TopTop
Begin typing your search above and press return to search.

EXPLAINER: സംസ്ഥാനങ്ങള്‍ക്ക് സിബിഐ അന്വേഷണത്തെ തടുക്കാന്‍ കഴിയുമോ? മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാടിന് നിയമ സാധുതയുണ്ടോ?

EXPLAINER: സംസ്ഥാനങ്ങള്‍ക്ക് സിബിഐ അന്വേഷണത്തെ തടുക്കാന്‍ കഴിയുമോ? മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാടിന് നിയമ സാധുതയുണ്ടോ?

ബുധനാഴച മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തു. സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കുന്നതിനുള്ള പൊതുവായ അനുമതി പിന്‍വലിക്കുകയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ടെലിവിഷന്‍ റേറ്റിങില്‍ ക്രമക്കേടുകള്‍ കാണിച്ചതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്ത കേസ് സിബിഐയ്ക്ക് കൈമാറിയിരിന്നു.നേരത്തെ സമാനമായ കേസിൽ മഹാരാഷ്ട്ര പൊലീസ് റിപ്പബ്ലിക്ക് ടിവിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിബിഐയ്ക്ക് സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കുന്നതിനുള്ള പൊതു അനുമതി റദ്ദാക്കുന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചത്.

എന്താണ് ഈ സംഭവങ്ങളുടെ പശ്ചാത്തലം

രണ്ടാഴ്ച മുമ്പാണ് മുംബൈ പൊലീസ് ടെലിവിഷന്‍ റേറ്റിംങ് നടത്തുന്ന ബാര്‍ക്ക് മീറ്ററുകളില്‍ ക്രിത്രിമം നടത്തിയതിന്റെ പേരില്‍ റിപ്പബ്ലിക്ക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ കേസ്സെടുത്തത്. ഇതിനെതിരെ റിപ്പബ്ലിക്ക് ടിവി നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തിലാണ് സമാന സ്വഭാവമുളള കേസ് ഉത്തര്‍പ്രദേശിലും റജിസ്റ്റര്‍ ചെയ്യുന്നത്. ഈ കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സിബിഐ അന്വേഷണത്തിനുള്ള സംസ്ഥാനത്തിന്റെ അനുമതി പിന്‍വലിക്കുന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതിന് മഹാരാഷ്ട്ര എന്തിനാണ് എതിര്‍ക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നടക്കുന്ന കേസ് അന്വേഷണത്തെ മഹാരാഷ്ട്ര എതിര്‍ക്കുന്നില്ല. അത് സ്വാഭാവികമായും സാധ്യവുമല്ല. മറിച്ച് മുംബൈയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള സമാന സ്വഭാവമുള്ള കേസും സിബിഐ ഏറ്റെടുത്തേക്കുമെന്ന ആശങ്കയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് അറിയുന്നത്. ടെലിവിഷന്‍ റേറ്റിങ്ങുമായി ബന്ധപ്പെട്ടതാണെങ്കിലും റിപ്പബ്ലിക്ക് ടിവിക്കെതിരെ കേസ്സെടുത്തിനാല്‍ കേസിന് രാഷ്ട്രീയ സ്വഭാവം ഉണ്ടായിരുന്നു.

സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ആവശ്യമുണ്ടോ

ഉണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി സിബിഐ അന്വേഷണത്തിന് ആവശ്യമാണ്. സിബിഐ എന്ന ഏജന്‍സി രൂപികരിക്കപ്പെട്ടത് ഡല്‍ഹി സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചാണ്. പ്രഥമികമായും ഡല്‍ഹിയിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് സിബിഐയ്ക്ക് അന്വേഷണാധികാരമുള്ളത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയും ക്രമസാമാധാന പാലനവും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളില്‍ ഒരു അന്വേഷണം നടത്തണമെങ്കില്‍ അതത് സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്. 1963 ലാണ് സിബിഐ രൂപീകരിക്കപ്പെടുന്നത്. ഇതിലെ സെക്ഷന്‍ അഞ്ച് അനുസരിച്ച് സംസ്ഥാനങ്ങളിലേക്കും കൂടി ചില പ്രത്യേക കേസുകളുടെ അന്വേഷണം നടത്താം. എന്നാല്‍ സെക്ഷന്‍ ആറ് അനുസരിച്ച് ഇതിന് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ്. ഇതാണ് മഹാരാഷ്ട്ര ഇപ്പോള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സുപ്രീം കോടതിയോ, ഹൈക്കോടതിയോ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അതിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2001 ല്‍ പശ്ചിമ ബംഗാളില്‍ 11 തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷിക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക വിധി. 2010 ലായിരുന്നു ഈ നിര്‍ണായക വിധി

ഇത്തരത്തില്‍ മഹാരാഷ്ട്രയ്ക്ക് മുമ്പ് മറ്റ് സംസ്ഥാനങ്ങള്‍ അനുമതി നിഷേധിച്ചിരുന്നുവോ

ഉണ്ട്. നിരവധി സംസ്ഥാനങ്ങള്‍ സിബിഐയ്ക്ക് അന്വേഷണത്തിനുള്ള അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ആന്ധ്രപ്രദേശ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സിബിഐ അന്വേഷണം വിലക്കിയിട്ടുണ്ട്. സിക്കിമില്‍ കുടുതല്‍ വിചിത്രമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിബിഐ മുഖ്യമന്ത്രിയായിരുന്ന നാര്‍ ബഹാദുര്‍ ഭണ്ഡാരിക്കെതിരെ ഒരു കേസ് എടുത്തപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ അനുമതി നിഷേധിച്ചു.മിക്ക അവസരങ്ങളിലും അനുമതി നിഷേധിക്കപ്പെടുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുമ്പോഴാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നുവെന്ന ആരോപണമാണ് പൊതുവില്‍ ഉന്നയിക്കാറുള്ളത്.

സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി പിന്‍വലിച്ചാല്‍ അത് കേസുകളെ എങ്ങനെ ബാധിക്കും

സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി പിന്‍വലിച്ചാല്‍ പുതിയ കേസുകള്‍ സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സിബിഐയ്ക്ക് കഴിയാതെ വരും. എന്നാല്‍ നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളെ ഇത് ബാധിക്കില്ല. ഇക്കാര്യം 1994ലെ ഒരു കേസില്‍ സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപൊലെ പൊതുവില്‍ അനുമതി പിന്‍വലിച്ചാലും ചില പ്രത്യേക കേസുകള്‍ അന്വേഷിക്കുന്നതിനുളള അനുമതി സിബിഐയ്ക്ക് സംസ്ഥാനങ്ങളില്‍നിന്ന് തേടാവുന്നതാണ്

കേരളത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ എന്താണ്

സിബിഐ അന്വേഷണങ്ങള്‍ക്ക് പൊതു അനുമതി കൊടുത്ത സംസ്ഥാനമാണ് കേരളം. അതായത് ഏത് കേസും സിബിഐയ്ക്ക് അന്വേഷിക്കാം. ഇങ്ങനെ എത്രയോ കേസുകള്‍ അതത് കാലത്തെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യോജിപ്പില്ലാതിരുന്നിട്ടും സിബിഐ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈയടുത്ത് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സിബിഐയ്ക്ക് നല്‍കിയ പൊതു അനുമതി പിന്‍വലിക്കാന്‍ സംസ്ഥാനം ആലോചിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നീട് ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം ഹൈക്കോടതി തല്‍ക്കാലം സ്‌റ്റേ ചെയ്യുകയായിരുന്നു. പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തി്‌ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കേരള പൊലീസ് സിബിഐയ്ക്ക് നല്‍കാത്തത് സംബന്ധിച്ചുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്.


Next Story

Related Stories