TopTop
Begin typing your search above and press return to search.

'രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പിഎം കെയേഴ്‌സിനും വിദേശ പണം ആകാം, സന്നദ്ധ സംഘടനകള്‍ക്ക് മാത്രം നിയന്ത്രണമെന്തിന്?' നിയമ ഭേദഗതി എതിര്‍ക്കപെടാനുള്ള കാരണങ്ങൾ

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പിഎം കെയേഴ്‌സിനും വിദേശ പണം ആകാം, സന്നദ്ധ സംഘടനകള്‍ക്ക് മാത്രം നിയന്ത്രണമെന്തിന്? നിയമ ഭേദഗതി എതിര്‍ക്കപെടാനുള്ള കാരണങ്ങൾ

കോവിഡ് കാലത്തെ പാര്‍ലമെന്റ് സമ്മേളനം വിവാദങ്ങളായ നിയമ നിര്‍മ്മാണങ്ങള്‍ക്കുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഏറെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്ക് ശേഷം തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള ബില്ല് അവതരിപ്പിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് വിദേശ സംഭാവന നിയന്ത്രണ ബില്ലുകള്‍ അവതരിപ്പിക്കപ്പെടുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് നിയമ ഭേദഗതിയെതന്നാണ് ഈ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

കേന്ദ്ര ധനകാര്യ സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഞായാറാഴ്ച ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ അമെന്റ്‌മെന്റ് ബില്‍ (2020) അവതരിപ്പിച്ചത്. ഈ നിയമ ഭേദഗതിയില്‍ സന്നദ്ധ സംഘടനകളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നാണ് ആരോപണം. രാജ്യത്തെ സന്നദ്ധ സംഘടനകളെ നിയന്ത്രിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആക്ഷേപിക്കപ്പെടുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വിദേശ പണം സ്വീകരിക്കുന്നതില്‍ വലിയ നിയന്ത്രണങ്ങളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇത് വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക

പുതിയ ഭേദഗതി അനുസരിച്ച് പൊതുപ്രവര്‍ത്തകര്‍(Public servants) യാതൊരു തരത്തിലുമുളള വിദേശ സഹായവും സ്വീകരിക്കാന്‍ പാടില്ല. ഇതിന് പുറമെ ഒരു സന്നദ്ധ സംഘടനയും ആ സംഘടനയുടെ ഭരണപരമായ പ്രവര്‍ത്തനത്തിന്റെ 20 ശതമാനം മാത്രമെ വിദേശ പണമായി സ്വീകരിക്കാവു. നിലവില്‍ 50 ശതമാനം വരെ തുക ഈ ആവശ്യങ്ങൾക്ക് സ്വീകരിക്കാന്‍ കഴിയും.

സംഘടനയുടെ എല്ലാ ഭാരവാഹികള്‍ക്കും ആധാര്‍ കാര്‍ഡ് പുതിയ ഭേദഗതിയോടെ നിര്‍ബന്ധമാക്കി. ഭാരവാഹികള്‍ക്ക് ആധാര്‍ കാര്‍ഡോടുകൂടിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രെമെ വ്യവസ്ഥകള്‍ക്ക് വിധേയമായി വിദേശ സഹായം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ

ഇതിനെല്ലാം പുറമെ സര്‍ക്കാരിന് ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഏത് സമയത്തും അന്വേഷണം നടത്താനും ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കണ്ടാല്‍ അന്വേഷണത്തിന് ഉത്തരവിടാനും അതുവരെ വിദേശ സഹായം കൈപ്പറ്റരുതെന്ന് നിര്‍ദ്ദേശിക്കാനും സാധിക്കും. അതുവരെ ലഭിച്ച എന്നാല്‍ ഉപയോഗിക്കാതിരുന്ന ഫണ്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകളും പുതിയ ഭേദഗതിയില്‍ ഉണ്ട്. ഒരു സംഘടനയ്ക്ക് കിട്ടിയ പണം മറ്റൊരു സംഘടനയ്ക്ക് നല്‍കുന്നതിനെയും പുതിയ നിർ‌ദ്ദേശം എതിര്‍ക്കുന്നു

ഈ വ്യവസ്ഥകൾ എല്ലാം സർക്കാരിനെ എതിര്‍ക്കുന്ന സംഘടനകളെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും ആരോപിക്കുന്നത്. സര്‍ക്കാരിനെ എതിര്‍ക്കുന്ന സംഘടനകളെ ലക്ഷ്യമിട്ടുള്ള, എല്ലാതരത്തിലുളള എതിര്‍പ്പും ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറയുന്നത്. സര്‍ക്കാരില്‍ അമിതമായി അധികാരം കേന്ദ്രീകരിക്കുന്നതിനാണ് ഇത് ഇടയാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സ്വാതന്ത്ര്യം തീര്‍ത്തും ഇല്ലാതാക്കുന്ന നിബന്ധനകളാണ് പുതിയ നിയമത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളതെന്നാണ് വിമര്‍ശനം. പുതിയ ഭേദഗതി പൗര സമൂഹത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിരാജ് പട്‌നായ്ക് പറഞ്ഞു. ഈ നിയമം നടപ്പിലായല്‍ നിരവധി എന്‍ ജി ഒകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പി എം കെയേഴ്‌സിലേക്കും വിദേശ പണം വാങ്ങാമെന്നിരിക്കെ എന്തുകൊണ്ടാണ് സന്നദ്ധ സംഘടനകള്‍ക്ക് ഇതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം, ബിജെപിയെ എതിര്‍ക്കുന്ന വിവിധ സംഘടനകളുടെ പ്രവര്‍ത്തനത്തിനെതിരെ നടപടികള്‍ സ്വീകരിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംങിന്റെ ലോയേഴ്‌സ് കലക്ടീവ്, ടീസ്റ്റാ സെതല്‍വാദിന്റെ സബ് രംഗ് ട്രസ്റ്റ് എന്നിവയ്‌ക്കെതിരെ സര്‍ക്കാര്‍ നീങ്ങിയിരുന്നു. നിയമ ഭേദഗതി നടപ്പിലാകുന്നതോടെ ഇത്തരം നീക്കങ്ങള്‍ കൂടുതലാകുമെന്നും അതിന് ഇരകളാകുക സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരായിരിക്കുമെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.


Next Story

Related Stories