TopTop
Begin typing your search above and press return to search.

Explainer: പൗരത്വ ബിൽ - ബ്രിട്ടീഷ് കാലം മുതലുള്ള കുടിയേറ്റങ്ങൾ ബിജെപിക്ക് രാഷ്ട്രീയ ആയുധമായി മാറിയതിന്റെ ചരിത്രം

Explainer: പൗരത്വ ബിൽ - ബ്രിട്ടീഷ് കാലം മുതലുള്ള കുടിയേറ്റങ്ങൾ ബിജെപിക്ക് രാഷ്ട്രീയ ആയുധമായി മാറിയതിന്റെ ചരിത്രം

കോളനിഭരണകാലത്ത് അസമിലെ ഉടമസ്ഥതയില്ലാത്ത വലിയ ഭൂപ്രദേശങ്ങൾ കണ്ട് അന്ധാളിച്ച ബ്രിട്ടീഷുകാരുടെ ആശയമായിരുന്നു കുടിയേറ്റം. ഈ ഭൂപ്രദേശങ്ങൾ ഉപയോഗിച്ച് വരുമാനം വർധിപ്പിക്കാമെന്ന് അവർ കണ്ടു. ഇതിനായി കിഴക്കൻ ബംഗാളിൽ നിന്നുള്ള കർഷകരെ കിഴക്കൻ ബംഗാളിലേക്ക് അവർ‌ കൊണ്ടുവന്നു. നേപ്പാളികളും ബംഗാളികളും ബിഹാറികളും മാർവാഡികളുമെല്ലാം ഈ ഭൂമിയിലേക്ക് കടന്നുകയറ്റം നടത്തി. അന്നത്തെ അതിജീവനത്തിന്റെ കുടിയേറ്റപാതകൾ ഇന്നും നിലനിൽക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെയെല്ലാം കാരണം. കുടിയേറ്റത്തിന്റെ രാഷ്ട്രീയമാനങ്ങളിൽ മാത്രമാണ് മാറ്റം വന്നത്. കുടിയേറ്റത്തിന് മാറ്റം വന്നില്ല.

സ്വാതന്ത്ര്യാനന്തര കാലത്തും കിഴക്കൻ പാകിസ്താനിൽ (ഇന്നത്തെ ബംഗ്ലാദേശ്) നിന്നുള്ള കുടിയേറ്റത്തിന് കുറവൊന്നുമുണ്ടായില്ല. പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ഇന്ത്യ സഹായിച്ചതിനു ശേഷം ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം വർധിച്ചു. ഇതിൽ അക്കാലത്തെ സൗഹാർദ്ദത്തിന്റെ ഒരംശം കലർന്നിരുന്നു. അസമിൽ നിറയെ അഭയാർത്ഥി ക്യാമ്പുകൾ സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് ഈ അഭയാര്‍ത്ഥികളുടെ വരവിനെ സ്വാഗതം ചെയ്യുന്ന സംഗീതം പോലും സൃഷ്ടിക്കപ്പെട്ടു.

സമൂഹത്തിന്റെ ഈ മനോഭാവത്തെ മുറിവേൽപ്പിക്കുന്ന ഒരു സംഭവം 1979ലുണ്ടായി. അസംമിലെ മംഗല്‍ദായ് ലോക്സഭാ മണ്ഡലത്തിൽ ആ വർഷം ഒരു ഉപതെരഞ്ഞെടുപ്പ് നടന്നു. അസമിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്കെല്ലാം തുടക്കമിട്ടത് ഈ തെരഞ്ഞെടുപ്പാണ്. കോൺഗ്രസ് വിജയം നേടിയ ഈ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം മുൻ വർഷങ്ങളെക്കാൾ കൂടി. വോട്ട് ചെയ്തവരുടെ എണ്ണത്തിൽ വന്ന വർധന വളരെ വലുതും പ്രത്യക്ഷവുമായിരുന്നു. രാജ്യത്തിനു പുറത്തു നിന്നും വന്നവർ വോട്ടർ പട്ടികയിൽ കേറിക്കൂടിയതാണ് ഇതിനു കാരണമെന്ന് ആരോപിക്കപ്പെട്ടു. കോൺഗ്രസ് 'വിദേശികളെ' വോട്ട് ബാങ്കായി ഉപയോഗിക്കുന്നുവെന്ന ആരോപണവും ശക്തമായി. ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ ആനുകൂല്യം മുതലെടുത്ത് കോൺഗ്രസ് ഈ വോട്ടുകളെല്ലാം വാങ്ങിവെക്കുകയാണെന്നായിരുന്നു ആരോപണം.

ജനങ്ങൾ കൂട്ടമായി പരാതികളുമായി എത്തി. ഏതാണ്ട് 70,000 പരാതികൾ വിദേശ പൗരന്മാര്‍ക്ക് രാജ്യത്ത് ഇടം നൽകുന്നതുമായി ബന്ധപ്പെട്ട് അക്കാലത്ത് അധികൃതർക്ക് ലഭിച്ചു. ഇതാണ് കുടിയേറ്റത്തിനെതിരായ ആദ്യത്തെ ബഹുജനപ്രക്ഷോഭം എന്നു പറയാം. 'വിദേശികളെ' തിരിച്ചറിയുകയും അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും വേണമെന്നാവശ്യപ്പെട്ടും, അവരെ രാജ്യത്തു നിന്നും കയറ്റിയയയ്ക്കണമെന്നാവശ്യപ്പെട്ടും പ്രക്ഷോഭം തുടങ്ങി.

ആറു വര്‍ഷത്തോളം നീണ്ടു നിന്ന വലിയൊരു പ്രക്ഷോഭമായി ഇത് മാറി.

കലാപത്തിന്റെ അടിസ്ഥാന കാരണങ്ങൾ?

കടുത്ത തൊഴിലില്ലായ്മയാണ് അസമിലെ വിദ്യാർത്ഥികളെയും യുവാക്കളെയും 'അസം മുന്നേറ്റം' എന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് പറയാം. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം തങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നായിരുന്നു അവരുടെ പരാതി. സർക്കാരിന്റെ നയവൈകല്യങ്ങൾ മൂലമാണ് തൊഴിലില്ലായ്മ സൃഷ്ടിക്കപ്പെടുന്നതെന്നതെന്ന അടിസ്ഥാന ധാരണകൾ അട്ടിമറിക്കപ്പെട്ടു. വിദ്വേഷ പ്രചാരണത്തിന് മുൻകൈ ലഭിച്ചു. മുസ്ലിം വിരോധവും ദളിത് വിരോധവുമെല്ലാം ചേർന്ന് തങ്ങളുടെ തൊഴിലില്ലായ്മയുടെ കാരണക്കാരായ ശത്രുക്കളെ എളുപ്പത്തിൽ കണ്ടെത്തി.

'പുറത്തുനിന്നുള്ളവർ'ക്കെതിരെയുള്ള ശക്തമായ തെരുവുജാഥകൾ നടക്കുന്ന ഒരു അന്തരീക്ഷത്തിൽ ഈ വിഷയത്തിൽ യുക്തിസഹമായ ഒരു സംവാദം പോലും അസാധ്യമായിത്തീർന്നു. 1985-ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രക്ഷോഭത്തിലുള്ള വിദ്യാർത്ഥികളുമായി ഒരു കരാറിൽ ഒപ്പിട്ടു. എല്ലാ 'അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരെ'യും പുറത്താക്കുമെന്നുള്ള കുഴപ്പം പിടിച്ച ലക്ഷ്യത്തോടെയുള്ളതായിരുന്നു കരാർ. ഈ വികാരം ഈ വടക്കു കിഴക്കൻ സംസ്ഥാനത്ത് ഉറച്ചു. എല്ലാ 'അനധികൃത കുടിയേറ്റക്കാരെ'യും മതം നോക്കാതെ പുറത്താക്കണമെന്നാണ് അസമിലെ പൊതു അഭിപ്രായം. മറ്റൊരുതരത്തിൽ സാംസ്കാരിക വൈവിധ്യം നിറഞ്ഞതും സങ്കീർണവുമായ വടക്കു കിഴക്കൻ പ്രദേശത്ത് (ബ്രിട്ടീഷുകാർ 'വടക്കു കിഴക്കൻ' എന്ന് വിളിച്ച ഈ മേഖലയിൽ 7 സംസ്ഥാനങ്ങളാണുള്ളത്) 2016-ൽ ബിജെപി ആദ്യമായി-അസമിൽ- അധികാരത്തിലെത്തി.

എങ്ങനെയായിരുന്നു അസം ഗണ പരിഷദിന്റെ ഉദയം?

ആൾ അസം സ്റ്റൂഡന്റ്സ് യൂണിയൻ സംഘടിപ്പിച്ച ആറു വർഷക്കാലത്തെ പ്രക്ഷോഭം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ നിർമിച്ചെടുത്തു. ഈ പ്രത്യയശാസ്ത്രത്തിന്റെ മൂർത്തമായ പ്രയോഗമാണ് അസം ഗണ പരിഷദ് എന്ന രാഷ്ട്രീയപാർട്ടിയായി രൂപപ്പെട്ടത്. പ്രാദേശികവാദവും വംശീയ സ്വത്വവും ചേർന്നാണ് അസം ഗണ പരിഷദിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയത്. ഈ തീവ്രവലതു പാർട്ടിയാണ് ഇപ്പോൾ ബിജെപിയുമായി ചേർന്ന് സംസ്ഥാനം ഭരിക്കുന്നത്. ഒരുപക്ഷെ, ഒരു രണ്ടാം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭമായി മാറിയേക്കാവുന്ന ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെ തടയാൻ കേന്ദ്രത്തിൽ നിന്നും 50 കമ്പനി പട്ടാളത്തെ ഇറക്കി നീക്കങ്ങൾ നടത്തുകയാണ് ഇവർ.

എന്താണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിലേക്ക് നയിച്ച ഇച്ഛാഭംഗം?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനം ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരൻ പോലും അസമിലുണ്ടാകില്ല എന്നായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വൻ‌ വിജയം നേടിയ ശേഷം മോദി ഈ നിലപാട് മാറ്റി. പുതിയ പൗരത്വ ബില്ല് ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദുക്കൾക്ക് എളുപ്പത്തിൽ പൗരത്വം ലഭിക്കാനുള്ള സൗകര്യമാണ് നൽകിയിരിക്കുന്നത്.

എന്താണ് പൗരത്വ രജിസ്റ്റർ? എന്തിനാണ് പൗരത്വ ബിൽ?

അസം അക്കോർഡ് പ്രകാരമുള്ള വാഗ്ദാനമാണ് പൗരത്വ രജിസ്റ്റർ നടപ്പാക്കൽ. ബംഗ്ലാദേശ് രൂപീകരണ സമയത്ത് പാക്കിസ്ഥാന്‍ അതിക്രമങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെത്തിയവരും രൂപീകരണത്തിന് ശേഷം തൊഴിലും മറ്റും തേടിയെത്തിയവരും ഇപ്പോഴും എത്തുന്നവരുമെല്ലാമാണ് പൗരത്വ രജിസ്റ്ററും പൗരത്വ ബില്ലും വഴി കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇവർ ഭൂരിഭാഗവും മുസ്ലിങ്ങളാണ് എന്നത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സഹായകമാകുന്നുണ്ട്. പൗരത്വ രജിസ്റ്ററിലൂടെ രാജ്യത്തു നിന്നും മുസ്ലിങ്ങളെ പുറന്തള്ളാനും പൗരത്വ ബില്ലിലൂടെ ഹിന്ദുക്കളായ ബംഗ്ലാദേശികളെ രാജ്യത്ത് നിർത്താനും സർക്കാരിന് സാധിച്ചിരിക്കുന്നു.

1985ലെ അസം അക്കോർഡ് പ്രകാരമാണ് പൗരത്വ രജിസ്റ്റർ നിലവിൽ വന്നത്. അന്ന് സ്റ്റുഡന്റ്‌സ് യൂണിയനും ഗണ പരിഷത്തുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് 1951 മുതല്‍ 61 വരെ അസമില്‍ എത്തിയവര്‍ക്ക് വോട്ടിങ് അവകാശം ഉള്‍പ്പെടെ പൂര്‍ണ പൗരത്വം നല്‍കാന്‍ തീരുമാനമായി. 61 മുതല്‍ 71 വരെയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്ക് വോട്ടിംഗ് അവകാശം ഇല്ലാതെ പൗരത്വവും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 71-നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി. ഇതിനായാണ് പൗരത്വ രജിസ്റ്റർ കൊണ്ടുവന്നത്. ഈ രജിസ്റ്റർ പുതുക്കുകയും നടപ്പാക്കുകയുമാണ് മോദി സർക്കാർ ഏറ്റവുമൊടുവില്‍ ചെയ്തത്. 20 ലക്ഷത്തോളം മനുഷ്യരെ അന്യവൽക്കരിക്കുന്നതിലേക്കാണ് ഇത് നയിച്ചത്.

എന്താണ് ഇന്നർ ലൈൻ പെർമിറ്റ്? ഇപ്പോഴത്തെ പ്രക്ഷോഭത്തിൽ ഇതിനുള്ള പങ്കെന്ത്?

അസം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഐഎൽപി അഥവാ ഇന്നർ ലൈൻ പെർമിറ്റ് സംവിധാനത്തിന്റെ ഭാഗമാണ്. ഇതൊരിതരം വിസ സംവിധാനം പോലെയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ മെയിൻലാൻഡിൽ നിന്നും ഐഎൽപി മേഖലയിലേക്ക് കടക്കുന്നവർക്ക് ഐഎൽപി ആവശ്യമാണ്. പെർമിറ്റില്ലാതെ അകത്തു കടക്കാൻ പറ്റില്ല. പെർമിറ്റോടു കൂടി അകത്തു കടന്നാലും അവിടങ്ങളിൽ സ്ഥിരതാമസമാക്കാൻ വകുപ്പില്ല. നാഗാലാൻഡ്, മണിപ്പൂർ, മിസോറം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഐഎൽപി പൂർണമായും നടപ്പാക്കിയിട്ടുണ്ട്. സിക്കിമിൽ പശ്ചിമബംഗാളുമായി അതിർത്തി പങ്കിടുന്ന വടക്കൻ മേഖലയിലും ഇത് നടപ്പാക്കിയിട്ടുണ്ട്.

അസം അക്കോർഡിന്റെ ആറാം വകുപ്പ് പറയുന്ന ഒരു കാര്യമുണ്ട്. അസമിന്റെ സാംസ്കാരികവും സാമൂഹിവും ഭാഷാപരവുമായ സ്വത്വത്തെ സംരക്ഷിക്കുമെന്ന് ഭരണഘടനാപരമായും നിയമപരമായും ഭരണപരമായും ഉറപ്പ് നൽകുന്നതാണത്. ആറാം വകുപ്പ് ബാധകമായ പ്രദേശങ്ങളും ഐഎൽപി പ്രദേശങ്ങളും പൗരത്വ ബില്ലിന്റെ പരിധിയിൽ പെടുന്നില്ല. അതായത് വിദേശത്തു നിന്നുള്ളവർക്ക് ഇവിടങ്ങളിലേക്ക് പെർമിറ്റില്ലാതെ ചെല്ലാനാകില്ല. പെർമിറ്റോടെ ചെന്നാലും അവിടെ സ്ഥിരതാമസമാക്കാനാകില്ല. ഐഎൽപി ബാധക പ്രദേശങ്ങളെ പൗരത്വ ബില്ലിൽ നിന്നും ഒഴിവാക്കുമെന്ന് നേരത്തെ തന്നെ അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നു. ഇത് നിറവേറ്റുകയും ചെയ്തു. ഇതോടെ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭങ്ങൾ‌ അസമിലും ത്രിപുരയിലും കേന്ദ്രീകരിച്ചു. അസമിലെ 33 ജില്ലകള്‍ക്ക് മാത്രമാണ് ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണം ലഭിക്കുന്നത്. മറ്റിടങ്ങളിലേക്കെല്ലാം കുടിയേറ്റക്കാർക്ക് കയറിവരാം.

ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ സ്വഭാവമെന്ത്?

1985ൽ അസം അക്കോർഡ് നിലവിൽ വരുന്നതിനു മുമ്പ് ആറു വർഷത്തോളം നടന്ന തുടർച്ചയായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ഓർമിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍. വിദ്യാർ‌ത്ഥികൾ ക്ലാസുകളിൽ ഹാജരാകാഞ്ഞതിനെ തുടർന്ന് കോളജുകൾ അടച്ചിടേണ്ടി വന്നിരിക്കുകയാണ്. ത്രിപുരയിലും വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. അതെസമയം ത്രിപുരയിലെയും അസമിലെയും ബിജെപി സർക്കാരുകൾ കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ന്യായീകരിക്കാൻ പ്രയാസപ്പെടുകയാണ്. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് ഗുവാഹത്തിയിൽ നിന്നുള്ള ബിജെപി എംപി ക്വീൻ ഓജ പറയുന്നത്.

ഗുവാഹട്ടിയിലും പത്ത് മറ്റ് ജില്ലകളിലും നിലവിൽ ഇന്റർനെറ്റ് സേവനം മരവിപ്പിച്ചിരിക്കുകയാണ് സർക്കാർ. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും യുവാക്കളാണ്. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഇവർ തെരുവുകളിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ഈ പ്രകടനങ്ങൾ ചാനലുകൾ സംപ്രേഷണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 'ദേശദ്രോഹപര'മായ യാതൊരു ഉള്ളടക്കവും പ്രസിദ്ധീകരിക്കപ്പെടാൻ പാടില്ലെന്നും അങ്ങനെ സംഭവിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മാധ്യമങ്ങൾക്ക് സർക്കാരിന്റെ ഭീഷണിയുണ്ട്.


Next Story

Related Stories