TopTop
Begin typing your search above and press return to search.

EXPLAINER: നിരോധനാജ്ഞ, 500 പോലീസുകാർ, ഗതാഗത നിയന്ത്രണം- മരട് ഫ്ലാറ്റ് പൊളിക്കൽ ഒരുക്കങ്ങൾ ഇങ്ങനെ

EXPLAINER: നിരോധനാജ്ഞ, 500 പോലീസുകാർ, ഗതാഗത നിയന്ത്രണം- മരട് ഫ്ലാറ്റ് പൊളിക്കൽ ഒരുക്കങ്ങൾ ഇങ്ങനെ

തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മിച്ചതിന്റെ പേരില്‍ എറണാകുളം ജില്ലയിലെ മരട് നഗരസഭ പരിധിയില്‍ സ്ഥിതി ചെയ്യുന്ന അഞ്ചു റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാകാന്‍ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങളും, മറ്റ് നടപടികൾക്കും ഒടുവിലാണ് ജനുവരി 11,12 തീയ്യതികളിലായി നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാൻ തീരുമാനിച്ചത്.

വിവാദങ്ങളും ആരോപണങ്ങളും നിയമ പോരാട്ടങ്ങളും നിറഞ്ഞ കേസിൽ പക്ഷേ സുപ്രീം കോടതി ഉത്തരവിൽ‌ ഉറച്ച് നിന്നതോടെയാണ് ഫ്ലാറ്റുകൾ‌ പൊളിച്ച് നീക്കാൻ സര്‍ക്കാര്‍ നിർബന്ധിതമായത്. ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും നിലനിൽക്കുന്നുണ്ട്.

അവസാന തീരുമാനപ്രകാരം ഈ മാസം 11ന് പകല്‍ 11ന് ഹോളിഫെയ്ത്ത് എച്ച്2ഒയിലും 11.05ന് ആല്‍ഫാ സെറീനിലും നിയന്ത്രിത സ്ഫോടനം നടത്തും. 12 ാം തിയതി പകല്‍ 11.30ന് ജയ്ന്‍ കോറല്‍ കോവിലും 2.30ന് ഗോള്‍ഡന്‍ കായലോരവും സ്ഫോടനത്തിലൂടെ തകര്‍ക്കും.

മരട് കൊച്ചിയിലെ 'ഗ്ലാമർ' ഭൂപ്രദേശം

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയില്‍ ഇപ്പോൾ ഏറ്റവും 'ഗ്ലാമറസ്' ആയി നില്‍ക്കുന്ന ഭൂപ്രദേശമാണ് മരട്. ഒരുകാലത്ത് കായലും പുഴകളും നീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും നിറഞ്ഞിരുന്ന മരട് ഇന്ന് അഭൂതപൂര്‍വമായ 'വളര്‍ച്ച'യിലേക്കു കുതിക്കുന്ന നഗരപ്രദേശമാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ലക്ഷ്വറി വാഹന ഷോറൂമുകളും മാനം മുട്ടെ നിലകളുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളും മരടിന് പുതിയ രൂപം തന്നെ നൽകി. ഇന്നിപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള മുന്‍സിപ്പാലിറ്റികളില്‍ മുന്നിലാണ് മരട്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും വെറും ഏഴു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള മരടിനെ കോര്‍പ്പറേഷന്റെ ഭാഗമാക്കി മാറ്റണമെന്ന ആവശ്യം അംഗീകരിക്കപ്പെടാതെ പോകുന്നതിനു പിന്നിലും മുന്‍സിപ്പാലിറ്റിയുടെ സാമ്പത്തിക വരുമാനം ഒരു കാരണമാണെന്നാണ് പറയപ്പെടുന്നത്.

പൊളിക്കാൻ നിർദേശിച്ച ഫ്ലാറ്റുകൾ

 • ഹോളി ഫെയ്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപേഴ്‌സ് ലിമിറ്റഡിന്റെ ഹോളി ഫെയ്ത് എച്ച്ടുഒ
 • ആല്‍ഫ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നെട്ടൂരുള്ള ആല്‍ഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം
 • കെ.വി.ജോസ് ഗോള്‍ഡന്‍ കായലോരം
 • ജെയിൻ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയിൻ കോറല്‍ കേവ്
 • ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹോളിഡേ ഹെറിറ്റേജ്

മരട് ഫ്ലാറ്റ് കേസ് നാൾവഴി (2006-2019)

2006 ഓഗസ്റ്റ്, സെപ്റ്റംബർ – കാലത്താണ് ഫ്ലാറ്റ് പണിയുന്നതിനു അന്ന് ഗ്രാമ പഞ്ചായത്ത് ആയിരുന്ന നിർമാണ അനുമതി നൽകിയത്. നിർമാണം പുരോഗമിക്കുന്നതിനിടെ 2007ൽ തന്നെ തദ്ദേശ സ്വയംഭരണ വിജിലൻസ് നിയമലംഘനങ്ങൾ കണ്ടെത്തി. ഇതോടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം ചൂണ്ടിക്കാണിച്ചു ഫ്ലാറ്റ് നിർമാതാക്കൾക്കു പഞ്ചായത്ത് സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകി. എന്നാൽ നോട്ടിസിനു മറുപടി നൽകാതെ ഫ്ലാറ്റ് നിർമാതാക്കൾ 2007 ജൂൺ 4ന് ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ സമർപ്പിച്ചു. ഇതോടെ വിഷയം കോടതിക്ക് മുന്നിലേക്ക് എത്തുകയായിരുന്നു..

കേരള ഹൈക്കോടതി ഇടപെടുന്നു

കേസിൽ ഇടപെട്ട കോടതി പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് സ്റ്റേ ചെയ്തു. എന്നാൽ‌ സ്റ്റോപ് മെമ്മോ നൽകാൻ പഞ്ചായത്തിന് ചുമതലയും നൽകി. പഞ്ചായത്ത് പക്ഷേ അത് അവഗണിച്ചതോടെ നിർമാണം തുടർന്നു.

2010 ൽ മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു. നിർമാതാക്കളുടെ ഹർജിയിൽ 2012 സെപ്റ്റംബർ 19 സിംഗിൾ ബെഞ്ചിൽനിന്ന് അനുകൂല വിധി വന്നു. അഞ്ചു ഫ്ലാറ്റുകളുടെ കേസുകളും ഒരു പരാതിയാക്കിയായിരുന്നു ഹൈക്കോടതി വിധി. എന്നാൽ തീരദേശ പരിപാലന ചട്ടം ലംഘിച്ചത് പരാതിയിലും വിചാരണയ്ക്കിടയിലും ഇരുകൂട്ടരും മനഃപൂർവം മറച്ചുവച്ചതാണ് ഫ്ലാറ്റ് നിർമാതാക്കള്‍ക്ക് അനുകൂല വിധി ലഭിക്കാൻ ഇടയായതെന്ന് ആരോപണം ഉയര്‍ന്നു.

മരട് നഗരസഭ 2013 ൽ സിംഗിൾ ബഞ്ച് വിധികൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. റിട്ട് അപ്പീലിൽ കേരള കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റിയും കക്ഷി ചേർന്നു. 2015 ജൂൺ 2 ന് നഗരസഭയുടെ റിട്ട് അപ്പീലുകൾ തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു.

സുപ്രീം കോടതിയിൽ സംഭവിച്ചത്

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കേരള കോസ്റ്റൽ സോൺ മാനേജമെന്റ് അതോറിറ്റി സുപ്രീം കോടതിയിലേക്ക്. കോടതി നടപടികളിൽ മരട് നഗരസഭയ്ക്കു വേണ്ടി ആരും ഹാജരാകാത്തതിനെ തുടർന്നു നഗരസഭയ്ക്കു നോട്ടിസയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

ഇതിനിടെ വിവാദ കെട്ടിടങ്ങൾ തീരദേശ പരിപാലന ചട്ടം നിർദേശിക്കുന്ന മേഖല രണ്ടിലാണോ മൂന്നിലാണോ നിൽക്കുന്നതെന്നു തീർച്ച വരാത്തതിനാൽ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി മുന്നംഗ കമ്മിറ്റിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, മരട് മുൻസിപ്പൽ സെക്രട്ടറി, ജില്ലാ കലക്ടർ എന്നിവരടങ്ങുന്നതായിരുന്നു മൂന്നംഗ കമ്മിറ്റി.

2019 മേയ് 8 - മരടിലെ ഫ്ലാറ്റുകൾ സിആർഇസഡ് മേഖല മൂന്നിൽ പെടുന്നതാണെന്ന സമിതി റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടു. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്.

സുപ്രീം കോടതിയുടെ അന്ത്യശാസനം

ഫ്ലാറ്റുകൾ പൊളിക്കാനുള്ള കോ‍ടതി ഉത്തരവിൽ മാസങ്ങൾക്കിപ്പുറവും നടപടികളില്ലാതിരുന്നതോടെ സെപ്തംബര്‍ ആറിന് ഇക്കാര്യത്തില്‍ ഇനിയൊരു കാലതാമസം ഉണ്ടാകരുതതെന്ന് കോടതി സർക്കാറിന് അന്ത്യശാസനം നൽകി. ഇതോടെ നടപടികള്‍ക്ക് ചൂട് പിടിച്ചു. ചീഫ് സെക്രട്ടറിയെ കോടതി നേരിട്ട് വിളിപ്പിച്ച് ശാസിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി.

സ്നേഹിൽ കുമാർ സിങ്

മരട് ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചുമതല നൽകിയ ഉദ്യോഗസ്ഥനാണ് ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍. മരട് നഗരസഭാ സെക്രട്ടറിയെ ചുമതലയിൽ നിന്നു നീക്കിയായിരുന്നു നടപടി. ഇതിന് പിറകെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചീനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സഹായം തേടുമെന്ന് ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ചെന്നൈ ഐഐടി, കോഴിക്കോട് എൻഐടി, കുസാറ്റ് എന്നിവരുടെ സഹായവും തേടി.

ഫ്ലാറ്റിലെ താമസക്കാർക്ക് നഷ്ടപരിഹാരം

ഇതിനിടെ ഫ്ലാറ്റുകളിൽ നിന്ന് കുടിയിറക്കപ്പെടുന്നവർക്ക് നഷ്ടപരിഹാപരം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഒഴിയുന്നവർക്ക് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഫ്ലാറ്റിലെ താമസക്കാർക്ക് മതിയായ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചു.

343 ഫ്ലാറ്റുകളാണ് ആകെ നാല് സമുച്ചയങ്ങളിലുമുള്ളത്. 325 ഫ്ലാറ്റുകൾക്ക് മാത്രമാണ് അവകാശികളുള്ളത്. നഷ്ടപരിഹാരത്തിനായി 252 അപേക്ഷകളാണ് സുപ്രീം കോടതി സമിതിക്ക് മുമ്പാകെ ലഭിച്ചിട്ടുള്ളത്. ഇതിൽ 232 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം അവസാന ഫ്ലാറ്റ് വിൽപന നടന്നതിൽ 44 ലക്ഷം രൂപയാണ് ഹോളി ഫെയ്ത്തിലെ ഇടപാടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പൊളിക്കൽ കരാര്‍ ലഭിച്ച കമ്പനികൾ

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ്, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെയാണ് സബ് കളക്ടര്‍ സ്നേഹിൽ കുമാർ സിംങ്ങിന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തെരഞ്ഞെടുത്തത്.

നിയന്ത്രിത സ്ഫോടനം

നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നത്. ഇതിനായി 1600 കിലോ ഗ്രാം സ്ഫോടക വസ്തുക്കളാണ് എത്തിയ്ക്കുന്നത്. സ്ഫോടനത്തിനു മുന്നോടിയായി ഇടഭിത്തികൾ നീക്കിയതോടെ ഫ്ലാറ്റുകൾ ഇതിനോടകം അസ്ഥികൂടമായിക്കഴിഞ്ഞു. പിന്നാലെ പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) അന്തിമ അനുമതി ലഭിച്ചതോടെ ശനിയാഴ്ച രാവിലെ മുതൽ തന്നെ സ്ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങി. ഇതിനായി 1600 കിലോ ഗ്രാം സ്ഫോടക വസ്തുക്കളാണ് എത്തിച്ചിട്ടുള്ളത്.

നാഗ്പൂരിൽ നിന്ന് പാലക്കാട് വഴിയെത്തിച്ച സ്ഫോടകവസ്ഥുക്കൾ അങ്കമാലിയിലെ മഞ്ഞപ്രയ്ക്ക് സമീപമുള്ള ചുള്ളിയിലെ സംഭരണശാലയിൽ തിങ്കളാഴ്ച്ച തന്നെ എത്തിയിരുന്നു.അങ്കമാലിയിൽ നിന്ന് പോലീസിന്റെ അകമ്പടിയോടെ അതീവസുരക്ഷയിലാണ് സ്ഫോടക വസ്തുക്കൾ എത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കൽ ജോലി പൂർത്തിയാക്കുമെന്നാണ് കരുതുന്നത്.

മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഘട്ടം ഘട്ടമായി കെട്ടിടം തകർക്കുന്നതിനാൽ ഭൂമിയിലെ പ്രകമ്പനം കുറയ്ക്കാമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പ്രകമ്പനം ഉണ്ടാകുമ്പോൾ സ്രോതസ്സിൽനിന്നുണ്ടാകുന്ന തരംഗം ഭൂമിയിലെ കണികകളിൽ ചലനമുണ്ടാക്കുന്നത് എത്രയെന്നാണ് അളക്കുന്നത്. ചലനത്തിന്റെ പരമാവധി വേഗം പീക്ക് പാർട്ടിക്കിൾ വെലോസിറ്റി (പി.പി.വി.) എന്നറിയപ്പെടുന്നു. ഇത് അളക്കുന്നത് മില്ലിമീറ്റർ/സെക്കൻഡിലാണ്.

സ്ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തു

അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിക്കുന്നത്. ഒരോ ബീമിലും ദ്വാരമുണ്ടാക്കി സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കും. ഒരു കാട്രിഡ്ജില്‍ 125 ഗ്രാം സ്‌ഫോടകവസ്തുവാണ് ഉണ്ടാവുക. ഇതിനൊപ്പം ഒരു ഡിറ്റണേറ്ററും(കത്തിക്കാനുള്ള വസ്തു) വേണം. ഒരു തൂണില്‍ത്തന്നെ നിരവധി ദ്വാരങ്ങള്‍ മാലപോലെ ഉണ്ടാക്കും. ടൈമര്‍ ഉപയോഗിച്ച് മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് സ്‌ഫോടനം . അതിനാല്‍ ആഘാതം വളരെ കുറയുമെന്നാണ് വിലയിരുത്തൽ. പാലത്തിൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോഴുള്ള പ്രകമ്പനത്തേക്കാൾ കുറവായിരിക്കും സ്‌ഫോടനസമയത്തെ പ്രകമ്പനം.

മൂന്ന് ഫ്ളാറ്റുകൾ തകർക്കുന്ന എഡിഫിസ് കമ്പനിക്കു വേണ്ടി 150 കിലോയും ആൽഫ സെറീൻ തകർക്കുന്ന വിജയ് സ്റ്റീൽസിനു വേണ്ടി 500 കിലോയും എമൽഷൻ സ്ഫോടക വസ്തുക്കളാണ് നാഗ്പുരിൽനിന്ന് എത്തിച്ചിട്ടുള്ളത്. എഡിഫിസിന്റേത് അങ്കമാലി മഞ്ഞപ്രയിലും വിജയ് സ്റ്റീൽസിന്റേത് മൂവാറ്റുപുഴയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. എഡിഫിസിനായി 13,500 മീ. ഡിറ്റണേറ്റിങ് ഫ്യൂസും (സ്ഫോടകവസ്തുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന വയർ) എന്നിവ എത്തിച്ചു.

എച്ച്2ഒ ഹോളി ഫെയ്ത്ത്

സ്ഫോടനങ്ങളിൽ ഏറ്റവും സങ്കീർണമായത് ഇവിടെയാണെന്നാണ് വിലയിരുത്തൽ. തേവര – കുണ്ടന്നൂർ പാലം, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ് ലൈൻ, തൊട്ടടുത്ത് വീടുകള്‍ എന്നിവയാണ് വെല്ലുവിളി. കെട്ടിടത്തിന്റെ ഗ്രൗണ്ട്, 1, 3, 5, 11, 16 നിലകളിൽ ആയിരിക്കും സ്ഫോടനം നടക്കുക. 10,000 ടണ്ണിലേറെ ഭാരമുള്ള കെട്ടിടം 11 സെക്കൻഡിനുള്ളിൽ പൂർണമായും നിലംപതിക്കും. 36 ഡിഗ്രി ചരിഞ്ഞ്‌ മുൻവശത്തേക്കാണ്‌ ഫ്ലാറ്റ്‌ വീഴ്‌ത്തുന്നത്‌. 19 നിലയുള്ള ഫ്ലാറ്റിന്‌ 50 മീറ്ററിലധികം ഉയരമുണ്ട്‌. 90 അപ്പാർട്ടുമെന്റുകളാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌.

 • പതിനെട്ട് നില രണ്ട് നിലയിൽ പാർക്കിങ്ങ്
 • 1,471 തുളകളിലായി 187.5 കിലോ സ്ഫോടകവസ്തു
 • ചിലവ്- 64 ലക്ഷം
 • മാലിന്യങ്ങൾ 21,450 ‍ടൺ
 • എജൻസി- എഡിഫൈസ് എ‍ൻജിനീയറിങ്ങ്.

ആൽഫ സെറീൻ- (2020 ജനുവരി 11 രാവിലെ 11.30)

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സമീപവാസികളുടെ ശക്തമായ എതിർപ്പ് നിലനിൽക്കുന്നത് ഇവിടെയാണ്. പൊളിക്കൽ നടപടികളുടെ ഭാഗമായി സമീപത്തെ 18 വീടുകളിൽ ഇതിനകം വിള്ളൽ വീണെന്ന് ആരോപിച്ചാണ് എതിർപ്പ്. എന്നാൽ നടപടികൾ മുന്നോട്ട് പോവുകതന്നെയാണ് അധികൃതർ. ജനുവരി 11നു 11.30നാണ് ഇവിടെ സ്ഫോടനം നടക്കുക. ഗ്രൗണ്ട്, 1, 2, 5, 7, 9, 11, 14 നിലകളിലാണ് ഈ കെട്ടിടത്തിൽ സ്ഫോടനം നടക്കുക.

 • 17 നിലകളുള്ള രണ്ട് ടവറുകള്‍-
 • സ്ഫോടനത്തിന് വേണ്ടത് 400 കിലോ സ്ഫോടക വസ്ത.
 • മാലിന്യം 21,400 ടൺ.
 • ചിലവ് 61 ലക്ഷം.
 • എജൻസി- വിജയ് സ്റ്റീൽസ് ആൻഡ് എക്സ്പ്ലോസീവ്സ്

ജെയിൻ കോറൽ കോവ് ( ജനുവരി 12- രാവിലെ 11)

സ്ഫോടനത്തിനു ഇതിനോടകം പൂർണ സജ്ജമാണ് ജെയിൻ കോറൽ കോവ്. ഗ്രൗണ്ട്, 1, 2, 8, 14 നിലകളിലായിരിക്കും പ്രധാന സ്ഫോടനങ്ങൾ നടത്തുക.

 • 16 നിലകളുടെ രണ്ട് ടവറുകൾ.
 • 2,660 തുളകളിലായി സ്ഥാപിക്കുക 312.5 കിലോ സ്ഫോക വസ്തുക്കൾ
 • മാലിന്യം 26,400 ടൺ
 • ചിലവ് 86 ലക്ഷം

ഗോൾഡൻ കായലോരം (ജനുവരി 12 ഉച്ചയ്ക്ക് 2)

പൊളിക്കുന്നതിൽ ഏറ്റവും ചെറിയ ഫ്ലാറ്റ് സമുച്ചയമാണ് ഗോൾഡൻ കായലോരം. ഗ്രൗണ്ട്, 1, 2, 7, 13 നിലകളിൽ സ്ഫോടനങ്ങൾ നടത്തുക.

 • ചിലവ് 21 ലക്ഷം.
 • 17 നിലകള്‍, 960 തുളകളിലായി 125 കിലോ സ്ഫോടക വസ്തുക്കൾ.
 • 7,100 ടൺ മാലിന്യം.

സുരക്ഷാ ക്രമീകരണങ്ങൾ?‌

സ്ഫോടനം നടക്കുന്ന സമയം പരിസരത്തുനിന്ന്‌ 290 കുടുംബങ്ങളെ ഒഴിപ്പിക്കും. നിയന്ത്രിത സ്ഫോടനം നടത്തുന്ന സമയത്ത് 10 മിനിറ്റ് നേരത്തേക്കു മാത്രമായിരിക്കും പ്രദേശത്ത് ഗതാഗത നിയന്ത്രണം ഉണ്ടാവുക. കുണ്ടന്നൂർ– തേവര പാലത്തിൽ സ്ഫോടന സമയത്തു മാത്രം ഗതാഗത നിയന്ത്രണം. കൊച്ചി ബൈപാസിൽ ഗതാഗത നിയന്ത്രണമില്ല.

പൊളിക്കുന്നതിനുള്ള ചെലവ്

2 കോടി രൂപയിൽ താഴെയാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ പ്രതീക്ഷിക്കുന്ന ചെലവ്. അതേസമയം, പൊളിച്ച അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ഇതിൽ ഉൾപ്പെടില്ല. അതിനു പ്രത്യേക ടെൻഡർ വിളിക്കും.

മലിനീകരണം- മാലിന്യം

ഫ്ലാറ്റുകളിൽ സ്ഫോടനം നടക്കുന്നതിന് പിന്നാലെ പ്രദേശത്തിന് 50 മീറ്റർ ചുറ്റളവിൽ പൊടി പടലങ്ങൾ വ്യാപിക്കുമെന്നാണ് കണക്ക്. ഇത് അഞ്ച് മിനിറ്റിനുള്ളിൽ അടങ്ങും.

ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ കെട്ടിട മാലിന്യങ്ങൾ തള്ളാൻ ആറേക്കർ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. അരുരിന് സമീപം ചന്ദിരൂരാണ് ഈ സ്ഥലമുള്ളത്. ഇവിടെ എത്തിക്കുന്ന മാലിന്യങ്ങൾ പിന്നീട് റോഡ് നിർമാണത്തിന് ഉപയോഗിക്കാനാണ് പദ്ധതിയെന്നും നഗരസഭാ അധികൃതർ പറയുന്നു.

അവസാന ഒരുക്കം- വിശദമായ പദ്ധതി

ഫ്ലാറ്റുകൾ പൊളിക്കുന്നത് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇതിനായി വിശദമായ പദ്ധതി തയ്യാറാക്കിയെന്ന് സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ അറിയിച്ചു. സമയക്രമത്തിൽ ഉൾപ്പെടെ ചെറിയ മാറ്റം ഉണ്ടാകുമെന്നാണ് അറിയിപ്പ്. അഞ്ച് മിനിറ്റിന്റെ ഇടവേളയിലായിരിക്കും രണ്ട് ആദ്യ രണ്ട് ഫ്ലാറ്റകൾ പൊളിക്കുക. 11 രാവിലെ 11 ന് എച്ച്ടുഒ ഫ്ലാറ്റും, ആൽഫ സെറിൻ‌ 11.05നും പൊളിക്കുക.

  • ഫ്ലാറ്റ് പൊളിക്കുന്നത് മുന്നോടിയായ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും.
  • ഒരോ ഫ്ലാറ്റിന് സമീപവും 500 ൽ അധികം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കും.
  • ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെങ്കിലും അഞ്ച് മിനിറ്റ് മുമ്പ് മാത്രമായിരിക്കും വാഹനങ്ങൾ വഴി തിരിച്ച് വിടുക.
  • സമീപത്തെ വീടുകളിൽ ആളുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും സ്ഫോടനം.

Next Story

Related Stories