TopTop
Begin typing your search above and press return to search.

Explainer: 'പോക്കറ്റിൽ ഒരു ചാരന്‍'; ഇന്ത്യയിലെ മാധ്യമ, സാമൂഹ്യ പ്രവർത്തകരുടെ വിവരങ്ങൾ ഇസ്രായേലി 'സ്പൈവെയർ' ചോർത്തിയതെങ്ങനെ?

Explainer: പോക്കറ്റിൽ ഒരു ചാരന്‍; ഇന്ത്യയിലെ മാധ്യമ, സാമൂഹ്യ പ്രവർത്തകരുടെ വിവരങ്ങൾ ഇസ്രായേലി സ്പൈവെയർ ചോർത്തിയതെങ്ങനെ?

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ സ്‌പൈവെയര്‍ ഉപയോഗിച്ചുവെന്ന് വാട്ട്സ്ആപ്പ് സ്ഥിരീകരിക്കുമ്പോൾ വിവരച്ചോർച്ചയും സാങ്കേതിക രംഗത്തെ ചാരപ്രവര്‍ത്തിയും വീണ്ടും ചർച്ചയാവുകയാണ്. ഇസ്രായേലി സ്‌പൈവെയര്‍ പെഗാസസാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വാട്സ്ആപ്പിനെ ആളുകളെ നിരീക്ഷിക്കാനായി ഉപയോഗിച്ചതെന്നാണ് പുതിയ റിപ്പോർട്ടുകൾ. സാന്‍ഫ്രാന്‍സിസ്‌കോയിലെ യുഎസ് ഫെഡറല്‍ കോടതിയില്‍ ചൊവ്വാഴ്ച സമര്‍പ്പിച്ച കേസിനെ തുടര്‍ന്നായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇസ്രായേല്‍ എന്‍എസ്ഒ ഗ്രൂപ്പ്, 1,400 വാട്സ്ആപ്പ് ഉപയോക്താക്കളെയായിരുന്നു ലക്ഷ്യമിട്ടതെന്നുമായിരുന്നു വെളിപ്പെടുത്തൽ. സമൂഹം നേരിടുന്ന സൈബർ ഭീഷണികൾ കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്ന ടൊറന്റോ സർവകലാശാലയിലെ സിറ്റിസൺ ലാബാണ് ചോർത്തലിനെ കുറിച്ച് ആദ്യം കണ്ടെത്തുന്നത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്താണ് സിറ്റിസൺ ലാബ്? ആശയവിനിമയ സാങ്കേതികവിദ്യകൾ, മനുഷ്യാവകാശം, വികസനം, ഉന്നതതല തന്ത്രപരമായ നയം, നിയമപരമായ ഇടപെടൽ എന്നിവയിൽ ഗവേഷണം നടത്തുന്ന ടൊറന്റോ സർവകലാശാലയിലെ മങ്ക് സ്‌കൂൾ ഓഫ് ഗ്ലോബൽ അഫയേഴ്‌സ് & പബ്ലിക് പോളിസിയിൽ അധിഷ്ഠിതമായ ഒരു ഇന്റർ ഡിസിപ്ലിനറി ലബോറട്ടറിയാണ് സിറ്റിസൺ ലാബ്.

പൊളിറ്റിക്കൽ സയൻസ്, നിയമം, കമ്പ്യൂട്ടർ സയൻസ് എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്. പൊതു സമൂഹത്തിന് എതിരായ ഡിജിറ്റൽ ചാരവൃത്തി അന്വേഷിക്കുക, ഇൻറർനെറ്റ് ഫിൽട്ടറിംഗും മറ്റ് സാങ്കേതികവിദ്യകളുടെ പ്രയോഗങ്ങൾ, ഓൺ‌ലൈൻ അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത, സുരക്ഷ, ജനപ്രിയ ആപ്ലിക്കേഷനുകളുടെ വിവര നിയന്ത്രണങ്ങൾ എന്നിവ വിശകലനം ചെയ്യുക, വ്യക്തിഗത ഡാറ്റയും മറ്റ് നിരീക്ഷണ പ്രവർത്തനങ്ങളും സംബന്ധിച്ച പഠനം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

എന്താണ് പെഗാസസ്? വിമര്‍ശകരെ രഹസ്യമായി നിരീക്ഷിക്കാന്‍ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ഉപയോഗിക്കുന്ന ഇസ്രായേലി സൈബർ വെപ്പൺസ് കമ്പനിയുടെ ചാര സോഫ്റ്റ്‌വെയറുകളണ് പെഗാസസ് എന്ന് അറിയപ്പെടുന്നതെന്ന് 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലെയും ലക്സംബർഗിലെയും കോർപ്പറേറ്റ് രേഖകൾ അനുസരിച്ച് ഒരു ബില്യൺ ഡോളർ (790 മില്യൺ യൂറോ) ആസ്തിയുള്ള ഇസ്രായേലി സാങ്കേതിക സ്ഥാപനമാണ് എന്‍.എസ്.ഒ. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് എന്‍.എസ്.ഒ അവരുടെ 'പെഗാസസ് സോഫ്റ്റ്‌വെയര്‍' നല്‍കുന്നത്.

വാട്സ്ആപ്പിൽ എത്തുന്നതെങ്ങനെ? വാട്ട്സ് ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലെ പാളിച്ചകൾ മുതലെടുത്താണ് ഫോണുകളിൽ അപകടകാരികളായ നിരീക്ഷണ സോഫ്റ്റ്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഹാക്കർമാർക്ക് കഴിഞ്ഞതെന്നാണ് കണ്ടെത്തൽ. ഇസ്രയേൽ കേന്ദ്രീകരിച്ചുള്ള എൻഎസ്ഒ എന്ന സൈബ‍ർ ഇന്‍റലിജൻസ് സ്ഥാപനമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോ‌ർട്ട്. ആക്രമണത്തിന് പിന്നിൽ സ‌ർക്കാരുകൾക്കായി സൈബ‌‌ർ ചാരപ്പണി ചെയ്യുന്ന കമ്പനിയായ എൻഎസ്ഒയുടെ സാന്നിദ്ധ്യം വാട്സാപ്പ് അധികൃതർ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഒരു മിസ് കാൾ ചെയ്യുന്നതിലൂടെ സൈബ‌ർ ഫോണിലേക്ക് നുഴഞ്ഞ് കയറാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. വാട്‌സാപ്പ് ഉപയോക്താക്കളുടെ ഫോണിലെ കാമറ, മൈക്രോഫോണ്‍ തുടങ്ങിയ സെന്‍സറുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും. എന്താണ് എൻഎസ്ഒ ടെക്നോളജീസ്? സൈബർ ഇന്റലിജൻസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്രായേൽ അസ്ഥാനമായ സാങ്കേതിക സ്ഥാപനമാണ് എൻ‌എസ്‌ഒ ഗ്രൂപ്പ് ടെക്നോളജീസ്. 2010 ൽ നിവ് കാർമി, ഒമ്രി ലവി, ഷാലേവ് ഹുലിയോ എന്നിവരാണ് കമ്പനി സ്ഥാപിക്കുന്നത്. തലസ്ഥാനമായ ടെൽ അവീവിനടുത്തുള്ള ഹെർസ്‌ലിയയിലാണ് ആസ്ഥാനം. 500 ഓളം ജോലിക്കാർ ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭീകരതയെയും കുറ്റകൃത്യങ്ങളെയും നേരിടാൻ സഹായിക്കുന്ന സാങ്കേതികവിദ്യ സർക്കാരുകൾക്ക് എൻ‌എസ്‌ഒ നൽകുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നണ് അവകാശവാദം. ഇതിന് പിന്നാലെയാണ് എൻ‌എസ്‌ഒ ഗ്രൂപ്പ് സൃഷ്ടിച്ച സോഫ്റ്റ്‌വെയർ നിരവധി രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവർത്തകർക്കും പത്രപ്രവർത്തകർക്കും എതിരായ ആക്രമണങ്ങളിൽ ഉപയോഗിച്ചതായി ആരോപണങ്ങൾ ഉയരുന്നത്.

ഇന്ത്യയിലെ സാന്നിധ്യം എപ്പോൾ? ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് നടന്ന 2019 മെയ് വരെ രാജ്യത്തെ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ, അഭിഭാഷകർ, ദളിത് ആക്ടിവിസ്റ്റുകൾ തുടങ്ങിയ 25ഓളം പേർ പെഗാസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് ഇരയായെന്നായിരുന്നു റിപ്പോർട്ടുകൾ.

'ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരീക്ഷിക്കപ്പെട്ടിരുന്നു. അവരുടെ വ്യക്തിഗത വിവരങ്ങളും കൃത്യമായ എണ്ണവും എനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ലെങ്കിലും, അത് ഒരു ചെറിയ സംഖ്യയല്ലെന്ന് എനിക്ക് പറയാന്‍ കഴിയും,' യുഎസ് ആസ്ഥാനമായുള്ള വാട്‌സ്ആപ്പ് ഡയറക്ടര്‍ (കമ്മ്യൂണിക്കേഷന്‍സ്) കാള്‍ വൂഗിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിരീക്ഷണത്തിനായി ലക്ഷ്യമിട്ടവരുടെ 'കൃത്യമായ എണ്ണം' വെളിപ്പെടുത്താന്‍ വിസമ്മതിച്ചെങ്കിലും അവരെക്കുറിച്ച് അറിയാമെന്നും അവരില്‍ ഓരോരുത്തരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിനായാണ് ചാരപ്രവർത്തി നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ നൽകുന്ന സൂചന.

നിരീക്ഷിച്ചത് ആരെയെല്ലാം? ഇസ്രായേൽ നിർമിത സ്‌പൈവെയർ ആയ പെഗാസസ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ നിന്നും ചോർത്തിയത് ഭീമ കൊറേഗാവ് കേസിലെ അഭിഭാഷകൻ മുതൽ ദലിത് ആക്റ്റിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ സ്വകാര്യ വിവരങ്ങളെന്നാണ് റിപ്പോർട്ട്.

ഓൺലൈൻ മാധ്യമമായ ന്യൂസ് ലോണ്ടറിയാണ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തപ്പെട്ട ചിലരുടെ വിവരങ്ങൾ പുറത്ത് വിട്ടത്. വിവരങ്ങൾ ചോർത്തപ്പെട്ടതിൽ ഭീമ കൊറേഗാവ് കേസിൽ പ്രതികൾക്കായി ഇടപെട്ട അഭിഭാഷകൻ നിഹാൽ സിങ് റാത്തോഡ്, ചത്തീസ്ഗഡില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകൻ ഭെല്ലാ ഭാട്ടിയ, ദലിത് ആദിവാസി അവകാശ പ്രവർത്തകൻ ദിഗ്രി പ്രസാദ് ചൗഹാൻ, അധ്യാപകനും എഴുത്തുകാരനുമായ ആക്റ്റിവിസ്റ്റുമായ ആനന്ദ് ടെൽടുംബേ എന്നിവരും ഉൾപ്പെടുന്നു. ആഗോളതലത്തിൽ 1400 വാട്ട്‌സാപ്പ് ഉപയോക്താക്കളും ഇന്ത്യയിൽ 25 ഓളം പേരെയും പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചു എന്നാന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗവും മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെയുള്ള ആക്റ്റിവിസ്റ്റുകളായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും ദലിത് ആദിവാസി മേഖലകളിൽ പ്രവർത്തിച്ചവരാണെന്നാണ് പുതിയ റിപ്പോർട്ട്. നിഹാൽ സിംഗ് റാത്തോഡ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമാണ് നിഹാൽ സിംഗ് റാത്തോഡ്. ഭീമ കൊറേഗാവ് കേസിലെ പ്രതികൾക്കായി നിയമ പോരാട്ടം നടത്തിയ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. തന്റെ വിവരങ്ങൾ ചോർത്തിയ ഒക്ടോബർ 7 ന് സിറ്റിസൺ ലാബിലെ മുതിർന്ന ഗവേഷകനായ ജോൺ സ്കോട്ട്-റെയിൽ‌ടണിൽ നിന്ന് തനിക്ക് ഒരു സന്ദേശം ലഭിച്ചതായി അദ്ദേഹം പറയുന്നു. 2018 ൽ തനിക്ക് സംശയാസ്പദമായ വാട്ട്‌സ്ആപ്പ് കോളുകൾ ലഭിച്ചിരുന്നു. "അന്താരാഷ്ട്ര നമ്പറുകളിൽ നിന്നായിരുന്നു കോളുകൾ. ഇതിന് പുറമെ തന്റെ കേസുകളുമായി ബന്ധപ്പെട്ട ഇമെയിലുകൾ എനിക്ക് ലഭിക്കുന്നുണ്ടെങ്കിലും അറ്റാച്ചു ചെയ്ത ഫയലുകൾ ക്ലിക്കുചെയ്യുമ്പോൾ ഒന്നും ദൃശ്യമാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബർ 14 നാണ് ഗവേഷകനുമായി സംസാരിച്ചത്. തന്റെ ഫോണിൽ സ്പൈവെയർ ബാധിച്ചിട്ടുണ്ടെന്നും വിവരങ്ങൾ അപഹരിക്കപ്പെട്ടവരുടെ പട്ടികയിൽ തന്റെ നമ്പർ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ലോകമെമ്പാടുമുള്ള 1,400 ഓളം ആളുകൾക്കൊപ്പം ഇസ്രായേലി സ്പൈവെയറി‌‌ന്റെ ഇരയായിരുന്നു താനും"- അദ്ദേഹം പറയുന്നു. ഭേല ഭാട്ടിയ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ബസ്തർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകയാണ് ഭേല ഭാട്ടിയ. ആദിവാസി അവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തികൂടിയാണ്. "സെപ്റ്റംബർ അവസാനത്തിലാണ് സിറ്റിസൺ ലാബിൽ നിന്ന് തനിക്ക് ഒരു കോൾ ലഭിച്ചതെന്ന് അവർ പറയുന്നു. മെയ്-ജൂൺ മാസങ്ങളിൽ എന്റെ ഫോൺ സ്പൈവെയർ ഉപയോഗിച്ച് ടാർഗെറ്റുചെയ്‌തിട്ടുണ്ടെന്നും ഇത് എന്റെ പോക്കറ്റിൽ ഒരു ചാരനെ വഹിക്കുന്നത് പോലെയാണെന്നും ഗവേഷകർ തന്നെ അറിയിച്ചെന്നും അവർ പറന്നു. തനിക്ക് പുറമെ ഇന്ത്യയിലെ ഏതാനും ആക്ടിവിസ്റ്റുകൾക്കും സമാന അവസ്ഥയുണ്ടായെന്നും സിറ്റിസൺ ലാബിലെ ഗവേഷകർ അറിയിച്ചു. രാജ്യത്തെ സർക്കാരാണ് ഇത് ചെയ്തതെന്നും സ്ഥാപനം അറിയിച്ചെന്നും അവർ പറയുന്നു. ഗവേഷകർ മാല്‍വെയറിന്റെ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ശേഷമാണ് വാട്‌സ്ആപ്പ് തങ്ങളെ സമീപിച്ചതെന്നു ഭേല ഭാട്ടിയ പറയുന്നു. ദിഗ്രി പ്രസാദ് ചൗഹാൻ ദലിതരുടെയും ആദിവാസികളുടെയും സാംസ്കാരികവും സാമൂഹികവുമായ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അഭിഭാഷകനും പ്രവർത്തകനുമാണ് ദിഗ്രി പ്രസാദ് ചൗഹാൻ. ഒക്ടോബർ 28 നാണ് വിവര ചോർച്ചയെ കുറിച്ച് തന്നെ അറിയിച്ചതെന്നും അദ്ദേഹം പറയുന്നു. "മധ്യ ഇന്ത്യയിലെ പാവപ്പെട്ടവരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു പ്രവർത്തകനാണ് ഞാൻ. വിദേശ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സർക്കാർ ഞങ്ങളെ ചാരപ്പണി ചെയ്യുന്നുവെന്ന് പറയപ്പെടുന്നു." ഞാൻ ഈ ജനതയുടെ ശത്രുവല്ലെന്നു അദ്ദേഹം പറയുന്നു. തുടക്കത്തിൽ തന്നെ തനിക്ക് ലഭിച്ച ഒരു കോളിനെക്കുറിച്ച് സംശയമുണ്ടായിരുന്നു, എന്നാൽ സിറ്റിസൺ ലാബിലെ ഗവേഷകൻ അദ്ദേഹം ലഭിത്ത കോളിലെ വ്യക്തി ആരാണെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ എനിക്ക് അയച്ചുതന്നു. ഒപ്പം അയാളോട് സംസാരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു," ചൗഹാൻ ഓർമ്മിക്കുന്നു. ആനന്ദ് ടെൽടുംബേ പ്രൊഫസർ, എഴുത്തുകാരൻ, പൗരാവകാശ പ്രവർത്തകൻ എന്നീ നിലയിൽ ശദ്ധേയനാണ് ആനന്ദ് ടെൽടുംബേ. 10 ദിവസം മുമ്പ് സിറ്റിസൺ ലാബിൽ നിന്ന് തനിക്ക് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. "സ്പൈവെയർ ഉപയോഗിച്ച് പിന്തുടരുന്നതെന്ന് സിറ്റിസൺ ലാബിൽ തന്നെ അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നാണ് ഇത്തരം ഒരു നീക്കം എങ്കിൽ അത് വളരെ തെറ്റാണ്"അദ്ദേഹം പറയുന്നു. സിദ്ധാന്ത് സിബൽ വിയോൺ ടിവി ചാനലിന്റെ പ്രധാന നയതന്ത്ര, പ്രതിരോധ ലേഖകനാണ് സിബൽ. സ്‌പൈവെയര്‍ ലക്ഷ്യമിട്ടവരിൽ ഇദ്ദേഹവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.


Next Story

Related Stories