TopTop
Begin typing your search above and press return to search.

EXPLAINER: എതിര്‍പ്പോടെ തുടങ്ങി, കെടുകാര്യസ്ഥതയെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍, ഇപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യം; രണ്ട് വര്‍ഷത്തേക്ക് മോദി സര്‍ക്കാര്‍ റദ്ദാക്കിയ എം പി ഫണ്ടിന്റെ കഥ ഇങ്ങനെ

EXPLAINER: എതിര്‍പ്പോടെ തുടങ്ങി, കെടുകാര്യസ്ഥതയെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍, ഇപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യം; രണ്ട് വര്‍ഷത്തേക്ക് മോദി സര്‍ക്കാര്‍ റദ്ദാക്കിയ എം പി ഫണ്ടിന്റെ കഥ ഇങ്ങനെ

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ നടപടികള്‍ ഈയടുത്ത കാലത്ത് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നടപടികളാണ് ഏറെ ചര്‍ച്ചയായതും വിവാദമായതും. രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളം കുറയ്ക്കാനുള്ള തീരുമാനത്തോടൊപ്പം, എംപി ഫണ്ട് രണ്ട് വര്‍ഷത്തെക്ക് നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഈ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുണ്ട്. എല്ലാ വികസന പരിപാടികളും കേന്ദ്ര സര്‍ക്കാരിലേക്ക് കേന്ദ്രീകരിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം. വികേന്ദ്രീകൃത വികസനമില്ലാതാകുമെന്നും ഏകപക്ഷീയമായ നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെതെന്നും വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് എംപി ഫണ്ട് നിലവില്‍വന്നതെന്നും തുടക്കം മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തിപ്പോന്നിട്ടുള്ളതെന്നും പരിശോധിക്കാം. ഏത് സാഹചര്യത്തിലായിരുന്നു എം പി ഫണ്ട് നിലവില്‍ വന്നത്?

നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് എംപി ഫണ്ട് നിലവില്‍ വന്നത്. 1993 ഡിസംബറിലാണ് പദ്ധതി ആരംഭിച്ചത്. പ്രാദേശികമായി ചില വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനെ പിന്തുണയ്ക്കുകയെന്നായിരുന്നു എംപി ഫണ്ടിന്റെ ലക്ഷ്യമായി പറഞ്ഞത്. ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയ കാലമായിരുന്നു അത്. വിവിധ മേഖലകളില്‍നിന്ന് സര്‍ക്കാരുകള്‍ പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ ജനങ്ങളുടെ അതൃപ്തി മറികടക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത് നടപ്പിലാക്കി തുടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എംപി ഫണ്ടിനെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും സ്വാഗതം ചെയ്യുകയായിരുന്നുവോ? വികസന പരിപാടികള്‍ നടപ്പിലാക്കുന്ന ചുമതല എംപിമാര്‍ക്ക് വിട്ടുകൊടുക്കുന്നതിനെതിരെയായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എക്‌സിക്യൂട്ടിവിന്റെ ജോലി ലജിസ്ലേച്ചര്‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്നായിരുന്നു വിമര്‍ശനം. ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് ജനപ്രതിനിധികള്‍ നിയമ നിര്‍മ്മാണം നടത്തുകയും എക്‌സിക്യൂട്ടിവ് നടപ്പിലാക്കുകയുമാണ് വേണ്ടത്. ഇങ്ങനെ എക്‌സിക്യൂട്ടീവ് ലെജിസ്ലേച്ചര്‍, ജൂഡീഷ്യറി എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ഉത്തരവാദിത്ത വിഭജനത്തെ മറികടക്കുന്നതാണ് എംപിമാര്‍ക്ക് നേരിട്ട് ഫണ്ട് കൊടുക്കുന്നതെന്ന വിമര്‍ശനമാണ് ഉന്നയിക്കപ്പെട്ടത്.എം പിമാര്‍ക്ക് പണം കൈമാറുന്നത് വലിയ തോതിലുള്ള അഴിമതിക്കും സ്വജന പക്ഷപാതിത്വത്തിനും ഇടയാക്കുമെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഇതിന്റെ പ്രാധാന്യം പിന്നീടുള്ള വര്‍ഷങ്ങളില്‍ എങ്ങനെയാണ് വര്‍ധിച്ചത്? 1993 ല്‍ മന്‍മോഹന്‍ സിങ് ധനമന്ത്രിയായിരിക്കുമ്പോഴാണ് പദ്ധതി ആരംഭിച്ചത്. അന്ന് ഒരു എം പിയ്ക്ക് ചിലവഴിക്കാവുന്ന തുക അഞ്ച് ലക്ഷം രൂപയായിട്ടാണ് നിജപ്പെടുത്തിയത്. എന്നാല്‍ പിറ്റെ വര്‍ഷം തന്നെ ഇത് ഒരു കോടിയായി വര്‍ധിപ്പിക്കുകയായിരുന്നു. 1998 ല്‍ തുക ഇരട്ടിയാക്കി രണ്ട് കോടിയായി. വാജ്‌പേയിയുടെ കാലത്തായിരുന്നു രണ്ട് കോടി രൂപയാക്കിയത്. പിന്നീട് ഇത് മന്‍മോഹന്‍ സിങ്ങിന്റെഭരണ കാലത്ത് അഞ്ച് കോടിയായും വര്‍ധിപ്പിച്ചു. സ്റ്റാറ്റിസ്റ്റിക്ക്‌സ് ആന്റ് പോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് ഇത് നടപ്പിലാക്കുന്നത്. പണം നേരിട്ട് എംപിമാര്‍ക്ക് കൈമാറുന്നതിന് പകരം ജില്ലാ ഭരണകൂടത്തിന് ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഏകദേശം 4000 കോടി രൂപയോളമാണ് പ്രതിവര്‍ഷം എംപി ഫണ്ടിലേക്ക് കൈമാറുന്നത്. രാജ്യസഭ എം പിമാര്‍ക്ക് സംസ്ഥാനത്ത് ഏതു പ്രദേശത്തും ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം.

പദ്ധതിയുടെ നടത്തിപ്പിനെ സം ബന്ധിച്ച് ഏത് തരത്തിലുള്ള വിലിയിരുത്തലുകളാണ് ഉണ്ടായിട്ടുള്ളത്?

എം പി ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നായിരുന്നു വിമര്‍ശനം. പദ്ധതി തുടങ്ങി 10 വര്‍ഷം ആയപ്പോള്‍ പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടാണ് ഇക്കാര്യത്തില്‍ വലിയ വിമര്‍ശനം നടത്തിയത്. 1993-97, 1997-2000 കാലത്തെ പദ്ധതി നടത്തിപ്പിനെ കുറിച്ച് പഠിച്ച സിഎജി വളരെ മോശമായാണ് പദ്ധതി നടപ്പിലാക്കപ്പെടുന്നതെന്ന് വിലയിരുത്തി. അഴിമതി മാത്രമായിരുന്നില്ല, എംപിമാര്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നില്ലെന്നും മന്ത്രാലയത്തിന്റെ പരിശോധന വേണ്ട രീതിയില്‍ നടപ്പിലാകുന്നില്ലെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് സി എ ജി ഉന്നയിച്ചത്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങല്‍ നിലനില്‍ക്കുന്നതിനിടെയാണ് എം പി ഫണ്ട് അഞ്ച് കോടിയാക്കി വര്‍ധിപ്പിച്ചത്.

ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ പിന്നീട് എന്താണ് സംഭവിച്ചത്? വര്‍ഷങ്ങള്‍ കഴിയുന്തോറും ഫണ്ട് വിനിയോഗം വലിയ തോതില്‍ വര്‍ധിച്ചു. എംപിമാരുടെ പ്രകടനത്തിന്റെ മുഖ്യ പ്രചാരണ വിഷയമായി പോലും എം പി ഫണ്ട് മാറി. അനുവദിച്ച തുകയെക്കാള്‍ കൂടുതല്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്ന അവസ്ഥ പോലും ഉണ്ടായി. എം പി ഫണ്ട് എന്നത് നിലവിലുളള എംപിക്ക് വീണ്ടും തെരരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന വലിയ പ്രചാരണ വിഷയമാകുകയും ചെയ്തു. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുമ്പോഴാണല്ലോ എംപി ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിയത്. ഇതിനെതിരായ വിമര്‍ശനങ്ങള്‍ എന്തല്ലാമാണ്? പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും തന്നെ എംപി ഫണ്ട് മരവിപ്പിച്ചതിനെ വിമര്‍ശിച്ചിട്ടുണ്ട്. എം പി ഫണ്ട് നിര്‍ത്തലാക്കിയിട്ട് അത് കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് ലയിപ്പിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡിനെ നേരിടുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് ഫണ്ട് ഉപയോഗിക്കുകയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. വികസന പരിപാടികള്‍ നടപ്പിലാക്കാനുള്ള എം പിമാരുടെ അവകാശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. എംപി മാര്‍ എന്തു പരിപാടി നടപ്പിലാക്കണമെന്ന കാര്യത്തില്‍ ഇനി കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാവുന്ന അവസ്ഥയാണെന്നാണ് ശശി തരൂര്‍ എം പി പ്രതികരിച്ചത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനെതിരായ നീക്കമായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിമര്‍ശിക്കപ്പെട്ടു. കോവിഡിനെതിരെ ഫലപ്രദമായ ചെറുത്ത് നില്‍പ്പ് സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലുമാണ് നടക്കുക എന്നിരിക്കെ സവിശേഷമായി ഇടപെടാനുള്ള എംപിമാരുടെ ശേഷിയെ ആണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഇല്ലാതാക്കിയിരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആരോഗ്യമെന്നത് സംസ്ഥാന വിഷയമായിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രദേശിക തലത്തില്‍ ഫണ്ട് എത്തിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു

1993 ല്‍ ആരംഭിച്ച എം പി ഫണ്ട് ഇതോടെ പൂര്‍ണമായി നിന്നുപോകാന്‍ സാധ്യതയുണ്ടോ? രണ്ട് വര്‍ഷത്തേക്ക് പദ്ധതി നിര്‍ത്തിവെയ്ക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. തുടക്ക കാലത്ത് പലരും പദ്ധതിയെക്കുറിച്ച് സംശയം രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ കക്ഷി ഭേദമന്യേ എല്ലാ എംപിമാരും അത് വേണമെന്ന ആവശ്യക്കാരാണ്. അവരുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്ന പ്രധാന സംഗതിയും ഇതായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കുക സര്‍ക്കാരിന് എളുപ്പമാകില്ല


Next Story

Related Stories