Top

Explainer: ഭായി മോഹൻ സിങ്ങിന്റെ പേരക്കുട്ടികൾ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഇന്ത്യൻ ബിസിനസ് സ്ഥാപനത്തോട് ചെയ്തത്: എന്താണ് റെലിഗേർ തട്ടിപ്പ്?

Explainer: ഭായി മോഹൻ സിങ്ങിന്റെ പേരക്കുട്ടികൾ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഇന്ത്യൻ ബിസിനസ് സ്ഥാപനത്തോട് ചെയ്തത്: എന്താണ് റെലിഗേർ തട്ടിപ്പ്?

അലോപ്പതി മരുന്നു നിർമാണ മേഖലയിലെ അതികായരായ റാൻബാക്സി ലബോറട്ടറീസ് ലിമിറ്റഡിന്റെ മുൻ ഉടമകളായ ശിവിന്ദർ മോഹൻസിങ്, മാൽവിന്ദർ മോഹന്‍ സിങ് സഹോദരങ്ങൾ അറസ്റ്റിലായത് ഞെട്ടലോടെയാണ് വ്യാവസായികലോകം ശ്രദ്ധിച്ചത്. സാമ്പത്തിക സേവന ഗ്രൂപ്പായ റെലിഗേർ എന്റർപ്രൈസസ്, ഫോര്‍ടിസ് ഹെൽത്ത്കെയർ എന്ന ആഡംബര ആശുപത്രി ശൃംഖല എന്നിവയുടെ കൂടി ഉടമസ്ഥതയുണ്ടായിരുന്നു ഇവർക്ക്. ഡൽഹി പൊലീസിന്റെ ഇക്കണോമിക് ഒഫൻസസ് വിങ്ങാണ് ഇവരെ അറസ്റ്റ് ചെയ്തത്. റെലിഗേർ ഫിൻവെസ്റ്റ് ലിമിറ്റഡിന് 2,397 കോടി രൂപയുടെ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ പേരിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍ ആരൊക്കെ?

ശിവിന്ദർ മോഹൻസിങ്, മാൽവിന്ദർ മോഹന്‍ സിങ് സഹോദരങ്ങൾക്കൊപ്പം മറ്റു ചില പ്രമുഖർ കൂടി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. റെലിഗേർ ഫിൻവെസ്റ്റിന്റെ മുൻ മാനേജിങ് ഡയറക്ടറായ കവി അറോറ, റെലിഗേർ ഗ്രൂപ്പിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അനില്‍ സക്സേന, ഗ്രൂപ്പിന്റെ മുൻ എംഡി സുനിൽ ഗോധ്വാനി എന്നിവരാണ് പൊലീസിന്റെ പിടിയിലുള്ളത്.

എന്താണ് ഇവർക്കെതിരെയുള്ള ആരോപണം?

പൊലീസ് പറയുന്നതു പ്രകാരം റെലിഗേർ എന്റർപ്രൈസസ് ലിമിറ്റഡിന്റെയും അതിന്റെ ഉപസ്ഥാപനങ്ങളും റെലിഗേർ ഫിൻവെസ്റ്റ് ലിമിറ്റഡിനെ വലിയ സാമ്പത്തിക പരാധീനതയിലാഴ്ത്താൻ കുറ്റാരോപിതരുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഈ വ്യക്തികളുടെ നിയന്ത്രണത്തിലുള്ളതും, സാമ്പത്തികമായി കാര്യമായ നിലനിൽപ്പില്ലാത്തതുമായ കമ്പനികൾക്ക് ലോൺ നൽകിയതു വഴിയാണ് ഈ വലിയ നഷ്ടം റെലിഗേർ ഫിൻകോർപ്പിന് ഉണ്ടായത്.

എന്തെല്ലാമാണ് മറ്റാരോപണങ്ങൾ?

ഫോർട്ടിസ് ഹെൽത്ത്കെയറില്‍ നിന്ന് 472 കോടി രൂപ വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ടും സിങ് സഹോദരങ്ങൾക്കെതിരെ ആരോപണമുണ്ട്. ജാപ്പനീസ് മരുന്നു നിർമാണ കമ്പനിയായ ദയിച്ചിയുമായി നടന്ന ചില ഇടപാടുകളുടെ ക്രമക്കേടുകളുടെ പേരിലും ഈ ബിസിനസ്സുകാർ വാർത്തകളിലിടം നേടി. ഈ കേസിൽ ഒരു സിംഗപ്പൂർ കോടതി ദയിച്ചിക്ക് 3500 കോടി നൽകണമെന്ന് സിങ് സഹോദരങ്ങളോട് ഉത്തരവിടുകയുമുണ്ടായി. റാൻബാക്സി കമ്പനിയെ ദയിച്ചിക്ക് വിറ്റതിൽ നടന്ന കള്ളക്കളിയായിരുന്നു കേസിനാധാരം. വിൽപ്പനയുടെ സമയത്ത് തങ്ങൾ യുഎസ്സിലെ ഡ്രഗ് റെഗുലേറ്റിങ് അതോരിറ്റിയിൽ നിന്നും ഒരന്വേഷണം നേരിടുന്നുണ്ടെന്ന വസ്തുത ശിവിന്ദർ മോഹൻസിങ്, മാൽവിന്ദർ മോഹന്‍ സിങ് സഹോദരങ്ങൾ മറച്ചുവെച്ചെന്നത് കോടതിയിൽ തെളിയിക്കാൻ ദയിച്ചിക്ക് സാധിച്ചു.

സിങ് സഹോദരങ്ങൾക്കെതിരെ നിയമനടപടികൾ വേണമെന്നാവശ്യപ്പെട്ട് ഫോർട്ടിസ്സും സെക്യൂരിറ്റൂസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ സമീപിക്കുകയുണ്ടായി. തങ്ങളിൽ നിന്നും വാങ്ങിയ 472 കോടി രൂപ തിരികെ പിടിച്ചെടുത്തു തരണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടൊപ്പം ദയിച്ചിയും തങ്ങൾക്ക് സിംഗപ്പൂർ കോടതി വിധിച്ച പണം ലഭിക്കാനായി നിയമനടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. കിട്ടാനുള്ള പണം പിടിച്ചെടുക്കാൻ ഇവരുടെ ആസ്തികൾ ജപ്തി ചെയ്തു കിട്ടാന്‍ ഡൽഹി ഹൈക്കോടതിയിൽ ഹരജി നല്‍കിയിരിക്കുകയാണ് ദയിച്ചി.

ഇപ്പോഴത്തെ അറസ്റ്റ് ഏത് കേസിലാണ്?

വ്യാഴാഴ്ച നടന്ന അറസ്റ്റിനു പിന്നിൽ റെലിഗേർ ഫിന്‍വെസ്റ്റിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ മാത്രമാണ്. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഡയറക്ടർമാർ‌ക്കെതിരെയും ഇതേ കേസിൽ ഇക്കണോമിക് ഒഫൻസസ് വിങ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

എന്താണ് ലക്ഷ്മി വിലാസ് ബാങ്കിന് ഈ തട്ടിപ്പിലുള്ള പങ്ക്?

ലക്ഷ്മി വിലാസ് ബാങ്ക്, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുള്ളതു പ്രകാരം വഞ്ചന, ബാങ്കിന്റെ വിശ്വാസലംഘനം, ക്രിമിനൽ ക്രമക്കേട്, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം ഡൽഹി പൊലീസിന്റെ ഇക്കണോമിക് ഒഫൻസസ് വിങ് തങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പറയുന്നു. റെലിഗേർ ഫിൻവെസ്റ്റിന്റെ പരാതിയിലാണ് കേസ്. റെലിഗേർ ഫിൻവെസ്റ്റിന്റെ നിക്ഷേപങ്ങൾ റെലിഗേർ ഹെൽത്ത്കെയർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ്, റാൻചെം പ്രൈവറ്റ് ലിമിറ്റഡ് എന്നിവയിൽ നിന്നും കിട്ടാനുള്ള കടങ്ങൾക്ക് സെക്യൂരിറ്റിയായി ക്രമപ്പെടുത്തിയതാണ് കേസിനാധാരമെന്നും ബാങ്ക് വെളിപ്പെടുത്തുന്നു.

എപ്പോഴാണ് സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവരാൻ തുടങ്ങിയത്?

2018 വരെ റെലിഗേർ എന്റർപ്രൈസസ് ലിമിറ്റഡിനെ നിയന്ത്രിച്ചിരുന്നത് സിങ് സഹോദരങ്ങൾ തന്നെയായിരുന്നു. 2018 ഫെബ്രുവരി മാസത്തിൽ ഇരുവരും കമ്പനി വിട്ടു. റെലിഗേർ എന്റർപ്രൈസസിന്റെയും റെലിഗേർ ഫിൻവെസ്റ്റിന്റെയും ഡയറക്ടർ ബോർഡുകൾ പുനസ്സംഘടിപ്പിക്കപ്പെട്ടു. ഈ സന്ദർഭത്തിലാണ് കമ്പനിയിൽ നടന്ന വലിയ ക്രമക്കേടുകൾ പിടിക്കപ്പെട്ടത്. റെലിഗേർ ഫിൻവെസ്റ്റിന്റെ നാല് ഫിക്സഡ് അക്കൗണ്ടുകളിലുണ്ടായിരുന്ന 791 കോടി രൂപ ലക്ഷ്മി വിലാസ് ബാങ്ക് ക്രമരഹിതമായി കൈകാര്യം ചെയ്തതാണെന്നും ഡയറക്ടർ ബോർഡുകൾ മനസ്സിലാക്കി. ഈ ക്രമക്കേടു വഴി റെലിഗേർ ഫിൻകോര്‍പ്പിനും അതിന്റെ ഓഹരിനിക്ഷേപകർക്കും വലിയ നഷ്ടമാണ് സംഭവിച്ചത്.

എന്താണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ വാദം?

എന്നാൽ റെലിഗേർ ഹെൽത്ത്കെയർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ്, റാൻചെം പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ കടങ്ങൾക്ക് സെക്യൂരിറ്റിയായി റെലിഗേർ ഫിന്‍വെസ്റ്റിന്റെ നിക്ഷേപം ഉപയോഗിച്ചത് നിയമപരമാണെന്നാണ് ബാങ്കിന്റെ വാദം. ഇതിന്മേൽ തങ്ങൾ കേസ് ശരിയായ രീതിയില്‍ നടത്തിവരുന്നതാണെന്നും ബാങ്ക് വാദിക്കുന്നു.

എന്താണ് നിക്ഷേപകർക്ക് സംഭവിച്ചത്?

സ്വാഭാവികമായും സിങ് സഹോദരങ്ങളുടെ കമ്പനികളിൽ നിക്ഷേപം നടത്തിയവർ വലിയ നഷ്ടം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികളുടെ വിലയും ഇടിഞ്ഞു കഴിഞ്ഞു.

എന്താണ് റാൻബാക്സിയുടെ ചരിത്രം?

1937 മുതൽക്കിങ്ങോട്ടുള്ള ചരിത്രമുണ്ട് റാൻബാക്സി ലബോറട്ടറീസിന്. രൺബീർ സിങ്, ഗുർബാക്സ് സിങ് എന്നിവർ ചേർന്നാണ് ജാപ്പനീസ് കമ്പനിയായ ഷിയോനോഗിയുടെ വിതരണക്കാരെന്ന നിലയിൽ കമ്പനി തുടങ്ങിയത്. രൺബീർ, ഗുർബാക്സ് എന്നീ പേരുകളിൽ നിന്ന് ആദ്യത്തെയും അവസാനത്തെയും വാക്കുകളെടുത്താണ് കമ്പനിയുടെ പേര് കണ്ടെത്തിയത്. ഈ കമ്പനി പിന്നീട് ഇവരുടെ ബന്ധുവായ ഭായി മോഹൻ സിങ് വാങ്ങുകയായിരുന്നു. 1952ലായിരുന്നു ഇത്.

1967 മുതൽക്കാണ് റാൻബാക്സി ഇന്നീക്കാണുന്ന നിലയിലേക്ക് വളർന്നു തുടങ്ങിയത്. ഭായി മോഹൻ സിങ്ങിന്റെ മകൻ പർവീന്ദർ സിങ് കമ്പനിയില്‍ ജോയിൻ ചെയ്തത് ഈ വർഷമായിരുന്നു. പിന്നീട് കമ്പനിക്ക് വെച്ചടി കയറ്റമായിരുന്നു. 1990കളിൽ അമേരിക്കയിലേക്കും തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു. ഇവർ. പര്ഡവീന്ദർ സിങ്ങിന്റെ മക്കളാണ് ശിവീന്ദർ സിങ്ങും മാൽവീന്ദർ മോഹൻ സിങ്ങും.


Next Story

Related Stories