TopTop
Begin typing your search above and press return to search.

EXPLAINER: ജനസംഖ്യ റജിസ്റ്റര്‍ പൗരത്വ റജിസ്റ്ററിന് മുന്നോടിയോ? എന്താണ് സെന്‍സസ്? കണക്കെടുപ്പിലെ കരണംമറിച്ചിലുകള്‍

EXPLAINER: ജനസംഖ്യ റജിസ്റ്റര്‍ പൗരത്വ റജിസ്റ്ററിന് മുന്നോടിയോ? എന്താണ് സെന്‍സസ്? കണക്കെടുപ്പിലെ കരണംമറിച്ചിലുകള്‍

കണക്കെടുപ്പിന് പിന്നിലെ താല്‍പര്യങ്ങളക്കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും ജനകീയ പ്രതിഷേധങ്ങളും നടക്കുന്ന സമയമാണ്. കണക്കെടുപ്പ് ഉള്‍ക്കൊള്ളാനല്ല, മറിച്ച് ചിലരെ ഒഴിവാക്കാനാണെന്നുമുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു. പൗരത്വ നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നാഷണല്‍ റജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ (NRC) രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ നടത്തിയ പ്രസ്താവനയും പിന്നീട് രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന നിലപാടുമാറ്റവുമെല്ലാമാണ് രാജ്യത്തെ ഇപ്പോള്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ഇതിനിടെയാണ് ജനസംഖ്യ റജിസ്റ്റര്‍ നടപടികളും സെന്‍സസും ആരംഭിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അനുമതി നല്‍കിയത്.

വിവിധ കണക്കെടുപ്പുകള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. സെന്‍സസ്, ജനസംഖ്യ റജിസ്റ്റര്‍ എന്നിവ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് നോക്കാം എന്താണ് ജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ടുള്ള വിവാദം പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ഉണ്ടായ വിവാദങ്ങളാണ് ജനസംഖ്യ റജിസ്റ്റര്‍ ( എന്‍പിആര്‍) പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കിയത്. പൗരത്വത്തിന് മതം ആധാരമാക്കുന്ന രീതിയില്‍ കൊണ്ടുവന്ന നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിലപാട് സ്വീകരിക്കുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ പൗരത്വ റജിസ്റ്ററിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ജനസംഖ്യ റജിസ്റ്റര്‍ പൗരത്വ റജിസ്റ്ററിന്റെ മുന്നോടിയായുള്ള നടപടിയാണെന്ന് ആരോപിച്ച് കേരളവും ബംഗാളും ഇതിന്റെ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഇങ്ങനെ വിവാദം പടരുന്നതിനിടിയാണ് ജനസംഖ്യ റജിസ്റ്ററിന് വേണ്ടിയുളള നടപടികള്‍ ശക്തിപ്പെടുത്താന്‍ ഇന്നലെ ( ചൊവ്വാഴ്ച, ഡിസംബര്‍ 24) പ്രഖ്യാപിച്ചത്. 3941 കോടി രൂപ ഇതിനായി നീക്കിവെയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ജനസംഖ്യ റജിസ്റ്റർ എന്നത് പൗരത്വ രജിസ്റ്ററിന് മുന്നോടിയായി നടപ്പിലാക്കുന്നതാണെന്നുമുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്.

ജനസംഖ്യ റജിസ്റ്ററും പൗരത്വ റജിസ്റ്ററും തമ്മില്‍ ബന്ധമുണ്ടോ

ഇക്കാര്യത്തില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞത് ഇവ തമ്മില്‍ ബന്ധമില്ലെന്നാണ്. എന്നുമാത്രമല്ല, ജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ട് കേരളവും ബംഗാളും രാഷ്ട്രീയം കളിക്കരുതെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ റജിസ്റ്ററിനെകുറിച്ച് ആലോചിച്ചിട്ടില്ലെന്നും ജനസംഖ്യ റജിസ്റ്ററിന് ഇതുമായി ബന്ധമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെമ്പാടും പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനരോഷം ഇരമ്പിയപ്പോള്‍ പ്രധാനമന്ത്രിയാണ് പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കുന്നില്ലെന്ന് ആദ്യം തിരുത്തി പറഞ്ഞത്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ പലപ്പോഴായി അമിത് ഷായും മറ്റ് ബിജെപി നേതാക്കളും സ്ഥിരമായി പറഞ്ഞത് പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കുമെന്നാണ്. ആദ്യം പൗരത്വ നിയമ ഭേദഗതിയും പിന്നെ പൗരത്വ റജിസ്റ്ററും നടപ്പിലാക്കുമെന്നാണ് എത്രയോ തവണ അമിത് ഷാ പറഞ്ഞത്. പാര്‍ലമെന്റിലും ഇതേ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2014 ജൂലൈ 23 ന് അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞത്. ജനസംഖ്യ റജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കുമെന്നായിരുന്നു മന്ത്രി അന്ന് പറഞ്ഞത്. പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ മുന്നോടിയായായി തന്നെയാണ് ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതെന്ന സർക്കാർ നിലപാട് ആവർത്തിക്കുകയാണ് മന്ത്രി പിന്നീട് ടി എന്‍ സീമയുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴും ചെയ്തത്.

ഇതെല്ലാം കഴിഞ്ഞ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ നിരവധി സ്ഥലങ്ങളിൽ പൗരത്വ റജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് അമിത് ഷാ ആവര്‍ത്തിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി ഇതിന് മുന്നോടിയായി നടപ്പിലാക്കുമെന്നുമാണ് അമിത ഷാ പറഞ്ഞത്. ബംഗാളിലാണ് അദ്ദേഹം കൂടുതലായി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പ്രക്ഷോഭം ആളിപ്പടര്‍ന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന നിലപാട് ആദ്യം മാറ്റി പറഞ്ഞത്. പിന്നീട് അമിത് ഷായും ഇത് ആവര്‍ത്തിക്കുകയായിരുന്നു. ജനസംഖ്യ റജിസ്റ്റര്‍ പൗരത്വ റജിസ്റ്ററിന്റെ ആദ്യ പടിയാണെന്നും നടപ്പിലാക്കരുതെന്നുമാണ് സിപിഎമ്മും കോണ്‍ഗ്രസും നിലപാടെടുത്തത്.

എന്താണ് ജനസംഖ്യാ റജിസ്റ്റര്‍ ഇന്ത്യയില്‍ താമസക്കാരുടെ പട്ടികയാണ് ജനസംഖ്യ റജിസ്റ്റര്‍. വീടുകള്‍ തോറും നടത്തുന്ന കണക്കെടുപ്പിലൂടെയാണ് ഇത് തയ്യാറാക്കുന്നത്. ഒരു വ്യക്തി ആറുമാസം ഒരിടത്ത് താമസിക്കുകയോ താമസിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്ന ആളാണ് അവിടുത്തെ താമസക്കാരന്‍. സെന്‍സസിന്റെ ആദ്യ പടിയാണ് ഇത്. സെന്‍സസ് എന്നത് 1948 ലെ സെന്‍സസ് ആക്ട് അനുസരിച്ചാണ് നടപ്പിലാക്കുന്നത്. 1955 ലെ പൗരത്വ നിയമത്തിലെ 14 -എ ആക്ട് അനുസരിച്ചാണ് ജനസംഖ്യ റജിസ്റ്റര്‍ തയ്യാറാക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇതിന്റെ നടപടി. എല്ലാ പൗരന്മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ഇതിന്റെ ഉദ്ദേശമാണ്. അസമിനെ ജനസംഖ്യ റജിസ്റ്റര്‍ തയ്യാറാക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തിയുടെ വിശദാംശങ്ങള്‍ കുടുംബ നാഥനുമായുള്ള ബന്ധം ജനന തീയതി ജനന സ്ഥലം തൊഴില്‍ വിദ്യാഭ്യാസ യോഗ്യത എന്നിവയാണ് ഇതിലൂടെ ശേഖരിക്കുന്ന വിശദാംശങ്ങള്‍. 2010 ലാണ് എന്‍പിആര്‍ അവസാനം ശേഖരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പുതിയ എന്‍പിആറിന് വേണ്ടിയുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സെന്‍സസില്‍നിന്ന് ജനസംഖ്യ റജിസ്റ്റര്‍ വ്യത്യസ്തമാകുന്നതെങ്ങനെ പത്തുവര്‍ഷം കൂടുമ്പോഴാണ് സെന്‍സസ് നടപ്പിലാക്കുന്നത്. രണ്ട് ഘട്ടമായാണ് സെന്‍സസ് തയ്യാറാക്കുക. ആദ്യഘട്ടം അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ. രണ്ടാം ഘട്ടം 2021 ഫെബ്രുവരി ഒമ്പത് മുതല്‍ ഫെബ്രുവരി 28 വരെ. രാജ്യത്തിന്റെ ജനസംഖ്യാകണക്കെടുപ്പാണ് ഇതിന്റെ പ്രധാന ധര്‍മം. വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടവും, ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പരിശോധനയും സെന്‍സസ് മൂലം സാധിക്കും. വ്യക്തിയുടെ ജീവിതവും ജീവിത നിലവാരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ അന്വേഷിക്കപ്പെടുന്നത്. 1872 ലാണ് ഇന്ത്യയില്‍ ആദ്യമായി സെന്‍സസ് നടത്തുന്നത്.


Next Story

Related Stories