TopTop

EXPLAINER: സിഎജി റിപ്പോർട്ട് പിണറായി വിജയനും ലോക്നാഥ് ബെഹ്റയ്ക്കും വിശദീകരിക്കാൻ ഏറെയുണ്ട്

EXPLAINER: സിഎജി റിപ്പോർട്ട്  പിണറായി വിജയനും ലോക്നാഥ് ബെഹ്റയ്ക്കും വിശദീകരിക്കാൻ ഏറെയുണ്ട്

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോലാഹലം ഉയര്‍ത്തിക്കൊണ്ടാണ് ഇന്നലെ സിഎജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. അക്കൗണ്ടന്റ് ജനറൽ പൊലീസ് മേധാവിയെന്ന പേരെടുത്ത് പറഞ്ഞുകൊണ്ട് നടത്തിയ വാര്‍ത്ത സമ്മേളനം കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയ ചര്‍ച്ച വിഷയമാകുകയാണ്. നിരവധി ക്രമക്കേടുകള്‍ ആണ് പൊലീസുമായി ബന്ധപ്പെട്ട് സിഎജി കണ്ടെത്തിയിരിക്കുന്നത്. ഈ ആരോപണങ്ങളെ പതിവു രീതിയില്‍ നേരിട്ടാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാടാണ് ഇന്നലെ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍നിന്ന് തെളിഞ്ഞത്. പതിവു നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്താണ് സിഎജി റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ പറയുന്നത്.
പൊലീസിനെതിരെ ഒരു കണ്ടെത്തല്‍ അല്ല സിഎജിയുടെ ഭാഗത്തുനിന്നുണ്ടാത്. യഥാര്‍ത്ഥത്തില്‍ പൊലീസ് ഭരണ സംവിധാനത്തില്‍ പലതും ചീഞ്ഞ് നാറുന്നുണ്ട് എന്ന് സംശയിപ്പിക്കാവുന്ന കാര്യങ്ങളാണ് ഇതുവഴി പുറത്തുവന്നത്. ഇതില്‍ മുഖ്യമായത് ആയുധങ്ങള്‍ കാണാനില്ലാതെന്നതും ഇക്കാര്യം അറിഞ്ഞതിന് ശേഷം അത് മൂടിവെയ്ക്കാനുള്ള ശ്രമം നടത്തിയെന്നതുമാണ്. പിന്നീടുള്ളത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിയുന്നതിന് പണം വകമാറ്റിയതുമായി ബന്ധപ്പെട്ടാണ്. എഡിജിപി മുകളിലുള്ളവര്‍ക്ക് ആഡംബര വാഹനങ്ങള്‍ വാങ്ങിയതിനെയും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
എന്താണ് ഈ ആയുധം കാണാതായ സംഭവം?
സംസ്ഥാന പൊലീസിന്റെ 25 റൈഫിളുകളും 12,061 വെടിയുണ്ടകളും കാണാതായെന്നാണ് സിഎജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സ്പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനിലുണ്ടായിരുന്ന 5.56 ഇന്‍സാസ് വിഭാഗത്തിലുണ്ടായിരുന്ന റൈഫിളുകളാണ് കാണാതായത്. ഇതിന് പുറമെ ഒമ്പത് എംഎം ഡ്രില്‍ വിഭാഗത്തില്‍ പെട്ട 12311 വെടിയുണ്ടകളും കാണാതായി. ഇക്കാര്യം അറിഞ്ഞിതിന് ശേഷം തിരകളുടെ കുറവ് നികത്താന്‍ കൃത്രിമത്വം കാണിച്ചുവെന്നതാണ് മറ്റൊരു കണ്ടെത്തൽ. കാണാതായവയ്ക്ക് പകരം ഡമ്മികള്‍ സൂക്ഷിച്ചുവെച്ചുവെന്നും സിഎജി റിപ്പോര്‍ട്ട് കണ്ടെത്തുന്നു.
2018 ഒക്ടോബര്‍ 16 നാണ് സിഎജി തിരുവനന്തപുരത്തെ സ്‌പെഷല്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ പരിശോധന നടത്തുന്നത്. എസ് എ പി അസി. കമാന്ററുമായുള്ള സംയുക്ത പരിശോധനയിലാണ് ആയുധങ്ങള്‍ നഷ്ടപ്പെട്ട കാര്യം കണ്ടെത്തുന്നത്. ഇതിന് മുമ്പ് തന്നെ സ്‌പെഷല്‍ ആംഡ് ബറ്റാലിയനിലെ സ്റ്റോക്ക് റജിസ്റ്ററില്‍ ക്രമക്കേട് സിഎജി കണ്ടെത്തിയിരുന്നു. ഒരു വിശദീകരണവും നല്‍കാതെ റജിസ്റ്ററില്‍ ഒട്ടേറെ തിരുത്തലുകളും മാറ്റങ്ങളും വരുത്തിയതായാണ് സി എ ജി കണ്ടെത്തിയത്. . തിരുത്തലുകൾ നടത്തിയത് ആരാണെന്നത് സംബന്ധിച്ച് പോലും രേഖപ്പെടുത്തിയിരുന്നില്ല. എന്നുമാത്രമല്ല, അവിടുത്തെ ആയുധങ്ങളെ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന്റെ രേഖകളും ലഭ്യമായിരുന്നില്ല. പിന്നീട് നടന്ന പരിശോധനയിലാണ് സുരക്ഷ ഭീഷണി ഉണ്ടാക്കുന്ന തരത്തില്‍ ആയുധങ്ങള്‍ നഷ്ടമായതായി കണ്ടെത്തിയത്.
വെടിയുണ്ടകള്‍ കാണാതായെന്ന് മാത്രമല്ല, സിഎജിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഡമ്മി വെടിയുണ്ടകളും പകരം വെച്ചിരുന്നതായും സിഎജി കണ്ടെത്തി. 250 എണ്ണം 9 എം എം ഡ്രില്‍ കാട്രിജുകൾക്ക് പകരമാണ് ഇത്തരത്തില്‍ ഡമ്മികള്‍ സൂക്ഷിച്ച് പരിശോധന വിഭാഗത്തെ കബളിപ്പിക്കാന്‍ തീരുമാനിച്ചത്.
സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങളെ സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എല്ലാ ആഴ്ചയും പരിശോധിക്കുകയും ആയുധങ്ങളുടെ എണ്ണം കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം. ബറ്റാലിയന്‍ കമാന്റര്‍ മാസത്തിലൊരിക്കലും പൊലീസ് സുപ്രണ്ടുമാര്‍ ആറുമാസത്തിലൊരിക്കലും ഇത് സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കണമെന്നാണ് ഇതു സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ
ഗുരുതരമായ ഈ സ്ഥിതി വിശേഷത്തിന്റെ പശ്ചാത്തലത്തില്‍ എന്താണ് സിഎജിയുടെ നിര്‍ദ്ദേശം
സുരക്ഷ ഭീഷണി ഉണ്ടാക്കുന്ന സംഗതികളാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് അതിവേഗം അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് സി എ ജി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത് .
ഫണ്ട് വകമാറ്റിയതിനെ സംബന്ധിച്ച കണ്ടെത്തൽ എന്താണ്?
എസ് ഐ, എഎസ്‌ഐ ക്വട്ടേഴ്‌സിനുള്ള 2.91 കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. ഈ പണം പൊലീസിലെ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിയുന്നതിന് വേണ്ടി ഉപയോഗിച്ചു. തിരുവനന്തപുരത്ത് വഴുതക്കാടാണ് ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി വില്ലകള്‍ നിര്‍മ്മിച്ചത്. ഇങ്ങനെ ഫണ്ട് മാറി ചെലവഴിച്ച തുകയില്‍നിന്ന് പണിത വില്ലയിലാണ് ഇപ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ താമസിക്കുന്നത്. നാല് വില്ലകളാണ് ഫണ്ട് മാറ്റിയെടുത്ത് നിര്‍മ്മിച്ചത്.
പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട് മറ്റെന്ത് ആരോപണമാണുള്ളത്?
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താമസത്തിനും യാത്രയ്ക്കും വന്‍ തുക ചിലവിടുന്നുവെന്ന ആരോപണമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച വില്ല നിര്‍മ്മാണത്തിന് പുറമെ, വണ്ടികള്‍ വാങ്ങിയതും സിഎജി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഒരു വണ്ടി പോലുമില്ലാത്ത അഞ്ച് പൊലീസ് സ്റ്റേഷനുകള്‍ ഉണ്ട്. ഇതിനിടിയിലാണ് ഒരു തരത്തിലുള്ള നടപടിക്രമങ്ങളും പാലിക്കാതെ, ടെന്റര്‍ വിളിക്കാതെ ആഡംബര വാഹനങ്ങള്‍ വാങ്ങിയതായി കണ്ടെത്തിയത്. ഇതിന് പുറമെ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും പൊലിസ് അധികാരികള്‍ വാങ്ങിയെന്നും സിഎജി കണ്ടെത്തുന്നു. ഇതിന് സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പ്രതികൂട്ടിലാക്കുന്ന ആരോപണങ്ങളാണ്.
സര്‍ക്കാരിനെ ഏത് തരത്തിലാവും ഇത് ബാധിക്കുക.
സംസ്ഥാന സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കുന്നതാണ് സിഎജിയുടെ കണ്ടെത്തലുകള്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റെ ഉത്തരം പറയേണ്ട കാര്യങ്ങളാണെന്ന പ്രത്യക്ഷത്തില്‍ പറയാമെങ്കിലും ആഭ്യന്തര വകുപ്പിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ല. ലഘുലേഖകള്‍ സൂക്ഷിച്ചതിന് യുഎപിഎ ചുമത്തുന്നതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി തന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ പക്കല്‍നിന്നും ആയുധങ്ങള്‍ കാണാതായതിനെതക്കുറിച്ചും എന്ത് തരത്തിലുള്ള അന്വേഷണമാണ് പൊലീസ് മേധാവികള്‍ക്കെതിരെ നടത്തുകയെന്ന ചോദ്യം ഇതിനകം തന്നെ ചിലര്‍ ഉന്നയിച്ചുകഴിഞ്ഞു. എന്‍ഐഎ അന്വേഷിക്കേണ്ട കേസാണെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.
എന്താണ് പൊലീസിന്റെയും മുഖ്യമന്ത്രിയുടെയു്ം നിലപാട്.
മുഖ്യമന്ത്രി സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ഗൗരവത്തോടെ കാണുമെന്ന സൂചനയല്ല നല്‍കിയത്. മറിച്ച് സിഎജി റിപ്പോര്‍ട്ടുകളോട് സാധാരണയുള്ള നടപടിക്രമങ്ങള്‍ പാലിച്ചുപോകുമെന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അത്തരത്തില്‍ ഒരു സമീപനം മതിയോ എന്നത് സംബന്ധിച്ച് വിമര്‍ശനങ്ങള്‍ വരും ദിവസങ്ങളില്‍ ഉയരും. റിപ്പോര്‍ട്ടില്‍ പറയുന്ന ആക്ഷേപങ്ങള്‍ക്ക് നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മറുപടി നല്‍കുമെന്ന നിലപാടാണ് പൊലീസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി എന്ത് നിലപാട് എടുക്കും
അത് വ്യക്തമല്ല. അതേ സമയം ഈ സർക്കാരിനെതിരെ ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉയർന്നുവന്നത് ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെയാണ്. ഒരു ഘട്ടത്തിൽ പോലും പൊലീസിനെതിരെ ശക്തമായ വിമർശനത്തിന് മുഖ്യമന്ത്രി തയ്യാറായിട്ടില്ല. പൊലീസിൻ്റെ മേൽ രാഷ്ട്രീയ നിയന്ത്രണം തീരെ ഇല്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ അവർക്ക് തോന്നിയത് പോലെ പ്രവർത്തിക്കുയാണെന്നുമുള്ള ആരോപണങ്ങളാണ് ഇടത് പക്ഷത്തുനിന്നുതന്നെ ഉണ്ടായിട്ടുള്ളത്. ഈ ആരോപണങ്ങൾ ഇതോടെ ശക്തമാകും. എന്നാൽ പൊലീസ് മേധാവിയിൽ വലിയ വിശ്വാസം സൂക്ഷിക്കുന്ന മുഖ്യമന്ത്രി സിഎജി റിപ്പോർട്ടിലെ പരാമർശത്തിൻെറ പേരിൽ ആ നിലപാടിൽനിന്നും മാറി സഞ്ചരിക്കുമെന്ന് കരുതുക വയ്യ. അതേ സമയം സിഎജി കണ്ടെത്തലുകൾ മുഖ്യമന്ത്രിക്ക് രാഷ്ട്രീയമായി വിശദീകരിക്കാതിരിക്കാനും കഴിയില്ല. എസ് എൻ സി ലാവ്ലിനുശേഷം മറ്റൊരു സിഎജി റിപ്പോർട്ട് പിണറായി വിജയന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.


Next Story

Related Stories