ലോകം ഏറ്റവും കൂടുതല്‍ ശ്രദ്ധയോടെ, ആകാംക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. നാല് വര്‍ഷം കൂടുമ്പോള്‍ നവംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുവരുന്ന ചൊവ്വാഴ്ചയാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ്. 2016 ല്‍ നവംബര്‍ എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്. ഇത്തവണ നവംബറിലെ ആദ്യ തിങ്കളാഴ്ച രണ്ടാം തീയതിയായതിനാലാണ് മൂന്നാം തീയതി വോട്ടെടുപ്പ് നടക്കുന്നത്.
എങ്ങനെയാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രീതി
അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിരവധി ഘട്ടങ്ങളുണ്ട്. പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതുമുതല്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ( Inauguration) വരെ നീണ്ടു നില്‍ക്കുന്നതാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രൈമറിയും കോക്കസും, നാഷണല്‍ കണ്വെന്ഷന്, ജനറല്‍ ഇലക്ഷന്, ഇലക്ടറല്‍ കോളെജ്, പിന്നിട് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സത്യപ്രതിജ്ഞ എന്നിങ്ങനെയുള്ള ഘട്ടങ്ങളാണ് അമേരിക്കയില്‍ ഉള്ളത്.
എന്താണ് പ്രൈമറി കോക്കസ്
അമേരിക്കയിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതാണ് ഈ പ്രക്രിയ. ഒരോ സംസ്ഥാനത്തും ഇതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കും. അവര്‍ പ്രതിനിധികളെ തെരഞ്ഞെടുക്കും. സംസ്ഥാനത്തിന്റെ വലിപ്പത്തിനും ജനസംഖ്യയ്ക്കും അനുസരിച്ചായിരിക്കും പ്രതിനിധികളുടെ എണ്ണം തെരഞ്ഞെടുക്കുക. ചിലയിടത്ത് രഹസ്യ വോട്ടും മറ്റ് ചില ഇടങ്ങളിലും ശബ്ദവോട്ടിലുടെയുമായിരിക്കും പ്രതിനിധികളെ തെരഞ്ഞെടുക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈമറികളെന്നും കോക്കസ്സുകളെന്നും വിളിക്കുന്നത്.
നാഷണല്‍ കണ്വെന്ഷന് എപ്പോഴാണ് നടക്കുക
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘട്ടമാണ് നാഷണല്‍ കണ്വെന്ഷന്. പ്രൈമറിയിലും കോക്കസിലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വിശാല മായ യോഗമാണ് നാഷണല്‍ കണ്വെന്ഷന്. വലിയ സ്റ്റേഡിയത്തിലോ ഹാളുകളിലോ ആണ് ഇത്തരം യോഗങ്ങള്‍ നടക്കുക. ഇവിടെ പങ്കെടുക്കുന്ന പ്രതിനിധികള്‍ വോട്ടെടുപ്പ് നടത്തി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെയും അന്ന് തന്നെ തെരഞ്ഞെടുക്കുന്നു. ഇവരെ റണ്ണിങ് മേറ്റ് എന്നാണ് വിളിക്കുന്നത്. ഇത്തവണ ജൊ ബൈഡനും ട്രംപുമാണ് ഇങ്ങനെ സ്ഥാനാർത്ഥികളായത്.
പൊതു തെരഞ്ഞെടുപ്പ് ദിവസം എന്താണ് നടക്കുന്നത്
നേരത്ത സൂചിപ്പിച്ചതുപോലെ നവംബര്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. അന്നേ ദിവസം 18 വയസ്സ് പൂര്‍ത്തിയാക്കിയ അമേരിക്കന്‍ പൗരന്മാര്ക്ക് വോട്ട് രേഖപ്പടുത്താം. മറ്റിടങ്ങളിലെ തെരഞ്ഞെടുപ്പുകളെ പോലെ, കൂടുതല്‍ ജനങ്ങളുടെ വോട്ട് കിട്ടുന്ന ആള് അമേരിക്കന്‍ പ്രസിഡന്റാകണമെന്നില്ല. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ അതത് സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ കോളെജുകളിലെ പ്രതിനിധികളാകുന്നു. ഇവര്‍ ഡിസംബറില്‍ യോഗം ചേര്‍ന്നാണ് പ്രസിഡന്റിനെ ഔദ്യോഗികമായി തെരഞ്ഞടുക്കുക. ഓരോ സംസ്ഥാനത്തെയും ഇലക്ടറല്‍ കോളെജ് പ്രതിനിധികള്‍ക്കുള്ള വോട്ടുകളുടെ എണ്ണം വ്യത്യസ്തമാണ്. അത് അവിടുത്തെ ജനസംഖ്യ അടിസ്ഥാനത്തിലാണ് നിശ്ചിയിക്കുന്നത്. കാലിഫോര്‍ണിയ സംസ്ഥാനത്തില്‍നിന്നാണ് കൂടുതല്‍ വോട്ടര്‍മാര്‍ ഇലക്ടറല്‍ കോളെജിലുണ്ടാകുക. 55 പേര്. ഇതില്‍ ആ സംസ്ഥാനത്തുനിന്നുള്ള രണ്ട് സെനനറ്റര്മാരും ഉള്‍പ്പെടും. ഇങ്ങനെ ഓരോ സംസ്ഥാനത്തുനിന്നുള്ളവരാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നത് 538 ഇലക്ടറല്‍ വോട്ടുകളാണ് ആകെ ഉള്ളത്. ഈ തെരഞ്ഞെടുപ്പ് ഡിസംബറിലായിരിക്കും. എന്നാല്‍ വോട്ടെടുപ്പ് നടന്ന ദിവസം തന്നെ പ്രസിഡന്റ് ആരായിരിക്കുമെന്ന കാര്യം ഏകദേശം ഉറപ്പാക്കാന്‍ കഴിയും. ഇതിന്റെ പ്രത്യേകത ഏറ്റവും കൂടുതല്‍ ജനകീയ വോട്ട് ലഭിച്ചവര്‍ പ്രസിഡന്റ് ആകണമെന്നില്ല എന്നതാണ്. കഴിഞ്ഞ തവണ ഹിലരി ക്ലിന്റണായിരുന്നു ഇലക്ടറല്‍ വോട്ടുകള്‍ കൂടുതലായി ലഭിച്ചത്. പക്ഷെ ഇലക്ടറല്‍ കോളെജ് തെരഞ്ഞെടുത്തത് ട്രംപിനെയും. 2000 ത്തിൽ ജോർജ്ജ് ബുഷ് തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ഈ പക്രിയയിലെ സങ്കീർണത മൂലം വലിയ വിവാദമുണ്ടായിരുന്നു. അൽ ഗോറായിരുന്നു അന്ന് എതിർ സ്ഥാനാർത്ഥി. യു എസ് സുപ്രീം കോടതി ഇടപെട്ടാണ് അന്ന് വിജയിയെ തീരുമാനിച്ചത്.
എപ്പോഴാണ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുക
തെരഞ്ഞെടുപ്പ് കഴിഞ്ഞ രണ്ടിലേറെ മാസം കഴിഞ്ഞാണ് പുതിയ പ്രസിഡന്റ് ചുമതല ഏല്ക്കുക. ജനുവരി 20-ാം തീയതിയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങ് നടക്കുക. ഇത് എല്ലായ്പ്പോഴും അങ്ങനെയാണ്