വേലയ്ക്കെതിരെ ഉപരോധം കൊണ്ടുവന്നിരുന്നു. എന്നാൽ ക്യൂബമെറ്റൽസ് ഈ ഉപരോധത്തെ വകവെക്കുകയുണ്ടായില്ല. തുടർന്നും വെനസ്വേലയുമായുള്ള കച്ചവടം നടത്തിപ്പോന്നു. ഇതിൽ പ്രകോപിതരായാണ് ജൂലൈ മാസത്തിൽ ക്യൂബയ്ക്കെതിരെയും ഉപരോധം കൊണ്ടു വന്നത്.

ഇതോടൊപ്പം, ക്യൂബമെറ്റൽസുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് അറിയിച്ചതോടെ ഇറ്റാലിയൻ കമ്പനിയായ പിബി ടാങ്കേഴ്സിനെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നത് യുഎസ് ഒഴിവാക്കി.

ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ വെനസ്വേലയ്ക്കെതിരായ ഉപരോധങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. നൂറിലധികം വെനസ്വേലൻ ഉദ്യോഗസ്ഥർക്കെതിരെ 2017ൽ ഉപരോധം കൊണ്ടുവരികയുണ്ടായി. ഇതിനു ശേഷം തുടർച്ചയായി ഉപരോധങ്ങൾ കൊണ്ടുവന്നു. വെനസ്വേലയുടെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ കയറ്റുമതിയെ ലക്ഷ്യമാക്കിയായിരുന്നു യുഎസ്സിന്റെ ഓരോ നീക്കവും. രാജ്യത്ത് അട്ടിമറി നടത്താനുള്ള യുഎസ്സിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ കടുത്ത നീക്കങ്ങൾക്ക് തയ്യാറെടുത്തിരിക്കുകയാണ് യുഎസ് എന്നാണ് പുതിയ വാർത്തകൾ പറയുന്നത്.

പുതിയ ഉപരോധങ്ങൾ‌?

ഇക്കഴിഞ്ഞദിവസം (ഒക്ടോബർ 18) യുഎസ് ക്യൂബയ്ക്കുമേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുണ്ടെന്ന് തങ്ങളാരോപിക്കുന്ന വെനസ്വേലയുമായും പ്രസിഡണ്ട് നികോളാസ് മഡൂറോയുമായും ബന്ധം പുലർത്തുന്നുവെന്നാരോപിച്ചാണ് ഈ പുതിയ ഉപരോധങ്ങൾ. ക്യൂബൻ എയർലൈൻ കമ്പനികൾക്ക് എയർക്രാഫ്റ്റുകൾ ലീസിനു നൽകുന്നതിൽ നിന്നും യുഎസ് കമ്പനികളെ വിലക്കുകയാണ് പുതിയ നടപടിയിലൂടെ ചെയ്തിരിക്കുന്നത്. വൈറ്റ് ഹൗസ് വാണിജ്യ വകുപ്പാണ് പുറത്തിറങ്ങിയ ഒരു പ്രസ്താവന ഇങ്ങനെ പറയുന്നു:"വാണിജ്യ വകുപ്പിന്റെ ഈ നടപടിയിലൂടെ ചെയ്യുന്നത് ക്യൂബൻ ഭരണകൂടത്തിന് ഒരു വ്യക്തമായ സന്ദേശം നൽകുകയാണ്. സ്വദേശത്തും വിദേശത്തും അവർ നടത്തുന്ന നശീകരണ പ്രവൃത്തികൾ അടിയന്തിരമായ നിർത്തലാക്കണം!"

എന്താണ് പുതിയ ഉപരോധത്തോടുള്ള ക്യൂബയുടെ പ്രതികരണം?

പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ക്യൂബൻ പ്രസിഡണ്ട് മിഗ്വൽ ഡയസ് കാനെൽ ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി. യുഎസ് നടപടിയെ അപലപിച്ചുള്ളതായിരുന്നു അത്. "ക്യൂബയ്ക്കു മേലുള്ള ഉപരോധങ്ങളെ കടുത്തതാക്കുന്ന പുതിയ നടപടികൾ യുഎസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നടപടി അധാർമികവും അധിനിവേശപരവുമാണ്. മനുഷ്യത്വരാഹിത്യവും ക്രൂരതയും അനീതിയുമാണിത്. ഈ വംശഹത്യാപരമായ നടപടിയെ ഞങ്ങൾ ശക്തമായി തള്ളിക്കളയുന്നു. ഞങ്ങള്‍ പരാജയപ്പെടുകയില്ല."

എന്നു മുതൽക്കാണ് ക്യൂബയിലെ എണ്ണ പ്രതിസന്ധി തുടങ്ങിയത്?

145,000 ബാരൽ എണ്ണ ആവശ്യമുണ്ട് ക്യൂബയ്ക്ക് ഒരു ദിവസം കഴിഞ്ഞു കൂടാൻ. ഈ എണ്ണയ്ക്ക് ക്യൂബ ആശ്രയിക്കുന്നത് വെനസ്വേല അടക്കമുള്ള തങ്ങളുടെ സഖ്യകക്ഷികളിൽ നിന്നാണ്. വെനസ്വേലയാണ് എറ്റവും പ്രധാന എണ്ണ ഉറവിടം. ക്യൂബയിലെ ഫാക്ടറികൾ, മറ്റ് വ്യാവസായിക കേന്ദ്രങ്ങൾ എന്നിവിടങ്ങള്‍ പ്രവർത്തിക്കണമെങ്കിൽ ഈ എണ്ണയുടെ വരവ് തടസ്സപ്പെട്ടുകൂടാ.

2015 വരെ 90,000 ബാരൽ എണ്ണ വെനസ്വേല ക്യൂബയ്ക്ക് ദിനംപ്രതി നൽകിക്കൊണ്ടിരുന്നു. 2016ൽ വെനസ്വേലയുടെ സാമ്പത്തിക വ്യവസ്ഥ മാന്ദ്യത്തിലാകുകയും എണ്ണയുൽപ്പാദനം കുറയുകയും ചെയ്തപ്പോഴാണ് ക്യൂബയ്ക്കുള്ള എണ്ണവിഹിതത്തിൽ കുറവ് സംഭവിച്ചത്. ആഭ്യന്തര പ്രശ്നങ്ങളല്ലാതെ മറ്റു പ്രശ്നങ്ങൾ വെനസ്വേലയുടെ എണ്ണ സപ്ലേയിൽ ഉണ്ടായിരുന്നില്ല. എന്നാൽ 2017ൽ വെനസ്വേലയ്ക്കെതിരെ യുഎസ്സിന്റെ ഉപരോധം വന്നതോടെ രാജ്യത്തിന്റെ കടമെടുക്കാനുള്ള വഴികളെ അത് ബാധിച്ചു. ഇത് എണ്ണയുൽപ്പാദനത്തെയും ബാധിച്ചു. സ്വാഭാവികമായും ക്യൂബയ്ക്കുള്ള എണ്ണവിതരണത്തിലും കുറവ് വന്നു. ഇക്കഴിഞ്ഞ ദിവസം വന്ന പുതിയ ഉപരോധം കൂടിയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ ദുഷ്കരമാകും ക്യൂബയ്ക്ക്.

എന്തുകൊണ്ട് ഈ ഉപരോധം ക്യൂബയെ വിഷമത്തിലാക്കും?

വെനസ്വേലന്‍ എണ്ണയിന്മേലുള്ള ഉപരോധം ക്യൂബയെ വലിയ പ്രയാസത്തിലാക്കുമെന്ന് യുഎസ്സിനറിയാം. രണ്ടായിരാമാണ്ടിൽ വെനസ്വേലയുമായുണ്ടാക്കിയ ഒരു കരാറിന്റെ പുറത്താണ് ക്യൂബ എന്ന തങ്ങളുടെ എണ്ണയാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നത്. ഈ കരാർ പ്രകാരം പണത്തെയല്ല ക്യൂബ എണ്ണ വാങ്ങാനായി കാര്യമായി ആശ്രയിക്കുന്നത്. പകരം തങ്ങളുടെ വർധിതമൂല്യമുള്ള ആരോഗ്യസേവനങ്ങൾ നൽകിയാണ്. ഒരുതരം ബാർട്ടർ സംവിധാനം. അധ്യാപകർ, മിലിട്ടറി ഉപദേശകർ തുടങ്ങിയ നിരവധി സേവനങ്ങൾ ക്യൂബ വെനസ്വേലയ്ക്ക് കൈമാറി വരുന്നു. പണം നൽകി മാർക്കറ്റ് വിലയ്ക്ക് എണ്ണ വാങ്ങാനുള്ള പാങ്ങ് കരീബിയൻ കടലിലെ ഒരു വെറും കേവുവള്ളം മാത്രമായ ക്യൂബയ്ക്ക് ഇന്നില്ല.

എങ്ങനെയാണ് ക്യൂബ എണ്ണ ഉപരോധത്തെ നേരിടുക?

ഇതൊരു വലിയ ചോദ്യചിഹ്നം തന്നെയാണ് ക്യൂബൻ സർക്കാരിനു മുമ്പിൽ. തെരുവുവിളക്കുകൾ അണച്ചുവെച്ചും പൊതുവുടമയിലുള്ള ബിൽഡിങ്ങുകളിലെ എയർകണ്ടീഷനിങ് സംവിധാനങ്ങൾ ഓഫ് ചെയ്തു വെച്ചും ഊർജച്ചെലവ് പരമാവധി കുറയ്ക്കാൻ ക്യൂബ ശ്രമിക്കുന്നു. ഇതൊന്നും ഒരു ശാശ്വത പരിഹാരമല്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു.

പൊതുഗതാഗത വാഹനങ്ങളുടെ എണ്ണം കുറച്ചും എണ്ണപ്രതിസന്ധിയെ നേരുടാൻ ശ്രമിക്കുന്നുണ്ട് ക്യൂബ. ആശുപത്രികൾക്കും ഭക്ഷണവിതരണ സംവിധാനങ്ങൾക്കുമുള്ള ഊർജ്ജവിതരണം തടസ്സപ്പെടാതിരിക്കാനാണ് ശ്രമം. സർക്കാർ പരിപാടികളെല്ലാം പരമാവധി പകല്‍സമയങ്ങളിൽ നടത്തിയും ഊർജ ഉപയോഗം നിയന്ത്രിക്കുന്നു.

എങ്ങനെയാണ് നിലവിൽ ക്യൂബയ്ക്ക് എണ്ണ കിട്ടുന്നത്?

വെനസ്വേലയുടെ പൊതുവുടമയിലുള്ള പിഡിവിഎസ്എ എണ്ണക്കമ്പനിയുടെ കപ്പലുകളിൽ ക്യൂബയിലേക്ക് എണ്ണ എത്തുന്നുണ്ട്. റഷ്യയിൽ നിന്നും മറ്റുചില കരീബിയൻ രാജ്യങ്ങളിൽ നിന്നുമെല്ലാം ഇപ്പോഴും എണ്ണ വരുന്നുണ്ട്. ഒക്ടോബർ മാസം അവസാനത്തോടെ എല്ലാ പ്രശ്നവും അവസാനിക്കുമെന്ന് ക്യൂബൻ പ്രസിഡണ്ട് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത് അത്രകണ്ട് വിശ്വാസയോഗ്യമല്ല. ക്യൂബയുടെ കയ്യിൽ അതിനൊന്നുമുള്ള പണം ഇല്ലെന്നതു തന്നെയാണ് പ്രശ്നം.

ഭക്ഷ്യവസ്തുക്കള്‍ക്കും റേഷനിങ്?

ചിക്കൻ, മുട്ട, അരി, ബീൻസ്, സോസുകൾ തുടങ്ങിയ അവശ്യവസ്തുക്കള്‍ക്കെല്ലാം ക്യൂബയിൽ റേഷനിങ് ഏർപ്പെടുത്തിയിരുന്നു മെയ് മാസം മുതൽ. രാജ്യത്തെ ആകെ ഭക്ഷ്യവിതരണത്തിന്റെ 70 ശതമാനം വരെ റേഷനിങ്ങിൽ പെടുത്തി. ഡോണൾഡ് ട്രംപിന്റെ വരവോടെ യുഎസ്സിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി ഏതാണ്ട് അവസാനിച്ച മട്ടാണ്.

സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ക്യൂബ എന്ന കൊച്ചു രാഷ്ട്രം വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് കഴിഞ്ഞു പോന്നത്. അമേരിക്കയുടെ പലതരത്തിലുള്ള അധിനിവേശങ്ങളെ ചെറുക്കുന്നതിന് വലിയൊരളവ് ഊർജം അവർക്ക് ചെലവാക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ജനകീയമായ പദ്ധതികളുടെ നടത്തിപ്പിലൂടെ ജനങ്ങളുടെ പിന്തുണയോടെ അധികാരത്തിൽ തുടരാൻ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ക്യൂബ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് വെനസ്വേലയുടെ പതനമെന്നു വേണമെങ്കിൽ പറയാം. സോവിയറ്റ് പതനത്തിനു ശേഷം 1991ൽ തുടങ്ങിയ റേഷനിങ് സംവിധാനം അവസാനിപ്പിക്കാൻ ക്യൂബയ്ക്ക് സാധിച്ചത് വെനസ്വേലയുടെ വരവോടെയായിരുന്നു. ഇവരുടെ സഹായത്തോടെ രാജ്യത്തെ ജീവിതനിലവാരം വളരെയേറെ മുന്നേറുകയുണ്ടായി.

ഭക്ഷണ ലഭ്യത കുറഞ്ഞതോടെ വലിയ ആരോഗ്യപ്രശ്നങ്ങളും ക്യൂബൻ ജനതയെ വേട്ടയാടുകയാണ്. വൈറ്റമിൻ കുറവ് വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിരവധിയായ ന്യൂറോളജിക്കൽ പ്രശ്നങ്ങളും ജനങ്ങളെ ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്.


Next Story

Related Stories