TopTop
Begin typing your search above and press return to search.

EXPLAINER: പര്‍വേസ് മുഷാറഫിന്റെ കുറ്റവും ശിക്ഷയും, പാകിസ്താന്റെ ജനാധിപത്യ ജീവിതവും

EXPLAINER: പര്‍വേസ് മുഷാറഫിന്റെ കുറ്റവും ശിക്ഷയും, പാകിസ്താന്റെ ജനാധിപത്യ ജീവിതവും

പാകിസ്താന്‍ എന്ന 1947 ല്‍ പിറന്ന രാഷ്ട്രത്തിന് ഒരു ജനാധിപത്യ ജീവിതം ഉണ്ടാകാതെ പോയെതെന്തന്നത് നിരവധി രാഷ്ട്രീയ ചിന്തകരുടെ എഴുത്തിന് വിഷയമായതാണ്. പാര്‍ലമെന്ററി ജനാധിപത്യം എന്നത് പാകിസ്താനില്‍ സ്വതന്ത്രശേഷിയുള്ള രാഷ്ട്രീയ സംവിധാനമായിരുന്നിട്ടില്ല, അതിന്റെ ചരിത്രത്തിലെ ഭൂരിപക്ഷം കാലത്തും. പട്ടാള അട്ടിമറികളാലും സൈന്യത്തിന്റെ നിരന്തര ഇടപെടലുകളാലും അസ്വസ്ഥമാക്കപ്പെട്ടതാണ് പാകിസ്താന്റെ ചരിത്രം. അതിന്റെ പാശ്ചാത്തലത്തില്‍ കാണുമ്പോഴാണ് മുന്‍ പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷാറഫിനെ വധശിക്ഷയ്ക്ക് വിധേയനാക്കാനുളള തീരുമാനം ചരിത്രപരമാകുന്നത്.

എന്തായിരുന്നു മുഷാറഫിനെതിരായ കേസ്? 2013 ഡിസംബറിലാണ് പര്‍വേസ് മുഷാറഫിനെതിരായ കേസിന്റെ തുടക്കം. പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച് നവാസ് ഷെരിഫ് പ്രധാനമന്ത്രി പദത്തിലെത്തിയിട്ട് ആറ് മാസം കഴിഞ്ഞിരുന്നു. ജഡ്ജിമാരെ അറസ്റ്റ് ചെയ്യുകയും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി രാജ്യദ്രോഹ കുറ്റം ചെയ്യുകയും ചെയ്തിനെതിരായ കേസ് ആയിരുന്നു മുഷറാഫിനെതിരെ ചുമത്തപ്പെട്ടത്. കേസിന്റെ നടപടി ക്രമങ്ങള്‍ ഇഴഞ്ഞ് മുന്നേറികൊണ്ടിരിക്കുന്നതിനിടെ മുഷാറഫ് ചികില്‍സയ്‌ക്കെന്ന് പറഞ്ഞ് 2016 ല്‍ ദുബായിലേക്ക് പോവുകയായിരുന്നു..

എന്താണ് മുഷാറഫിന്റെ രാഷ്ട്രീയ ചരിത്രം? നേരത്തെ സൂചിപ്പിച്ചതു പോലെ പാകിസ്താന്റെ രാഷ്ട്രീയ അനിശ്ചിതത്വത്തെ ഉപയോഗപ്പെടുത്തി അധികാരത്തിലെത്തുകയും ആ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്ത വ്യക്തിയാണ് പര്‍വേസ് മുഷാറഫ് എന്ന പാകിസ്താന്റെ മുന്‍ സൈനിക തലവന്‍. നവാസ് ഷെരിഫ് പ്രധാനമന്ത്രിയായിരുന്ന 1999 ലാണ് മുഷാറഫിൻ്റെ നേതൃത്വത്തിൽ സൈനിക അട്ടിമറി നടക്കുന്നത്. സൈന്യവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഷെറീഫ് മുഷാറഫിനെ ഉത്തരവാദിത്തതില്‍നിന്ന് മാറ്റുകയായിരുന്നു. ഈ ഉത്തരവ് അനുസരിക്കാന്‍ തയ്യാറാകാതെയും മുഷാറഫിന് പകരം നിയമിച്ച ജനറല്‍ സിയാവുദ്ദീന്‍ ഭട്ടിനെ ചുമതയേല്‍ക്കുന്നതില്‍ നിന്ന് തടഞ്ഞുമാണ് അട്ടിമറി നടത്തിയത്. ശ്രീലങ്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന ഷെരീഫിന് അധികാരം നഷ്ടമായി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീട് നാടകീയ സംഭവങ്ങളാണ് പാകിസ്താനില്‍ നടന്നത്. ഷെരീഫിനെ വീട്ടുതടങ്കിലിലാക്കി. ഭരണഘടന റദ്ദ് ചെയ്ത് പട്ടാളം ഭരണം പിടിച്ചെടുത്ത നടപടിയെ ഷെരീഫ് കോടതിയില്‍ ചോദ്യം ചെയ്തു. ചീഫ് ജസ്റ്റീസ് സയ്യീദ് ഉസ്മാന്‍ സീദ്ദീഖി ഷെറീഫിന്റെ വാദങ്ങള്‍ അംഗീകരിച്ചു. അട്ടിമറി ഭരണഘടനയുടെ അട്ടിമറിയാണെന്ന് വിധിച്ചു. എന്നാല്‍ ഈ വിധി പ്രസ്ഥാവത്തിന് ശേഷം ചീഫ് ജസ്റ്റീസ് രാജിവെച്ചു. ചീഫ് ജസ്റ്റീസായി ഇര്‍ഷാദ് ഹസ്സന്‍ ചുമതലയേറ്റു. അദ്ദേഹം മുഷാറഫിന്റെ ഭരണത്തെ അംഗീകരിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചു.

പിന്നീട് ഏവരെയും അത്ഭുതപ്പെടുത്തി മുഷാറഫ് നവാസ് ഷെരിഫിനെയും കുടുംബാംഗങ്ങളെയും വിട്ടയച്ചു. സൗദിയില്‍ പോകാന്‍ അനുമതി നല്‍കി. സൗദി രാജവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍നാായിരുന്നു ഇതെന്ന് പിന്നീട് മുഷാറഫ് വ്യക്തമാക്കി. 2001 ല്‍ മുഷാറഫ് പ്രസിഡന്റായി സ്ഥാനമേറ്റു.

പിന്നീട് തന്റെത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്ന് സ്ഥാപിക്കാന്‍ മുഷാറഫ് ഹിതപരിശോധന നടത്തി. അതില്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. പിന്നീട് 2007 ല്‍ ചീഫ് ജസ്റ്റീസിനെ പിരിച്ചുവിട്ട് വീണ്ടും പട്ടാള ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം വലിയ കലാപമാണ് പാകിസ്താനില്‍ ഉണ്ടാക്കിയത്. നവാസ്‌ ഷെരീഫ് ഇതിന് നേതൃത്വം നല്‍കി. ഈ പ്രക്ഷോഭത്തിനൊടുവിലാണ് മുഷാറഫ് സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാകുന്നത് മുഷാറഫിന്റെ കാലത്തെ ഇന്ത്യയുമായുള്ള ബന്ധം

കാര്‍ഗില്‍ യുദ്ധം മുഷാറാഫിന്റെ സൃഷ്ടിയാണെന്ന് പറയാറുണ്ട്. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയും പാക് പ്രധാനമന്ത്രി നവാസ് ഷെറിഫും തമ്മില്‍ നല്ല ബന്ധം ഉണ്ടാകുകയും വാജ്പേയ് ലാഹോര്‍ സന്ദര്‍ശിക്കുകയും ചെയ്തിന് ശേഷമാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് കാര്‍ഗില്‍ കൈയേറ്റം ഉണ്ടായത്. ഒരു ആക്രമണം നടക്കാൻ മാത്രമുള്ള സംഘര്‍ഷാവസ്ഥ അന്ന് ഉണ്ടായിരുന്നില്ല. അതിന് ഇടയാക്കിയത് മുഷാറഫാണ്. അത്തരത്തില്‍ ഇന്ത്യയുമായി നല്ല ബന്ധം ആയിരുന്നില്ല തുടക്കത്തില്‍ മുഷാറഫ് പുലർത്തിയിരുന്നത്. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയതിന് ശേഷം കാശ്മീര്‍ വിഷയത്തിലടക്കം നിര്‍ണായക നീക്കങ്ങള്‍ ഇന്ത്യന്‍ അധികാരികളുമായി ചേര്‍ന്ന് അദ്ദേഹം നടത്തി. വാജ്‌പേയിയുടെ കാലത്തെ ആഗ്ര ഉച്ചകോടി അവസാന നിമിഷം പരാജയപ്പെട്ടത് ഇരു രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം ഉണ്ടാവണമെന്ന് ആഗ്രഹിച്ചവർക്കിടയിൽ വലിയ നിരാശ സൃഷ്ടിച്ചു. കാശ്മീരിലെ സൈനിക സാന്നിധ്യം ഇരു രാജ്യങ്ങളും കുറച്ച് ആ മേഖലയില്‍ പരാമവധി സ്വാതന്ത്ര പ്രദേശമാക്കി മാറ്റുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ മുഷാറഫിന്റെ കാലത്ത് ചര്‍ച്ച യായിരുന്നു. എന്നാല്‍ അതൊന്നും മുന്നോട്ടുപോയില്ലെന്നത് ചരിത്രം

മുഷറാഫിന് ഇനി എന്ത് സംഭവിക്കും? പാകിസ്താനില്‍ പൊതുവില്‍ മുഷാറഫിനെതിരായ വിധി സ്വീകരിക്കപ്പെടുകയാണ് ചെയ്തത്. വധശിക്ഷയോട് എതിരഭിപ്രായം ഉള്ളവര്‍ പോലും മുഷാറഫിനെതിരായ വിധി ഭാവിയില്‍ പട്ടാള അട്ടിമറികളെ തടയുമെന്ന് കരുതുന്നു. ലാഹോർ ഹൈക്കോടതി വിധിക്കെതിരെ പാകിസ്താന്‍ സുപ്രീം കോടതിയില്‍ മുഷാറഫിന് അപ്പീല്‍ നല്‍കാം. ഭരണഘടന അട്ടിമറിച്ചതിന് രാജ്യദ്രോഹം കുറ്റം തെളിഞ്ഞുവെന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരായ അപ്പീലും തള്ളി പോകുകയാണെങ്കില്‍ പാക് ഭരണഘടന അനുസരിച്ച് രാഷ്ട്രപതിക്ക് വധശിക്ഷ വിധിച്ച ആള്‍ക്ക് മാപ്പ് നല്‍കാന്‍ കഴിയും. പക്ഷെ ഇത്തരം സാധ്യതകള്‍ ഒക്കെ മുഷാറഫ് തിരിച്ചുവന്നാല്‍ മാത്രമെ ഉള്ളൂ. അതിനുള്ള സാധ്യതകള്‍ വളരെ കുറവാണ്‌.


Next Story

Related Stories