TopTop
Begin typing your search above and press return to search.

Explainer: ട്രംപിന്റെ 'പാരമ്പര്യേതര വിദേശനയം' ഇംപീച്ച്മെന്റ് വഴികളിൽ; തെളിവെടുപ്പുകൾ ലൈവ്

Explainer: ട്രംപിന്റെ പാരമ്പര്യേതര വിദേശനയം ഇംപീച്ച്മെന്റ് വഴികളിൽ; തെളിവെടുപ്പുകൾ ലൈവ്

ഒരു വിസിൽബ്ലോവറുടെ വെളിപ്പെടുത്തലുകളാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് അന്വേഷണത്തിലേക്ക് നയിച്ചത്. വിദേശരാജ്യങ്ങളുടെ നേതാക്കളെ തന്റെ രാഷ്ട്രീയാവശ്യങ്ങൾക്കായി സമ്മർദ്ദം ചെലുത്തി എന്നതാണ് ട്രംപിനെതിരായ ആരോപണം. ഉക്രൈൻ പ്രസിഡണ്ട് വ്ലാദ്മിർ സെലെൻസ്കിയെ തന്റെ ദുര്‍നീക്കങ്ങൾക്ക് കരുവാക്കാൻ രാജ്യത്തിന്റെ വിദേശ നയതന്ത്രത്തെ തന്നെ ദുരുപയോഗം ചെയ്യുകയായിരുന്നു ട്രംപെന്ന് ആരോപിക്കപ്പെടുന്നു. 2020ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ ജോ ബൈഡനെ കുടുക്കുക എന്നതായിരുന്നു ട്രംപിന്റെ ഉദ്ദേശ്യം. ഇതിനായി ഉക്രൈനിനു മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുകയാണ് ട്രംപ് ചെയ്കത്. ഉക്രൈനിന് കോൺഗ്രസ് അനുവദിച്ച 400 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം ട്രംപ് തടഞ്ഞുവെച്ചു. തന്റെ അഭിഭാഷകനായ റൂഡി ജിയൂലിയാനി, അറ്റോർണി ജനറൽ വില്യം ബാർ എന്നിവരെ ഉപയോഗിച്ച് തന്റെ ആവശ്യങ്ങൾ നിവർത്തിക്കാൻ‌ ട്രംപ് സമ്മർദ്ദം തുടങ്ങി.

എന്തായിരുന്നു ബൈഡന്റെ യാത്രകളുടെ പിന്നിൽ?

ഒബാമ ഭരണകാലത്ത് നിരന്തരമായി ഉക്രൈൻ സന്ദർശിച്ചിരുന്ന ജോ ബൈഡന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സംബന്ധിച്ച് നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ചമയ്ക്കുകയാണ് ട്രംപ് ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. വൈസ് പ്രസിഡണ്ട് എന്ന നിലയിലുള്ള വിദേശനയതന്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്ന ബൈഡന് ഉക്രൈന്റെ അഭ്യദയത്തിൽ ഒബാമയ്ക്കുള്ളത്രയും താൽപര്യമുണ്ടായിരുന്നു. റഷ്യയുടെ ആക്രാമകമായ നടപടികളിൽ നിന്നും രാജ്യത്തിനകത്തു തന്നെയുള്ള കൊടിയ അഴിമതികളിൽ നിന്നും ഉക്രൈനിനെ രക്ഷിച്ചെടുത്ത് ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുക എന്ന ഒബാമയുടെ താൽപര്യമായിരുന്നു ബൈഡന്റെ സന്ദർശനങ്ങൾക്കു പിന്നിൽ.

2014ന്റെ തുടക്കത്തിൽ ഉക്രൈനിലെ എനർജി കമ്പനിയായ ബരിസ്മയിൽ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ബോർഡ് അംഗമായിരുന്നു. ഈ ജോലിയിൽ മാസത്തിൽ 50,000 ഡോളർ വാങ്ങുകയും ചെയ്തിരുന്നു അദ്ദേഹം. ഈ കമ്പനിക്കെതിരെ അഴിമതിയാരോപണങ്ങളുണ്ടായി. കമ്പനിക്കെതിരെ ഒരു ഉക്രേനിയൻ പ്രൊസിക്യൂട്ടറുടെ നേതൃത്വത്തിൽ അന്വേഷണവും നടന്നു. ഇതിൽ പക്ഷെ ബൈ‍ഡന്റെ മകൻ ഉള്‍പ്പെട്ടിരുന്നില്ല. എന്നാൽ ട്രംപിന്റെയും അനുയായികളുടെയും പ്രചാരണം മറിച്ചായിരുന്നു.

വിക്തോർ ഷോകിനിനെ പുറത്താക്കിയത് ബൈഡന്റെ ഗൂഢാലോചനയോ?

രാജ്യത്തെ അഴിമതിക്കെതിരെ കാര്യമായ നടപടികളൊന്നും എടുക്കാതിരുന്ന പ്രൊസിക്യൂട്ടർ ജനറൽ വിക്തോർ ഷോകിനെ നീക്കം ചെയ്യുന്നതിനായി ബൈഡൻ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് ഒബാമ ഭരണകൂടത്തിന്റെ താൽപര്യപ്രകാരമായിരുന്നു. യൂറോപ്യൻ രാജ്യങ്ങളും ഷോകിനിനെതിരെ രംഗത്തുണ്ടായിരുന്നു. ഇത് ബൈഡന്‍ ചെയ്തത് തന്റെ മകനെ അന്വേഷണത്തിൽ നിന്നും രക്ഷിക്കാനാണെന്ന് ട്രംപ് പ്രചരിപ്പിച്ചു.

തന്റെ വ്യക്തിപരമായ കാര്യങ്ങൾക്കു വേണ്ടിയായിരുന്നില്ല ബൈഡന്റെ യാത്രകളൊന്നും. 2014നും 16നും ഇടയിൽ ഏഴോളം പ്രാവശ്യം ഉക്രൈനിലേക്ക് പോയിവന്നിട്ടുണ്ട് ബൈഡൻ. ഇതെല്ലാം ഒബാമ ഭരണകൂടത്തിന്റെ നയപരിപാടികളുമായി ബന്ധപ്പെട്ട യാത്രകളായിരുന്നു.

ഉക്രൈനിൽ ബൈഡനും മകനും ചില അഴിമതികൾ നടത്തിയെന്നും അതിൽ അന്വേഷണം ആവശ്യമാണെന്നും ട്രംപ് ഉക്രൈൻ പ്രസിഡണ്ട് സെലൻസ്കിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. തന്റെ സ്വകാര്യ അഭിഭാഷകനുമായും അറ്റോർണി ജനറൽ വില്യം ബാറുമായും ഇക്കാര്യം ചർച്ച ചെയ്യാൻ ട്രംപ് സെലൻസ്കിയെ നിർബന്ധിച്ചു. 400 ദശലക്ഷം ഡോളറിന്റെ സഹായം തടയുമെന്ന ഭീഷണി മുന്നിൽ‌ നിർത്തിയായിരുന്നു ഈ നീക്കങ്ങളെല്ലാം.

ബൈഡനെതിരെ അന്വേഷണം നടത്തിയാൽ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ എല്ലാ സഹായവും ഏർപ്പാടാക്കാമെന്ന് ട്രംപ് സെലൻസ്കിയോട് ഫോൺ സംഭാഷണത്തിൽ പറഞ്ഞതായുള്ള വിവരങ്ങൾ പുറത്തു വരികയുണ്ടായി. ഡിഎൻസി സെർവറിലേക്ക് ഉക്രൈനിൽ നിന്നും നുഴഞ്ഞുകേറ്റമുണ്ടായി എന്നതടക്കമുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ട്രംപ് ക്യാമ്പ് പടച്ചുവിട്ടു. ഹിലരി ക്ലിന്റന്റെ ഡിലീറ്റ് ചെയ്യപ്പെട്ട ഇമെയിലുകളും ഉക്രൈനിന്റെ പക്കലുണ്ടെന്ന് ട്രംപ് പ്രചരിപ്പിച്ചു.

ആദ്യ രഹസ്യ മൊഴിയെടുപ്പുകൾ

ഹൈസ് ഇന്റലിജൻസ്, വിദേശകാര്യം, മേൽനോട്ട കമ്മറ്റികൾ എന്നീ സമിതികളുടെ മുമ്പാകെയാണ് ആദ്യത്തെ തെളിവെടുപ്പുകൾ നടന്നത്. കാപിറ്റോൾ ബിൽഡിങ്ങിന്റെ ബേസ്മെന്റിലുള്ള സുരക്ഷിതമാക്കപ്പെട്ട ഒരു മുറിയിൽ ഈ മൂന്ന് സമിതികളുടെയും അംഗങ്ങൾ യോഗം ചേർന്നു. 47 റിപ്പബ്ലിക്കന്മാരും 57 ഡെമോക്രാറ്റുകളുമാണ് ഈ മൂന്ന് സമിതികളിലായി ഉണ്ടായിരുന്നത്. സാക്ഷികളെ സ്റ്റാഫ് അഭിഭാഷകർ ചോദ്യം ചെയ്തു. സമിതിയംഗങ്ങൾക്ക് ചോദ്യങ്ങളുന്നയിക്കാൻ അവസരം ലഭിച്ചു. നവംബർ മാസം തുടക്കം മുതൽ ഈ തെളിവെടുപ്പുകളുടെ വിവരങ്ങൾ പുറത്തുവിട്ടു തുടങ്ങി.

ആരുടെയെല്ലാം മൊഴിയെടുത്തു?

ആദ്യമേ മൊഴിയെടുക്കപ്പെട്ട പ്രമുഖരിൽ മാരീ യോവനോവിച്ച് ഉൾപ്പെടുന്നു. ഉക്രൈനിലെ മുൻ യുഎസ് അംബാസ്സഡറാണ് ഇവർ. താൻ ഒരിക്കൽപ്പോലും ജോ ബൈഡനെയോ ഹണ്ടർ ബൈഡനെയോ കണ്ടിട്ടില്ലെന്ന് അവർ മൊഴി നൽകി. തന്നെ അംബാസ്സഡർ സ്ഥാനത്തു നിന്ന് പിൻവലിച്ചത് അന്യായമെന്ന് അനുഭവപ്പെട്ടതായും അവർ മൊഴി നല്‍കുകയുണ്ടായി.

റഷ്യൻ കാര്യങ്ങളിൽ യുഎസ് പ്രസിഡണ്ടിന്റെ ഉപദേശകയായി പ്രവർത്തിച്ചിട്ടുള്ള ഫിയോന ഹില്ലും തെളിവെടുപ്പിൽ പങ്കെടുത്തു. യൂറോപ്യൻ യൂറേഷ്യൻ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജോര്‍ജ് കെന്റും മൊഴി നൽകി. ബിൽ ടെയ്‌ലർ, അലക്സാണ്ടർ വിൻഡ്മാൻ തുടങ്ങിയവരും മൊഴി നല്‍കി.

പരസ്യ തെളിവെടുപ്പ്

നവംബർ 13നാണ് പരസ്യ തെളിവെടുപ്പ് തുടങ്ങിയത്. യുഎസ്സിന്റെ ചരിത്രത്തിൽ മൂന്നു തവണ മാത്രമാണ് പരസ്യ തെളിവെടുപ്പ് നടന്നിട്ടുള്ളത്. ഇതിനെതിരെ ട്രംപ് അനുകൂലികൾ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. ട്രംപിന്റെ വിദേശനയ സമീപനങ്ങൾ സവിശേഷമാണെന്ന് ഇവർ പറയുന്നു. 'പാരമ്പര്യേതര സമീപനം' എന്നാണ് ട്രംപിന്റെ വിദേശ നയത്തെ ഇവർ വിശേഷിപ്പിക്കുന്നത്. ഉക്രൈൻ പ്രസിഡണ്ടിനെ ഭീഷണിപ്പെടുത്തി ബൈഡനെതിരെ അന്വേഷണം നടത്തിക്കാൻ നടത്തിയ ശ്രമവും മറ്റ് ഗൂഢാലോചനാ സിദ്ധാന്തങ്ങളെയും മറ്റൊരു തരത്തിൽ വിശേഷിപ്പിക്കാൻ കഴിയുകയുമില്ല. ട്രംപിനെതിരെ ബ്യൂറോക്രാറ്റുകളുടെ വൻ നീക്കം നടക്കുന്നതായും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.

തന്നെ പ്രതിരോധിക്കാൻ റിപ്പബ്ലിക്കന്മാർ എല്ലാത്തരത്തിലും സജ്ജരാകണമെന്ന് ട്രംപ് ആവശ്യപ്പെടുന്നുണ്ട്.

ടെലിവിഷനിൽ ലൈവ്

എബിസി, സിബിഎസ്, എൻബിസി, പിബിഎസ് എന്നീ ചാനലുകൾ മറ്റ് പ്രോഗ്രാമുകൾ മാറ്റിവെച്ച് പ്രസിഡണ്ട് ട്രംപിന്റെ തുറന്ന ഇംപീച്ച്മെന്റ് മൊഴിയെടുക്കല്‍ സംപ്രേഷണം ചെയ്യുന്നു. കേബിൾ നെറ്റ്‌വർക്കുകളായ സിഎൻഎസ്, ഫോക്സ് ന്യൂസ്, എംഎസ്എൻബിസി, സിഎസ്പിഎഎൻ എന്നിവയും മൊഴിയെടുക്കൽ സംപ്രേഷണം ചെയ്യുന്നുണ്ട്.

ബുധനാഴ്ച രാവിലെ പത്തു മണിക്കാണ് ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയുടെ ആദ്യ മൊഴിയെടുക്കൽ നടക്കുക. രണ്ടാമത്തേത് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. ഉക്രൈനിലെ യുഎസ് നയതന്ത്രജ്ഞൻ വില്യം ടെയ്‌ലറെ ബുധനാഴ്ച മൊഴിയെടുക്കലിന് വിളിപ്പിച്ചിട്ടുണ്ട്.

ഇംപീച്ച്മെന്റ് പ്രമേയത്തിലേക്ക് കാര്യങ്ങളെത്തുമോ?

ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി ഇപ്പോൾ സർവീസിലുള്ളവരും മുൻപ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജൻസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴിനൽകാനുണ്ട്. അതിനുശേഷം ജുഡീഷ്യറി കമ്മിറ്റിയും അവരുടെ മൊഴിയെടുക്കും. കുറ്റം തെളിഞ്ഞാല്‍ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിക്കും. ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്ക് (435-ൽ 233 സീറ്റ്) ആയതിനാല്‍ പ്രമേയം അവിടെ പാസാകും. തുടര്‍ന്ന് സെനറ്റില്‍ വിചാരണയും തെളിവെടുപ്പും നടക്കും. അവിടെ മൊഴികള്‍ ട്രംപിന് അനുകൂലമായാല്‍ ഇംപീച്ച്മെന്‍റ് നടപടികള്‍ അതോടെ അവസാനിക്കും. അതിനാണ് സാധ്യത കൂടുതല്‍.

എന്നാല്‍ സെനറ്റിലും കാര്യങ്ങള്‍ ട്രംപിന് എതിരായാല്‍ ഇംപീച്ച്മെന്റ് പ്രമേയം തയ്യാറാവും. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറി ട്രംപിനെ വിചാരണ ചെയ്യും. 51 ശതമാനം വോട്ടോടെ ഭൂരിപക്ഷം ലഭിച്ചാൽ ഇംപീച്ച് ചെയ്യപ്പെടും. ഇരുപാര്‍ട്ടികളും തങ്ങളുടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതിന്‍റെ തിരക്കിലാണ്. ആരെയൊക്കെ വിസ്തരിക്കണം എന്ന കാര്യം തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ഡെമോക്രാറ്റുകള്‍ ആണെന്നതാണ് അവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസം.


Next Story

Related Stories