TopTop

Explainer: "എന്റെ ജനനേന്ദ്രിയം സർക്കാരിന്റേതല്ല": ഇന്തോനീഷ്യൻ ജനത എന്തിനാണ് പ്രതിഷേധിക്കുന്നത്?

Explainer: "എന്റെ ജനനേന്ദ്രിയം സർക്കാരിന്റേതല്ല": ഇന്തോനീഷ്യൻ ജനത എന്തിനാണ് പ്രതിഷേധിക്കുന്നത്?

ഇന്തോനേഷ്യ ഡച്ച് കൊളോണിയൽ കാലം മുതല്‍ പിന്തുടരുന്ന പീനൽ കോഡ് പൊളിച്ചെഴുതാന്‍ പോവുകയാണ്. കരട് ബിൽ തയ്യാറാക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇപ്പോഴാണ് അതിനൊരു അന്തിമ രൂപമാകുന്നത്. ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ വോട്ടിനിട്ട് പാസാക്കേണ്ടാതായിരുന്നു. പക്ഷെ, വൈകി. പ്രസ്തുത വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ടായി. സഭയ്ക്കകത്തും പുറത്തും പ്രതിഷേധമിരമ്പി. അതോടെ ബില്‍ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ പ്രസിഡന്റ് ജോകോ വിഡോഡോ നിര്‍ബന്ധിതനായി. എന്താണ് ഇന്തോനേഷ്യയുടെ കരട് ക്രിമിനൽ കോഡ്? അതിന്‍റെ പ്രാധാന്യമെന്താണ്? എന്തിനാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്?

സ്വാതന്ത്ര്യം തുലാസിലാണ്

ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് ഭീഷണിയായേക്കാവുന്ന സുപ്രധാന മാറ്റങ്ങളാണ് നിർദ്ദിഷ്ട ക്രിമിനൽ കോഡ് വ്യാപകമായി എതിര്‍ക്കപ്പെടാന്‍ കാരണം. ബില്ലില്‍ പറയുന്നവ നിയമമായാല്‍ വിവാഹപൂർവ രതി, വിവാഹബാഹ്യ രതി, സ്വവർഗരതി എന്നിവ ക്രിമിനല്‍ കുറ്റമാകും. കൂടാതെ 18ലധികം പ്രശ്നകരമായ വേറെ കാര്യങ്ങളും ബില്ലിലുണ്ട്. പ്രസിഡന്റിനെ തള്ളിപ്പറയുന്നത്, മതത്തെയോ, ദേശീയപതാകയെയോ, ദേശീയ ഗാനത്തെയോ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാകും.

ബലാത്സംഗം നടന്നാല്‍ മാത്രമേ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കൂ, സ്വേച്ഛയാ ചെയ്യുന്ന ഗർഭച്ഛിദ്രങ്ങൾ കുറ്റകരമാകും. നാലുവര്‍ഷം തടവുശിക്ഷയും ലഭിക്കും. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല. ഗർഭ നിരോധന മാർഗങ്ങളുടെ പരസ്യങ്ങൾ പ്രായപൂർത്തിയാകാത്ത 'പെൺകുട്ടി'കളുടെ കണ്‍മുന്നില്‍പോലും എത്താന്‍ പാടില്ല. സ്വാഭാവികമായും ജനങ്ങള്‍, പ്രത്യേകിച്ച് യുവജനങ്ങള്‍, തെരുവിലിറങ്ങി. വെള്ളിയാഴ്ച എന്തു സംഭവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. സഭക്കകത്തും അംഗങ്ങള്‍ രണ്ടുതട്ടിലായതിനാല്‍ എന്തും സംഭവിക്കാം. തുലാസിലാകുന്നത് ഒരു ബില്ലിന്റെ ഭാവി മാത്രമല്ല, ഒരു ജനതയുടെ സാതന്ത്ര്യം കൂടിയാണ്.

കല്ലേറ്, ജല പീരങ്കി, ടിയർ ഗ്യാസ്...!

ജക്കാർത്തയിലും ഇന്തോനേഷ്യയുടെ മറ്റു പ്രധാന നഗരങ്ങളിലും അക്രമാസക്തമായ പ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തെരുവിലിറങ്ങുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. പ്രകടനങ്ങളുടെ മുന്‍നിരയില്‍ തന്നെ വിദ്യാര്‍ത്ഥിനികളുടെ സാന്നിധ്യമുണ്ടാകുന്നത് ഇന്ത്യോനേഷ്യയെ സംബന്ധിച്ച് വലിയ പുതുമയുള്ള കാര്യമാണ്. പാർലമെന്‍റിനു മുന്നില്‍ വലിയൊരു സംഘം കുത്തിയിരിപ്പു സമരമാണ് നടത്തുന്നത്. സ്പീക്കർ ബാംബാങ്ങ് സുസാത്യോയുമായി നേരിട്ട് സംസാരിക്കണം എന്നതാണ് അവരുടെ പ്രധാന ആവശ്യം. പാർലമെന്‍റ് മന്ദിരത്തിന്റെ കാവലിനു മാത്രം 18,000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം സായുധരായ പോലീസ് നിലയുറപ്പിച്ചുകഴിഞ്ഞു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ കല്ലും കുറുവടിയുമുപയോഗിച്ച് പോലീസിനെ നേരിട്ടു. പോലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു.

എന്റെ ജനനേന്ദ്രിയം സര്‍ക്കാരിന്റേതല്ല

നിയമം യാഥാര്‍ത്ഥ്യമായാല്‍ എല്ലാ ഇന്തോനേഷ്യക്കാരേയും വിനോദസഞ്ചാരികളേയും അത് നേരിട്ടുബാധിക്കും. ഇന്തോനേഷ്യ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നവരോ, സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവരോ ഉണ്ടെങ്കില്‍ ജാഗ്രത പാലിക്കണമെന്ന് ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കി. അത് ഇന്തോനേഷ്യയുടെ പ്രധാന വരുമാനമാർഗമായ ടൂറിസത്തെയും ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ബാലി പോലെ പ്രസിദ്ധമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിനെ ഈ നിയമം തടഞ്ഞേക്കും. 'സ്ത്രീകൾക്കും മത, ലിംഗ ന്യൂനപക്ഷങ്ങൾക്കും മാത്രമല്ല, എല്ലാ ഇന്തോനേഷ്യക്കാർക്കും വിനാശകരമാണ്' ബില്ലില്‍ പറയുന്ന കാര്യങ്ങളെന്നു ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നു.

അപ്പോഴും, 100 വർഷം പഴക്കമുള്ള ഡച്ച് കൊളോണിയൽ കാലഘട്ടത്തിലെ പീനൽ കോഡ് മാറ്റിസ്ഥാപിക്കാനാണ് ഈ നിയമം ഉദ്ദേശിക്കുന്നതെന്നും ഇന്തോനേഷ്യയിലെ ക്രിമിനൽ നിയമത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്നുമാണ് സര്‍ക്കാര്‍ വാദം. 'എന്റെ ജനനേന്ദ്രിയം സര്‍ക്കാരിന്‍റെതല്ല' എന്ന് തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. നിരവധിപേരെ അറസ്റ്റുചെയ്തു. ഒരുപാട് പേര്‍ക്ക് പരിക്കേറ്റു. എങ്കിലും വെള്ളിയാഴ്ചവരെ പ്രതിഷേധം തുടര്‍ന്നേക്കും. അന്ന് ബില്‍ പാസായാല്‍ പിന്നീടെന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണ്‌.


Next Story

Related Stories