TopTop
Begin typing your search above and press return to search.

Explainer: എന്താണ് ഗുജറാത്തിനെ പ്രത്യേകമായി ബാധിച്ച 'എല്‍-ടൈപ്പ് കൊറോണ വൈറസ്'?

Explainer: എന്താണ് ഗുജറാത്തിനെ പ്രത്യേകമായി ബാധിച്ച

ഗുജറാത്തില്‍ കോവിഡ് മരണനിരക്ക് കൂടുന്നതിന് കാരണമെന്താണ്? ഏറ്റവും പുതിയ വിവരമനുസരിച്ച് 162 കോവിഡ് മരണങ്ങളാണ് ഗുജറാത്തില്‍ സംഭവിച്ചിരിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നിട്ടുള്ള സംസ്ഥാനവും ഗുജറാത്ത് തന്നെ. അതിവേഗത്തില്‍ കോവിഡ് പകര്‍ച്ച നടക്കുന്ന ഏഴ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നതും ഗുജറാത്താണ്.

മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത തരത്തിലുള്ള രോഗപ്പകര്‍ച്ചയും മരണവും മാധ്യമറിപ്പോര്‍ട്ടുകളായി പുറത്തു വന്നതോടെ അതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ന്നു. വ്യക്തമായ ഒരുത്തരം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഒരു റിപ്പോര്‍ട്ട് ഗുജറാത്തിലെ മരണനിരക്കിനെ ന്യായീകരിക്കുന്ന നിലയില്‍ പുറത്തു വന്നിട്ടുണ്ട്. വിവിധ ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 'വിദഗ്ധരുടെ അഭിപ്രായം' അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം. ഇന്ത്യാ ടുഡേ ഈ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്ററിലെ വിദ്ഗ്ധരുടെ അഭിപ്രായം മുന്‍ നിര്‍ത്തിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.

എന്താണ് ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞര്‍ പറയുന്ന കാരണം?

വിദേശത്ത് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് രണ്ട് തരം കൊറോണ വൈറസ് സ്ട്രെയിനുകള്‍ (ഉപജാതികള്‍) നിലവിലുണ്ടെന്നാണെന്നും അവയില്‍ ഏറ്റവും കൊടിയ ആക്രമണശേഷിയുള്ള വൈറസ്സാണ് ഗുജറാത്തില്‍ പടര്‍ന്നിരിക്കുന്നതെന്നുമാണ് ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞനായ സിജി ജോഷി പറയുന്നത്. ഇദ്ദേഹം ഈ സെന്ററിന്റെ ഡയറക്ടര്‍ കൂടിയാണ്. വുഹാനില്‍ പടര്‍ന്ന ഈ കൊറോണ വൈറസിനെ 'എല്‍-ടൈപ്പ്' എന്നാണ് തിരിച്ചറിയുന്നതെന്നും സിജി ജോഷി പറയുന്നു.

കൊറോണ വൈറസ്സില്‍ അതിന്റെ മ്യൂട്ടേഷന്‍ ശതമാനമനുസരിച്ച് വ്യതിയാനങ്ങള്‍ സംഭവിക്കാമെന്ന് സിജി ജോഷി വിശദീകരിക്കുന്നു. ഇങ്ങനെ വ്യതിയാനം സംഭവിച്ച വൈറസ്സിന് എസ്-ടൈപ്പ്, എല്‍-ടൈപ്പ് എന്നീ രണ്ട് പ്രധാന തരങ്ങളുണ്ട്. ഈ തരങ്ങളില്‍ എല്‍-ടൈപ്പ് വൈറസ്സാണ് ഗുജറാത്തില്‍ പടര്‍ന്നിരിക്കുന്നത്. ഒരു രോഗിയില്‍ നിന്നും തങ്ങള്‍ എടുത്ത സാമ്പിളില്‍ എല്‍-ടൈപ്പ് വൈറസ്സിന്റെ ജീനോം ഘടന അടങ്ങിയിരുന്നു. ഈ എല്‍-ടൈപ്പ് ജാതിയില്‍ പെട്ടവ കൂടുതലുള്ള സ്ഥലങ്ങളില്‍ മരണനിരക്ക് വളരെ കൂടുതലാണ്. ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്റര്‍ കൊറോണ വൈറസ്സിന്റെ പുതിയ മൂന്നുതരം മ്യൂട്ടേഷനുകള്‍ തിരിച്ചറിഞ്ഞതായും ഡോ. സിജി ജോഷി അവകാശപ്പെടുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ എന്താണ് പറയുന്നത്?

ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്ററിന്റെ അതേ വാദം തന്നെയാണ് സംസ്ഥാന സര്‍ക്കാരിനുമുള്ളത്. വുഹാനില്‍ നിന്നുള്ള 'ഒറിജിനല്‍ സ്ട്രെയിന്‍' വൈറസ് ഗുജറാത്തിലെത്തിയെന്നാണ് സര്‍ക്കാരും വിശ്വസിക്കുന്നത്.

എന്തുകൊണ്ട് ഗുജറാത്തില്‍ മാത്രം എല്‍-ടൈപ്പ്?

ഇതുവരെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു വാദവുമായി രംഗത്തു വന്നിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. ഉയര്‍ന്ന മരണനിരക്കുള്ള മറ്റൊരു സംസ്ഥാനമായ മഹാരാഷ്ട്രയും പ്രത്യേക ജാതി വൈറസ്സാണ് തങ്ങളെ ബാധിച്ചതെന്ന് വാദിക്കിന്നില്ല. ഗുജറാത്തിനെ മാത്രം ഇത്തരമൊരു പ്രത്യേക ജാതി വൈറസ് ബാധിച്ചുവെന്ന കണ്ടെത്തല്‍ ഗൗരവമേറിയതാണ്. വുഹാനില്‍ നിന്നും നേരിട്ട് ആദ്യം വൈറസ് എത്തിയത് കേരളത്തിലായിരുന്നു. കേരളത്തിലേക്ക് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളിലാണ് വൈറസ് സാന്നിധ്യം ആദ്യമായി രാജ്യത്ത് കണ്ടെത്തിയത്. ഈ വിദ്യാര്‍ത്ഥികള്‍ രോഗം സുഖപ്പെട്ട് വീട്ടില്‍ പോയതിനു ശേഷവും ഇത്തരമൊരു വൈറസ് ജാതി കേരളത്തില്‍ ചര്‍ച്ചയായിട്ടില്ല.

ഗുജറാത്തിലെ വൈറസ് വ്യാപനത്തെക്കുറിച്ച് പലതരം ചര്‍ച്ചകള്‍ നടക്കുന്നതിന്റെ പശ്ചാത്തലം കൂടി ഈ വാദത്തിനുണ്ട്. ഗുജറാത്ത് മോഡല്‍ പരാജയമാണോയെന്ന ചര്‍ച്ചയാണ് ഇതില്‍ ഏറ്റവും പ്രധാനം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ മുമ്പോട്ടു വെച്ചത് 'ഗുജറാത്ത് മോഡല്‍' മികച്ചതാണെന്നും അത് രാജ്യത്തെമ്പാടും നടപ്പാക്കണമെന്നുമായിരുന്നു. ഇതിനെതിരായ ചോദ്യം ചെയ്യലുകള്‍ക്ക് ഗുജറാത്തിലെ ഉയര്‍ന്ന കോവിഡ് മരണനിരക്ക് കാരണമാകുന്നുണ്ട്.

എന്താണ് എല്‍-ടൈപ്പ് ജാതിയും എസ്-ടൈപ്പ് ജാതിയും?

കൊറോണ വൈറസ് തന്നെയും പെട്ടെന്നുണ്ടായ ഒരു വൈറസ്സല്ലെന്ന് നമുക്കറിയാം. മനുഷ്യരിലേക്കും പകരാവുന്നതും അല്ലാത്തതുമായ വലിയൊരു വൈറസ് കുടുംബത്തിലെ ഒരംഗം കൂടി മനുഷ്യരെ ഇരയായി കണ്ടെത്തിയിരിക്കുന്നു. ഈ വൈറസ് ശരീരത്തിലേക്ക് പകര്‍ന്നു കഴിഞ്ഞാല്‍ കോശങ്ങളുമായി അവ ബന്ധപ്പെടുന്നു. അവയ്ക്കുള്ളില്‍ സ്വന്തം ആര്‍എന്‍എയുടെ പകര്‍പ്പുകള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെ ശരീരത്തില്‍ പടരുന്നു. ഈ പതിപ്പുകളുടെ നിര്‍മാണഘട്ടത്തില്‍ ചില പതര്‍ച്ചകള്‍ക്കും സാധ്യതയുണ്ട്. അവയെയാണ് ശാസ്ത്രജ്ഞര്‍ 'മ്യൂട്ടേഷനുകള്‍' എന്ന് വിളിക്കുക. വൈറസ്സുകള്‍ സ്വയം പെരുകുമ്പോള്‍ ഇത് സാധാരണമായി സംഭവിക്കുന്നതാണ്. വൈറസ്സുകളുടെ പൊതുസ്വഭാവമാണിത്. ഈ വര്‍ഷം ഫ്ലൂ പകര്‍ത്തിയ വൈറസിന്റെ എല്ലാ സ്വഭാവവും അടുത്ത വര്‍ഷം അതേ ഫ്ലൂ പകര്‍ത്തുന്ന വൈറസ്സിനുണ്ടാകണമെന്നില്ല. ചെറിയ മ്യൂട്ടേഷനുകള്‍ എല്ലാ വൈറസ്സുകള്‍ക്കും സംഭവിക്കുന്നു. പുതുതായി പരിണാമപ്പെടുന്ന ഇത്തരം വൈറസ്സുകളെ പുതിയ ജാതികള്‍ (strains) എന്നാണ് വിളിക്കുക. (കൊറോണയിലെ എല്‍-ടൈപ്പ്, എസ്-ടൈപ്പ് മ്യൂട്ടേഷനുകളെ സ്ട്രെയിന്‍ എന്ന് വിളിക്കാന്‍ മാത്രം ഉയര്‍ന്ന തോതിലുള്ള വ്യതിയാനങ്ങളല്ലെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കുക.) വൈറസിന്റെ ബാഹ്യഘടനയിലാണ് കാര്യമായ മാറ്റം വരുന്നത്. ബാഹ്യഘടനയിലെ അമിനോ ആസിഡുകളുടെയും പ്രോട്ടീനുകളുടെയും സാന്നിധ്യത്തിന്റെ സ്വഭാവത്തില്‍ വരുന്ന വ്യതിയാനമാണിത്.

കൊറോണ വൈറസ്സിന് ഇങ്ങനെ പുതിയൊരു ജാതി അഥവാ സ്ട്രെയിന്‍ രൂപപ്പെട്ടിട്ടുണ്ടെന്ന സിദ്ധാന്തം ചൈനയിലെ ചില പഠനങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഓരോ വൈറസ്സും പരസ്പരം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന പഠനത്തിലാണ് കോവിഡില്‍ സംഭവിച്ച മ്യൂട്ടേഷനുകള്‍ ശാസ്ത്രജ്ഞര്‍ ശ്രദ്ധിച്ചത്. മൃഗങ്ങളില്‍ കാണുന്ന കൊറോണ വൈറസ്സിന്റെ എല്ലാ സ്വഭാവ സവിശേഷതകളും മനുഷ്യരിലുള്ള കൊറോണ വൈറസിലില്ലെന്ന് അവര്‍ കണ്ടെത്തി. ഇതിന് കാരണം മ്യൂട്ടേഷനുകളാകാം എന്ന് അനുമാനിക്കപ്പെട്ടു. കൊറോണ വൈറസ് ഇനിയും മാറ്റങ്ങള്‍ക്ക് വിധേയമായേക്കാമെന്നുമുണ്ട്. പുതിയപുതിയ സ്ട്രെയിനുകള്‍ രൂപപ്പെട്ടേക്കാം. എസ്-ടൈപ്പ് ആണ് ഏറ്റവുമാദ്യത്തെ വൈറസ്സിന്റെ രൂപമെന്ന് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. എന്നാല്‍ എല്‍-ടൈപ്പ് ജാതി വൈറസ്സാണ് വുഹാനിലെ ആദ്യത്തെ പൊട്ടിപ്പുറപ്പെടലില്‍ അധികവും കണ്ടതെന്ന് പിന്നീട് തിരിച്ചറിയപ്പെട്ടു. എന്നിരിക്കിലും ഇവയില്‍ ഏതെങ്കിലും ഒരു ജാതിക്ക് കൂടുതല്‍ അപകടമുണ്ടാക്കാന്‍ കഴിയുമെന്ന അനുമാനം ശാസ്ത്രലോകത്തിലില്ല. എല്‍ ടൈപ്പ് സ്ട്രെയിനുകള്‍ താരതമ്യേന വേഗത്തില്‍ പരക്കുന്നതാണെന്ന് ആദ്യം വന്ന ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. ഇതിനര്‍ത്ഥം ഈ ജാതി വൈറസ് കൂടുതല്‍ അപകടകാരിയാണെന്നല്ല.

എന്താണ് ശാസ്ത്രസ്ഥാപനങ്ങള്‍ക്ക് പറയാനുള്ളത്?

മ്യൂട്ടേഷനുകളിലൂടെ സൂക്ഷ്മപരിണാമം സംഭവിക്കുന്ന വൈറസുകള്‍ക്ക് ഒന്നിനെക്കാള്‍ മറ്റൊന്നിന് കൂടുതല്‍ അപകടം വരുത്തി വെക്കാനുള്ള ശേഷിയുണ്ടെന്നും മറ്റുമുള്ള വാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല എന്നത് മറ്റു പല വിഖ്യാതമായ ശാസ്ത്രസ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ മൂലം തങ്ങളുടെ ഇന്‍ബോക്സില്‍ മണ്ടന്‍ ചോദ്യങ്ങള്‍ വന്ന് നിറയുകയാണെന്ന് ചൂണ്ടിക്കാട്ടി ജീനോം ഡാറ്റാബേസായ നെക്സ്റ്റ് സ്ട്രെയിനിലെ ശാസ്ത്രജ്ഞന്‍ ട്രെവര്‍ ബെഡ്ഫോര്‍ഡ് തുടര്‍ച്ചയായി 13 ട്വീറ്റുകള്‍ ചെയ്യുകയുണ്ടായി. ഒരാളുടെ സംശയം ഇങ്ങനെയാണെന്ന് ബെഡ്ഫോര്‍ഡ് പറയുന്നു: "കൊറോണ വൈറസ്സിന്റെ ഒരു സ്ട്രെയിന്‍ ബാധിച്ച് രോഗം ഭേദമായാല്‍ മറ്റ് ഏഴ് സ്ട്രെയിനുകളോട് പ്രതിരോധശേഷി ഉണ്ടാകുമോ?" കൊറോണ വൈറസ്സിന് എട്ട് സ്ട്രെയിനുകളുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ വായിച്ചാണ് ആളുകള്‍ ഇത്തരം സംശയങ്ങളുമായി എത്തുന്നത്. അതായത് എല്‍-ടൈപ്പ് കൊറോണ വൈറസ് ബാധിച്ച് ഭേദമായയാള്‍ക്ക് എസ്-ടൈപ്പില്‍ നിന്നും പ്രതിരോധം കിട്ടുമോയെന്ന്. ഓരോ സ്ട്രെയിനും അത്രകണ്ട് വ്യത്യസ്തവും ചിലത് അതീവ അപകടകാരികളുമാകും എന്നാണെങ്കില്‍ ഈ ചോദ്യം ന്യായമാണല്ലോ.

വുഹാനില്‍ രോഗം പൊട്ടിപ്പുറപ്പെട്ട കാലത്തെ വൈറസില്‍ നിന്ന് 0 മുതല്‍ 20 വരെയുള്ള മ്യൂട്ടേഷനുകളാണ് ആകെ സംഭവിച്ചിട്ടുള്ളതെന്ന് ബെഡ്ഫോര്‍ഡ് പറയുന്നു. ഈ മ്യൂട്ടേഷനുകളെല്ലാം തന്നെ വൈറസിന്റെ പ്രവര്‍ത്തനത്തില്‍ വളരെ ചെറിയ മാറ്റങ്ങളേ വരുത്തുകയുള്ളൂ. അവ അത്ര നിര്‍ണായകവുമല്ല. നൂറുകണക്കിന് സ്ട്രെയിനുകള്‍ കൊറോണയ്ക്കുണ്ടെന്നും ഒരു വാക്സിനും അതിനെ പൂര്‍ണമായും ചെറുക്കാന്‍ സാധിക്കില്ലെന്നുമെല്ലാം പ്രചാരണം നടക്കുന്നുണ്ട്. ഇത് വലിയൊരു അബദ്ധമാണ്. സാധാരണ ഫ്ലൂ വൈറസ്സിന്റെ പകര്‍ച്ചാശൃംഖല നോക്കിയാല്‍ ഓരോ പത്ത് ദിവസത്തിലും അവയ്ക്ക് മ്യൂട്ടേഷനുകളുണ്ടാകുന്നത് കാണാം. വൈറസ്സിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ ഒരു മാറ്റവുമുണ്ടാക്കാത്ത മ്യൂട്ടേഷനുകളാണത്. എന്നാല്‍ മനുഷ്യന്‍ കൈവരിച്ചു വരുന്ന പ്രതിരോധശേഷികളെ മറികടക്കാന്‍ ശേഷിയുള്ള തരം മ്യൂട്ടേഷനുകളും സംഭവിക്കാം. അതിനു പക്ഷെ വര്‍ഷങ്ങളെടുക്കും. ഇന്‍ഫ്ലുവന്‍സ വാക്സിനിലുപയോഗിക്കുന്ന സ്ട്രെയിന്‍ ലോകാരോഗ്യ സംഘടന വര്‍ഷാവര്‍ഷം പുതുക്കുന്നതിന്റെ കാരണവും ഇതാണ്. ഇത്തരമൊരു മ്യൂട്ടേഷന്‍ സംഭവിക്കാന്‍ കൊറോണ വൈറസിന്റെ കാര്യത്തില്‍ സമയമായിട്ടില്ല എന്നാണ് ബെഡ്ഫോര്‍ഡ് വ്യക്തമാക്കുന്നത്. അതായത്, നിലവിലെ എല്‍-ടൈപ്പ്, എസ്-ടൈപ്പ് മ്യൂട്ടേഷനുകളടക്കമുള്ള എല്ലാ വ്യതിയാനങ്ങളും സൂക്ഷ്മ വ്യതിയാനങ്ങള്‍ മാത്രമാണ്. അവയ്ക്ക് പ്രത്യേകമായി അപകടം സൃഷ്ടിക്കാനുള്ള കരുത്തൊന്നും ഇല്ല.

ഈ വിഷയത്തില്‍ ന്യൂസയന്റിസ്റ്റില്‍ വന്ന വിശകലനവും അപകടകാരിയായ ഒരു വൈറസ് മ്യൂട്ടേഷന്‍ നടന്നിട്ടില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, നിലവില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്സിനുകള്‍ ഏത് സ്ട്രെയിനില്‍ പെട്ട കൊറോണ വൈറസിനെയും നേരിടാന്‍ ശേഷിയുള്ളതായിരിക്കുമെന്നും സാസ്ത്രജ്ഞരെ ഉദ്ധരിച്ച് ലേഖനം പറയുന്നു. നിലവില്‍ കണ്ടെത്തിയിട്ടുള്ള മ്യൂട്ടേഷനുകള്‍ വളരെ നേരിയതാണ്. യഥാര്‍ത്ഥത്തില്‍ അവയെ പ്രത്യേക സ്ട്രെയിനുകളായി കണക്കാക്കാന്‍ പോലും പറ്റില്ല. അത്രയും ചെറിയ വ്യത്യാസങ്ങളാണ് അവ പ്രകടിപ്പിക്കുന്നത്. പ്രായോഗികമായി നോക്കിയാല്‍ വൈറസ് ഇപ്പോഴും അതിന്റെ തുടക്കത്തിലെ ഘടനയില്‍ തന്നെയാണെന്ന് പറയേണ്ടി വരുമെന്നും വിദഗ്ധര്‍ പറയുന്നു.

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ എപിഡമിയോളജിസ്റ്റായ മാര്‍ക് ലിപ്സിച്ച് പറയുന്നതും സമാനമായ കാര്യമാണ്. വൈറസ്സിന് വ്യതിയാനം സംഭവിക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍ അക്ഷരാര്‍ത്ഥത്തിലുള്ള മറുപടി ഉണ്ട് എന്നാണെന്ന് ലിപ്സിച്ച് പറയുന്നു. എന്നാല്‍ അത് രോഗത്തിന്റെ പകര്‍ച്ചയിലും മരണനിരക്കുകളിലും എന്തെങ്കിലും മാറ്റം വരുത്താന്‍ തക്ക ഗൗരവമുള്ള വ്യതിയാനങ്ങളല്ല. വൈറസ്സിന്റെ ജീവശാസ്ത്രത്തില്‍ നല്ലതിനോ ചീത്തതിനോ ആയ എന്തെങ്കിലും മാറ്റം വന്നിട്ടുള്ളതായി തെളിവുകളില്ലെന്നും ലിപ്സിച്ച് കൂട്ടിച്ചേര്‍ക്കുന്നു.

ഗുജറാത്തില്‍ എല്‍-ടൈപ്പ് കൊറോണയാണ് പടരുന്നത് എന്നതിന് എന്താണ് തെളിവ്?

ഇക്കാര്യത്തില്‍ ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞര്‍ പറയുന്ന വാക്കുകളല്ലാതെ മറ്റൊരു തെളിവും നമുക്ക് മുമ്പിലില്ല. ഈ വിഷയത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നോ മറ്റ് ആധികാരിക ഏജന്‍സികളില്‍ നിന്നും ഒരറിയിപ്പ് ഉണ്ടായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളോ അവിടുത്ത ശാസ്ത്ര സ്ഥാപനങ്ങളോ ഇത്തരമൊരു അനുമാനത്തില്‍ എത്തിയിട്ടുമില്ല.

എന്താണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്?

വൈറസ് കൂടുതല്‍ അപകടം വരുത്തുന്ന നിലയില്‍ പരിണാമത്തിന് വിധേയമാകുന്നു എന്നതിന് യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

അങ്ങനെയെങ്കില്‍ എന്താണ് ഗുജറാത്തിനെ പ്രത്യേകമായി ബാധിച്ച വൈറസ്?

ഇക്കാര്യത്തില്‍ വിശകലനം വേറെ നടക്കേണ്ടതായിട്ടുണ്ടെന്നാണ് അനുമാനിക്കേണ്ടത്. എല്‍-ടൈപ്പ് വൈറസ് എന്നൊന്ന് അപകടകാരിയായി മാറിയെന്നതിനും, അത് ഇന്ത്യയിലെ ഗുജറാത്തില്‍ മാത്രം എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നതിനുമെല്ലാം തെളിവ് ഹാജരാക്കേണ്ടത് ആ വാദം ഉന്നയിക്കുന്നവരാണ്.


Next Story

Related Stories