TopTop
Begin typing your search above and press return to search.

Explainer: എന്താണ് സൂപ്പര്‍ ചൊവ്വ? അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടിത് പ്രധാനമാണ്?

Explainer: എന്താണ് സൂപ്പര്‍ ചൊവ്വ? അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടിത് പ്രധാനമാണ്?


എന്താണ് സൂപ്പര്‍ ചൊവ്വ?

നാളെയാണ് 'സൂപ്പര്‍ ചൊവ്വ'. യു.എസ് പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യാൻ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ വോട്ട് രേഖപ്പെടുത്തുന്ന ദിവസം. ട്രംപിനെ നേരിടുന്ന ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥി ബേണി സാൻഡേഴ്സോ അതോ ജോ ബൈഡനോ എന്ന് നാളെ അറിയാം. തിരഞ്ഞെടുപ്പ് ദിവസം കഴിഞ്ഞാല്‍ യു.എസ് തിരഞ്ഞെടുപ്പ് കലണ്ടറിലെ ഏറ്റവും വലിയ ദിവസമാണിത്.

സ്ഥാനാർത്ഥികൾ ഓരോരുത്തരും നൂറുകണക്കിന് തിരഞ്ഞെടുപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചു. പ്രചാരണ പരിപാടികൾക്കായി ദശലക്ഷക്കണക്കിന് ഡോളർ ചിലവഴിച്ചു. അതിന്‍റെയെല്ലാം ഫലം നാളെയറിയാം. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും വോട്ടുചെയ്യും. എന്നാൽ ഡൊണാൾഡ് ട്രംപ് ഗുരുതരമായ വെല്ലുവിളികളൊന്നും അഭിമുഖീകരിക്കാത്തതിനാൽ, എല്ലാ കണ്ണുകളും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ മത്സരത്തിലായിരിക്കും.

ഇതുവരെ തിരഞ്ഞെടുപ്പ് നടന്നത് എവിടെയൊക്കെ? ആരാണ് മുന്നില്‍?

അയോവ, ന്യൂ ഹാംഷെയർ, നെവാഡ, സൗത്ത് കരോലിന തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ വോട്ടിംഗ് കഴിഞ്ഞതാണ്. ആദ്യ മൂന്നു സംസ്ഥാനങ്ങളില്‍ ബേണി സാൻഡേഴ്സിനാണ് മുന്‍‌തൂക്കം.ശനിയാഴ്ച നടന്ന സൌത്ത് കരോലിന പ്രൈമറിയില്‍ സാന്‍ഡേഴ്സനെ ബഹുദൂരം പിന്നിലാക്കി ജോ ബൈഡന്‍ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. 46% വോട്ട് ബൈഡന് കിട്ടിയപ്പോള്‍ സാന്‍ഡേഴ്സണ് 19.9% വോട്ടാണ് കിട്ടിയത്.

എന്തുകൊണ്ടിത് പ്രധാനമാണ്?

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റ് പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത് 50 സംസ്ഥാനങ്ങളിലും വാഷിങ്ങ്ടണ്‍ ഡി സിയിലും യു എസ് ടെറിട്ടറികളിലും നടക്കുന്ന നിരവധി പ്രൈമറികളിലൂടെയും കോക്കസുകളിലൂടെയുമാണ്. ഓരോ സ്ഥാനാര്‍ത്ഥിയുടെയും ലക്ഷ്യം കൂടുതല്‍ പ്രതിനിധികളുടെ പിന്തുണ നേടിയെടുക്കുക എന്നതാണ്. ഇവരാണ് പാര്‍ട്ടിയുടെ കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുക. ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടാന്‍ 4750 പ്രതിനിധികളില്‍ 1991 പ്രതിനിധികളുടെ പിന്തുണ കിട്ടണം.

സൂപ്പര്‍ ചൊവ്വയില്‍ വോട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാം?

അലബാമ, അർക്കൻസാസ്, കാലിഫോർണിയ, കൊളറാഡോ, മെയ്ൻ, മസാച്യുസെറ്റ്സ്, മിനസോട്ട, നോർത്ത് കരോലിന, ഒക്ലഹോമ, ടെന്നസി, ടെക്സസ്, യൂട്ട, വെർമോണ്ട്, വിർജീനിയ തുടങ്ങി 14 സംസ്ഥാനങ്ങളാണ് നാളെ വോട്ട് ചെയ്യുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിതിനിധികള്‍ കാലിഫോര്‍ണിയയില്‍ നിന്നാണ്. 494 പ്രതിനിധികളാണ് ബേണി സാന്‍ഡേഴ്സണ് മുന്‍തൂക്കമുള്ള ഈ സംസ്ഥാനത്ത് നിന്നും എത്തുന്നത്. ടെക്സസ് ആണ് പ്രതിനിധി ബലം കൊണ്ട് രണ്ടാമത്തെ സംസ്ഥാനം. അതേ സമയം ജോ ബൈഡന് മുന്‍തൂക്കം കിട്ടാന്‍ സാധ്യതയുള്ള കറുത്തവംശജരായ വോട്ടര്‍മാര്‍ കൂടുതലുള്ള നാലോളം സംസ്ഥാനങ്ങള്‍ നാളത്തെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്.

ആരൊക്കെയാണ് പ്രമുഖ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍?

പ്രമുഖരായ 6 ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥികളാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്. മുൻ വൈസ് പ്രസിഡന്റ് ജോ ബിഡൻ, സെനറ്റർമാരായ ബേണി സാൻഡേഴ്സ്, എലിസബത്ത് വാറൻ, ആമി ക്ലോബുചാർ, മുൻ മേയർമാരായ മൈക്ക് ബ്ലൂംബെർഗ്, ഹവായില്‍ നിന്നുള്ള കോൺഗ്രസ് വനിത തുളസി ഗബ്ബാർഡ് എന്നിവരാണ് അവര്‍.സൌത്ത് കരോലിന പ്രൈമറി കഴിഞ്ഞതിന് പിന്നാലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ പീറ്റ് ബൂട്ടിജജ്, ടോം സേയര്‍ എന്നിവര്‍ മത്സരത്തില്‍ നിന്നും പിന്‍ വാങ്ങി കഴിഞ്ഞു. സാൻഡേഴ്സും വാറനും പുരോഗമന വാദികളാണെങ്കില്‍ ബൈഡന്‍, ബ്ലൂംബെർഗ്, എന്നിവര്‍ മിതവാദികളാണ്.


Next Story

Related Stories