TopTop
Begin typing your search above and press return to search.

Explainer: ക്ഷേത്രം ഭരിക്കേണ്ടത് ഭക്തരെന്ന് പ്രസ്താവിച്ച ജഡ്ജി: നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെയെ അറിയാം

Explainer: ക്ഷേത്രം ഭരിക്കേണ്ടത് ഭക്തരെന്ന് പ്രസ്താവിച്ച ജഡ്ജി: നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെയെ അറിയാം

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെയെ രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ്സായി നിയമിക്കുന്ന വാറണ്ടിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പു വെച്ചു കഴിഞ്ഞു. ഔദ്യോഗിക വിജ്ഞാപനം ഉടൻ വരും. ഇന്ത്യയുടെ നാൽപ്പത്തേഴാമത് ചീഫ് ജസ്റ്റിസ്സായാണ് ബോബ്ദെ ചുമതലയേൽക്കുക. നവംബർ 18 മുതൽ ചുമതലയേറ്റെടുക്കും. നവംബർ 17നാണ് നിലവിലെ ചീഫ് ജസ്റ്റിസ്സായ രഞ്ജൻ ഗോഗോയ് പദവിയൊഴിയുന്നത്. ബോബ്ദെ പദവിയിൽ 17 മാസം (2021 ഏപ്രിൽ 23 വരെ) ഉണ്ടായിരിക്കും.

ബോബ്ദെയുടെ കുടുംപശ്ചാത്തലം?

വക്കീലന്മാരുടെ കുടുംബത്തിലേക്കാണ് ബോബ്ദെ പിറന്നു വീണത്. പിതാവ് അർവിന്ദ് ശ്രീനിവാസ് ബോബ്ദെ മഹാരാഷ്ട്ര സർക്കാരിൽ രണ്ടു തവണ അഡ്വക്കറ്റ് ജനറൽ പദവി വഹിച്ചിട്ടുണ്ട്. ബോബ്ദെയുടെ സഹോദരൻ വിനോദ് ബോബ്ദെ ഭരണഘടനാ വിഷയങ്ങളിൽ പ്രാവീണ്യമുള്ള വക്കീലായിരുന്നു. ഇദ്ദേഹം സുപ്രീംകോടതിയിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. 1956 ഏപ്രിൽ 24

എങ്ങനെയായിരുന്നു ബോബ്ദെയുടെ കരിയർ വളർച്ച?

നാഗ്പൂർ സർവ്വകലാശാലയിൽ നിന്നും 1978ലാണ് ബോബ്ദെ നിയമപഠനമം കഴിഞ്ഞിറങ്ങിയത്. രണ്ടായിരാമാണ്ടിൽ ഇദ്ദേഹം ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജായി നിയമിക്കപ്പെട്ടു. 22 വർഷത്തോളം നീണ്ട അഭിഭാഷകവൃത്തിക്കൊടുവിലായിരുന്നു ഇത്. 2012ൽ ബോബ്ദെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായി നിയമിക്കപ്പെട്ടു. 2013ൽ സുപ്രീംകോടതിയിലേക്ക് നിയമിതനായി.

ഏതൊക്കെയാണ് ബോബ്ദെ ഇടപെട്ട സുപ്രധാന കേസുകൾ?

രാജ്യത്തെ സാധാരണ ജനവിഭാഗങ്ങളെ ഏറെ ബാധിച്ച ഒന്നായിരുന്നു സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കെല്ലാം ആധാർ വേണമെന്ന നിർബന്ധം. സുപ്രീംകോടതിയുടെ തന്നെ നേരത്തെയുള്ള വിധിന്യായത്തെ കൂടുതൽ വ്യക്തമാക്കി ബോബ്ദെയും ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് ചൊക്കലിംഗം നാഗപ്പനും അംഗങ്ങളായുള്ള ബഞ്ച് പുതിയൊരു ഉത്തരവ് പുറപ്പെടുവിച്ചു. ആധാറില്ല എന്നതിന്റെ പേരിൽ ഒരാൾക്കും സർക്കാർ സേവനങ്ങൾ നിഷേധിക്കരുതെന്ന് ഈ ബഞ്ച് ആവശ്യപ്പെട്ടു.

ഗർഭച്ഛിദ്രം

ഡൗൺ സിൻഡ്രോം ബാധിക്കാനിടയുള്ള കുഞ്ഞിന്റെ ഭ്രൂണം നീക്കം ചെയ്യാൻ അനുമതി ചോദിച്ചെത്തിയ ഹരജി തള്ളിയതും ബോബ്ദെ അംഗമായ ബഞ്ചായികുന്നു. "കുട്ടിക്ക് ശാരീരികവും മാനസികവുമായ വെല്ലുവിളികളുണ്ടാകുമെന്ന് പറയപ്പെടുന്നു. ഇത് അമ്മയെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരമാണ്. പക്ഷെ, അബോർഷൻ അനുവദിക്കാനാവില്ല. ഞങ്ങളുടെ കൈകളിൽ ഒരു ജീവിതമാണുള്ളത്," ബോബ്ദെയും എൽ നാഗേശ്വര റാവുവും അടങ്ങിയ ബഞ്ച് 2017 ഫെബ്രുവരിയിലെ വിധിന്യായത്തിൽ പറഞ്ഞു. അമ്മയുടെ ജീവന് ഭീഷണിയാകുമെന്നുണ്ടെങ്കിൽ മാത്രമേ അബോർഷൻ അനുവദിക്കാനാകൂ എന്നും കോടതി വിധിച്ചു.

മതവികാരം

മാതെ മഹാദേവിയുടെ ബസവ വചന ദീപ്തി എന്ന പുസ്തകം നിരോധിച്ച കർണാടക സർക്കാരിന്റെ 1998ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതിയിലെത്തിയപ്പോൾ ജസ്റ്റിസ് ബോബ്ദെയും ജസ്റ്റിസ് എൽ നാഗേശ്വര റാവുവും ചേർന്നുള്ള ബഞ്ചാണ് അത് പരിഗണിച്ചത്. കർണാടക സർക്കാരിന്റെ നിരോധന നടപടിയെ അംഗീകരിച്ച ബഞ്ച് അതിന് അടിസ്ഥാനമായ കാരണം പറയുകയുണ്ടായില്ല. ഇത് രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ചരിത്രത്തിൽ അപൂർവ്വമായ സംഭവമായിരുന്നു. മാതെ മഹാദേവിയുടെ പുസ്തകം ദുരുദ്ദേശ്യപരമല്ലെന്ന് നിലപാടെടുത്ത ബഞ്ച് പക്ഷെ, സർക്കാരിന്റെ നിലപാട് തെറ്റാണെന്ന് പറയുകയും ചെയ്തില്ല. തങ്ങൾ ഇതിലെന്തിന് ഇടപെടണം എന്ന ചോദ്യമുന്നയിക്കുകയാണുണ്ടായത്.

കർണാടകത്തിലെ നവോത്ഥാന കവിയായ ബസവണ്ണയുടെ കവിതകള്‍ എഡിറ്റ് ചെയ്ത് മാതെ മഹാദേവി പുറത്തിറക്കിയ പുസ്തകമായിരുന്നു ബസവ വചന ദീപ്തി. ഇതിൽ ബസവദേവന്റെ തൂലികാനാമമായ 'കൂടലസംഗമദേവ' എന്നത് മാറ്റി 'ലിംഗദേവ' എന്ന് മാറ്റിയെന്നാണ് ആരോപണമുയർന്നത്. കവിതകളിലും മാതെ മഹാദേവിയുടെ ഇടപെടലുണ്ടായെന്ന് ആരോപിക്കപ്പെട്ടു. ഇത് ലിംഗായത്ത് സമുദായത്തെ വല്ലാതെ വ്രണപ്പെടുത്തി. അവരെ സംബന്ധിച്ചിടത്തോളം ബസവദേവൻ ഒരു നവോത്ഥാന കവിയെന്നതിലുപരി ആരാധിക്കപ്പെടുന്ന ദൈവം കൂടിയാണ്. ലിംഗായത്ത് ഒരു പ്രത്യേക മതമാണോ എന്നതടക്കമുള്ള വലിയ പ്രശ്നനങ്ങൾ ഈ കേസിൽ ഒളിഞ്ഞിരിപ്പുണ്ടെന്നത് ശ്രദ്ധിച്ച കോടതി സുരക്ഷിതമായ അകലം പാലിക്കാൻ നിശ്ചയിക്കുകയായിരുന്നു.

പടക്കനിരോധനം

ഡൽഹിയിൽ ദീപാവലിക്കാലത്ത് വലിയ തോതിൽ മലിനീകരണം സൃഷ്ടിക്കുന്ന പടക്കങ്ങൾ നിരോധിച്ച നടപടിയാണ് ബോബ്ദെയുടെ വിവാദമായ വിധികളിലൊന്ന്. നിരോധനം വന്നെങ്കിലും ഡല്‍ഹി നിവാസികൾ മലിനീകരണം സഹിക്കാൻ തന്നെയാണ് തീരുമാനിച്ചത്.

ബാബരി മസ്ജിദ് കേസ്

ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ദീർഘകാലമായി തുടരുന്ന കോടതി വ്യവഹാരങ്ങൾക്കൊടുവിൽ നവംബർ 17ന് മുമ്പായി വിധിപ്രസ്താവം പ്രതീക്ഷിക്കപ്പെടുകയാണ്. വാദം കേട്ട ജഡ്ജിമാരിൽ ബോബ്ദെയും ഉൾപ്പെടുന്നു.

ചീഫ് ജസ്റ്റിസ്സിനെതിരായ ലൈംഗിക പീഡന പരാതി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെയുണ്ടായ ലൈംഗിക പീഡന പരാതി അന്വേഷിച്ച ആഭ്യന്തരസമിതിയുടെ അധ്യക്ഷനായിരുന്നു ബോബ്ദെ. ഈ സമിതി ആരോപണമുന്നയിച്ച സ്ത്രീയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയുമുണ്ടായി. ലൈംഗിക പീഡനോരോപണങ്ങളിൽ സ്പെഷ്യൽ സിറ്റിങ്ങ് നടത്തി വിധി പറയുകയായിരുന്നു ഇദ്ദേഹം അധ്യക്ഷനായ സമിതി. ഇതിൽ വലിയ വിമർശനമുണ്ടായി. അഭിഭാഷക സംഘടനകൾ വരെ ഈ നീതികേടിനെതിരെ രംഗത്തു വന്നു. പ്രതിഷേധം വ്യാപകമായതോടെ സംഭവത്തിൽ അടുത്ത നടപടികളിലേക്ക് കടക്കാർ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ജ. എസ് എ ബോബ്ഡേക്ക് നിർദേശം നൽകി. കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി എന്ന നിലയിലാണ് തുടർനടപടികളിൽ ബോബ്ഡേയ്ക്ക് തീരുമാനമെടുക്കാമെന്ന് രഞ്ജൻ ഗോഗോയ്ക്ക് നിർദ്ദേശം നൽകേണ്ടി വന്നു.

35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം.

'ഭക്തർ ഭരിക്കണം'

ക്ഷേത്രങ്ങൾ ഭരിക്കേണ്ടത് സർക്കാരല്ലെന്നും ഭക്തരാണെന്നുമുള്ള വിവാദ പരാമർശം നടത്തി വാർത്തകളിലിടം പിടിച്ചിട്ടുണ്ട് ബോബ്ദെ. വിവിധ സംസ്ഥാന സർക്കാരുകൾ ക്ഷേത്രങ്ങളെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു എല്ലാം ഭക്തർക്ക് വിട്ടുകൊടുക്കണമെന്ന് ബോബ്ദെ പറഞ്ഞത്. തമിഴ്നാട്ടിൽ നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടക്കുന്നെന്നും ഇതിനു കാരണം സർക്കാരിന്റെ ഭരണമാണെന്നും സൂചിപ്പിക്കുന്ന തരത്തിലായിരുന്നു പ്രസ്താവന. ഓഡിഷയിലെ ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തരെ ചൂഷണം ചെയ്യുന്നുവെന്ന ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബോബ്ദെയും ജസ്റ്റിസ് എസ്എ നസീറും ഉൾപ്പെട്ട ബഞ്ചിൽ നിന്നും ഈ പരാമർശം വന്നത്.

മുസ്ലിം സ്ത്രീകളുടെ ആരാധനാസ്വാതന്ത്ര്യം

മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ തുല്യപരിഗണന കിട്ടണമെന്നും ആരാധനാനുമതി ലഭിക്കണമെന്നുമുള്ള ഹരജിയിന്മേല്‍ ജസ്റ്റിസ് ബോബ്ദെ നടത്തിയ പരാമർശവും ചർച്ചയായി മാറിയിരുന്നു. വ്യക്തികൾക്കെതിരെ മൗലികാവകാശ പ്രശ്നം ഉന്നയിക്കാമോയെന്നാണ് ബോബ്ദെ ചോദിച്ചത്. പള്ളികളും അമ്പലങ്ങളും ചർച്ചുകളും സർക്കാരിതര സ്ഥാപനങ്ങളാണെന്നിരിക്കെ ഭരണഘടനാസ്ഥാപനങ്ങളിൽ ലഭിക്കുന്ന അതേ തുല്യത ആരാധനാലയങ്ങളിൽ ലഭിക്കണമെന്ന് പറയുന്നത് ശരിയാണോയെവന്ന് 2019 ഏപ്രിൽ മാസത്തിൽ ഹരജി പരിഗണിക്കവെ ജസ്റ്റിസ് ബോബ്ദെ ചോദിക്കുകയുണ്ടായി. മറ്റൊരാളുടെ വീട്ടിലേക്ക് കയറാൻ നിങ്ങൾക്ക് പൊലീസിന്റെ സഹായം ചോദിക്കാമോ എന്നതായിരുന്നു ബോബ്ദെ ആരാധനാലയങ്ങളിൽ സ്ത്രീപ്രവേശനം വേണമെന്ന പ്രശ്നത്തിൽ ഉന്നയിച്ച യുക്തി.

തൃശ്ശൂർ പൂരത്തിലെ വെടിക്കെട്ട്

ഡൽഹി നഗരത്തിലെ പടക്ക പ്രയോഗങ്ങൾ മലിനീകരണം ചൂണ്ടിക്കാട്ടി നിരോധിച്ച ജഡ്ജിയാണ് ബോബ്ദെ. എന്നാൽ തൃശ്ശൂർ പൂരത്തിലെ വെടിക്കെട്ടിന് ഇദ്ദേഹത്തിന്റെ ബഞ്ചാണ് അനുമതി നൽകിയത്. ഒരു ക്ഷേത്രോത്സവത്തിൽ വെടിമരുന്ന് അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തിരുവമമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹരജിയിൽ കോടതി അനുകൂല വിധി പറഞ്ഞു. 2019 മെയ് മാസത്തിലായിരുന്നു ഇത്.


Next Story

Related Stories