TopTop

EXPLAINER: ഹിന്ദുത്വ വാദികള്‍ എതിര്‍ത്ത നെഹ്‌റു-ലിയാഖത്ത് കരാറിനെ മോദിയും ഷായും ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്തുകൊണ്ട്? ചരിത്രവസ്തുതകള്‍ ഇതാണ്

EXPLAINER: ഹിന്ദുത്വ വാദികള്‍ എതിര്‍ത്ത നെഹ്‌റു-ലിയാഖത്ത് കരാറിനെ മോദിയും ഷായും ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്തുകൊണ്ട്? ചരിത്രവസ്തുതകള്‍ ഇതാണ്

പൗരത്വ നിയമം ഭേദഗതി ചെയ്തിനെ തുടര്‍ന്ന് ഉണ്ടായതും ഇപ്പോഴും തുടരുന്നതുമായ വാദ പ്രതിവാദങ്ങളില്‍ ബിജെപി നേതൃത്വം സ്ഥിരമായി പറയുന്ന കാര്യമാണ് നെഹ്‌റുവും പാകിസ്താന്റെ അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാനുമായുണ്ടാക്കിയ കരാര്‍. ആഭ്യന്തര മന്ത്രി അമിത് ഷായാണ് പൗരത്വ നിയമത്തെ നെഹ്‌റു ലിയാഖത്ത് കരാറുമായി ആദ്യം ബന്ധപ്പെടുത്തി സംസാരിച്ചത്. നെഹ്‌റു ലിയാഖത്ത് അലി ഖാനുമായുണ്ടാക്കിയ കരാര്‍ പാലിക്കാന്‍ പാകിസതാന്‍ തയ്യാറായില്ലെന്നും അതിന്റെ കൂടി പാശ്ചാത്തലത്തിലാണ് പൗരത്വ നിയമം ഭേദഗതിചെയ്‌തെന്നുമാണ് അമിത് ഷാ പറഞ്ഞത്. പിന്നീട് ബിജെപി നേതാക്കള്‍ ഇതേ വാദം പലതവണ ആവര്‍ത്തിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേൽ നടന്ന ചർച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയും ഇതുതന്നെ ആവര്‍ത്തിച്ചു. കരാറിലെ വ്യവസ്ഥകളുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയെന്നു ഇവര്‍ പറയുന്നു. എന്തുകൊണ്ടാണ് ഈ കരാറിനെ കുറിച്ച് ഇപ്പോള്‍ ബിജെപി നേതൃത്വം പറഞ്ഞുകൊണ്ടെയിരിക്കുന്നത്? എങ്ങനെയാണ് നെഹ്‌റു ലിയാഖത്ത് അലിഖാന്‍ കരാര്‍ ഉണ്ടായത്

എങ്ങനെയാണ് നെഹ്‌റു ലിയാഖത്ത് കരാര്‍ നിലവില്‍ വന്നത്.
1950 ഏപ്രില്‍ 18 നാണ് ഇന്ത്യയിലെയും പാകിസ്താനിലെയും പ്രധാനമന്ത്രിമാര്‍ കരാറില്‍ ഒപ്പുവെയ്ക്കുന്നത്. ഇതിനെ ഡല്‍ഹി കരാര്‍ എന്നും വിളിക്കുന്നു. ഇരു രാജ്യങ്ങളിലേയും മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നതാണ് ഈ കരാര്‍. വിഭജനത്തിന് ശേഷമുണ്ടായ അഭയാര്‍ത്ഥി പ്രവാഹവും കലാപവുമാണ് ഈയൊരു കരാറിന്റെ പാശ്ചാത്തലം. പാകിസ്താനിലുള്ള കിഴക്കന്‍ ബംഗാളിലും ഇന്ത്യയിലുള്ള പശ്ചിമ ബംഗാളിലും നടന്ന വര്‍ഗീയ കലാപം രൂക്ഷമായി തുടരുകയായിരുന്നു. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടത്. പഞ്ചാബ് വിഭജിച്ചപ്പോഴുള്ളതില്‍നിന്ന് വ്യത്യസ്തമായ സാഹചര്യമായിരുന്നു ബംഗാളില്‍. പഞ്ചാബില്‍ വിഭജനത്തിന് ശേഷം ജനങ്ങള്‍ ഇരു രാജ്യങ്ങളിലേക്കും മാറിയെങ്കിലും ബംഗാളില്‍ അത്തരമൊരു സാഹചര്യമുണ്ടായിരുന്നിില്ല. ആളുകള്‍ പരസ്പരം മാറുന്നത് നിയന്ത്രിക്കുന്നതിന് അന്ന് ഇരു രാജ്യങ്ങളും 1948 ല്‍ ധാരണയിലെത്തി. അതിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ ബോര്‍ഡുകള്‍ രൂപികരിക്കുമെന്നുമായിരുന്നു ധാരണ. നിയോഗി ഗുലാം മുഹമ്മദ് കരാര്‍ എന്നാണ് ഇത് അറിയപ്പെട്ടത്. എന്നാല്‍ കരാറില്‍ തുടര്‍ നടപടിയുണ്ടാകുന്നതിന് മുമ്പ് വലിയ തോതിലുള്ള വര്‍ഗീയ കലാപം പൊട്ടിപുറപ്പെട്ടു. കിഴക്കന്‍ ബംഗാളിലായിരുന്നു വലിയ കലാപം. ഇതോടെ അഭയാര്‍ത്ഥി പ്രവാഹവും തുടങ്ങി.
കിഴക്കന്‍ ബംഗാളില്‍ ആക്രമണം നേരിടുന്ന ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. ഒരു ഘട്ടത്തില്‍ സൈനിക നടപടിയെക്കുറിച്ച് നെഹ്‌റു ആലോചിച്ചിരുന്നുവെന്ന് പോലും ചില ചരിത്രകാരന്മാര്‍ എഴുതുന്നുണ്ട്. ശ്രീനാഥ് രാഘവന്റെ വാര്‍ ആന്റ് പീസ് ഇന്‍ മോഡേണ്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാകിസ്താനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഇന്ത്യ, അമേരിക്കയോടും ബ്രിട്ടനോടും ആവശ്യപ്പെടുകയും ചെയ്തു. നടപടിയെടുക്കാന്‍ നെഹ്‌റുവിനുമേല്‍ വലിയ സമ്മര്‍ദ്ദമായിരുന്നു. ഹിന്ദു മഹാസഭ നേതാക്കള് മാത്രമല്ല, ചില കോണ്‍ഗ്രസ് നേതാക്കളും സൈനിക ഇടപെടല്‍ നടത്തണമെന്ന അഭിപ്രായക്കാരായിരുന്നു. പ്രത്യേകിച്ച് ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍.
ഇങ്ങനെ സമ്മര്‍ദ്ദം ശക്തമായ ഘട്ടത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ ഇന്ത്യയിലെത്തുന്നതും ന്യൂനപക്ഷ സംരക്ഷണത്തിനുള്ള നടപടികള്‍ എടുക്കാമെന്ന് ഉറപ്പുവരുത്തുന്ന കരാറില്‍ ഒപ്പുവെയ്ക്കുന്നതും. ഇതാണ് ഇപ്പോള്‍ ബിജെപി നേതാക്കള്‍ ഉദ്ധരിക്കുന്ന നെഹ്‌റു ലിയാഖത്ത് കരാര്‍.
മോദിയും അമിതാഷായും രാഷ്ട്രീയ ഗുരുവായി കാണുന്ന ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നിലപാട് ഇക്കാര്യത്തില്‍ എന്തായിരുന്നു
സ്വാഭാവികമായും ഇന്ത്യ സൈനികമായി പാകിസ്താനില്‍ ഇടപെടണമെന്ന നിലപാടിലായിരുന്നു ശ്യാമ പ്രസാദ് മുഖര്‍ജി. സര്‍ദാര്‍ പട്ടേലിനെ പോലുള്ള നേതാക്കള്‍ കരാറിനെ അനുകൂലിച്ചെങ്കിലും ശ്യാമ പ്രസാദ് മുഖര്‍ജി അതിനെ എതിര്‍ത്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആ കരാര്‍ ഇന്ത്യ അനാവിശ്യമായ ചില വാഗ്ദാനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നതിന് തുല്യമായിരുന്നു. കരാറില്‍ പ്രതിഷേധിക്കുക മാത്രമല്ല, അദ്ദേഹം സര്‍ക്കാരില്‍നിന്ന് രാജിവെയ്ക്കുകയും ചെയ്തു. കിഴക്കന്‍ ബംഗാളിലെ ഹിന്ദുക്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ കരാര്‍ പ്രാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൈമാറ്റം ചെയ്യാനും സൈനിക ഇടപെടല്‍ നടത്താനുമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. പാകിസ്താന്റെ ഒരു ഭാഗം സൈനിക നടപടിയിലൂടെ ഇന്ത്യയുടെ ഭാഗമാക്കാനുള്ള നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു! അതിലും തീര്‍ന്നില്ല, ഇന്ത്യയിലുള്ള മുസ്ലീങ്ങളെ പാകിസ്താനിലേക്ക് ബലം പ്രയോഗിച്ച് മാറ്റണമെന്നു പോലും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ മതേതര നിലപാടുകള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
കരാര്‍ കൊണ്ട് പ്രയോജനം ഉണ്ടായോ
കരാര്‍ നിലവില്‍ വന്ന ഉടന്‍ തന്നെ കൊല്‍ക്കത്തയില്‍ ആക്രമണം അവസാനിച്ചു. ഇന്ത്യയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം അവസാനിച്ചു. അതേസമയം മതരാഷ്ട്രമായ പാകിസ്താന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തില്‍ പിന്നീട് ആത്മാര്‍ത്ഥത കാണിച്ചുമില്ല. ഇത് പിന്നീട് ബംഗ്ലാദേശിന്റെ രൂപികരണത്തിലേക്കും നയിച്ചു.
നെഹ്‌റുവിനെ മോദി ഉദ്ധരിച്ചത് ശരിയായ രീതിയിലാണോ
ഇന്നലെ പാര്‍ലമെന്റിലാണ് നെഹ്‌റുവിനെ പോലൊരാള്‍ വര്‍ഗീയവാദിയായതുകൊണ്ടാണോ പാകിസ്താനിലെ ന്യുനപക്ഷങ്ങളെക്കുറിച്ച് പറഞ്ഞതെന്നായിരുന്നു കോണ്‍ഗ്രസ് ബഞ്ചിനെ നോക്കി പ്രധാനമന്ത്രി ചോദിച്ചത്. നെഹ്‌റു ലിയാഖത്ത് അലി ഖാന്‍ കരാറിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് ഈ ചോദ്യമെന്നായിരുന്നു മോദിയുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ കരാറിലെ ഒരു ഭാഗം വിട്ടുകളഞ്ഞാണ് മോദി പ്രസംഗിച്ചത്. ' ഏത് മതവിഭാഗത്തില്‍പ്പെട്ടവരായാലും ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയും പാകിസ്താനും എല്ലാ പൗരത്വ അവകാശങ്ങളും നല്‍കും' ഇതായിരുന്നു കരാറിലുണ്ടായിരുന്നത്. എന്നാല്‍ മോദി പറഞ്ഞപ്പോള്‍ ഏത് മതവിഭാഗത്തില്‍പ്പെട്ടവരായാലും എന്ന് വാക്ക് ഒഴിവാക്കിയാണ് സംസാരിച്ചത്. കരാരില്‍ ന്യൂനപക്ഷങ്ങള്‍ അവരുടെ പ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ക്ക് സ്വന്തം സര്‍ക്കാരുകളെയാണ് അഭിമുഖീകരിക്കേണ്ടതെന്നും കരാറിലുണ്ട്. ഇതും മറച്ചുവെച്ചായിരുന്നു മോദിയുടെ പ്രസംഗം.


Next Story

Related Stories