TopTop
Begin typing your search above and press return to search.

ആദ്യം ആശ്ചര്യം, പിന്നീട് ഞെട്ടല്‍, പിണറായി വിജയന്‍ സര്‍ക്കാരിനെ ഉലച്ച സ്വര്‍ണക്കള്ളക്കടത്ത് വാർത്തയുടെ ആദ്യ പത്ത് ദിനങ്ങള്‍ ഇങ്ങനെ

ആദ്യം ആശ്ചര്യം, പിന്നീട് ഞെട്ടല്‍, പിണറായി വിജയന്‍ സര്‍ക്കാരിനെ ഉലച്ച സ്വര്‍ണക്കള്ളക്കടത്ത് വാർത്തയുടെ ആദ്യ പത്ത് ദിനങ്ങള്‍ ഇങ്ങനെ

കോവിഡ് പ്രതിരോധത്തിന് കിട്ടിയ അന്താരാഷ്ട്ര പ്രശസ്തിയുടെ നിറവില്‍ സര്‍ക്കാര്‍ നില്‍ക്കുമ്പോഴാണ് യു എ ഇയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്വര്‍ണക്കടത്ത് വാര്‍ത്ത പുറത്തുവന്നത്. നയതന്ത്ര പരിരക്ഷ ഉള്ള ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി 30 കിലോ സ്വര്‍ണം കടത്തിയെന്ന വാര്‍ത്തയാണ് കേരളത്തെ അത്ഭുതപ്പെടുത്തിയത്. പിന്നീട് കേരള രാഷ്ട്രീയത്തെ ഉലയ്ക്കുന്ന വാര്‍ത്തയായി അത് രൂപാന്തരപ്പെടുകയായിരുന്നു. എന്‍ ഐ എ അന്വേഷണം തുടരുന്നു. ഇനിയും പുറത്തുവരാനുള്ള ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള അഭ്യുഹങ്ങളും തുടരുന്നു.

കേസിന്റെ തുടക്കം

മനുഷ്യന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍വെച്ച് സ്വര്‍ണം കടത്തുന്ന വാര്‍ത്തകള്‍ കേട്ടിട്ടുള്ള മലയാളിക്ക് ഇത്ര സുരക്ഷിതമായി സ്വര്‍ണം കടത്തുന്നതിനെ സംബന്ധിച്ചത് പുതിയ അറിവായിരുന്നു. രാജ്യത്തുതന്നെ ആദ്യ സംഭവമെന്ന നിലയില്‍ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് അത് ആദ്യ ദിവസം വാര്‍ത്തയായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ നടത്തിയ പരിശോധനയില്‍ 15 കോടിയോളം വരുന്ന സ്വര്‍ണം കണ്ടെത്തിയെന്ന വാര്‍ത്ത വലിയ പ്രാധാന്യം നേടി. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന ഇന്ത്യയിലെ യു എ ഇ അംബാസിഡര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതായിരുന്നു ആദ്യ ദിവസത്തെ വാര്‍ത്ത

ആദ്യ അറസ്റ്റും വിവാദവും

എന്നാല്‍ ഈ അത്ഭുതം ഞെട്ടലിലേക്ക് മാറുകയാണ് പിന്നീട് ചെയ്തത്. അത് സംഭവിച്ചത് പി എസ് സരിത്തിന്റെ അറസ്റ്റോടെയാണ്. കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒ ആയ ഇയാളെ ഒരു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.ഈ കേസില്‍ രാഷ്ട്രീയ മാനമുണ്ടാകുന്നതും ഇതോടെയാണ്. കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയും നിലവില്‍ ഐ ടി വകുപ്പുമായി ബന്ധപ്പെട്ട കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ടക്ചറില്‍ ഓപ്പറേഷന്‍സ് മാനേജറുമായ സ്വപ്‌ന സുരേഷാണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസുത്രക എന്ന് സരിത്ത് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കോവിഡ് കാലത്ത് നേരത്തെയും സ്വര്‍ണം കടത്തിയെന്നും സരിത്ത് വെളിപ്പെടുത്തി. ഇതോടെ സ്വപ്ന സുരേഷ് എങ്ങനെ സര്‍ക്കാര്‍ സംവിധാനത്തിന്‌റെ ഭാഗമായി നിയമിക്കപ്പെട്ടുവെന്ന ചോദ്യം ഉയര്‍ന്നു. സരിത്തിനെ അറസ്റ്റ് ചെയ്ത ആറാം തീയതി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് തനിക്ക് ആ നിയമനത്തെക്കുറിച്ച് അറിവില്ലെന്നാണ്. ഇതേ ദിവസം തന്നെയാണ് ഐടി സെക്രട്ടറിയും എം ശിവശങ്കറും സ്വപ്‌ന സുരേഷുമായുളള ബന്ധത്തെക്കുറിച്ചുളള കഥകളും പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സ്വര്‍ണം വിട്ടുകിട്ടാന്‍ കസ്റ്റംസിലേക്ക് വിളിയുണ്ടായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞു. തന്റെ ഓഫീസ് എന്താണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നായിരുന്നു ഈ ആക്ഷേപങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

ശിവശങ്കരന്റെ പുറത്താകല്‍

ജൂലൈ എട്ടാം തീയതി രാവിലെയാണ് മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കരനെ നീക്കുന്നത്. അതിന് മുമ്പ് അദ്ദേഹത്തെ മുഖ്യമന്ത്രി വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. നീക്കി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം ഐ ടി സെക്രട്ടറി സ്ഥാനത്തുനിന്ന് ഒരു വര്‍ഷത്തെക്ക് അവധിയില്‍ പോകുകയും ചെയ്തു. ഏതെങ്കിലും തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞതുകൊണ്ടല്ല ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതുകൊണ്ടാണ് ശിവശങ്കരനെ നീക്കം ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഈ സമയത്തൊന്നും തന്നെ സ്വപ്ന സുരേഷിനെ കണ്ടെത്താനും കഴിഞ്ഞില്ല. വിമാനത്താവളത്തില്‍ നടന്ന കാര്യം ആയതുകൊണ്ട് സംസ്ഥാനത്തിന് ഇതില്‍ ഒരു അന്വേഷണവും നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്രം നടത്തുന്ന ഏത് അന്വേഷണവുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

എന്‍ ഐ എ വരുന്നു

ജൂലൈ 10 -ാം തീയതിയാണ് സ്വര്‍ണകടത്ത് കേസ് എന്‍ ഐ എ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ എന്‍ ഐ എ അന്വേഷിക്കാന്‍ തിരുമാനിച്ചു എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തി്‌ന്റെ അറിയിപ്പ്. എന്‍ ഐ എ കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷം 24 മണിക്കൂറിനകം സ്വപ്‌ന സുരേഷിനെയും കേസിലെ മറ്റൊരു പ്രതി സന്ദീപിനെയും പിടികൂടുകയും. പിറ്റേ ദിവസം വൈകിട്ടോടെ ഇവരെ കോടതിയില്‍ ഹാജരാക്കി. നാല് പ്രതികള്‍ക്കെതിരെയും യു എ പി എ യാണ് ചുമത്തിയത്. ആദ്യം കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഇവരെ പിറ്റേദിവസം കോടതി കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

കുരുക്ക് മുറുകിയ ശിവശങ്കര്‍

സ്വപ്‌ന സുരേഷുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട നിയമനം എങ്ങനെ നടന്നുവെന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിച്ചിരുന്നു. ഇവര്‍ വ്യജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് സര്‍വീസില്‍ കയറിയതെന്ന് വസ്തുതയും ഇതിനിടയില്‍ തെളിഞ്ഞു. നിയമനം നടത്തിയത് സര്‍ക്കാറല്ലെന്നും മറിച്ച് കണ്‍സല്‍ട്ടന്‍സിയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട്. എന്നാല്‍ മതിയായ പരിശോധന നടത്താതെയാണോ ഇവരെ നിയമിച്ചതെന്ന ആരോപണവും ഉയര്‍ന്നുവന്നു. ഇതിനു പുറമെ ശിവശങ്കരന്‍ കേസിലെ പ്രതികള്‍ക്ക് താമസിക്കാന്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍, കേസിലെ പ്രതികളായ സന്ദീപുമായും സരിത്തുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ ശിവശങ്കരന് ഇവരുമായി ഉണ്ടായിരുന്നത് വെറും സൗഹാര്‍ദ്ദം അല്ലെന്ന സംശയം ബലപ്പെടുത്തി. അരുണ്‍ ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ വരുന്നതിന് മുമ്പ് തന്നെ 14-ാം തീയതി ഒമ്പത് മണിക്കൂറോളം കസ്റ്റംസ് അധികൃതര്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ അദ്ദേഹത്തെ സസ്പന്റെ് ചെയ്യാനാണ് സാധ്യത.സ്വപ്നസുരേഷുമായി മന്ത്രി കെ ടി ജലീല്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായുള്ള രേഖകളും ഇതിനിടെ പുറത്തുവന്നതും വിവിദമായി. യു എ ഇ കോണ്‍സുലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്വപ്ന സുരേഷുമായി ഫോണില്‍ സംസാരിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. യുഎഇ കൊണ്‍സിലിന്റെ സഹായത്തോടെയുളള കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് അവരുമായി സംസാരിച്ചതെന്നായിരുന്നു കെ ടി ജലീലിന്റെ വിശദീകരണം

അറസ്റ്റിലായവര്‍

ഫാസില്‍ ഫരീദ് എന്നയാളാണ് യുഎഇയില്‍നിന്ന് സ്വര്‍ണം വ്യാജ മുദ്രകളുടെ സഹായത്തോടെ തിരുവന്തപുരത്തേക്ക് അയച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാല്‍ ഇദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ഇതിനായി ഇന്റർപോളിന്റെ സഹായം തേടും. കേരളത്തില്‍ കേസുമായി ബന്ധപ്പെട്ട് ഇതിനകം നിരവധിപേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. സ്വപ്ന സുരേഷ്, പി എസ് സരിത്ത് , സന്ദീപ് നായര്‍, തെക്കെ കളത്തില്‍ റമീസ് എന്നിവരെയാണ് ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ റമിസുമായി ബന്ധമുള്ള മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി തുടങ്ങി ആറ് പേരെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

യു എ ഇ കോണ്‍സുലേറ്റിന്റെ ബന്ധം

കേസിന്റെ തുടക്കം മുതല്‍ തന്നെ യു എ ഇ കോണ്‍സുലേറ്റിന്റെ നിലപാട് ദുരുഹമായിരുന്നു. ബാഗേജ് കിട്ടാന്‍ എന്തിനാണ് മുന്‍ ഉദ്യോഗസ്ഥായായ സ്വപ്‌ന സുരേഷിനെ അവിടെനിന്നും വിളച്ചത്, ബാഗ് കിട്ടാന്‍ മുന്‍ പിആര്‍ഒ സരിത്തിനെ എന്തിന് അയച്ചുവെന്നതൊക്കെയായിരുന്നു ഇതുമായി ബന്ധപ്പെട്ട സംശയം. ഇത്രയും വലിയ തട്ടിപ്പ് കോണ്‍സുലേറ്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ നടത്താന്‍ കഴിയുമോ എന്ന സംശയമാണ് പൊതുവിൽ ഉന്നയിക്കപ്പെട്ടത്. ഇതിനിടിയിലാണ് അറ്റാഷെ സ്വര്‍ണം പിടിച്ച ദിവസം സ്വപ്‌ന സുരേഷിനെ വിളിച്ചതായി തെളിഞ്ഞത്. കോണ്‍സുലേറ്റിന്റെ ചുമതല വഹിച്ചിരുന്ന റാഷിദ് അല്‍ സലാമി സ്വപ്നയെ വിളിച്ചതായാണ് സംശയമുണ്ടായത്. ഈ വിവാദം കത്തിപടരുന്നതിനിടയിലാണ ഇദ്ദേഹം യുഎഇ യിലേക്ക് പോയതായുള്ള വാര്‍ത്തയും പുറത്തുവന്നത്. ഇങ്ങനെയൊരു കേസ് നിലനില്‍ക്കുന്ന സാഹചര്യത്തി്ല്‍ അദ്ദേഹം രാജ്യം വിട്ടതെങ്ങനെ എന്ന ചോദ്യം ബിജെപിക്കെതിരെ മറ്റുള്ളവര്‍ ഉന്നയിക്കുകയും ചെയ്തു.


Next Story

Related Stories