TopTop
Begin typing your search above and press return to search.

Explainer: അജിത്ത് പവാർ 'വീട്ടിൽ' തിരിച്ചെത്തി, ജലസേചന അഴിമതി 'ജലസമാധി'യാകുമോ? എന്താണ് 70,000 കോടിയുടെ അഴിമതി?

Explainer: അജിത്ത് പവാർ വീട്ടിൽ തിരിച്ചെത്തി, ജലസേചന അഴിമതി ജലസമാധിയാകുമോ? എന്താണ് 70,000 കോടിയുടെ അഴിമതി?

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനേയും സഹോദരപുത്രനും എന്‍സിപി നേതാവുമായ അജിത്ത് പവാറിനേയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മഹാരാഷ്ട്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ ശരദ് പവാറിനേയും അനന്തരവനേയും അഴിമതി കേസില്‍ കുറ്റക്കാരാക്കി എന്‍സിപിയെ ഒതുക്കാം എന്ന ബിജെപിയുടെ താല്‍പര്യം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പൊലിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 10 സീറ്റ് അധികം എന്‍സിപി നേടി. 54 സീറ്റ് നേടി മൂന്നാമത്തെ വലിയ കക്ഷിയായി.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഈ കേസ് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയേക്കുമെന്ന കണക്കുകൂട്ടലില്‍ അജിത്ത് പവാര്‍ പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് ഒഴിയുന്നതായും സജീവ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ വിട്ടുനില്‍ക്കുന്നതായും പറഞ്ഞിരുന്നു. ശരദ് പവാറിന് സാമ്പത്തിക ക്രമക്കേട് കേസുമായി ഒരു ബന്ധവുമില്ലെന്നും ഇത് ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നും അജിത്ത് പവാര്‍ പറഞ്ഞിരുന്നു. ഇതേ അജിത്ത് പവാര്‍ തന്നെയാണ് ഒരു ദിവസം രാവിലെ പെട്ടെന്ന് ബിജെപിയുമായി ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായതും വിശ്വാസ വോട്ടിനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ മൂന്ന് ദിവസം അധികാരത്തിലിരുന്ന ശേഷം രാജി വച്ചതും. അജിത്ത് പവാറിന് യാതൊരു സങ്കോചവുമില്ലാതെ എന്‍സിപിയെ നയിക്കുന്ന ശരദ് പവാറും മകള്‍ സുപ്രിയ സുലെയും സ്വീകരിക്കുകയും ചെയ്തു. ഞാന്‍ ആശയക്കുഴപ്പത്തിലായിരുന്നു എന്നും സുപ്രീം കോടതി വിധി വന്നതിന് ശേഷമാണ് കാര്യങ്ങള്‍ ബോധ്യമായത് എന്നുമാണ് അജിത്ത് പവാറിന്റെ ഏറ്റവും ഒടുവിലത്ത പ്രതികരണം.

ശിവസേനയും കോണ്‍ഗ്രസുമായും ചേര്‍ന്ന് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്താനുള്ള സഖ്യ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ശരദ് പവാറിന്റെ എന്‍സിപി ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയെന്ന വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ തന്റെ ഒപ്പമാണെന്നും അജിത്ത് അല്ലാതെ ആരും ബിജെപിക്കൊപ്പം ചേരില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. പവാര്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അജിത്ത് പവാര്‍ അടക്കം തിരിച്ചെത്തി. കൃത്യമായ ഒരു രാഷ്ട്രീയ തന്ത്രം നടപ്പാക്കപ്പെട്ട പ്രതീതി. എന്നാല്‍ ഇപ്പോള്‍ അജിത്ത് പവാറിന് ക്ലീന്‍ ചീറ്റ് ലഭിച്ചതായി പറയുന്ന 70,000 കോടി രൂപയുടെ ജലസേചന അഴിമതി ചോദ്യചിഹ്നമായി തന്നെ നില്‍ക്കുകയാണ്.

അഴിമതി കേസുകള്‍ ഒഴിവാക്കാനുള്ള, 'കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കി'ക്കാനുള്ള ശരദ് പവാറിന്റെ തന്ത്രം വിജയകരമായി നടപ്പാക്കപ്പെട്ടതാണോ മഹാരാഷ്ട്ര നാടകങ്ങള്‍ക്ക് പിന്നിൽ സംഭവിച്ചത്? അജിത്ത് പവാർ എതിർചേരിയിൽ നിൽക്കുമ്പോൾ മാത്രമേ ജലസേചന അഴിമതി ബിജെപിക്കും കോൺഗ്രസിനും ശരദ് പവാറിനും ഒക്കെ പ്രശ്നമാകുന്നുള്ളൂ എന്നത് വ്യക്തമാണ്. അതേസമയം ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചതായി പറയുന്ന ആൻ്റി കറപ്ഷൻ ബ്യൂറോ, അജിത്ത് പവാറിന് ഒരു കേസിലും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല എന്നും പറയുന്നു. അതേസമയം എന്താണ് അജിത്ത് പവാര്‍ ആരോപണവിധേയനായ ജലസേചന അഴിമതി എന്ന് നോക്കാം.

എന്താണ് അജിത്ത് പവാര്‍ നേരിടുന്ന ആരോപണം?

മുന്‍ കോണ്‍ഗ്രസ് - എന്‍സിപി സര്‍ക്കാരില്‍ അജിത്ത് പവാര്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെയാണ് ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. മഹാരാഷ്ട്രയിലെ അഞ്ച് പ്രാദേശിക ജലവിഭവ വികസന കോര്‍പ്പറേഷനുകളിലൊന്നായ വിദര്‍ഭ ഇറിഗേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍നുമായി ബന്ധപ്പെട്ടതടക്കം. വിദര്‍ഭ ഇറിഗേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (വിഐഡിസി) ചെയര്‍മാന്‍ ആയിരുന്നു അജിത്ത് പവാര്‍. അതേസമയം അജിത്ത് പവാറിനെതിരെ ഇതുവരെ എഫ്ഐആറുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ജലസേചന പദ്ധതികളുടെ കരാര്‍ നല്‍കുന്നതില്‍ മന്ത്രിയായിരുന്ന അജിത്ത് പവാര്‍ അനധികൃതമായി ഇടപെട്ടു എന്ന് ബോംബെ ഹൈക്കോടതിയില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബാര്‍വെ പറഞ്ഞത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിനോടാണ് എസിബി ഡയറക്ടര്‍ ജനറല്‍ ഇക്കാര്യം പറഞ്ഞത്.

2012 ഫെബ്രുവരിയിൽ മഹാരാഷ്ട്ര എഞ്ചിനിയറിംഗ് ട്രെയിനിംഗ് അക്കാഡമി ചീഫ് എഞ്ചിനിയറും മുന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന വിജയ് പന്‍ധാരെ, ജലസേചന കരാറുകളിലെ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പ്രിഥ്വിരാജ് ചവാനും ഗവര്‍ണര്‍ കെ ശങ്കരനാരായണനും കത്ത് നല്‍കിയിരുന്നു. ഡാമുകള്‍ നിര്‍മ്മിക്കുന്നതിലുള്ള കരാറുകളിലടക്കം ക്രമക്കേട് നടന്നതായി വിജയ് പന്‍ധാരെ കത്തില്‍ ആരോപിച്ചു. ഇതിന് മുമ്പ് ഒരു ദശാബ്ദത്തോളമായി എന്‍സിപിയാണ് ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ഭൂരിഭാഗം കാലയളവും അജിത്ത് പവാര്‍ വകുപ്പ് മന്ത്രിയും.

വിവിധ ഇറിഗേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുകളുടെ കരാറുകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് അജിത്ത് പവാര്‍ രാജി വച്ചിരുന്നു. ഇതിന് പിന്നാലെ വിജയ് പന്‍ധാരെയ്ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. വിജയ് പന്‍ധാരെ 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജലസേചന അഴിമതി പ്രശ്‌നം ഉയര്‍ത്തിയ മറ്റൊരു പൊതുപ്രവര്‍ത്തക അഞ്ജലി ധമാനിയയും എഎപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടും സാമ്പത്തിക ക്രമക്കേട് പുറത്തുകൊണ്ടുവന്നിരുന്നു. ജലസേചന വകുപ്പ് 70,000 കോടി രൂപ ചിലവാക്കിയെങ്കിലും നിര്‍ദ്ദിഷ്ട ജലസേചന പദ്ധതികളുടെ വെറും 0.1 ശതമാനം മാത്രമാണ് നടപ്പാക്കിയത് എന്ന് 2012 മാര്‍ച്ചില്‍ നിയമസഭയില്‍ വച്ച വാര്‍ഷിക സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കി. ആരോപണവിധേയനായ അജിത്ത് പവാര്‍ 2012 സെപ്റ്റംബറില്‍ രാജി വച്ചു.

കോൺഗ്രസ് - എൻസിപി സർക്കാരിൻ്റെ പ്രതികരണം

എന്‍സിപി ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞെങ്കിലും അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അംഗീകരിച്ചു. ധവളപത്രം പുറത്തിറക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 2012 ഡിസംബര്‍ 31ന് മുന്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി ഡോ.മാധവ് ചിതാലെ അധ്യക്ഷനായി പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. അതേസമയം 2014 ജൂണില്‍ നിയമസഭയില്‍ വച്ച മാധവ് ചിതാലെ കമ്മിറ്റി റിപ്പോര്‍ട്ട്, അജിത്ത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കി. അജിത്ത് പവാറിനെ കൂടാതെ പിന്നീട് ജലവിഭവ മന്ത്രിയായ സുനില്‍ തത്കാരെയ്ക്കും ക്ലീന്‍ ചിറ്റ് നല്‍കി. ചിതാലെ കമ്മിറ്റി റിപ്പോര്‍ട്ട് ക്രമക്കേടുകള്‍ക്ക് പഴി ചാരിയത് ഉദ്യോഗസ്ഥരെ മാത്രമാണ്. 10 വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ ജലസേചനശേഷിയില്‍ 20 ശതമാനം വര്‍ദ്ധന ഉണ്ടായതായി റിപ്പോര്‍ട്ട് പറഞ്ഞു. അതേസമയം ജലസേചന മേഖലകളിൽ വലിയ കുറവുണ്ടായതായാണ് തുടർന്നുള്ള വർഷങ്ങളിലെ വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ വ്യക്തമാക്കിയത്.

എന്താണ് സിഎജി റിപ്പോർട്ടും മറ്റ് റിപ്പോർട്ടുകളും പറഞ്ഞത്?

2014ലെ സിഎജി റിപ്പോര്‍ട്ട് 2007നും 2013നും ഇടയിലുള്ള ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. വിജയ് പന്‍ധാരെയും അഞ്ജലി ധമാനിയയും അടക്കമുള്ളവര്‍ ജലസേചന പദ്ധതികളിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ പലതും സിഎജി റിപ്പോര്‍ട്ട് ശരി വച്ചു. പലയിടങ്ങളിലും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നില്ല. ഇത് നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നതിലേയ്ക്കും നീണ്ടുപോകുന്നതിലേയ്ക്കും നയിച്ചു. തെറ്റായ സര്‍വേകള്‍ പലപ്പോളും ചിലവുകള്‍ വര്‍ദ്ധിപ്പിച്ചു. അനുമതികൾ കൂടുതലായി നൽകി ചിലവുകൾ വർദ്ധിപ്പിച്ചു. ഇതിലൂടെ മഹാരാഷ്ട്ര പൊതുമരാമത്ത് ചട്ടം ജലസേചന വികസന കോര്‍പ്പറേഷനുകള്‍ ലംഘിച്ചു.

2014ൽ അധികാരത്തിൽ വന്ന ഫഡ്നാവിസ് സർക്കാർ ചെയ്തത്

ബിജെപി പ്രതിപക്ഷത്തായിരിക്കെ, അന്നത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് കോണ്‍ഗ്രസ് - എന്‍സിപി സര്‍ക്കാരിനെിരെ ശക്തമായ അഴിമതി ആരോപണമായി ജലസേചന ക്രമക്കേടുകള്‍ ഉന്നയിച്ചിരുന്നു. അഴിമതിയില്‍ അന്വേഷണം വേണമെന്ന് ഫഡ്‌നാവിസ് നിരന്തരം ആവശ്യപ്പെട്ടു. 2014 നവംബറില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ഫഡ്‌നാവിസ് ഡിസംബറില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണത്തിന് ഉത്തരവിട്ടു. അജിത്ത് പവാറിന്റേയും തത്കരെയുടേയുമടക്കം പങ്ക് അന്വേഷിക്കാനായിരുന്നു തീരുമാനം.

കൊങ്കണ്‍ മേഖലയില്‍ റായ്ഗഡ് ജില്ലയിലുള്ള കോണ്ടേന്‍ ഡാം പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് നാല് എഞ്ചിനിയര്‍മാരെ ഫഡ്‌നാവിസ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. തത്കരെ മന്ത്രിയായിരിക്കെ ക്രമക്കേട് നടന്നതായി ആണ് ആരോപണം. 80.35 കോടി രൂപ ആയിരുന്ന പദ്ധതി ചിലവ് 327.62 കോടി രൂപയായി ഉയര്‍ന്നതുമായി ബന്ധപ്പെട്ടായിരുന്നു ഉദ്യോഗസ്ഥര്‍ക്കെതിരായ പ്രധാന ആരോപണം. ബന്ധപ്പെട്ട അതോറിറ്റികളുടെ അനുമതിയില്ലാതെ ഡാമിന്റെ ഉയരം 32.30 മീറ്റര്‍ വര്‍ദ്ധിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ഇടപെട്ടത് എന്ന് ആരോപണമുയര്‍ന്നു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും അജിത്ത് പവാർ ഉപമുഖ്യമന്ത്രിയും ആയി അധികാരമേറ്റതിന് പിന്നാലെ ആൻ്റി കറപ്ഷൻ ബ്യൂറോ ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒമ്പത് കേസുകൾ പിൻവലിച്ചു. ബിജെപിയെ സർക്കാരുണ്ടാക്കാൻ സഹായിച്ചതിന് പ്രത്യുപകാരമെന്ന് ഇത് വിലയിരുത്തപ്പെട്ടു.

അജിത്ത് പവാറിനെതിരായ കേസുകളിൽ അന്വേഷണം അവസാനിച്ചോ?

45 വിഐഡിസി പദ്ധതികള്‍ക്കായുള്ള 2654 ടെണ്ടറുകളുമായി ബന്ധപ്പെട്ടവയില്‍ ഒമ്പത് കേസുകളിലാണ് എസിബി അന്വേഷണം അവസാനിപ്പിച്ചത്. 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഇതില്‍ അഞ്ചെണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും എസിബി പറയുന്നു. 212 ടെണ്ടറുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ഇതില്‍ അന്വേഷണം അവസാനിപ്പിച്ച ഒമ്പത് കേസുകളും അജിത്ത് പവാറുമായി ബന്ധപ്പെട്ടതല്ല എന്നും എസിബി പറയുന്നു.


Next Story

Related Stories