TopTop
Begin typing your search above and press return to search.

Explainer: എന്താണ് തെരഞ്ഞെടുപ്പു ബോണ്ട് കുംഭകോണം?; ബിജെപിയുടെ 'രാഷ്ട്രീയ ശുദ്ധീകരണ' പരിപാടി പ്രവർത്തിച്ചത് എങ്ങനെ?

Explainer: എന്താണ് തെരഞ്ഞെടുപ്പു ബോണ്ട് കുംഭകോണം?; ബിജെപിയുടെ രാഷ്ട്രീയ ശുദ്ധീകരണ പരിപാടി പ്രവർത്തിച്ചത് എങ്ങനെ?

നവംബർ 18 മുതലാണ് നരേന്ദ്ര മോദി സർക്കാർ ആഘോഷാരവങ്ങളോടെ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ടുകളെന്ന പുതിയ പദ്ധതി വലിയൊരു കുംഭകോണമാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു വന്നത്. ഹഫ് പോസ്റ്റും അഴിമുഖവും ചേർന്നാണ് ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. റിസർവ്വ് ബാങ്കിന്റെ ശക്തമായ എതിർപ്പുകൾ മറികടന്നാണ് ഇലക്ടറൽ ബോണ്ടുകൾ സർക്കാർ പുറത്തിറക്കിയതെന്ന് രേഖകളുടെ പിൻവലത്തോടെ സ്ഥാപിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. നിയമഭേദഗതികൾ വരുത്തി, പുതിയൊരു മൂല്യവിനിമയ ഉപാധി നിർമ്മിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റിസർവ്വ് ബാങ്ക് ചൂണ്ടിക്കാട്ടിയത് മറികടന്നായിരുന്നു സർക്കാരിന്റെ നിയമഭേദഗതി. മൂല്യവിനിമയ ഉപാധികൾ പുറത്തിറക്കാനുള്ള റിസർവ്വ് ബാങ്കിന്റെ കുത്തകയെ തകർക്കുകയാണ് സർക്കാർ ചെയ്യാനൊരുമ്പെടുന്നതെന്ന ഗൗരവപ്പെട്ട നിരീക്ഷണത്തെ ഉഡായിപ്പ് വിശദീകരണങ്ങളിലൂടെയാണ് കേന്ദ്രം മറികടന്നത്.

തെരഞ്ഞെടുപ്പു കമ്മീഷന്റെയും എതിർപ്പുകളെ വിലകുറഞ്ഞ രീതികളിലൂടെ മറികടക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചെന്ന് ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. 2016 മെയ് മാസം വരെ നടന്നത് ആറായിരം കോടിയുടെ തെരഞ്ഞെടുപ്പു ബോണ്ട് കച്ചവടമാണ്. ഇതിനെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസാണ് ചുക്കാന്‍ പിടിച്ചതെന്നും വെളിപ്പെടുകയുണ്ടായി. തെരഞ്ഞെടുപ്പു ബോണ്ടുകൾ വാങ്ങുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കുമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. ഇതും പച്ചയായി ലംഘിക്കപ്പെടുന്ന വസ്തുതയും പുറത്തെത്തി.

വലിയ കോളിളക്കമാണ് ഈ റിപ്പോർട്ടുകൾ സൃഷ്ടിച്ചിരിക്കുന്നത്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ എതിർത്തിട്ടുപോലും സമാന്തര മൂല്യവിനിമയ ഉപാധികൾ സൃഷ്ടിച്ച് സമാന്തരമായൊരു സാമ്പത്തിക സാമ്രാജ്യം സൃഷ്ടിച്ചെടുത്തു കൊണ്ടിരിക്കുകയാണ് ഭരണകക്ഷിയെന്ന് സംശയിക്കാവുന്ന നിലയിലാണ് കാര്യങ്ങൾ. ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ സിംഹഭാഗവും ബിജെപിയിലേക്കാണ് ഒഴുകുന്നതെന്നതും സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. കർണാടകത്തിൽ ഈയിടെ നടന്ന കുതിരക്കച്ചവടങ്ങൾക്ക് ബിജെപി ഉപയോഗിച്ച പണം എവിടെ നിന്നുള്ളതാണെന്ന സംശയങ്ങൾക്കും ഒരു മറുപടിയായി പുതിയ റിപ്പോർട്ടുകൾ മാറുന്നുണ്ട്.

പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുണ്ടായി?

ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ച നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വന്ന പ്രത്യേക നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതേ നിയമങ്ങള്‍ ലംഘിക്കപ്പെടുകയും തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ അനധികൃത വില്‍പ്പന ആരംഭിക്കുകയും ചെയ്തതിന്റെ രേഖകളും പുറത്തു വന്നിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി കാലാവധി കഴിഞ്ഞ തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങാനും ധനമന്ത്രാലയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകി.

2018 ജനുവരിയിൽ തീരുമാനിച്ചത് പ്രകാരം തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്‍പ്പനയ്ക്കായി വർഷത്തിൽ ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബര്‍ എന്നിങ്ങനെ നാല് തവണ പത്തു ദിവസം വീതം വരുന്ന ഒരു കാലാവധി നിശ്ചയിക്കുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പുകൾ നടക്കുന്ന വർഷത്തിൽ 30 ദിവസം വരുന്ന പ്രത്യേക കാലാവധിയും ഈ നിയമത്തിന്റെ ഭാഗമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽ നിന്നും വാങ്ങാവുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് ബോണ്ടുകൾ സജ്ജീകരിച്ചിരുന്നത്.

എന്നാൽ അഴിമതി വിരുദ്ധ പ്രവർത്തകനായ ലോകേഷ് ബത്ര സമ്പാദിച്ച്, അഴിമുഖം അവലോകനം ചെയ്ത ചില അപ്രസിദ്ധീകൃത രേഖകൾ പ്രകാരം മോദി സർക്കാർ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പനയിൽ വലിയ കൃത്രിമം നടത്തിയിരിക്കുന്നതായി കാണാം. പ്രധാനമന്ത്രിയുടെ ഓഫീസും ധന മന്ത്രാലയവും ചേർന്ന്, ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി മാത്രം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേക വിൽപ്പന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു വേണ്ടി നടത്തുന്നതിനായി കടുത്ത നിയമലംഘനമാണ് നടത്തിയിരിക്കുന്നത്.

എന്താണ് പ്രതിപക്ഷത്തിന്റെ പ്രതികരണം?

നവംബർ 20ന് കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ ഒരു വാർത്താസമ്മേളനം നടത്തി. തെരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച് തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ റിസർവ് ബാങ്ക് സ്ഥിരീകരിച്ചിരിക്കുകയാണെന്ന് അവർ മാധ്യമ റിപ്പോർട്ടുകളിൽ രേഖകൾ സഹിതം വന്ന വാർത്തകളെ ആധാരമാക്കി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെക്കുറിച്ച് റിസർവ് ബാങ്ക്, ഇലക്ഷൻ കമ്മീഷൻ എന്നിവ എതിർപ്പുന്നയിച്ചതു പോലും പരിഗണിക്കാതെ വലിയൊരു രാഷ്ട്രീയ കൊള്ളയ്ക്കാണ് സർക്കാർ വഴിയൊരുക്കിയിരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.

എന്തായിരുന്നു പാർലമെന്റിൽ പ്രതിപക്ഷ നടപടികൾ?

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിലെ ഇരുസഭകളിലും നോട്ടീസ് നല്‍കി. ബോണ്ടുകള്‍ സംബന്ധിച്ച ചട്ടം മറികടക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതായുള്ള രേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നോട്ടീസ്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യമാണ് നോട്ടീസിലുന്നയിച്ചത്. ലോക്‌സഭയില്‍ ശൂന്യവേളയില്‍ മനീഷ് തിവാരി എംപിയാണ് വിഷയം ഉന്നയിച്ചത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം ട്രഷറി ബെഞ്ചില്‍ നിന്നും പ്രതിഷേധം ഉയരാന്‍ കാരണമായി. അതോടെ അദ്ദേഹത്തിന് പ്രസംഗം തുടരാന്‍ സാധിക്കാതാകുകയും ചെയ്തു.

രാജ്യസഭയിൽ നടന്നതെന്ത്?

വൻ നിയമലംഘനങ്ങൾക്കും സമാന്തര സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നതിനു കാരണമായ ഇലക്ടറൽ ബോണ്ടുകളെപ്പറ്റി രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി അനുവദിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ മിനിറ്റുകളോളം സംപ്രേക്ഷണം നിര്‍ത്തിവച്ചു. ഇതിനിടെ സഭ നിര്‍ത്തിവയ്ക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി.

ജെപിസി അന്വേഷണം?

ഇലക്ടറൽ ബോണ്ട് കുംഭകോണം സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന ആവശ്യം കോൺഗ്രസ് പാർലമെന്റിൽ ഉന്നയിച്ചു. ഇലക്ട്രൽ ബോണ്ടുകളുടെ നിയമസാധുത സംബന്ധിച്ച് നേരത്തെയുള്ള സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ചോദ്യത്തോര വേളയിലും പ്രതിപക്ഷം 21ന് ഈ ആവശ്യം ഉന്നയിച്ചു. ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ രാജ്യസഭയിലും ലോക്‌സഭയിലും ഉന്നയിക്കുന്നത് തുടരുമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. "2017 ന് മുമ്പ്, ഈ രാജ്യത്ത് ഒരു അടിസ്ഥാന ഘടന ഉണ്ടായിരുന്നു. രാഷ്ട്രീയത്തിൽ സമ്പന്നരുടെ ഇടപെടലിൽ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോൾ‌ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവകൾ നൽകുന്നവരെ കുറിച്ചും അവരുടെ പശ്ചാത്തലത്തെകുറിച്ചും വ്യക്തതയില്ല," മനീഷ് തിവാരി ലോക്സഭയിൽ പറഞ്ഞു.

എങ്ങനെയാണ് കർണാടകത്തിലെ കുതിരക്കച്ചവടം ഇതിൽ ചർച്ചയാകുന്നത്?

കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തിയത് ഈ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഉപയോഗിച്ചാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകത്തില്‍ അയോഗ്യരായ വിമത എംഎല്‍എമാരുടെ ആസ്തിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനവാണ്. മുന്‍ മന്ത്രി എംടിബി നാഗരാജുവിന്റെയും ആനന്ദ് സിംഗിന്റെയും ആസ്തിയില്‍ നൂറ് കോടിയിലേറെ രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കഴിഞ്ഞപ്പോഴാണ് ഒന്നര കൊല്ലം കൊണ്ട് വിമത എംഎല്‍എമാരുടെ ആസ്തിവര്‍ധനവിന്റെ കണക്ക് വന്നത്. ഏറ്റവും സമ്പന്നനായ എംഎല്‍എയായിരുന്ന എംടിബി നാഗരാജു ഇപ്പോള്‍ ഒസക്കോട്ടെയിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. 2018 തെരഞ്ഞെടുപ്പ് കാലത്തുള്ളതിനേക്കാള്‍ 180 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിന് വര്‍ധിച്ചത്. മന്ത്രിപദവി ഉള്‍പ്പെടെ രാജിവച്ച ജൂലൈ മാസത്തിന് ശേഷം നാഗരാജുവിന്റെ പേരില്‍ വന്ന സ്ഥിരനിക്ഷേപം 48 കോടി രൂപയുടേതായിരുന്നു. ജയിച്ചാല്‍ മന്ത്രിപദവി തന്നെയാണ് യെദ്യൂരപ്പ ഉറപ്പുനല്‍കിയിരിക്കുന്നത്.

വിജയനഗരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ആനന്ദ് സിംഗിന്റെ ആസ്തി 103 കോടിയാണ് വര്‍ധിച്ചത്. 2018ല്‍ ബിജെപിയില്‍ നിന്നും രാജിവച്ചാണ് ആനന്ദ് സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് വിമതനായിരുന്ന ഭൈരവി ബസവരാജിന്റെ ആസ്തി 28 കോടിയും ജെഡിഎസ് വിമതന്‍ കെ ഗോപാലയ്യയുടെ ആസ്തി 7.5 കോടിയും കൂടി. ഇരുവര്‍ക്കും ഇത്തവണ ബിജെപി ടിക്കറ്റുണ്ട്. കെ സുധാകര്‍, ബി സി പാട്ടീല്‍ എന്നിവരുടെ കണക്കുകളും മോശമല്ല. എന്നാല്‍ വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച മുന്‍കോണ്‍ഗ്രസ് നേതാവ് രമേശ് ജര്‍ക്കിഹോളിയുടെ ആസ്തിയില്‍ കുറവാണുണ്ടായിരിക്കുന്നത്. 25 കോടി രൂപയാണ് ഇദ്ദേഹത്തിന് കുറഞ്ഞത്. കുതിരക്കച്ചവടത്തിന്റെ കണക്കറിയാന്‍ നാമനിര്‍ദ്ദേശ പത്രിക മാത്രം നോക്കിയാല്‍ മതിയെന്ന് കെപിസിസി അധ്യക്ഷന്‍ ദിനേഷ് കുണ്ടറാവു പറഞ്ഞു.

കർണാടകയിലെ രാഷ്ട്രീയത്തെ പുതിയ റിപ്പോർട്ടുകൾ എങ്ങനെ ബാധിക്കും?

കൂറ് മാറിയ കോൺഗ്രസ് നേതാക്കളുടെ വരുമാനത്തിൽ ഭീമമായ വർധന എങ്ങനെയുണ്ടായി എന്ന ചോദ്യം ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട് കർണാടകത്തിൽ‌. ഈ പണം ഇലക്ടറൽ ബോണ്ടുകളിലൂടെ ബിജെപി സമ്പാദിച്ചതാണെന്നാണ് ആരോപണമുയരുന്നത്. ജനങ്ങൾ വസ്തുതകൾ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുമോയെന്ന ചോദ്യമാണ് നിലനിൽക്കുന്നത്. വലിയ തോതിൽ പണമിറങ്ങുന്ന സംസ്ഥാനമാണ് കർണാടകം. കൂറുമാറിയ എംഎൽഎമാർ തന്നെയാണ് മത്സര രംഗത്തുള്ളത് എന്നതിനാൽ വലിയ തോതിൽ പണമിറങ്ങുമെന്നതിലും സംശയമില്ല. വോട്ടർമാർ പ്രലോഭനങ്ങളെ അതിജീവിക്കുമോയെന്ന് കാത്തിരുന്നറിയണം. ഡിസംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പുകൾ നടക്കുക.

ഭീകരബന്ധമുള്ള കമ്പനിയിൽ നിന്നും ബിജെപിക്ക് ഫണ്ട്?

വൻ തുകകളാണ് ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയപാർട്ടികൾക്ക് (പ്രത്യേകിച്ച് ബിജെപിക്ക്) ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക ഇടപാട് നടത്തിയതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്ന കമ്പനിയില്‍നിന്ന് ബിജെപി സംഭാവന കൈപറ്റി. ബിജെപി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖയിലാണ് ഇക്കാര്യമുള്ളതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. 10 കോടി രൂപയാണ് വിവാദ കമ്പനി ബിജെപിയ്ക്ക് നല്‍കിയത്.

മുംബൈ സ്‌ഫോടന കേസിലെ പ്രതി ഇക്ബാല്‍ മിര്‍ച്ചി എന്ന് ഇക്ബാല്‍ മേമനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടത്തുന്ന ആര്‍ കെ ഡബ്ല്യൂ ഡവലപേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് പണം കൈപറ്റിയെന്നാണ് ബിജെപി നല്‍കിയ രേഖയില്‍ പറയുന്നത്. പത്തുകോടി രൂപയാണ് ഭീകര പ്രവര്‍ത്തനത്തിന് സഹായം നല്‍കിയതിന് അന്വേഷണം നേരിടുന്ന കമ്പനിയില്‍നിന്ന് ബിജെപി കൈപറ്റിയത്. ബിജെപിയ്ക്ക് ഒരു കമ്പനിയില്‍നിന്ന് മാത്രമായി ഏറ്റവും കൂടുതല്‍ തുക ലഭിച്ചതും ഈ കമ്പനിയില്‍നിന്നാണ്. ആര്‍കെഡബ്ല്യു എന്ന കമ്പനിയുടെ മുന്‍ ഡയറക്ടര്‍ രഞ്ജീത് ബിന്ദ്രയെ അധോലോകവുമായി ചേര്‍ന്ന് പണമിടപാട് നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു.

മിര്‍ച്ചിയുമായി സ്ഥലമിടപാട് നടത്തിയ സണ്‍ബ്ലിക്ക് എന്ന കമ്പനിയിലെ ഡയറക്ടര്‍ മേഹുല്‍ അനില്‍ ബാവിഷി തന്നെ ഡയറക്ടറായുള്ള സ്‌കില്‍ റിയല്‍ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നും ബിജെപിയ്ക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്. രണ്ട് കോടി രൂപയാണ് ഈ കമ്പനി ബിജെപിയ്ക്ക് നല്‍കിയത്. ആര്‍കെഡബ്ല്യു കമ്പനിയുടെ ഡയറക്ടറായ പ്ലാസിന്റ് ജേക്കബ് നോരോന്‍ഹ ഡയറക്ടറായ മറ്റൊരു കമ്പനി ദര്‍ശനന്‍ ഡവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 7.5 കോടി രൂപ 2016-17 ല്‍ ബിജെപിക്ക് സംഭാവന നല്‍കിയിരുന്നു.

എൻസിപിയുടെ പ്രഫുൽ പട്ടേൽ ഉടമയായ മില്ലേനിയം ഡവലപ്പേഴ്സുമായി മിർച്ചി ഇടപാടെ നടത്തിയെന്ന് ആരോപണമുന്നയിച്ച് അദ്ദേഹത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുക വരെയുണ്ടായി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് നടന്ന ഈ നീക്കം രാഷ്ട്രീയപരമാണെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ഇതേ കമ്പനിയിൽ നിന്നാണ് ബിജെപി പത്തു കോടി രൂപ വാങ്ങിയിരിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം.

എന്താണ് സർക്കാരിന്റെ വിശദീകരണം?

ഇലക്ടറൽ ബോണ്ട് കുംഭകോണം സംബന്ധിച്ചുള്ള ആരോപണങ്ങളെയെല്ലാം തള്ളുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. വിഷയം പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന്റെ ഇരു സഭകളിലും ഉന്നയിക്കുകയും വിവാദം പടരുടകയും ചെയ്തതതിന് പിന്നാലെയാണ് സർക്കാറിനെ ന്യായീകരിച്ച് പീയുഷ് ഗോയൽ രംഗത്ത് എത്തിയത്. ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഴിമതിക്കെതിരെ യുദ്ധം ചെയ്യുകയും രാഷ്ട്രീയ ധനസഹായത്തിൽ സുതാര്യത കൊണ്ടുവരാൻ ശ്രമിക്കുകയുമാണ് മോദി സർക്കാർ ചെയ്തിട്ടുള്ളതെന്ന് അവകാശപ്പെട്ട അദ്ദേഹം ഇപ്പോഴുയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിശദീകരിച്ചു. കള്ളപ്പണത്തിനെതിരെ പോരാടുന്ന ഒരേയൊരു പാർട്ടിയാണ് ബിജെപി. ഇന്ത്യൻ രാഷ്ട്രീയത്തിൽ സുതാര്യത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളായിരുന്നു ബിജെപി നടത്തി വന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Exclusive: കള്ളപ്പണമൊഴുകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകൾ മോദി സര്‍ക്കാര്‍ പുറത്തിറക്കിയത് റിസർവ് ബാങ്കിന്റെ എതിര്‍പ്പുകള്‍ മറികടന്ന് - രേഖകൾ പുറത്ത് Exclusive: പാര്‍ലമെന്റില്‍ പറഞ്ഞത് നുണ; കമ്മീഷന്‍ എതിര്‍ത്തിട്ടും മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവന്നത് എങ്ങനെ? Exclusive: നിയമലംഘനത്തിന് ചുക്കാന്‍ പിടിച്ചത് മോദിയുടെ ഓഫീസ്, 2019 മെയ് വരെ നടന്നത് 6000 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടം
Exclusive: ദാതാക്കള്‍ അജ്ഞാതരല്ല, രഹസ്യ നമ്പര്‍ വഴി എസ്ബിഐക്ക് എല്ലാം അറിയാം, അതുവഴി സര്‍ക്കാരിനും; തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച മറ്റൊരു പെരുംനുണ കൂടി പൊളിയുന്നു Exclusive: ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കാലാവധി കഴിഞ്ഞ 10 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങാനും കേന്ദ്രം നിർദ്ദേശം നൽകി; ഇടപെടൽ കർണാടക തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്

Next Story

Related Stories