TopTop

ട്രംപ് ഇന്ത്യയിൽ, മോദി സർക്കാറിന്റേത് രാഷ്ട്രീയ വിധേയത്വത്തിന്റെ പ്രകടനങ്ങളോ, നയതന്ത്ര നേട്ടമോ?

ട്രംപ് ഇന്ത്യയിൽ, മോദി സർക്കാറിന്റേത്  രാഷ്ട്രീയ വിധേയത്വത്തിന്റെ പ്രകടനങ്ങളോ, നയതന്ത്ര നേട്ടമോ?

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുകയാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം നാളെ എത്തും. അഹമ്മദ്ബാദ്, ഡല്‍ഹി, ആഗ്ര എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ഒരേ പോലെ വിവാദവും വാർത്ത പ്രധാന്യവും നേടികൊടുത്തിട്ടുണ്ട് ട്രംപിൻ്റെ സന്ദർശനം. വിധേയത്വത്തിൻറെ ലക്ഷണമായി വിമർശകർ പറയുമ്പോൾ ഇന്ത്യയ്ക്ക് കൈവന്ന പ്രധാന്യമാണ് സന്ദർശനമെന്നാണ് മറ്റ ് ചിലരുടെ വാദം

എന്താണ് ട്രംപിന്റെ സന്ദര്‍ശനത്തി്‌ന്റെ പ്രത്യേകത

ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണ് നാളെ ആരംഭിക്കുന്നത്. പ്രസിഡന്റായിരിക്കെ ബരാക്ക് ഒബാമ മാത്രമാണ് ഇന്ത്യയില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തിയിട്ടുള്ളത്. സമീപകാലത്തെ മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാരും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയ്ക്ക് മേഖലയില്‍ അമേരിക്ക നല്‍കുന്ന പ്രധാന്യത്തിന്റെ സൂചനയായിട്ടാണ് ഇതിനെ ചില നിരീക്ഷകര്‍ കാണുന്നത്. ഇന്ത്യയുമായി സമഗ്ര വ്യാപാര കരാര്‍ എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമായി ആദ്യം പറഞ്ഞത്. എന്നാല്‍ അത്തരമൊരു കരാര്‍ ഇപ്പോള്‍ സാധ്യമാവില്ലെന്ന് ട്രംപ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യയുടെ കടുംപിടുത്തമാണ് വ്യാപാര കരാര്‍ വൈകാന്‍ കാരണമെന്നാണ് അമേരിക്കന്‍ നിലപാട്. മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയും തീരുവ വര്‍ധിപ്പിച്ച നടപടിയുമെല്ലാം അമേരിക്കയുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
വ്യാപരകരാര്‍ ഇല്ലെങ്കില്‍ മറ്റെന്തൊക്കെ മേഖലകളിലെ സഹകരണമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാകുക.
അമേരിക്കയില്‍നിന്ന് 2.6 ബില്ല്യണ്‍ ഡോളറിന്റെ ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ പ്രതിരോധ ആയുധ നിര്‍മ്മാണ കമ്പനിയായ ലോക്ഹീഡ്മാര്‍ട്ടിന്‍ എന്ന കമ്പനിയില്‍നിന്നാണ് വിമാനങ്ങള്‍ വാങ്ങുന്നത്. സമീപകാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെട്ടതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്. പരമ്പരാഗതമായി ഇന്ത്യയുമായി പ്രതിരോധ മേഖലയില്‍ സഹകരിച്ചിരുന്ന റഷ്യയെക്കാള്‍ പ്രധാന്യം ഇന്ത്യ അമേരിക്ക നല്‍കുന്നതിന്റെ ഭാഗമാണിത്. 17 ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഉത്പന്നങ്ങളാണ് ഇന്ത്യ ഇപ്പോള്‍ അമേരിക്കയില്‍നിന്ന് വാങ്ങുന്നത്. അമേരിക്കയില്‍നിന്ന് 24MH60R സീഹാക്ക് ഹെലികോപ്റ്ററുകള്‍ നാവിക സേനയ്ക്കുവേണ്ടി വാ്ങ്ങാനുള്ള അനുമതി മോദി മന്ത്രിസഭ ഉടന്‍ നല്‍കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ടുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്ന സൂചനകളുമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരികരിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. മറ്റൊരു പ്രധാന മേഖല ഊര്‍ജ്ജവുമായി ബന്ധപ്പെട്ടതാണ്. ഊര്‍ജ്ജ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി അമേരിക്കയാണ്. അമേരിക്കയില്‍നിന്നും ഇന്ത്യ രണ്ട് ബില്ല്യണ്‍ ഡോളറിന്റെ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് ഇക്കാര്യത്തിലും ഈ സന്ദര്‍ശന വേളയില്‍ ധാരണയുണ്ടായേക്കും. എക്‌സോണ്‍ മൈാബൈലും ഇന്ത്യന്‍ ഓയിലും പ്രകൃതി വാതക സംസ്‌ക്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തിലുള്ള കരാര്‍ ഈ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ചേക്കും.
രാഷ്ട്രീയ രംഗത്തെ സഹകരണ കാരാറുകള്‍ എന്തൊക്കെയാവും
ഇന്ത്യയും അമേരിക്കയും ഒരേ പോലെ യോജിക്കുന്ന വിഷയം അന്താരാഷ്ട്ര ഭീകരവാദവുമായി ബന്ധപ്പെട്ടാണ്. ഇതിനെതിരായ നീക്കത്തിന്റെ ഭാഗമായി ഒരു സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പ് ഉണ്ടാക്കുന്നതിനുള്ള ധാരണാപത്രം സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് സൂചന. ആഭ്യന്തര സുരക്ഷയ്ക്കായിരിക്കും ഇതില്‍ പ്രാധാന്യം നല്‍കുക.
ഇന്ത്യയിലെ വിവാദ രാഷ്ട്രീയ തീരുമാനങ്ങള്‍ സന്ദര്‍ശനത്തില്‍ ഉയര്‍ന്നുവരുമോ

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഏറെ വിമര്‍ശിക്കപ്പെട്ട നിരവധ തീരുമാനങ്ങള്‍ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍നിന്നുള്ള പ്രതികരണങ്ങളും മോദി സര്‍ക്കാരിന് അനുകൂലമായിരുന്നില്ല. പ്രത്യേകിച്ചും കാശ്മീര്‍, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍.
പ്രധാനമന്ത്രി മോദിയുമായുള്ള ചര്‍ച്ചയ്ക്കിടെ പൗരത്വ നിയമഭേദഗതിയുടെ കാര്യം ട്രംപ് ഉന്നയിക്കുമെന്നാണ് അമേരിക്കയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആറ് മാസത്തിലേറെക്കാലമായി കാശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടവിലിട്ടതും, ഇന്റര്‍നെറ്റ് നിരോധിച്ചതുമായ പ്രശ്‌നങ്ങളും ട്രംപ് ഉയര്‍ത്തികൊണ്ടുവരുമെന്നും സൂചനയുണ്ട്.
എന്തൊക്കെ വിവാദങ്ങളാണ് സന്ദർശനവുമായി ബന്ധപ്പെട്ടുള്ളത്.
ഏറ്റവും ഒടുവിലായി വന്നത് രണ്ട് കാര്യങ്ങളാണ്. അത് രണ്ടും മോദി സർക്കാരിൻ്റെ രാഷ്ട്രീയ നയത്തിൻ്റെ ഭാഗവുമാണ്. ഡൽഹിയിൽ സർക്കാർ സ്തൂളിൽ മെലിന ട്രംപ് പങ്കെടുക്കുന്ന പരിപാടിയിൽനിന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്റിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെയും മാറ്റിനിർത്തിയതാണ് ഒന്ന്. രണ്ടാമത് ട്രംപിൻ്റെ താജ് മഹൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി അനുഗമിക്കാത്തതും. താജ് മഹലിനെതിരെ ഹിന്ദുത്വ ഭീകരർ അപവാദങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ നിലപാട് മോദി സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ വിയോജിപ്പിനെ തുടർന്നാണ് കേജ്റിവാളിനെ അദ്ദേഹത്തിൻ്റെ സർക്കാർ നിയന്ത്രിക്കുന്ന സ്കൂളിലെ പരിപാടിയിൽനിന്ന് ഒഴിവാക്കിയതെന്നാണ് ആക്ഷേപം. താജ്മഹൽ സന്ദർശനം ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടാണ് പ്രധാനമന്ത്രി അനുഗമിക്കാത്തതെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകിയ വിശദീകരണം. എന്നാൽ കെജ്റിവാളിനെയും സിസോഡിയേയും ഒഴിവാക്കിയതിനെക്കുറിച്ച് ഇതുവരെ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
ട്രംപ് - മോദി സൗഹാര്‍ദമാണോ സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യം നേടികൊടുത്തത്.
ഇതിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഇക്കാര്യത്തില്‍ ജോര്‍ജ്ജ് ബുഷ് 2006 ല്‍ നടത്തിയ സന്ദര്‍ശനം പ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നതാണ്. അന്നാണ് ആണവ നിര്‍വ്യാപന കരാറി്‌ന്റെ ഭാഗമല്ലാതിരുന്നിട്ടും അമേരിക്ക ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നത്. എല്ലാ പ്രോട്ടോകോളും മറികടന്നാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് ജോര്‍ജ് ബുഷിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
അഹമ്മദ്ബാദില്‍ ട്രംപിനെ എത്തിക്കുന്നത് മോദിയുടെ ഇടപെടല്‍ കാരണമാണെന്ന് വ്യ്ക്തമാണ്. ട്രംപിന്റെ സഞ്ചാരപഥത്തിലുള്ള ചേരികള്‍ കാണാതിരിക്കാന്‍ മതിലുകെട്ടിയതും ചേരി നിവാസികളെ ഒഴിപ്പിച്ചതുമെല്ലാം ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര വാര്‍ത്തയായി വന്‍ വിവാദമാകുകയും ചെയ്തു. ഹൗദി മോദിയെന്ന പേരില്‍ അമേരിക്കയില്‍ നടത്തിയ പരിപാടിക്ക് പ്രത്യുപകാരമായി നമസ്‌തെ ട്രംപ് എന്ന പരിപാടിയാണ് അഹമ്മദ്ബാദില്‍ നടത്തുന്നത്. തന്നെ കാണാന്‍ ലക്ഷങ്ങള്‍(അവസാനം പറഞ്ഞത് കോടിയെന്നാണ്) അഹമ്മദബാദിലെത്തുമെന്ന് മോദി പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇത്തരത്തില്‍ രാഷ്ട്രീയമായ വിധേയത്വത്തിന്റെ സൂചനകളാണ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ മോദി സന്ദര്‍ശനവേളയില്‍ നല്‍കുന്നത്. കൊളോണിയല്‍ കാലത്തെ ബ്രിട്ടീഷ് ചക്രവർത്തിയുടെ യുടെ ഇന്ത്യന്‍ സന്ദര്‍ശനത്തോട് ഇതിനെ ചിലര്‍ ഉദാഹരിക്കുന്നതും ഇതുകൊണ്ടുതന്നെ


Next Story

Related Stories