TopTop

Explainer: ബിജെപിയുടെ മിസോറം പ്രതിസന്ധി: ഇസ്ലാമും ബുദ്ധമതവും അനധികൃത കുടിയേറ്റവും

Explainer: ബിജെപിയുടെ മിസോറം പ്രതിസന്ധി: ഇസ്ലാമും ബുദ്ധമതവും അനധികൃത കുടിയേറ്റവും

മിസോറമിൽ കഴിഞ്ഞദിവസം വലിയ പ്രതിഷേധങ്ങൾക്കു നടുവിലേക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇറങ്ങിച്ചെന്നത്. ഷായുടെ ആദ്യത്തെ സന്ദർശനം തന്നെ പ്രതിഷേധത്തിൽ മൂടാതിരിക്കാൻ എൻഡ‍ിഎ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന്റെ (വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎ സഖ്യ വിഭാഗമായ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ ഭാഗമാണ് ഈ പാര്‍ട്ടി) നേതാവു കൂടിയായ മുഖ്യമന്ത്രി സോറംതംഗ കിണഞ്ഞു പരിശ്രമിച്ചു. സമരം ചെയ്യുന്ന വിവിധ സംഘടനകളുടെ കോഓർഡിനേഷൻ കമ്മറ്റി നേതാക്കളെ കണ്ട് തൽക്കാലത്തേക്ക് സമരം അവസാനിപ്പിക്കാനും അമിത് ഷായുമായി സംസാരിക്കാൻ തയ്യാറാകാനും ആവശ്യപ്പെട്ടു.

വലിയൊരു പ്രതിസന്ധിയിലാണ് ദേശീയ പൗരത്വ ബില്ലിലൂടെ ബിജെപി അസമിലും മിസോറമിലും ചെന്നു പെട്ടിരിക്കുന്നത്. അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയതിന്റെ ഫലമായി നൂറുകണക്കിനാളുകൾ മിസോറമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന്റെ വാർത്തകൾ വന്നിരുന്നു. ഇത്തരം കുടിയേറ്റങ്ങൾ മൂലം പതിറ്റാണ്ടുകളായി സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ പുതിയതരം കുടിയേറ്റങ്ങളും പുതിയതരം അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതായി ബിജെപിയുടെ നീക്കങ്ങളെന്നു വേണം പറയാൻ.

എന്താണ് മിസോറമിലെ പ്രശ്നങ്ങളുടെ അടിസ്ഥാനം?

2019 ഫെബ്രുവരി മാസത്തിലാണ് ദേശീയ പൗരത്വ ബിൽ ലോക്സഭ പാസ്സാക്കിയത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ, എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള മതക്കാർക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് ഈ ബിൽ. മതപരമായ വിഭാഗീയതയും അതുവഴിയുള്ള ധ്രുവീകരണവും ഈ ബിൽ ലക്ഷ്യം വെക്കുന്നുണ്ടെന്നത് വളരെ പ്രത്യക്ഷമാണെന്ന് ആരോപണമുയർന്നു. കടുത്ത പ്രതിഷേധങ്ങൾക്കിടയിലും ബില്ല് ലോക്സഭ പാസ്സാക്കി. മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ലക്ഷത്തിലേറെ അഭയാർത്ഥികളും ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരും 40 ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുമുള്ള ഇന്ത്യയിൽ പുതിയ പൗരത്വനിയമം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഉറപ്പായിരുന്നു. രാജ്യത്ത് ബംഗ്ലാദേശിൽ നിന്നും കുടിയേറിപ്പാർത്ത ധാരാളം മുസ്ലിങ്ങളുണ്ടെന്നിരിക്കെ ഈ ബില്ല് വലിയ സാമൂഹിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.

നേരത്തെ പറഞ്ഞ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ പൗരന്മാർക്ക് ആറുവർഷം ഇന്ത്യയിൽ താമസിച്ചതിന്റെ തെളിവ് ഹാജരാക്കി പൗരത്വത്തിന് അപേക്ഷിക്കാമെന്നതാണ് പൗരത്വ ബില്ലിൽ വരുത്തിയ നിർണായകമായ ഭേദഗതി. അവർക്ക് ശരിയായ രേഖകൾ ഇല്ലെങ്കിൽപ്പോലും പൗരത്വം ലഭിക്കും.

ഈ ആറ് വിഭാഗങ്ങളുടെ കുടിയേറ്റം അനധികൃത കുടിയേറ്റമായി കണക്കാക്കില്ല. ഇവർ 1946ലെ ഫോറിനേഴ്സ് ആക്ട്, 1920ലെ പാസ്പോർട്ട് ആക്ട് എന്നിവയിൽ കേന്ദ്ര സർക്കാരിന്റെ ഇളവുകൾ നേടിയിരിക്കണം എന്നുമാത്രമാണ് വ്യവസ്ഥ. 1955ലെ നിയമപ്രകാരം അനധികൃതമായി കുടിയേറ്റം നടത്തുന്ന ഏതൊരു വിഭാഗത്തിനും രാജ്യത്ത് പൗരത്വമെടുക്കാൻ സാധിക്കില്ലായിരുന്നു. എന്നാൽ പുതിയ ഭേദഗതി ആറ് മതവിഭാഗങ്ങളുടെ അനധിക‍ൃത കുടിയേറ്റത്തിന് നിയമപരത നൽകുന്നു. 1955ലെ നിയമപ്രകാരം രാജ്യത്ത് 11 വർഷം താമസിച്ചതിനു ശേഷം മാത്രമേ വിദേശികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇത് ആറ് വർഷമായി ചുരുങ്ങി. കുടിയേറ്റങ്ങൾ സംബന്ധിച്ച കടുത്ത നിബന്ധനകളിൽ ഇളവ് വരുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെങ്കിലും അത് ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കി നടത്തുന്നത് ധ്രുവീകരണ രാഷ്ട്രീയമായി വിലയിരുത്തപ്പെട്ടു.

ഈ ബിൽ ഇതുവരെ രാജ്യസഭയിൽ അവതരിപ്പിച്ചിട്ടില്ല.

എന്താണ് ഈ വിഷയത്തിൽ മിസോറം സർക്കാരിന്റെ നിലപാട്?

കേന്ദ്ര സർക്കാരിന് 'പ്രശ്നാധിഷ്ഠിത' പിന്തുണയാണ് തങ്ങൾ നൽകുന്നതെന്ന് മുഖ്യമന്ത്രി സോറംതംഗ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെ പല്ലുംനഖവുമുപയോഗിച്ച് എതിർക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ സഖ്യകക്ഷിയോട് തങ്ങളുടെ പല്ലുംനഖവും കാണിക്കാൻ സോറംതംഗയ്ക്ക് എത്രകണ്ട് സാധിക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് സംശയമുണ്ട്.

എങ്ങനെയാണ് മിസോറമിൽ അമിത് ഷാ പ്രതികരിച്ചത്?

കഴിഞ്ഞദിവസത്തെ കൂടിക്കാഴ്ചയിൽ ഷായോട് സോറംതംഗ ആശങ്കകളെല്ലാം പങ്കു വെക്കുകയുണ്ടായി. ദേശീയ പൗരത്വ ബിൽ മൂലം മിസോറമിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ പ്രളയം തന്നെ സംഭവിച്ചേക്കുമെന്ന് ഷായെ താൻ അറിയിച്ചതായി സോറംതംഗ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ ഷാ എന്തെങ്കിലുമൊരു മറുപടി പറഞ്ഞതായി റിപ്പോർട്ടുകളിലില്ല.

സോറംതംഗയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് അമിത് ഷാ സമരത്തിലുള്ള വിവിധ സംഘടനകളുടെ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ഒക്ടോബർ 1ന് അമിത് ഷാ നടത്തിയ പ്രസ്താവന മിസോറമുകാരെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. മുസ്ലിങ്ങൾ ഒഴികെയുള്ള മതക്കാരുടെ പേര് പരാമർശിച്ചായിരുന്നു ഷായുടെ പ്രസംഗം. വിദേശത്തു നിന്നുള്ള അമുസ്ലിം വിഭാഗങ്ങൾക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്ന ബിൽ പാർലമെന്റ് പാസ്സാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ഇതിനെല്ലാമൊടുവിൽ ഷാ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ഇതിലും ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ചോ പൗരത്വ ഭേദഗതി ബിൽ സംബന്ധിച്ചോ എന്തെങ്കിലും പറയാൻ അദ്ദേഹം മെനക്കെട്ടില്ല. പകരം മിസോറമിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ചാണ് പറഞ്ഞത്.

എന്താണ് വിഷയത്തിൽ ആർഎസ്എസ് നിലപാട്?

ബിജെപിയുടെ സൈദ്ധാന്തിക പദ്ധതികൾ രൂപം കൊള്ളുന്ന നാഗ്പൂർ നിലവിലെ പ്രശ്നത്തിൽ കാര്യമായ ആലോചന നടത്തുന്നുണ്ട്. അസം പൗരത്വ രജിസ്റ്ററിൽ വലിയൊരു വിഭാഗം ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടതാണ് ആർഎസ്എസ്സിനെ ആശങ്കപ്പെടുത്തുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ ഒരു ഭേദഗതി ബിൽ കൂടി പാർലമെന്റിൽ പാസ്സാക്കണമെന്നാണ് ആർഎസ്എസ് കരുതുന്നത്.

എന്താണ് മിസോറം ജനത ചൂണ്ടിക്കാട്ടുന്ന മറ്റു പ്രശ്നങ്ങൾ?

സംസ്ഥാനത്തേക്ക് അനധികൃത കുടിയേറ്റം വർധിക്കുമെന്നതിനെക്കാൾ വലിയ പ്രശ്നമാണ് നിലവിൽ സംസ്ഥാനത്തുള്ളതും അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിക്കപ്പെടുന്നവരുമായ വിഭാഗങ്ങളുടേത്. ഇവർക്കെതിരെയാണ് ഈ ദിവസങ്ങളിൽ വിവിധ സംഘടനകളുടെ വൻ പ്രതിഷേധം നടക്കുന്നത്. ബംഗ്ലാദേശിൽ നിന്നും ബുദ്ധമതക്കാരായ 'ചാക്മ' വിഭാഗക്കാർ മിസോറമിലെത്തി താമസിക്കുന്നുണ്ടെന്നും ഇവരെ പുതിയ ഭേദഗതിയിൽ ഇന്ത്യയിലെ പൗരന്മാരായാണ് പരിഗണിച്ചിരിക്കുന്നതെന്നുമാണ് പരാതി. ബംഗ്ലാദേശിലെ കാപ്തായ് ഡാമിന്റെ നിർമാണ കാലയളവിൽ കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യർ ഇന്ത്യയിലേക്ക് കുടിയേറേണ്ടി വരികയായിരുന്നു. 1962ലാണ് ഇവർ ഇന്ത്യയിലെത്തിയത്. 1971ൽ ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇവർ തിരിച്ചുപോകാൻ കൂട്ടാക്കിയതുമില്ല. ബംഗ്ലാദേശി പട്ടാളം തങ്ങളെ ഉപദ്രവിച്ചതിന്റെ ഓര്‍മകൾ അവർക്കുണ്ടായിരുന്നു. ഈ ബുദ്ധമത വിഭാഗം മുസോറമിലെ 11 ലക്ഷം ജനങ്ങളിൽ 1 ലക്ഷത്തോളം പേർ വരും.


Next Story

Related Stories