TopTop
Begin typing your search above and press return to search.

EXPLAINER: എന്താണീ സാമ്പത്തിക ഉത്തേജക പാക്കേജ്? മോദി സര്‍ക്കാരിൻ്റെ 20 ലക്ഷം കോടി പ്രഖ്യാപനം ആ വിഭാഗത്തില്‍ തന്നെ പെടുമോ?

EXPLAINER: എന്താണീ സാമ്പത്തിക ഉത്തേജക പാക്കേജ്? മോദി സര്‍ക്കാരിൻ്റെ 20 ലക്ഷം കോടി പ്രഖ്യാപനം ആ വിഭാഗത്തില്‍ തന്നെ പെടുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രണ്ടാമത്തെ ഉത്തേജക പാക്കേജിനെകുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമായി നടക്കുകയാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന (ജിഡിപി)ത്തിന്റെ 10 ശതമാനം ചിലവഴിച്ചുള്ള പരിപാടികള്‍ സമ്പദ് വ്യവസ്ഥയെ മാന്ദ്യാവസ്ഥയില്‍നിന്ന് ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ഇതുകൊണ്ട് കാര്യമായ പ്രയോജനവും ഉണ്ടാവില്ലെന്ന നിലപാടിലാണ് ചില സാമ്പത്തിക വിദഗ്ദകരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും. ഇപ്പോള്‍ പ്രഖ്യാപിച്ച നടപടികള്‍ ഉത്തേജക പാക്കേജിന്റെ പ്രയോജനം ചെയ്യില്ലെന്നും അവര്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ഉത്തേജക പാക്കേജ് സമ്പദ് വ്യവസ്ഥ വിവിധങ്ങളായ കാരണങ്ങളാല്‍ മാന്ദ്യം നേരിടുമ്പോള്‍ അതിനെ ഉയര്‍ത്തികൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളാണ് ഉത്തേജക പരിപാടികളെന്ന് പൊതുവെ വിളിക്കപ്പെടുന്നത്. ഇത് സര്‍ക്കാര്‍ മാത്രമല്ല, കേന്ദ്ര ബാങ്കുകളും ചെയ്യും. കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ ഇത്തരത്തിലുളളതാണ്. റിസര്‍വ് ബാങ്കിന് പലിശനിരക്കുകള്‍ കുറച്ച് സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാം. അതുമൂലം ബാങ്കുകളിലെ പലിശ നിരക്കുകള്‍ കുറയും. വായ്പകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാകും. അങ്ങനെ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പണ ചാക്രികത ഉണ്ടാകും. അത് ആളുകളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കും. കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ടാകും, ഉത്പാദനം വര്‍ധിക്കും. അങ്ങനെ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച ഉണ്ടാകും. ഇതു തന്നെയാണ് കൂടുതല്‍ വേഗത്തില്‍ സര്‍ക്കാര്‍ ഉത്തേജക പരിപാടികള്‍ പ്രഖ്യാപിക്കുമ്പോഴും സംഭവിക്കുന്നത്. ആളുകളുടെ കൈയില്‍ പണം കൂടുതലായി എത്തിക്കുകയെന്നതിനാണ് എല്ലാ സാമ്പത്തിക ഉത്തേജക പദ്ധതികളും. സാമ്പത്തിക മാന്ദ്യത്തിലേക്ക് എങ്ങനെയാണ് ഒരു രാജ്യം എത്തുന്നത്. വളര്‍ച്ചയില്‍ നിരന്തരമുണ്ടാകുന്ന കുറവാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നത്. സ്വകാര്യ നിക്ഷേപവും ഉപഭോഗവും കയറ്റുമതിയും പിന്നെ സര്‍ക്കാര്‍ വരുമാനത്തിന് പുറത്തു ചിലവഴിക്കുന്ന തുകയും കൂടി ചേര്‍ന്നതാണ് പൊതുവില്‍ രാജ്യത്തിന്റെ ദേശീയ വരുമാനമെന്ന് പറയുന്നത്. ഇതില്‍ കയറ്റുമതി എന്നു പറയുന്നത് നെറ്റ് എക്‌സ്‌പോര്‍ട്ട്‌സ് ആണ്. അതായത് ഇറക്കുമതി മൂല്യം കിഴിച്ചുള്ള കയറ്റുമതി. പിന്നെയുള്ളത് വരുമാനത്തിന് പുറത്ത് സര്ക്കാര്‍ ചിലവിടുന്ന തുക. ഇതാണ് ധനക്കമ്മി. ഈ പറഞ്ഞ സൂചകങ്ങളില്‍ ഉണ്ടാകുന്ന കുറവായിരിക്കും ഒരു രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാക്കുന്നത്. അല്ലെങ്കില്‍ ഇതില്ലെല്ലാം കുറവു വരുന്നതിനെ ചേര്‍ത്ത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന അവസ്ഥയെന്ന് പറയാം. അവിടെ സ്വകാര്യ നിക്ഷേപം കുറയും, ഉപഭോഗം കുറയും, കയറ്റിറക്കുമതിയുടെ മൂല്യം കുറയും. ഈ അവസ്ഥയില്‍നിന്ന് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് സര്‍ക്കാര്‍ ഉത്തേജക പാക്കേജിലുടെ ചെയ്യുന്നത്. സാധാരണ ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുക നേരത്തെ സൂചിപ്പിച്ചതു പോലെ സര്‍ക്കാര്‍ കൂടുതല്‍ പണം സമ്പദ് വ്യവസ്ഥയില്‍ ഉറപ്പുവരുത്തുകയാണ് ഇതിന്റെ ഭാഗമായി ചെയ്യുന്നത്. സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവിടുമ്പോള്‍ അതിന്റെ ധനക്കമ്മി കൂടും. അങ്ങനെ ചെയ്യുമ്പോള്‍ പണ ലഭ്യത കൂടുകയും ഡിമാന്റ് വര്‍ധിക്കുകയും അത് സമ്പദ് വ്യവസ്ഥയില്‍ തുടര്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുകയും ചെയ്യുന്നു. എന്താണ് ഇപ്പോള്‍ മോദി സര്‍ക്കാരിനെതിരെയുള്ള ആരോപണം ? എല്ലാ ഉത്തേജക പരിപാടിയും ഡിമാന്റ് വര്‍ധിപ്പിക്കുന്നതിനാണ് പ്രധാനമായും ഊന്നല്‍ നല്‍കുക. അതായാത് ജനങ്ങളുടെ കൈയില്‍ പണം എത്തിക്കുന്നതിന്. എന്നാല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ അത്തരമൊരു ദൗത്യം നിര്‍വഹിക്കുന്നില്ലെന്നതാണ് ആരോപണമായി ഉയര്‍ന്നുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പരിപാടി പ്രഖ്യാപിച്ചപ്പോള്‍ എങ്ങനെയാണ് ഇത് സമ്പദ് വ്യവസ്ഥയില്‍ ഡിമാന്റ് വര്‍ധിപ്പിക്കുന്നത് എന്നതാണ് കാണേണ്ടതെന്നാണ് ചില സാമ്പത്തിക വിദഗ്ദര്‍ പറഞ്ഞത്. അതിന്റെ വിശദാംശങ്ങളില്‍ ചിലതാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്. നിര്‍മ്മല സീതാരമന്‍ പ്രഖ്യാപിച്ച നടപടികള്‍ ഡിമാന്റ് വര്‍ധിപ്പിക്കാന്‍ ഉപകരിക്കില്ലേ? ഇക്കാര്യത്തിലാണ് രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ക്കും ചില സാമ്പത്തിക വിദഗ്ദരും അഭിപ്രായ വ്യാത്യാസം പ്രകടിപ്പിക്കുന്നത്. ഇതുവരെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ നേരിട്ട് ജനങ്ങളിലേക്ക് പണം എത്തുന്ന പരിപാടികള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണം. ഉദാഹരണത്തിന് മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസ് സംരംഭങ്ങള്‍ക്കുള്ള വായ്പ. ഇതില്‍ സര്‍ക്കാര്‍ കൂടുതലായി ചിലവഴിക്കുന്നില്ല, കാരണം ബാങ്കുകളാണ് വായ്പ കൊടുക്കുന്നത്. എന്നുമാത്രമല്ല, സംരംഭകര്‍ ചിലര്‍ ഇന്നലെ പ്രതികരിച്ചത് അവര്ക്ക് വായ്പ നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നാണ്. കാരണം ഡിമാന്റ് ഉണ്ടായിട്ട് മാത്രമേ അത്തരം ഒരു വായ്പ കിട്ടിയത് കൊണ്ട് അവര്‍ക്ക് പ്രയോജനമുള്ളൂ. ഇവിടെ സര്‍ക്കാര്‍ നേരിട്ട് ചിലവിടുന്ന തുക കുറവായതുകൊണ്ട് തന്നെ ധനക്കമ്മിയില്‍ എത്ര മാറ്റമുണ്ടാകുമെന്ന വ്യക്തമല്ല. കാരണം അധികം വേണ്ട പണം സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തുമെന്ന് പറഞ്ഞിട്ടില്ല. വായ്പ എടുക്കുന്നത് വര്‍ധിപ്പിക്കുമോ, മറ്റ് മാര്‍ഗങ്ങള്‍ ആരായുമോ, എന്നീ കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. പിന്നെ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലും പ്രത്യേകിച്ച് പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.പാക്കേജിനെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്താണ്തുടക്കം മുതല്‍ തന്നെ ചില സാമ്പത്തിക വിദഗ്ദര്‍ ഇക്കാര്യം മുന്നോട്ട് വെയ്ക്കുന്നുണ്ട്. അത് ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍പ്പെട്ട സാമ്പത്തിക വിദഗ്ദര്‍ മാത്രമല്ല, പൊതുവില്‍ വിവിധ ചിന്താധാരകളില്‍പ്പെട്ടവര്‍ പറയുന്നത് ജനങ്ങള്‍ക്ക് പണം നേരിട്ട് എത്തിക്കണമെന്നാണ്. ഇത് നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി പറഞ്ഞിട്ടുണ്ട്. പ്രഭാത് പട്‌നായ്കിനെപോലുള്ള മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിദഗ്ദരും പറയുന്ന കാര്യമാണിത്. 7000 രൂപയെങ്കിലും മൂന്നു മാസത്തേക്ക് കൈമാറുകയെന്ന നിര്‍ദ്ദേശമാണ് ഇവരില്‍ പലരും മുന്നോട്ട് വെയ്ക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നതും ഇതേ കാര്യമാണ്. അതുപോലെ ഭക്ഷ്യധാന്യങ്ങളുടെ സൗജന്യ വിതരണവും. ഇന്ത്യയില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യ ശേഖരം ഉള്ളതു കൊണ്ട് ഇക്കാര്യം സാധിക്കുമെന്നും അവര്‍ വിശദീകരിക്കുന്നു.മറ്റൊരു കാര്യം ഇവര്‍ നിര്‍ദ്ദേശിക്കുന്നത് തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തണമെന്നതാണ്. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചു പോയതോടെ ഇത് അത്യാവശ്യമാണെന്നും 100 ദിവസത്തെ തൊഴില്‍ എന്ന നിബന്ധന മാറ്റണമെന്നും പ്രഭാത് പട്‌നായ്കിനെ പോലുളളവര്‍ ആവശ്യപ്പെടുന്നു. ഗ്രാമപ്രദേശങ്ങള്‍ക്ക് പുറമെ നഗര കേന്ദ്രങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഇങ്ങനെ വിവിധ പദ്ധതികള്‍ ഏറ്റെടുക്കുന്നതോടെ സമ്പദ് വ്യവസ്ഥയില്‍ പണ ലഭ്യത കൂടുകയും ഡിമാൻ്റ് വര്‍ധിക്കുകയും ചെയ്യുമെന്നുമാണ് ഇവരുടെ നിലപാട്. നിര്‍മ്മല സീതാരാമന്‍ ഇനി പ്രഖ്യാപിക്കാന്‍ പോകുന്ന വിശദാംശങ്ങളില്‍ ഇതിലേതെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതാണ് കണ്ടറിയേണ്ടത്.


Next Story

Related Stories