TopTop
Begin typing your search above and press return to search.

ഇസ്രയേല്‍- യു എ ഇ കരാര്‍, പലസ്തീനെ കൂടുതൽ ഒറ്റപ്പെടുത്തുമോ? അടുത്ത കരാർ സൗദി അറേബ്യയുമായോ?

ഇസ്രയേല്‍- യു എ ഇ കരാര്‍, പലസ്തീനെ കൂടുതൽ ഒറ്റപ്പെടുത്തുമോ? അടുത്ത കരാർ സൗദി അറേബ്യയുമായോ?

അമേരിക്കയുടെ മാധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഇസ്രായേല്‍ - യു എ ഇ കരാര്‍ പശ്ചിമേഷ്യയുടെ ചരിത്രത്തില്‍ നിര്‍ണായകമാണെന്ന വിലയിരുത്തലുകളാണ് പൊതുവില്‍ ഉള്ളത്. പതിറ്റാണ്ടുകളായുള്ള ശത്രുത മാറ്റിവെച്ച് ഇസ്രയേല്‍ - അറബ് രാജ്യങ്ങളുമായി യോജിക്കുന്നതിന്റെ പുതിയ തുടക്കമാണ് ഈ കരാര്‍ എന്നാണ് പൊതുവില്‍ കരുതുന്നത്. എന്താണ് ലോക രാഷ്ട്രീയത്തില്‍ ഈ കരാറിന്റെ പ്രത്യേകതയെന്ന നോക്കാം. ഈ കരാർ പലസ്തീനെ കൂടുതൽ ഒറ്റപ്പെടുത്തുകയും സ്വന്തം രാജ്യമെന്ന അവരുടെ മോഹത്തെ ഒരിക്കൽ കൂടി ഇല്ലാതാക്കുകയും ചെയ്യുമോ

മറ്റ് അന്തരാഷ്ട്ര കരാറുകളില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതെന്താണ്

ഇസ്രയേലിന്റെ രൂപികരണം മുതല്‍ ആ രാജ്യവും അറബ് രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധമില്ല. പലസ്തിനെ അനുകൂലിക്കുന്ന നയമാണ് എല്ലാ അറബ് രാജ്യങ്ങളും സ്വീകരിച്ചത്. ഇക്കാരണം കൊണ്ടാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യസ്ഥതയില്‍ രൂപികരിക്കപ്പെട്ട കരാര്‍ ചരിത്ര പ്രധാന്യമുള്ളതാണെന്ന് വിലയിരുത്താന്‍ കാരണം. നേരത്തെ ഈജിപ്തും ജോര്‍ദ്ദാനുമാണ് ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിച്ച അറബ് രാജ്യങ്ങള്‍. എന്നാല്‍ ഗള്‍ഫ് മേഖലയില്‍നിന്ന് ഇസ്രേയലുമായി സാധരണ ബന്ധത്തിലേര്‍പ്പെടുന്ന ആദ്യ രാജ്യമാണ് യു എ ഇ. അക്കാരണം കൊണ്ട് തന്നെ ഈ കരാര്‍ ചരിത്ര പ്രധാനമാണ്എന്താണ് കരാറിലെ വ്യവസ്ഥകള്‍

അടുത്തു തന്നെ ഇസ്രയേല്‍ യുഎഇ അധികൃതര്‍ കരാറില്‍ ഒപ്പിടും. നിക്ഷേപം, വിനോദ സഞ്ചാരം, വ്യോമ ഗതാഗതം, സുരക്ഷ, ടെലിക്കമ്മ്യൂണിക്കേഷന്‍സ്, ആരോഗ്യം സംസ്‌ക്കാരം, പരിസ്ഥിതി എന്നി മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. ഇതിന് പുറമെ ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര ഓഫീസുകള്‍ തുറക്കും. ' ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മേഖലയിലെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നാണ് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് വെസ്റ്റ് ബാങ്ക് കൂട്ടിചേര്‍ക്കാനുള്ള പദ്ധതി ഇസ്രായേല്‍ നിര്‍ത്തിവെയ്ക്കുമെന്നതാണ്. മറ്റൊന്ന് ഇസ്രായേലിന്റെ നിയന്ത്രണത്തിലുളള അല്‍ അഖ്‌സ പള്ളി ദേവാലയം സന്ദര്‍ശിക്കാനുള്ള അനുമതി മുസ്ലീങ്ങൾക്ക് നല്‍കും. 1967 ലെ അറബ് ഇസ്രയേല്‍ യുദ്ധത്തിനിടെയാണ് ഈ പ്രദേശം ഇസ്രയേല്‍ കൈയടക്കിയത്. അന്ന് ഇസ്രയേല്‍ കൈയടക്കിയ പ്രദേശങ്ങളെ കൈയേറ്റ ഭൂമിയായാണ് ഇത്. ഇതിന് പുറമെ റബ് രാജ്യങ്ങള്‍ മറ്റ് അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും സംയുക്ത പ്രസ്താവന പറയുന്നു.

എങ്ങനെയാണ് പലസ്തീന്‍ കരാറിനെക്കുറിച്ച് പ്രതികരിച്ചത്.

നിലനില്‍ക്കാന്‍ വേണ്ടി ഇസ്രായേലുമായി ഏറ്റുമുട്ടേണ്ടിവരുന്ന പലസ്തിന്‍ ഈ കരാറിനെക്കുറിച്ച് പ്രതീക്ഷിച്ച രീതിയിലാണ് പ്രതികരിച്ചത്. വഞ്ചനയെന്നായിരുന്നു പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസിന്റെ വക്താവിന്റെ പ്രതികരണം. പലസ്തീന്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ യു എ ഇയില്‍നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. സ്വതന്ത്ര്യ രാജ്യമായി നിലനില്‍ക്കാനുള്ള തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് പലസ്തീന്റെ നിലപാട്. നേരത്തെ തന്നെ സൗദി അറേബ്യ പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രയേലുമായി അടുക്കാന്‍ തുടങ്ങുന്നതിന്റെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു കരാറിലൂടെ അത് ഔദ്യോഗികവല്‍ക്കരിക്കുമ്പോള്‍ അത് പലസ്തീന് വലിയ തിരിച്ചടി തന്നെയാണ്. പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന നിരന്തര ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് ഈ കരാർ യുഎഇയെ കൊണ്ടെത്തിക്കും. ഇറാനുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന പ്രശ്നങ്ങളാണ് ഇത്തരമൊരു ധാരണയ്ക്ക് വിധേയമാകാൻ യു എ ഇയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇറാനോടുളള എതിർപ്പ് കാരണം സൗദി അറേബ്യയും ഇസ്രയേലുമായി അടുക്കുകയാണ്.

ഈ കരാര്‍ പ്രാവര്‍ത്തികമാകുമോ

അക്കാര്യത്തിലുളള ആശങ്കകള്‍ ഇപ്പോള്‍ തന്നെ പങ്കുവെയ്ക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പ്രധാനമായ കാരണം ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമായ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിലില്ലെന്നതാണ്. സംയുക്ത പ്രസ്താവനയില്‍ പറഞ്ഞ കാര്യം വെസ്റ്റ് ബാങ്ക് കൂട്ടിചേർക്കുന്നത് ഇസ്രായേൽ നിര്‍ത്തിവെയ്ക്കുമെന്ന് മാത്രമാണ്. ഇക്കാര്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമീന്‍ നെതന്യാഹു പറഞ്ഞത് വെസ്റ്റ്ബാങ്ക് കുട്ടിചേര്‍ക്കാനുള്ള പദ്ധതി ഇപ്പോഴും നിലവിലുണ്ടെന്നാണ്. അക്കാര്യത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യാഴാഴ്ച രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ പറഞ്ഞു. വെസ്റ്റ് ബാങ്ക് കൂട്ടിചേർക്കാനുള്ള പദ്ധതി നേരത്തെ ഇസ്രായേൽ പ്രഖ്യാപിച്ചപ്പോൾ വലിയ അന്താരാഷ്ട്ര സമ്മർദ്ദമാണ് ഉണ്ടായത്. അതെ തുടർന്ന് ആ നീക്കം ഇസ്രയേൽ നിർത്തിവെയ്ക്കാൻ നിർബന്ധിതരാകുകയായിരുന്നു. പുതിയ കരാറിലും അത് മാത്രമാണ് പറയുന്നത്. അല്ലാതെ അധിനിവേശ പദ്ധതി ഉപേക്ഷിച്ചുവെന്നല്ല. ഈ കരാറിന്റെ ഫലമായി അമേരിക്കയുമായുള്ള യു എ ഇയുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടും ഇസ്രായേലുമായുള്ള ബന്ധം ചില മേഖലകളില്‍ നേട്ടം ഉണ്ടാക്കുമെന്നതാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്. എന്നാൽ ഏറ്റവും പ്രധാനമായിട്ടുള്ളത് പലസതീന്‍ ജനത വീണ്ടും വഞ്ചിക്കപ്പെട്ടുവെന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്യും.

ട്രംപും നെതനാഹ്യുവുമാണോ കരാറിന്റെ ഗുണഭോക്താക്കള്‍

അങ്ങനെ കരുതുന്നതില്‍ തെറ്റില്ല. കാരണം രണ്ട് പേരും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടമാണ് ഇത്. നെതന്യാഹു അഴിമതി ആരോപണം നേരിടുന്നു. ട്രംപിനാകട്ടെ നവംബര്‍ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്തരാഷ്ട്ര രംഗത്ത് ഒരു നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെടാൻ കഴിയും. രണ്ട് നേതാക്കളുടെയും ജനപ്രീതി വലിയ തോതില്‍ ഇടിഞ്ഞുനില്‍ക്കുമ്പോഴാണ് ഈ കരാര്‍ നിലവില്‍വരുന്നത് എന്നത് അവരെ സംബന്ധിച്ച് പ്രധാനമാണ്. അതുപോലെത്തന്നെ പ്രധാനമാണ് യുഎഇ രാജകുമാരന്‍ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയെദിന്റെ കാര്യവും. യെമനിലും ലിബിയയിലും ഏറ്റ തിരിച്ചടിയില്‍നിന്ന് കരകയറാന്‍ അദ്ദേഹത്തിനും ഒരു അന്തരാഷ്ട്ര കരാറിന്റെ ആവശ്യമുണ്ടായിരുന്നു. ആ അര്‍ത്ഥത്തില്‍ ഈ കരാര്‍ അദ്ദേഹത്തിനും ഗുണം ചെയ്യുന്നതാണ്. അല്ലാതെ പലസ്തീന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രം സവിശേഷമായി ഇക്കാരാറില്‍ ഒന്നും ഉള്ളതായി തോന്നുന്നില്ല


Next Story

Related Stories