TopTop
Begin typing your search above and press return to search.

കോവിഡിനെ ആര് അതിജീവിക്കും? വിവിധ രാജ്യങ്ങളുടെ ഉത്തേജക പാക്കേജുകള്‍ നല്‍കുന്ന സൂചനകള്‍

കോവിഡിനെ ആര് അതിജീവിക്കും? വിവിധ രാജ്യങ്ങളുടെ ഉത്തേജക പാക്കേജുകള്‍ നല്‍കുന്ന സൂചനകള്‍


2020ൽ ആഗോള മൊത്ത ഉൽപ്പാദനം 5.2 ശതമാനത്തോളം ചുരുങ്ങുമെന്നാണ് ഐഎംഎഫ് (അന്താരാഷ്ട്ര നാണയനിധി) കണക്കാക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സംഭവിച്ച മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും കൊടിയ സാമ്പത്തിക പ്രതിസന്ധിയാണ് ലോകം നേരിടാൻ പോകുന്നത്. കമ്പനികൾ ഇതിനകം തന്നെ പാപ്പരത്തത്തിലേക്ക് വീഴുന്നതിന്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. എണ്ണവില ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലേക്ക് താഴ്ന്നിരിക്കുന്നു. നേരത്തെ തന്നെ സാമ്പത്തികമാന്ദ്യം നിലനിന്നിരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ കൂടുതൽ രൂക്ഷമായ പ്രശ്നത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. പ്രശ്നങ്ങളുടെ മൂലകാരണത്തെ ലളിതമായി ഇങ്ങനെ വിശദീകരിക്കാം: ലോകത്തിലെ എല്ലാ സാമ്പത്തിക വ്യവഹാരങ്ങളും മാന്ദ്യത്തിലായിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തെ ലോകം അപൂർവമായേ നേരിട്ടിട്ടുള്ളൂ.
ലോകത്തെമ്പാടും ജനങ്ങളുടെ സാമ്പത്തികവിശ്വാസം തകർന്നിരിക്കുകയാണ്. സാധനങ്ങൾ വാങ്ങാനായി കടകളിലേക്ക് ചെല്ലുന്നവരുടെ എണ്ണം കുറഞ്ഞു. കോവിഡ് പകകരുമെന്ന ഭീതിയെക്കാൾ ഭാവിയിലെ വരുമാനം സംബന്ധിച്ചുള്ള ഭീതിയാണ് ജനങ്ങളെ ബാധിച്ചിരിക്കുന്നത്. കച്ചവടത്തിൽ ലോകത്താകമാനം 13 മുതൽ 32 വരെ ശതമാനം ഇടിവുണ്ടാകുമെന്നാണ് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ വിലയിരുത്തുന്നത്.

യുഎസ് സാമ്പത്തികവ്യവസ്ഥ ഈ വർഷം അവസാനത്തോടെ 5.9 ശതമാനത്തിന്റെ ഇടിവിനെയാണ് നേരിടേണ്ടി വരികയെന്ന് ഐഎംഎഫ് കണക്കുകൂട്ടുന്നു. ജപ്പാൻ 5.2 ശതമാനവും യുകെ 6.5 ശതമാനവും ജർമനി 7 ശതമാനവും ഇടിയും. കോവിഡ് രോഗബാധ ഏതാണ്ട് താറുമാറിലാക്കിയ ഇറ്റലിയുടെ സാമ്പത്തികവ്യവസ്ഥ ഈ വർഷാവസാനത്തോടെ 9.1 ശതമാനത്തിന്റെ ഇടിവിനെ നേരിടേണ്ടി വരും. കർശനമായ ലോക്ക്ഡൌൺ രീതികളിലൂടെ കോവിഡിനെ പിടിച്ചുകെട്ടിയ ചൈനയും 2020ന്റെ ആദ്യ സാമ്പത്തികപാദത്തിൽ 36 ശതമാനം കണ്ടാണ് ഇടിഞ്ഞത്.

എല്ലാത്തരം യാത്രകളിന്മേലും നിയന്ത്രണങ്ങൾ വന്നതോടെ എണ്ണമേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചത്. എണ്ണയുടെ 60 ശതമാനം ഡിമാൻഡും വരുന്നത് ഗതാഗത മേഖലയിൽ നിന്നാണ്. വിമാനങ്ങൾ വലിയൊരു പങ്കും റദ്ദാക്കപ്പെട്ട നിലയിലാണ് ഇപ്പോഴുമുള്ളത്. ടൂറിസം യാത്രകളും ഏതാണ്ട് ഇല്ലാത്ത നിലയാണ്.

കോവിഡ് കാലത്ത് പ്രകൃതിവാതക ആവശ്യത്തിനും ഇടിവുണ്ടായി. ഫാക്ടറികൾ അടഞ്ഞു കിടന്നതോടെ ലോഹങ്ങൾക്കുള്ള ഡിമാൻഡ് ഇടിഞ്ഞു. കയറ്റുമതികളും ഇറക്കുമതികളും തടയപ്പെട്ടതോടെ ഭക്ഷ്യസുരക്ഷാപരമായ ആശങ്കകൾ വർധിച്ചു. 2020ഓടെ ഭക്ഷ്യവിലകളിൽ 2.6 ശതമാനം ഇടിവ് വരുമെന്നാണ് ഐഎംഎഫ് കണക്കുകൂട്ടുന്നത്.

എഫ്ടിഎസ്ഇ, ഡോ ജോൺസ്, നിക്കീ തുടങ്ങിയ ഓഹരിവിപണി ഇൻഡക്സുകൾ കാണിച്ചത് കഴിഞ്ഞ മൂന്ന് ദശകത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ്. ഇതോടെ സർക്കാരുകൾ ദ്രുതഗതിയിൽ ഇടപെടൽ നടത്തി. ഇന്ററസ്റ്റ് റേറ്റ് കുറച്ചും മറ്റും നടത്തിയ നീക്കം താൽക്കാലികമായ പിടിച്ചു നിൽക്കലിന് വഴിയൊരുക്കി. ലോകത്തെമ്പാടും തൊഴിൽ മേഖലയിലുണ്ടായ ഇടിവാണ് കോവിഡ് മഹാമാരി കൊണ്ടുവന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. ലോകത്തിലെ വൻശക്തികളടക്കം എല്ലാ രാജ്യങ്ങളും വലിയ തോതിലുള്ള തൊഴിൽനഷ്ടത്തെ നേരിടുകയാണ്. യുകെയിൽ 19 ശതമാനം തൊഴിലാളികളെ സ്ഥാപനങ്ങൾ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജർമനിയിൽ ഇത് 23 ശതമാനമാണ്. ഇറ്റലിയിൽ 29 ശതമാനം തൊഴിലാളികൾ അവധിയിലാണ്. ഫ്രാൻസിൽ ഇത് 41 ശതമാനമാണ്.

ലോകം നേരിടുന്നതെങ്ങനെ?

സാമ്പത്തിക ഉത്തേജകങ്ങൾ കൊണ്ടുവരിക എന്നതാണ് പൊതുവിൽ സ്വീകരിക്കപ്പെട്ടിരിക്കുന്ന നയം. ഇതോടൊപ്പം ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകൾ ഇന്ററസ്റ്റ് റേറ്റുകൾ അപൂർവമായ അളവിൽ കുറച്ചു കൊണ്ടുവരികയുമുണ്ടായി. കടമെടുക്കലിന്റെ റിസ്ക് പരമാവധി കുറച്ചു കൊണ്ടുവന്ന് ജനങ്ങൾക്കും ചെലവിടലിനുള്ള ആത്മവിശ്വാസം കൂട്ടുകയെന്നതാണ് ഈ നയം. ഇത് വലിയൊരു പരിധിവരെ ഗുണം ചെയ്തുവെങ്കിലും കോവിഡ് രണ്ടാംതരംഗത്തിന്റെ കെടുതികൾ അവസാനിക്കുന്നതുവരെ അതീവജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ടെന്ന അഭിപ്രായമാണ് ചില സാമ്പത്തികവിദഗ്ധർക്കുള്ളത്. വിപണിയെ പണമിറക്കി ഉത്തേജിപ്പിച്ചെടുക്കാൻ വൻ പദ്ധതികളാണ് സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഡിപിയുടെ 21 ശതമാനം ഇങ്ങനെ ചെലവിടാനാണ് ജപ്പാൻ തീരുമാനിച്ചിരിക്കുന്നത്. യുഎസ്സും കുറഞ്ഞതല്ലാത്ത മുതൽമുടക്ക് നടത്തുന്നു. ജിഡിപിയുടെ 13 ശതമാനം ചെലവിടും. ഇന്ത്യ 10 ശതമാനം ചെലവാക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ ഈ ചെലവൊന്നും കോവിഡ് നൽകാൻ പോകുന്ന മാരകമായ പ്രഹരത്തെ തടയാൻ പോന്നതല്ലെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. പ്രതിസന്ധി ദീർഘകാലം നിലനിൽക്കുമെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കാലത്തെ മുതലാളിത്തവും മാർക്സിസവും

സാമ്പത്തികവ്യവഹാരങ്ങൾ നിലച്ചുവെന്നതിന് ജനങ്ങളുടെ ക്രയവിക്രയം നിലച്ചുവെന്നതിനൊപ്പം പുതിയ മൂല്യങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ തൊഴിൽപ്രവർത്തനങ്ങൾ എന്നും അർത്ഥമുണ്ട്. മുതലാളിത്തത്തിന് ഇതൊരു പരീക്ഷണഘട്ടമാണെന്ന് ചൂണ്ടിക്കാണിക്കുന്നവർ ഈ വസ്തുതയ്ക്കു കൂടി അടിവരയിട്ട് കാണിക്കാൻ ശ്രമിക്കുന്നുണ്ട്. മുൻ കാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി, മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിലേക്ക് ഒട്ടുമുക്കാലും മാറിക്കഴിഞ്ഞ ലോകത്തെയാണ് കോവിഡ് മഹാമാരി ബാധിച്ചിരിക്കുന്നത്. മുതലാളിത്തത്തിന് ഇതൊരു പരീക്ഷണഘട്ടമാണെന്ന വാദത്തെ ഖണ്ഡിക്കേണ്ട ആവശ്യകത വരുന്നില്ല. തൊഴിലാളികൾ പണിക്കിറങ്ങാതായതോടെ മുതലാളിത്ത വ്യവസ്ഥയുടെ പ്രവർത്തനങ്ങൾ നിലച്ചുപോയത് കണ്ടുവോ എന്നാണ് മാർക്സിസ്റ്റ് സാമ്പത്തികശാസ്ത്ര പക്ഷക്കാർ ചോദിക്കുന്നത്.

സാമ്പത്തികമാന്ദ്യത്തിന്റെ കാരണമായി ആരും തൊഴിൽനഷ്ടത്തെ കാണുന്നില്ല എന്ന മൌലികമായ പ്രശ്നമാണ് ഇടത് സാമ്പത്തികവിദഗ്ധർ പറയുക. കോർപ്പറേറ്റ് മാധ്യമങ്ങൾ തൊഴിൽനഷ്ടത്തെ സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായാണ് ആഘോഷിച്ചു കൊണ്ടിരിക്കുന്നത്.

ചുരുക്കത്തിൽ രണ്ട് സാമ്പത്തികശാസ്ത്ര പദ്ധതികൾ തമ്മിലുള്ള ഉരസലിന്റെ വേദിയായും കോവിഡ് സാമ്പത്തികപ്രതിസന്ധിയുടെ കാലം മാറിയിരിക്കുന്നു. മുതലാളിത്തമാണ് പ്രതിസ്ഥാനത്ത് എന്നതിനാൽത്തന്നെ യുഎസ് സാമ്പത്തിക വ്യവസ്ഥ എങ്ങനെയാണ് കോവിഡ് കാലത്തെ നേരിടുന്നത് എന്നത് ആരിലും ആകാംക്ഷയുണ്ടാക്കുന്നുമുണ്ട്.

യുഎസ്സും കോവിഡും

യുഎസ്സിലെ തൊഴിലില്ലായ്മാ നിരക്കിൽ വൻ ഇടിവാണ് കോവിഡ് കാലത്തുണ്ടായത്. ഒരാഴ്ചയ്ക്കിടെ 5.245 ദശലക്ഷം പേർ പുതുതായി തൊഴിലില്ലായ്മാ ഇൻഷൂറൻസിന് അപേക്ഷിച്ചതായി ഏപ്രിൽ മാസത്തിൽ ലേബർ ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് ചെയ്തു. മാർച്ച് മാസത്തോടെ ആകെ 36 ദശലക്ഷം പേർ തൊ
ഴി
ലില്ലായ്മാ ആനുകൂല്യങ്ങൾക്കായി സർക്കാരിനെ സമീപിച്ചു. മഹാമാന്ദ്യത്തിനു ശേഷം രാജ്യം തൊഴിലിന്റെ കാര്യത്തിൽ കൈവരിച്ച എല്ലാ നേട്ടങ്ങളും ഒലിച്ചുപോകുന്ന സ്ഥിതിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. വിപണി തുറന്നാലും ഇവർക്കെല്ലാം തൊഴിൽ തിരിച്ചുകിട്ടണമെന്നില്ലെന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ കമ്പനികൾ തൊഴിലാളികളെ പുതുതായി എടുക്കുന്നതിന്റെ വേഗത വളരെ കുറവായിരിക്കുമെന്നാണ് ഐഎംഎഫിന്റെ 'വേൾഡ് ഔട്ട്‍ലുക്ക് റിപ്പോർട്ട് 2020' പറയുന്നത്. ഉൽപാദനത്തിന് വേണ്ടത്ര ഡിമാൻഡുണ്ടാകുമോയെന്ന സംശയം ശക്തമായി നിലനിൽക്കുകയാണ് വ്യവസായലോകത്ത്. ഇക്കാരണത്താൽ തന്നെ കാര്യമായ റിക്രൂട്ട്മെന്റുകളിലേക്ക് അവർ പോകില്ല.

പ്രതിവാര തൊഴിലില്ലായ്മാ നിരക്ക് വർധിക്കുകയും, വ്യാവസായികോൽപാദനം, ചില്ലറ വിൽപന തുടങ്ങിയവയിൽ ഇടിവ് സംഭവിക്കുകയും ചെയ്തതോടെ അസാധാരണമായ നടപടികളിലേക്ക് യുഎസ് സർക്കാർ നീങ്ങി. സാമ്പത്തികവ്യവസ്ഥ ഒരു ദുരന്തത്തിലേക്ക് പതിക്കാതിരിക്കാനുള്ള അടിയന്തിരനീക്കങ്ങളാണ് ഫെഡറൽ റിസർവ് ബാങ്ക് നടത്തിയത്. സർക്കാർ ഇടപെട്ട് വൻതോതിൽ കോർപ്പറേറ്റ് ബോണ്ടുകളും സെക്യൂരിറ്റികളും വാങ്ങിക്കൂട്ടി. സ്വകാര്യ സ്ഥാപനങ്ങൾക്കും സംസ്ഥാന-തദ്ദേശ ഭരണകേന്ദ്രങ്ങൾക്കുമെല്ലാം 3 ട്രില്യൺ ഡോളറിന്റെ സഹായമാണ് യുഎസ് പ്രഖ്യാപിച്ചത്. ഇതിൽ 1 ട്രില്യൺ ഡോളർ സഹായം ലോണുകളായാണ് നൽകുക. ഇതോടൊപ്പം കുടുംബങ്ങൾക്ക് വീണ്ടും നേരിട്ട് പണം നൽകാൻ യുഎസ് സർക്കാർ ആലോചിക്കുകയാണ്. സാമ്പത്തിക വ്യവസ്ഥയുടെ ആത്മവിശ്വാസം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ മാർച്ച് മാസത്തിൽ ഇത്തരമൊരു നീക്കം സർക്കാർ നടത്തിയിരുന്നു.

മാർച്ച് 6ന് യുഎസ് കോൺഗ്രസ് കൊണ്ടുവന്ന 'കൊറോണവൈറസ് പ്രിപ്പയേഡ്നെസ് ആൻഡ് റെസ്പോൺസ് സപ്ലിമെന്റൽ അപ്രോപ്രിയേഷൻസ് ആക്ട് 2020' വഴി അനുവദിക്കപ്പെട്ടത് 8.3 ബില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജാണ്. ഇതിൽ 3 ബില്യൺ ഡോളർ പോകുക വാക്സിൻ വികസന, ആരോഗ്യപരിപാലന പരിപാടികൾക്കാണ്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനി 2.2 ബില്യൺ ഡോളർ അനുവദിച്ചു. സംസ്ഥാനങ്ങളിലെ പ്രാദേശിക ആരോഗ്യപരിപാലന കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുന്നതിനായി 950 ഡോളറും അനുവദിച്ചു.

കോവിഡ് ജനങ്ങളിലുണ്ടാക്കുന്ന പുതിയ സാമ്പത്തിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള പാക്കേജ് മറ്റൊരു ബില്ലിലൂടെയാണ് സർക്കാർ ഉറപ്പാക്കിയത്. രണ്ടാമത്തെ സ്റ്റിമുലസ് പാക്കേജായി അറിയപ്പെടുന്ന 'ഫാമിലീസ് ഫസ്റ്റ് കൊറോണവൈറസ് റെസ്പോൺസ് ആക്ടി'ലൂടെ രോഗബാധിതർക്ക് അടിയന്തിര അവധികൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ കൊണ്ടുവന്നു. അവധിയുടെ കാലയളവിൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കും. ഇതോടൊപ്പം സൌജന്യ ടെസ്റ്റിങ്ങിനുള്ള സാമ്പത്തികവും ഉൾപ്പെട്ടിരുന്നു. ഈ നിയമനിർമാണം ടെസ്റ്റിങ്ങിന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണെന്ന് ഹൌസ് സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കുകയുണ്ടായി.

മൂന്നാമതായി ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഉത്തേജക പദ്ധതി 1.8 ട്രില്യൺ ഡോളറിന്റേതായിരുന്നു. കെയേഴ്സ് ആക്ട് എന്ന പേരിലറിയപ്പെടുന്ന ഈ പാക്കേജ് അതിന്റെ ആദ്യരൂപത്തിൽ സെനറ്റിന്റെ അംഗീകാരം കിട്ടിയില്ല. കോർപ്പറേറ്റ് സിഇഒമാർക്കും അവരുടെ ഉന്നത് ഉദ്യോഗസ്ഥർക്കും വേണ്ടിയല്ല പാക്കേജ് കൊണ്ടുവരേണ്ടതെന്നും അവരുടെ തൊഴിലാളികൾക്കാണെന്നും ഡെമോക്രാറ്റുകൾ നിലപാടെടുത്തു. ഹൌസ് സ്പീക്കർ നാൻസി പെലോസി 2.5 ട്രില്യൺ ഡോളറിന്റെ ഒരു ബില്ല് സ്വന്തമായി കൊണ്ടുവരിക കൂടി ചെയ്തു. ഇതിനു പിന്നാലെ ബില്ലിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തി ട്രംപ് ഭരണകൂടം 2 ട്രില്യൺ ഡോളറിന്റെ മൂന്നാം ഉത്തേജക പാക്കേജ് കൊണ്ടുവന്നു. കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ബില്ലെന്നാണ് ഈ പാക്കേജ് വിശേഷിപ്പിക്കപ്പെടുന്നത്.

സെനറ്റ് മെജോരിറ്റി ലീഡറായ മിച്ച് മക്‍കോണൽ അവതരിപ്പിച്ച ഈ 2 ട്രില്യൺ മൂന്നാം പാക്കേജിൽ (കെയേഴ്സ് ആക്സ്ട്) 500 ബില്യൺ ഡോളർ വലിയ കമ്പനികൾക്കുള്ള വായ്പകൾക്കായാണ് മാറ്റി വെച്ചത്. 350 ബില്യൺ ഡോളർ ചെറിയ ബിസിനസ് സ്ഥാപനങ്ങൾക്കുള്ള വായ്പയകൾക്ക് മാറ്റി വെച്ചു. വ്യക്തികൾക്ക് നേരിട്ട് നൽകാനായി 250 ബില്യൺ ഡോളറും നീക്കിവെച്ചു. വർഷത്തിൽ 75,000 ഡോളറിൽ താഴെ വരുമാനമുണ്ടാക്കുന്ന വ്യക്തികൾക്ക് 1200 ഡോളറിന്റെ ചെക്കുകൾ വീതമാണ് സർക്കാർ നൽകിയത്. തൊഴിലില്ലാത്തവർക്ക് ആഴ്ചയിൽ 600 ഡോളർ വീതം സഹായം നൽകുന്ന പദ്ധതിക്കടക്കം 250 ബില്യൺ ഡോളറിന്റെ അൺഎംപ്ലോയ്മെന്റ് ഇൻഷൂറൻസിനുള്ള ചെലവും ഈ ഉത്തേജക പാക്കേജിൽ നീക്കി വെച്ചിരുന്നു. സംസ്ഥാന, മുനിസിപ്പൽ സർക്കാരുകൾക്ക് 150 ബില്യൺ ഡോളറും, ആശുപത്രികൾക്ക് 130 ബില്യൺ ഡോളറും നീക്കിവെച്ചു. ബില്ല് സെനറ്റ് ഐകകണ്ഠ്യേന പാസ്സാക്കി.

മൂന്നാം പാക്കേജിന് അനുബന്ധമായി മറ്റൊരു ഉത്തേജക പാക്കേജ് കൂടി യുഎസ് സെനറ്റും ഹൌസും പാസ്സാക്കുകയുണ്ടായി. കെയ്ഴ്സ് ആക്ടിലൂടെ നിലവിൽ വന്ന പേബാക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാമിലേക്ക് ഫണ്ട് ചെലുത്തുന്നതായിരുന്നു ഇത്. ആശുപത്രികൾക്ക് 75 ബില്യൺ ഡോളറിന്റെ സഹായം നൽകുന്നതും, ദേശവ്യാപകമായ ടെസ്റ്റിങ്ങുകൾ നടത്തുന്നതുമാണ് ഈ പാക്കേജ് ലക്ഷ്യമിട്ടത്.

രാജ്യത്ത് ജനങ്ങളുടെ ക്രയശേഷി കുറയുന്നതിനാൽ വായ്പകൾ കൊടുത്താലും വാങ്ങാൻ ആളില്ലാതെ വരുന്ന സാഹചര്യമുണ്ടാകുമെന്ന് മുന്നിൽക്കണ്ടുള്ള നയപരമായ നീക്കങ്ങളും യുഎസ് സർക്കാർ നടത്തി. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ ഫെഡറൽ റേറ്റ് കട്ട് പ്രഖ്യാപിക്കപ്പെട്ടു. മാർച്ച് 3നായിരുന്നു ഇത്. മാർച്ച് പതിനഞ്ചിന് വീണ്ടുമൊരു റേറ്റ് കട്ട് നിലവിൽ വന്നു. ഏതാണ്ട് പൂജ്യത്തോടടുത്ത നിലയിൽ. ഇതിനു ശേഷവും സ്റ്റോക്ക് മാർക്കറ്റിലെ വലിയ ഇടിവിനെ പിടിച്ചു നിർത്താനായില്ല. ഓഹരിയുടമകൾ ഭീതിയോടെ വിറ്റഴിക്കൽ തുടർന്നു. ഇത് തടയാൻ സർക്കാരിന് വിൽപനയ്ക്ക് പരിധി വെക്കേണ്ടതായിപ്പോലും വന്നു.

കോവിഡ് ബാധിച്ചവരെ പ്രത്യേകമായി പരിഗണിച്ച് ശമ്പളത്തിൽ നിന്നുള്ള ടാക്സ് പിടിത്തം ഒഴിവാക്കുന്നതും, പെനാൽറ്റികൾ ഒഴിവാക്കുന്നതുമായ ഒരു നയം സ്വീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. ജപ്തി നടപടികൾ പാടില്ലെന്ന നിബന്ധന കൊണ്ടുവന്നു. ഒരു വർഷം വരെ കാത്തു നിൽക്കാനാണ് വായ്പാദാതാക്കളോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടത്. ഇൻഷൂറൻസില്ലാത്ത കോവിഡ് രോഗികളുടെ ചെലവ് കെയ്ഴേസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമുണ്ടായി.

ചൈന

4.5 ട്രില്യൺ ആർഎംബിയുടെ പാക്കേജാണ് ചൈന കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ആദ്യം പ്രഖ്യാപിച്ചത്. ഇതിൽ വലിയൊരളവ് കോവിഡ് രോഗത്തെ പ്രതിരോധിക്കാനുള്ളതു കൂടി ആയിരുന്നു. ഒപ്പം, കോവിഡ് വ്യാപനത്തെ തുടർന്ന് ഏറ്റവുമാദ്യത്തെ ആഘാതമേറ്റ കുടിയേറ്റ തൊഴിലാളികളെ പരിഗണിക്കുന്ന പദ്ധതികളും ഉൾപ്പെട്ടു. ബാങ്കിങ് മേഖലയിലേക്ക് കൂടുതൽ പണമെത്തിക്കാനുള്ള സാമ്പത്തിക നയങ്ങളും സ്വീകരിച്ചു. ഇന്ററസ്റ്റ് നിരക്കുകളും റിവേഴ്സ് റിപ്പോ നിരക്കുകളുമെല്ലാം കുറച്ചതിനൊപ്പം ഒരു സീറോ ഇന്ററസ്റ്റ് വായ്പാ സംവിധാനം പ്രാദേശിക ബാങ്കുകൾക്കായി സർക്കാർ ഫണ്ട് ചെയ്തു. ചെറുകിട, ഇടത്തരം ബിസിനസ്സുകളെ സഹായിക്കാനായി ബാങ്കുകളിലേക്ക് പ്രത്യേക സ്കീമുകൾ കൊണ്ടുവന്നു.

ക്യൂബ

ആരോഗ്യരംഗത്ത് വലിയ മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ള രാജ്യമാണ് ക്യൂബ. ലോകത്തിൽ ഏറ്റവും മികച്ച ഡോക്ടർ-രോഗി അനുപാതമുള്ള രാജ്യം. ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ബാലമരണം തുടങ്ങി ആരോഗ്യ-സാമൂഹിക മികവുകളെല്ലാം കോവിഡ് പ്രതിരോധത്തിൽ ക്യൂബയെ സഹായിച്ചുവെന്നു വേണം പറയാൻ. വ്യാപകമായ നികുതിയിളവുകളും തൊഴിൽ ഉറപ്പാക്കുന്ന നയങ്ങളും പ്രഖ്യാപിച്ചാണ് ക്യൂബ കോവിഡ് പ്രതിസന്ധിയെ നേരിട്ടത്. അതെസമയം ക്യൂബയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ടൂറിസം അമ്പെ തകർന്ന നിലയിലാണ് ഇപ്പോഴുള്ളത്. ടൂറിസ്റ്റുകളുടെ വരവിൽ 30 ശതമാനത്തോളം ഇടിവ് നേരിട്ടു കഴിഞ്ഞു. ഇതിനിടയിൽ കുറെക്കൂടി ലിബറലായ ചില നയങ്ങളുടെ പ്രഖ്യാപനം കൂടി പ്രസിഡണ്ട് മിഗ്വൽ ഡയസ് കാനെലിന്റെ ഭാഗത്തു നിന്നുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളവർധന പ്രഖ്യാപിച്ചു. ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശങ്ങൾ നൽകി. ടൂറിസ്റ്റുകളെ വീണ്ടും സ്വീകരിക്കാമെന്ന നയത്തിലേക്ക് ക്യൂബ എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞദിവസം നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വരുത്തിയതും സാമ്പത്തികവ്യവസ്ഥയെ ചലിപ്പിക്കേണ്ട അടിയന്തിരഘട്ടം വന്നുതുടങ്ങിയതു കൊണ്ടാണ്.

കോവിഡിനു മുമ്പു തന്നെ ക്യൂബ നേരിട്ടിരുന്ന പ്രശ്നങ്ങൾ കൂടുതൽ വഷളായി എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് സാമ്പത്തികശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. വിദേശങ്ങളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് അടക്കമുള്ള പ്രശ്നങ്ങൾ നേരത്തെയുണ്ടായിരുന്നതാണ്. ഇപ്പോൾ കോവിഡിനു പിന്നാലെയുണ്ടായ സാമ്പത്തിക തളർച്ച ഈ പ്രശ്നം വീണ്ടും വഷളാക്കുന്നു.

ക്യൂബൻ കറൻസിയിലേക്ക് യുഎസ് ഡോളറുകൾ മാറ്റുന്നതിന് ഏർപ്പെടുത്തിയിരുന്ന 10 ശതമാനം സർചാർജ് സർക്കാർ നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ ക്യൂബക്കാർക്ക് കൂടുതൽ ക്രയശേഷി കൈവരും. ഇത് ക്യൂബയുടെ കറൻസിയുടെ മൂല്യത്തെ ബാധിക്കുമെങ്കിലും. ഇതോടൊപ്പം രാജ്യത്തെമ്പാടും യുഎസ് ഡോളറിൽ വിനിമയം ചെയ്യാവുന്ന ചില്ലറ വിൽപ്പന ഷോറൂമുകൾ തുറന്നു. ചെറുകിട-ഇടത്തരം സ്വകാര്യ സ്ഥാപനങ്ങൾക്കായി ഒരു പുതിയ നിയമ ചട്ടക്കൂട് പ്രഖ്യാപിച്ചു. ഇങ്ങനെ സ്ഥാപിക്കപ്പെടുന്ന കമ്പനികൾക്ക് അന്തർദ്ദേശീയ വ്യാപാരങ്ങളിൽ ഏർപ്പെടാനുള്ല അനുമതിയും ലഭിക്കും.

വിയറ്റ്നാം

ചൈനയുമായി 1200 കിലോമീറ്റററോളം അതിർത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്നാം. ചൈനയുമായാണ് ഈ രാജ്യത്തിന്റെ വലിയൊരളവ് വ്യാപാരബന്ധങ്ങളും. ഇക്കാരണത്താൽ തന്നെ കോവിഡ് പകർച്ചയെ തടയുകയെന്നത് വലിയൊരു ബാധ്യതയായിരുന്നു. ചൈനയുടെ ജിഡിപി 0.2-1 വരെ ഇടിയുമെന്നാണ് കണക്കുകൂട്ടൽ. ചൈനീസ് വിപണിയിൽ സംഭവിക്കുന്ന ഏതൊരു ഇടിവും വിയറ്റ്നാമിനെയും ബാധിക്കും. ചൈനീസ് ജിഡിപി 1 ശതമാനം ഇടിയുന്നത് വിയറ്റ്നാമിന്റെ സാമ്പത്തികപ്രവർത്തനങ്ങളെ 0.13 ശതമാനം വരെയെങ്കിലും താഴ്ത്തുമെന്ന് ലോകബാങ്ക് തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. ചൈനീസ് തൊഴിലാളികളെ ദീർഘനാളുകൾ വിയറ്റ്നാമിലേക്ക് പ്രവേശിപ്പിക്കാതിരുന്നതും സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കി.

2.6 ബില്യൺ ഡോളറിന്റെ ഒരു സാമ്പത്തിക പാക്കേജ് വിയറ്റ്നാം സർക്കാർ പരിഗണിക്കുന്നുണ്ട്. ചെറുകിട-ഇടത്തരം ബിസിനസ്സുകളെയും ദരിദ്രരായ കുടുംബങ്ങളെയുമെല്ലാമാണ് ഈ പാക്കേജ് ലക്ഷ്യം വെക്കുക. ബിസിനസ്സുകൾക്ക് പുതിയ സാഹചര്യത്തിൽ അനുഗുണമാകുന്ന വിധത്തിൽ ലോണുകളുടെ ഘടന പുനർനിശ്ചയിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുകയാണ്. മെച്യൂരിറ്റി പിരീഡ് അടക്കമുള്ളവയിൽ മാറ്റം വരുത്താൻ ബാങ്കുകൾക്കാകും. കോവിഡ് സാഹചര്യത്തിൽ ബിസിനസ് പ്രതിസന്ധികളിൽ പെട്ടവർക്കായി സർക്കാർ പ്രത്യേകമായി 12.4 ബില്യൺ ക്രഡിറ്റ് പാക്കേജ് കൊണ്ടുവന്നിട്ടുണ്ട്. നികുതി അടയ്ക്കുന്നതിനും, സർക്കാരിലേക്ക് പാട്ടം അടയ്ക്കുന്നതിനുമെല്ലാം സമയം നൽകിയിരിക്കുകയാണ്.

ഇന്ത്യ

ഇക്കഴിഞ്ഞദിവസമാണ് ഇന്ത്യ, കോവിഡ് പകർച്ചയുടെ കാലയളവിലെ മൂന്നാമത്തേതെന്ന് വിളിക്കാവുന്ന സാമ്പത്തിക ഇടപെടൽ പദ്ധതി പ്രഖ്യാപിച്ചത്. മാർച്ച് 26ന് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ആദ്യത്തെ പ്രഖ്യാപനം 1.7 ലക്ഷം കോടി രൂപയുടേതായിരുന്നു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ ഇത്രയും തുക വിനിയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനം. കോവിഡ് മൂലം പ്രതിസന്ധിയിലായവരിൽ അടിയന്തിര സഹായം ആവശ്യമുള്ളവരെ ഉദ്ദേശിച്ചുള്ള പ്രഖ്യാപനമെന്നാണ് ധനമന്ത്രി പറഞ്ഞത്. 80 കോടി ദരിദ്രർക്ക് 5 കിലോ അരിവീതം നൽകുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങൾ ഇതിലുണ്ടായി. നിലവിലുള്ള 5 കിലോയ്ക്ക് പുറമെയായിരുന്നു ഇത്.

പിന്നീട് മെയ് 12നാണ് ഒരു വൻ പാക്കേജിന്റെ പ്രഖ്യാപനം നടന്നത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജായിരുന്നു ഇത്. ഇതിൽ നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പദ്ധതിയും ഉൾപ്പെട്ടു. കൂടുതൽ കമ്പനികൾക്ക് ആനുകൂല്യം കിട്ടുന്ന വിധത്തിൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ നിർവചനം നൽകി ഇതിൽ. കൂടുതൽ ലോണുകൾ വിപണിയിലേക്ക് അനുവദിക്കുന്നതും ടാക്സിളവുകൾ അനുവദിക്കുന്നതുമായിരുന്നു ഈ പ്രഖ്യാപനങ്ങൾ. വൺ നേഷൻ വൺ റേഷൻ കാർഡ് എന്ന നയവും ഇതോടൊപ്പം പ്രഖ്യാപിക്കപ്പെട്ടു. കുടിയേറ്റ തൊഴിലാളികൾക്കിടയിൽ ഭക്ഷ്യ പ്രതിസന്ധി ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. അതെസമയം നിരവധി വിമർശനങ്ങൾ കോവിഡ് പാക്കേജ് പ്രഖ്യാപനത്തിനെതിരെ ഉണ്ടായി. നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന പദ്ധതികളെയെല്ലാം ചേർത്ത് കോവിഡ് പാക്കേജെന്ന തരത്തിൽ അവതരിപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്ന് വിമർശനമുയർന്നു.

യൂറോപ്പ്

2021-27 കാലത്തേക്കായി ഒരു വലിയ ബജറ്റ് പ്രഖ്യാപനം യൂറോപ്യൻ യൂണിയൻ നടത്തുകയുണ്ടായി. 1.824 ട്രില്യൺ യൂറോയുടെ ബജറ്റാണ് കോവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ മുന്നിൽക്കണ്ട് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചത്. 13 ബില്യൺ യൂറോ നിക്ഷേപമായി സമാഹരിച്ചിട്ടുണ്ട്. ഇത് യൂറോപ്യൻ റീജ്യണൽ ഡവലപ്മെന്റ് ഫണ്ട് തുടങ്ങിയ സംവിധാനങ്ങളിലൂടെ കോവിഡ് പ്രത്യാഘാതങ്ങളെ നേരിടാനായി ചെലവഴിക്കും. ദേശീയ, പ്രാദേശിക സമൂഹങ്ങളിലേക്ക് ഈ ഫണ്ട് എത്തുന്ന വിധത്തിലായിരിക്കും പദ്ധതികൾ രൂപീകരിക്കുക. 4.1 ബില്യൺ യൂറോ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്കായി മാത്രം മാറ്റി വെച്ചിട്ടുണ്ട്.

ആരോഗ്യരംഗം, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ, തൊഴിൽവിപണി എന്നിവയാണ് കോവിഡ് മൂലം ഏറ്റവും പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഈ മേഖലകളെ പ്രത്യേകം കേന്ദ്രീകരിച്ചായിരിക്കും പദ്ധതികൾ.

ആഫ്രിക്കൻ നാടുകൾ

ആരോഗ്യമേഖലയിലും വ്യവസായ മേഖലയിലുമെല്ലാം നേരത്തെ തന്നെ നിലനിന്നിരുന്ന പരിതോവസ്ഥകളെ രൂക്ഷമാക്കി എന്നതാണ് കോവിഡ് ആഫ്രിക്കൻ വൻകരയിലുണ്ടാക്കിയ പ്രതിസന്ധി. 2019ൽ ആഫ്രിക്കയുടെ ജിഡിപി വളർച്ച വെറും 3.6 ശതമാനമായിരുന്നു. ഇത് സാമൂഹ്യവളർച്ചയ്ക്കും ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിനും ഒട്ടും പര്യാപ്തമായ വളർച്ചയല്ലെന്ന് സാമ്പത്തികശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഓരോ വർഷവും 29 ദശലക്ഷം യുവാക്കൾ വീതം തൊഴിൽവിപണിയിലെത്തുന്നു. ഇവരിൽ വലിയ വിഭാഗത്തെയും തൃപ്തിപ്പെടുത്താൻ പോന്ന അവസരങ്ങൾ ഈ രാജ്യങ്ങളിലില്ല. ഇപ്പോഴത്തെ വലിയ പ്രതിസന്ധി, ഇക്കാലമത്രയും ബദ്ധപ്പെട്ട് നേടിയ ചെറിയ നേട്ടങ്ങളെയും കോവിഡ് കാലം വാരിക്കൊണ്ടുപോകുമോയെന്നതാണ്.

ആഫ്രിക്കയിലെ മറ്റിടങ്ങളിലെന്ന പോലെ ദക്ഷിണാഫ്രിക്കയും ടാക്സ് ഇളവുകളിലൂടെയും മറ്റ് സാമ്പത്തിക സഹായങ്ങളിലൂടെയുമാണ് പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു ആറ് മാസത്തെ സാമ്പത്തികസഹായം ദക്ഷിണാഫ്രിക്ക പ്രഖ്യാപിക്കുകയുണ്ടായി. കോവിഡ് ബാധ ഏറ്റവും കടുത്ത നിലയിൽ അനുഭവിക്കേണ്ടി വന്ന നൈജീരിയ ആരോഗ്യമേഖലയിലേക്ക് 2.7 മില്യൺ ഡോളർ ഫണ്ട് ചെലുത്തിയതിനു പുറമെ ഇന്ററസ്റ്റ് റേറ്റുകളിൽ ഇളവുകൾ കൊണ്ടുവരികയുമുണ്ടായി.


Next Story

Related Stories