TopTop

EXPLAINER: പ്രതിസന്ധി രൂക്ഷം, വരുമാനം കുറഞ്ഞു, ചിലവ് കൂടി, മറികടക്കാൻ ഐസക്കിൻ്റെ മുന്നിലെന്താണ് വഴി

EXPLAINER:  പ്രതിസന്ധി രൂക്ഷം, വരുമാനം കുറഞ്ഞു, ചിലവ് കൂടി, മറികടക്കാൻ ഐസക്കിൻ്റെ മുന്നിലെന്താണ് വഴി

രാജ്യം മൊത്തം സാമ്പത്തിക പ്രതിസന്ധിയുടെതിന് സമാനമായ അവസ്ഥയിലാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് ഉള്‍പ്പെടെ, സാമ്പത്തിക ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സുചികകളും വന്‍ തകര്‍ച്ചയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേ്ന്ദ്ര ബജറ്റില്‍ ഇക്കാര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒന്നും ബജറ്റില്‍ ഉൾപ്പെടുത്താതിരിക്കാൻ നിർമ്മല സീതാരാമൻ ശ്രദ്ധിച്ചു. ബജറ്റിൽ അവതരിപ്പിച്ച. കണക്കുകള്‍ മുഴുവന്‍ തെറ്റായിരുന്നു എന്നാണ് നിരവധി സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചത്. കണക്കുകള്‍ മോദി സര്‍ക്കാരിനെ സംബന്ധിച്ച് ഇപ്പോഴത്തെ കാലത്തെ അര്‍ബന്‍ നക്‌സലുകള്‍ ആണെന്ന് പോലും പരിഹാസമുണ്ടായി. ഏതായാലും ആ കണക്കില്ലായ്മയുടെ യാഥാര്‍ത്ഥ്യം വരും ദിവസങ്ങളില്‍ ബോധ്യമാകും. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ബജറ്റ് നാളെ അവതരിപ്പിക്കാന്‍ പോകുന്നത്. ഒരു വ്യത്യാസമുണ്ട് നിര്‍മ്മല സീതാരമന്റെയും കേരളത്തിലെ ധനമന്ത്രി തോമസ് ഐസ്‌ക്കിന്റെയും സമീപനത്തില്‍. നിര്‍മ്മല സീതാരാമന്റെതില്‍നിന്ന് വ്യത്യസ്തമായി കേരളം അതിവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സമ്മതിച്ചുകൊണ്ടാണ് തോമസ് ഐസക്ക് തന്റെ അടുത്ത ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ തോമസ് ഐസക് ഇക്കാര്യം ആവർത്തിച്ചു. സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യമാണ് അദ്ദേഹം കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിച്ചത്. കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള ജിഎസ്ടി വിഹിതം തടഞ്ഞുവെച്ചിരിക്കുന്നു. ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള നിലപാട് എന്താണ്
ഏകീകൃത നികുതി സമ്പ്രദായമായ ജിഎസ്ടി നടപ്പിലാക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ മുന്നില്‍നിന്ന് സ്വാഗതം ചെയ്ത് നേതാവാണ് കേരളത്തിന്റെ ധനകാര്യമന്ത്രി തോമസ് ഐസക്. സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന അന്താരാഷ്ട്ര പ്രശസ്തരായ സാമ്പത്തിക വിദഗ്ദരില്‍ പലരും ജിഎസ്ടി എന്നത് ഫെഡറല്‍ സംവിധാനവുമായി ചേര്‍ന്ന് പോകുന്നതല്ലെന്ന് വിശദീകരിച്ചുകൊണ്ട് ലേഖനമെഴുതുമ്പോഴായിരുന്നു തോമസ് ഐസക് ജിഎസ്ടിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളൊന്നും പരിഗണിക്കാതെ അതിനെ പിന്തുണക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തത്. കേരളത്തിന്റെ സാമ്പത്തിക പ്രായാസങ്ങള്‍ക്ക് പരിഹാരമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ തോന്നല്‍. കാരണം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ ജിഎസ്ടിയുടെ പ്രയോജനം അനുഭവിക്കാന്‍ പോകുന്നത് കേരളമാണെന്ന് അ്‌ദേഹം കരുതി, അത് പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കി ഏറെ കഴിയന്നതിനുമുമ്പ് തന്നെ താൻ കരുതിയത് പോലെയല്ല, കാര്യങ്ങള്‍ അദ്ദേഹത്തിന് ബോധ്യമായി. ജിഎസ്ടി പിരിക്കുന്നത് മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്രം നിയമ പ്രകാരം തരേണ്ട തുകയാണ് ഇപ്പോള്‍ വൈകുന്നത്. അതോടെയാണ് കേരളത്തിന്റെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ വിഹിതം കുറഞ്ഞത് എങ്ങനെയാണ്
ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി വിഹിതത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. സാമൂഹ്യ മേഖലയില്‍ പുരോഗതി കൈവരിച്ച കേരളത്തെ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് എതിരായിട്ടുള്ള മാനദണ്ഡങ്ങളാണ് ഇപ്പോള്‍ ധനകാര്യ കമ്മീഷന്‍ പരിഗണിക്കുന്നത്. നേരത്തെ 1971 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ നേരത്തെ നികുതിയുടെ പങ്ക് തീരുമാനിച്ചത്. ഇപ്പോള്‍ ആത് 2011 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലായി. കേരളത്തില്‍ ഈ കാലത്ത് ജനസംഖ്യ കുറയുകയാണ് ചെയ്തത്. എന്നാല്‍ ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ച സമയമായതിനാല്‍ അവര്‍ക്ക് കൂടുതല്‍ വിഹിതം കിട്ടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കേന്ദ്രവിഹിതം 16,401. 05 കോടി രൂപയായിരുന്നത് ഈവര്‍ഷം 15236.64 കോടി രൂപയായണ് കുറയുക. കേന്ദ്ര നികതി വരുമാനത്തിന്റെ 3.5 ശതമാനമായിരുന്നു 10 -ാം ധനകമ്മീഷന്‍ കേരളത്തിന് നല്‍കിയത്. 14-ാം ധനകാര്യ കമ്മീഷനിലെത്തുമ്പോള്‍ അത് 2.5 ശതമാനമായി. ഇപ്പോഴത് 1.94 ശതമാനമായിരിക്കുന്നു. ഇതിലൂടെ സംസ്ഥാനത്തിന് മൊത്തത്തില്‍ 4,300 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്കാക്കുന്നത്.ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാക്കും
.സംസ്ഥാനത്തിന്റെ മറ്റ് വരുമാനത്തിന്റെ അവസ്ഥ എന്താണ്
കേന്ദ്ര സര്‍ക്കാര്‍ നികുതി വിഹിതം തരുന്നതില്‍ കാണിക്കുന്ന അവഗണന മാത്രമല്ല, സംസ്ഥാത്തിന് അകത്തുനിന്ന് കിട്ടേണ്ടി നികുതി നികുതിയിതര വരുമാനത്തിലും വലിയ കുറവാണ് ഉണ്ടാകുന്നത്. അതായത് കഴിഞ്ഞ ബജറ്റില്‍ പല മേഖലകളിലും കിട്ടുമെന്ന് പ്രതീക്ഷിച്ച വരുമാനം ഉണ്ടായിട്ടില്ല. ഇതുവരെ ലഭ്യമായ കണക്ക് കഴിഞ്ഞ ഡിസംബര്‍ വരെയാണ്. അതായത് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ. മാര്‍ച്ച് മാസം അവസാനം വരെ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയമുണ്ട്. എന്നിരുന്നാലും ഡിസംബര്‍ വരെയുള്ള വരുമാനം ഒരു സുചന തന്നെയാണ്
ഭൂമി റജിസ്‌ട്രേഷന്‍ വഴി സംസ്ഥാനത്തിന് 4486 കോടി രൂപ കിട്ടുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ കണക്കാക്കിയത്. എന്നാല്‍ ഡിസംബര്‍ വരെ കിട്ടിയത് 2679 കോടി രൂപ മാത്രം. ജിഎസ്ടി വരുമാനത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതായത് 37,622 കോടി. ഇതുവരെ കിട്ടിയത് 18,000 കോടിയില്‍ പരം രൂപ മാത്രം. നികുതിയിതര വരുമാനം 15,070 കോടി ആയിരിക്കുമെന്നാണ് കണക്കാക്കിയത്. എന്നാല്‍ 7925 കോടി രൂപ മാത്രമാണ് ഇതുവരെ പിരിഞ്ഞുകിട്ടിയത്.
സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ കുറഞ്ഞു. വാഹന റജിസ്‌ട്രേഷന്റെ നികുതി സര്‍ക്കാര്‍ കഴിഞ്ഞ വർഷം വര്‍ധിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ ഇനത്തില്‍ 20 ശതമാനം വര്‍ധനയായിരുന്നു കഴിഞ്ഞ ബജറ്റില്‍ സ ർക്കാർ പ്രതീക്ഷിച്ചത്. 1.37 ലക്ഷത്തിന്റെ കുറവാണ് കഴിഞ്ഞ വർഷം വാഹന റജിസ്‌ട്രേഷനില്‍ ഉണ്ടായത്. ഇതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതില്‍ 80 കോടി കുറവാണ് ഇതുവരെ ലഭിച്ചത്. ഇതും പ്രതിസന്ധിയുടെ ആക്കം കൂട്ടും.


ജിഎസ്ടി കാലത്ത് സംസ്ഥാനത്തിന് വരുമാനം കൂട്ടാനുള്ള മാര്‍ഗം എന്താണ്
ജിഎസ്ടിയുടെ ഏറ്റവും വലിയ പ്രശ്‌നമായി ചൂണ്ടികാണിച്ചിട്ടുള്ളത് സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര്യമായി വികസന സമീപനങ്ങള്‍ സ്വീകരിക്കാനുളള സാധ്യതകള്‍ അത് അവസാനപ്പിക്കുന്നു എന്നതാണ്. കാരണം എല്ലാ നികുതികളും ഏകീകൃതമാണ്. ജിഎസ്ടി കൗണ്‍സിലാണ് ഒരു ഉത്പന്നം ഏത് നികുതി ബ്രാക്കറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങള്‍ക്ക് അതില്‍ വലിയ പങ്കില്ല. എന്നാല്‍ ജിഎസ്ടിയുടെ വലയിലില്‍ ഇല്ലാത്ത ചില ഉത്പന്നങ്ങളുണ്ട്. മദ്യം, പെട്രോളിയം തുടങ്ങിയവ. ഇതില്‍ മദ്യത്തിന് ഏത് സമയത്തും നികുതി വര്‍ധിപ്പിക്കുന്ന സ്വാഭാവമാണ് കേരളത്തിലെ ധനമന്ത്രിമാര്‍ക്ക്. ഇതില്‍നിന്ന് വ്യത്യസ്തനല്ല, തോമസ് ഐസക്കും. രാഷ്ട്രീയ ശരികേടാണെന്ന് കരുതി ആരും മദ്യ നികുതി കൂട്ടിയാല്‍ ചോദ്യം ചെയ്യില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തവണയും മദ്യത്തിന്റെ നികുതി സംസ്ഥാനം വര്‍ധിപ്പിച്ചുകൂടാതെയില്ല. വിദേശ നിര്‍മ്മിത ഇന്ത്യന്‍ മദ്യത്തിന് ഇപ്പോള്‍ തന്നെ 212 ശതമാനമാണ് നികുതി. അത് ഇനിയും വർധിപ്പിച്ചാലും വിൽപന കുറയാൻ സാധ്യതയില്ല. സമീപ കാല അനുഭവം അതാണ് ബോധ്യപ്പെടുത്തുന്നത്. എന്നാല്‍ പെട്രോളിയം നികുതി വര്‍ധിപ്പിച്ചാല്‍ അത് വലിയ പ്രതിഷേധത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്നതിനാല്‍ സംസ്ഥാനം അതിന് മുതിരാന്‍ സാധ്യത കുറവാണ്. ജിഎസ്ടി കാലത്ത് സംസ്ഥാനത്തിന്റെ വരുമാന വര്‍ധിപ്പിക്കാനുളള ശേഷി പരിമിതപ്പെടുവരികയാണെന്ന യാഥാർത്ഥ്യമാണ് ഇപ്പോള്‍ എല്ലാവരും നേരിടുന്നത്. മറ്റ് വരുമാന സ്‌ത്രോസുകള്‍ ഫീസുകള്‍, നികുതിയിതര വരുമാനം വര്‍ധിപ്പിക്കാനും സര്‍ക്കാറിന് കഴിയുന്നുമില്ല. ഇക്കാര്യത്തിലാണ് സംസ്ഥാന സർക്കാർ പല സാമ്പത്തിക വിദഗ്ദരിനിന്നും വിമർശനം ഏറ്റുവാങ്ങുന്നത്.
ചെലവു ചുരുക്കി വരുമാനം കൂട്ടാന്‍ എന്ത് നടപടി എടുക്കും
ധനമന്ത്രി എന്തുചെയ്യുമെന്നതിന്റെ വ്യക്തമായ സൂചന നാളെ ബജറ്റ് അവതരണ വേളയിലാണ് ലഭിക്കുക. എന്നാല്‍ സര്‍ക്കാരിന്റെ അവസാന വര്‍ഷമായതിനാല്‍ കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹം കടക്കാന്‍ സാധ്യതയില്ല. പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന് എല്ലാ സര്‍വീസ് സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ ചെയ്യുന്നത് വഴി സര്‍ക്കാരിന് ചെലവ് തല്‍ക്കാലത്തേക്കെങ്കിലും കുറയ്ക്കാനും കഴിയും. എന്നാല്‍ യുവാക്കളില്‍നിന്ന് ശക്തമായ പ്രതിഷേധമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ അതിന് ധനമന്ത്രി തുനിയില്ലെന്നു വേണം കരുതാന്‍. അതുപോലെ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിനാല്‍ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ഇതിനായി എവിടെനിന്ന് പണം കണ്ടെത്തുമെന്നതാവും ധനമന്ത്രിയെ അലട്ടുന്ന വിഷയം. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ കൂടുതലായി വീണ്ടും കിഫ്ബി വഴി നടത്തുമെന്നകാര്യം ഉറപ്പാണ്. ഇങ്ങനെ ചെയ്തുകൊണ്ട് മാന്ദ്യാവസ്ഥ മറികടക്കുന്ന രീതിയില്‍ സാമ്പത്തിക മേഖലയിലേക്ക് പണം എത്തിക്കാന്‍ കഴിയുമെന്നുമാണ് കണക്കുട്ടല്‍. കിഫ്ബിയുടെ പ്രവർത്തനം ബജറ്റിൻ്റെ പരിധിയിൽ വരുന്നതുമല്ല. -


Next Story

Related Stories