TopTop
Begin typing your search above and press return to search.

EXPLAINER: ആദ്യം ഇളവുകൾ, പിന്നെ നിരക്ക് കൂട്ടൽ, മൊബൈൽ കമ്പനികളുടെ നടപടി വിപണിയിൽ മത്സരം ഇല്ലാതാകുന്നതിന്റെ സൂചന

EXPLAINER: ആദ്യം ഇളവുകൾ, പിന്നെ നിരക്ക് കൂട്ടൽ, മൊബൈൽ കമ്പനികളുടെ നടപടി വിപണിയിൽ മത്സരം ഇല്ലാതാകുന്നതിന്റെ സൂചന

വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വൊഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും 42 ശതമാനം മൊബൈല്‍ കോള്‍ ഡാറ്റ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന് പിന്നാലെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണക്കുകള്‍ കാണിക്കുന്ന റിലയന്‍സ് ജിയോയും 40 ശതമാനം നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നു. സമീപകാലത്തൊന്നും ഇത്തരത്തിൽ ഒരു വർധന എല്ലാ ടെലികോം കമ്പനികളും ഒരേസമയം വരുത്തിയിരുന്നില്ല. ടെലിംകോം കമ്പനികളിൽ പലതും ലയിപ്പിക്കപ്പെടുകയും വിപണിയിലെ മൽസരം പ്രധാനമായും രണ്ടോ മൂന്നോ കമ്പനികൾക്കിടയിൽ പരിമിതപെടുകയും ചെയ്തതിന് ശേഷമാണ് നിരക്ക് വർധനയെന്നത് കൊണ്ട് തന്നെ ഇത് ഉപഭോക്താക്കളെ കാര്യമായി ബാധിക്കും.

ആഗോളവത്കരണത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന വിപണിയിലെ മത്സരം ഇന്ത്യന്‍ ടെലികോം രംഗത്ത് ഏറെക്കുറെ അപ്രസക്തമാവുകയാണ് 2016ല്‍ റിലയന്‍സ് ജിയോയുടെ വരവോടെ സംഭവിച്ചത്. പുതിയൊരു സ്വകാര്യ കമ്പനി കൂടി വിപണി മത്സരത്തിലേയ്ക്ക് വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സുഗമമാകുന്ന അവസ്ഥക്ക് വിരുദ്ധമായ നിലയിലേയ്ക്കാണ് കാര്യങ്ങൾ പിന്നീട് മാറിയത്.

ലൈസന്‍സ് ഫീയിലും ഉയര്‍ന്ന നികുതിയിലും പിടിച്ചുനില്‍ക്കാനാകാതെ ഇന്ത്യ വിടാന്‍ ആലോചിക്കുന്നതായാണ് വൊഡാഫോണ്‍ സിഇഒ നിക്ക് റീഡ് പറയുന്നുത്. ഇതുവരെ ഫോര്‍ജി സ്‌പെക്ട്രം ഇല്ലാത്ത പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ മോശം സേവനങ്ങള്‍ കൊണ്ട് ഉപഭോക്താക്കളില്‍ നിന്ന് അകലുകയും അടച്ചുപൂട്ടലിന്റേയും സ്വകാര്യവത്കരണത്തിന്റേയോ അരികില്‍ നില്‍ക്കുന്നു. കുറഞ്ഞ തുകയ്ക്ക് വോയ്‌സ് കോളുകളും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാകുന്ന നില ഇല്ലാതാകുന്നു. മറ്റ് ഓപ്പറേറ്റര്‍ നെറ്റ് വര്‍ക്കുകളിലേയ്ക്കുള്ള കോളുകള്‍ ജിയോ നേരത്തെ സൗജന്യമല്ലാതാക്കിയിട്ടുണ്ട്. അണ്‍ ലിമിറ്റഡ് സൗജന്യം ജിയോ ടു ജിയോക്ക് മാത്രം. ബാക്കിയെല്ലാം മിനുട്ടിന് ആറ് പൈസ. ഇതില്‍ നിന്ന് വ്യത്യസ്തമായ എല്ലാ കോളുകള്‍ക്കും അണ്‍ലിമിറ്റഡ് സൗജന്യം നല്‍കിയിരുന്ന വൊഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും നാളെ മുതല്‍ മറ്റ് സര്‍വീസുകളിലേയ്ക്കുള്ള കോളുകള്‍ക്ക് ആറ് പൈസ ഈടാക്കും.

ലോകത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോണ്‍ ഐഡിയ സെല്ലുലാറിനെ വാങ്ങി ഒറ്റ കമ്പനിയാക്കിയിട്ടും 50,000 കോടിയില്‍ പരം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 20,000 കോടി രൂപയ്ക്ക് മുകളില്‍ നഷ്ടത്തിലാണ്. റിലയന്‍സ് ജിയോയുടെ വരവ് എങ്ങനെയാണ് മറ്റ് സ്വകാര്യ ടെലികോം കമ്പനികളുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുന്നത് എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

കോൾ ഡാറ്റ നിരക്കുകൾ കൂട്ടുന്നതിന് ന്യായീകരണവുമായി വൊഡാഫോൺ ഐഡിയയും എയർടെല്ലും പറയുന്നത്

ലൈസൻസ് ഫീയും ഉയർന്ന നികുതിയും ഈടാക്കാനുള്ള ടെലികോം വകുപ്പിൻ്റെ തീരുമാനം അംഗീകരിച്ച ഒക്ടോബർ 24ലെ സുപ്രീം കോടതി വിധി വൊഡാഫോണിന് വലിയ തിരിച്ചടിയായി. ഇത് തങ്ങൾക്ക് 2019 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.9 ബില്യണ്‍ യൂറോയുടെ (ഏതാണ്ട് 15,000 കോടിക്കടുത്ത് ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടാക്കുന്നതായി വൊഡാഫോണ്‍ പറയുന്നു. 44,150 കോടി രൂപയുടെ ബാധ്യതയാണ് കോടതി വിധി ഉണ്ടാക്കിയിരിക്കുന്നത്. 25,680 കോടി രൂപയുടെ അധിക ബാധ്യത. സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ വൊഡാഫോണ്‍ ഐഡിയ 50,922 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ ഇന്ത്യയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല എന്നും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായും വൊഡാഫോണ്‍ സിഇഒ നിക്ക് റീഡ് പറഞ്ഞിരുന്നു.

ജിയോയുമായുള്ള വിപണി മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണ് 2018ല്‍ ഐഡിയ സെല്ലുലാറിനെ വൊഡാഫോണ്‍ വാങ്ങിയത്. രണ്ട് കമ്പനികളും ചേര്‍ന്ന് വൊഡാഫോണ്‍ ഐഡിയ ആയി മാറിയിട്ടും 30 കോടി ഉപഭോക്താക്കളേ കമ്പനിക്കുള്ളൂ. വിപണിയുടെ 20 ശതമാനം ഓഹരി മൂല്യം. ഇതിന് പുറമെ ഏര്‍പ്പെടുത്തിയ അധിക നികുതിയാണ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുന്നത് എന്ന് വൊഡാഫോണ്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായിരുന്ന ഭാരതി എയർടെൽ 23,045 കോടി രൂപയുടെ നഷ്ടത്തിലാണ്. കമ്പനി ആകെ 1.17 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലാണ് എന്നാണ് വൊഡാഫോണ്‍ ഐഡിയ പറയുന്നത്. വൊഡാഫോൺ ഐഡിയയും എയർടെല്ലും കൂട്ടിയാൽ അത് ഇന്ത്യൻ മൊബൈൽ ഉപഭോക്താക്കളുടെ 90 ശതമാനം വരും. 118 കോടി മൊബൈൽ ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. എയർടെല്ലിന് 35,586 കോടി രൂപയുടെ ബാധ്യതയുണ്ട്. ഇതിൽ 21682 കോടി രൂപ ലൈസൻസ് ഫീയാണ്. 13,904 കോടി രൂപ സ്പെക്ട്രം യൂസേജ് ചാർജ്ജ് (എസ് യു സി). ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിഐഎല്ലിൻ്റെ സ്റ്റോക്ക് ക്ലോസ് ചെയ്തത് 3.17 ശതമാനത്തിൽ. എയർടെല്ലിൻ്റേത് 1.28 ശതമാനം.

ടെലികോം കമ്പനികളെ സഹായിക്കുന്നതിനും കോൾ, ഡാറ്റ നിരക്കുകൾ വർദ്ധിക്കാതെ നിയന്ത്രിക്കുന്നതിനും കേന്ദ്ര സർക്കാർ നടത്തിയ ഇടപെടലുകൾ

81,000 കോടി രൂപയിലധികം വരുന്ന സ്പെക്ട്രം യൂസേജ് കുടിശിക തുക അടക്കാൻ രണ്ട് വർഷത്തെ സമയം കേന്ദ്ര സർക്കാർ കമ്പനിക്ക് അനുവദിച്ചു. എന്നാൽ 1.47 ലക്ഷം കോടി രൂപയുടെ സ്റ്റാറ്റിയൂട്ടറി ഡ്യൂ ഒഴിവാക്കിക്കൊടുക്കണമെന്ന് സിഐഐയും എഫ്‌ഐസിസിഐയും (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ്) കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമനോട് ആവശ്യപ്പെട്ടു.

ജിയോയുടെ വരവിന് ശേഷം മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് സംഭവിച്ചത്

2016 സെപ്റ്റംബർ അഞ്ച് മുതലാണ് ജിയോ ഇന്ത്യൻ വിപണിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയത്. തീരെ ചെറിയ ഡാറ്റ നിരക്കുകളും അൺലിമിറ്റഡ് കോളുകളുമായാണ് ജിയോ വിപണി പിടിച്ചത്. 2ജി, ത്രി ജി, ഫോർജി സ്പെക്ട്രങ്ങൾ ഒന്നുമില്ലാത്ത ജിയോ സാറ്റലൈറ്റ് വഴിയാണ് പ്രവർത്തിക്കുന്നത്. ടവറുകൾ ഉപയോഗിക്കുന്നില്ല. 2 ജി, 3 ജി സേവനങ്ങൾ ജിയോ നൽകുന്നില്ല. പകരം വോയ്സ് ഓവർ ലോംഗ് ടേം എവലൂഷൻ എന്ന vo LTE സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിൻ്റെ പ്രവർത്തനം. ടവറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മറ്റ് സർവീസ് പ്രൊവൈഡേഴ്സിന് നെറ്റ് വർക്ക് കവറേജ് നൽകാൻ കഴിയാത്ത ഇടങ്ങളിലും ജിയോയ്ക്ക് റേഞ്ച് ഉണ്ട്. മറ്റ് കമ്പനികൾ നൽകുന്നതിനേക്കാൾ വേഗതയിലുള്ള ഇൻ്റർനെറ്റും തുടക്കത്തിൽ ജിയോ നൽകിയിരുന്നു.

വിപണിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എയർടെല്ലിനേയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടായിരുന്ന ഐഡിയയേയും വൊഡാഫോണിനേയും ജിയോയുടെ വരവ് സാരമായി ബാധിച്ചു. മറ്റ് സർവീസ് പ്രൊവൈഡറുകളിൽ നിന്ന് ജിയോയിലേയ്ക്ക് ഉപഭോക്താക്കളുടെ വ്യാപകമായ കൊഴിഞ്ഞുപോക്കുണ്ടായി. വിപണി മത്സരത്തിൽ പിടിച്ചുനിൽക്കാനാകാതെ വൊഡാഫോണും ഐഡിയയും ഒറ്റ കമ്പനിയാവുകയും ടാറ്റ ഡോകോമോയെ എയർടെൽ വാങ്ങുകയും ചെയ്തു.

2008ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ എംടിഎസ് ആര്‍ കോമിനെ പോലെ (റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്) സിഡിഎംഎ ടെക്‌നോളജിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2017 ഒക്ടോബറില്‍ എംടിഎസിനെ പൂര്‍ണമായും അനില്‍ അംബാനിയുടെ ആര്‍ കോം വാങ്ങി. എറിക്‌സണുമായുള്ള കേസില്‍ പണം നല്‍കാന്‍ നിര്‍ബന്ധിതരാവുകയും പാപ്പരായി പ്രഖ്യാപിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്ത ആര്‍ കോമിനേയും ഉടമ അനില്‍ അംബാനിയേയും പണം കെട്ടി വച്ച സഹായിച്ചതും അറസ്റ്റില്‍ നിന്ന് ഒഴിവാക്കിയതും സഹോദരനും ജിയോ ഉടമയുമായ മുകേഷ് അംബാനി.

ടാറ്റ ഡോകോമോ, എംടിഎസ് തുടങ്ങിയ ഒട്ടേറെ ഫോണ്‍ സേവന ദാതാക്കാള്‍ വിപണി മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അപ്രത്യക്ഷരായി. പ്രധാന ടെലികോം സേവന ദാതാക്കളില്‍ ഒന്നായിരുന്ന ടാറ്റാ ടെലിസര്‍വീസും ജപ്പാനിലെ ഡോകോമോയും ചേര്‍ന്നുണ്ടായ ടാറ്റ - ഡോകോമോയെ 2017 ഒക്ടോബറില്‍ ഭാരതി എയര്‍ടെല്‍ വാങ്ങി. 2019 ജൂലായില്‍ ഡോകോമോ പൂര്‍ണമായും എയര്‍ടെല്ലിന്റെ ഭാഗമായി ഇല്ലാതായി. വിർജിൻ, യൂണിനോർ, എയർസെൽ തുടങ്ങിയ കമ്പനികളും മറ്റ് കമ്പനികളിൽ ലയിക്കുകയോ പ്രവർത്തനം നിർത്തുകയോ ചെയ്തു. വിപണി പിടിച്ചടക്കിയ ജിയോ, അദർ മൊബൈലുകളിലേയ്ക്കുള്ള അൺലിമിറ്റഡ് കോളുകൾ നിർത്തി. മിനുട്ടിന് ആറ് പൈസ ഈടാക്കാൻ തുടങ്ങി.

ഇങ്ങനെ വിപണി മത്സരം ക്രമേണ കുത്തകവത്കരണത്തിലേക്ക് നീങ്ങുന്നതിനിടെയാണ് മൊബെൽ നിരക്കുകൾ കുത്തനെ കൂട്ടുന്നത്. ഇത് ഇന്ത്യയിലെ മൊബൈൽ മേഖല പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ സൂചനയാണെന്ന് പറയാം. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ സർക്കാറിൻ്റെ തന്നെ നിലപാടുകളിൽ പെട്ട് പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ഘട്ടത്തിൽ ഇത് വലിയ പ്രത്യാഘാതം സാധാരണക്കാർക്ക് ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.


Next Story

Related Stories