TopTop
Begin typing your search above and press return to search.

EXPLAINER | വീണ്ടും വിവാദമായി ആരോഗ്യ വിവര ചോര്‍ച്ച, എന്താണ് കിരൺ ആരോഗ്യ സർവേ?

EXPLAINER | വീണ്ടും വിവാദമായി ആരോഗ്യ വിവര ചോര്‍ച്ച, എന്താണ് കിരൺ ആരോഗ്യ സർവേ?


വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അതിശക്തമായ എതിർപ്പുകളുന്നയിച്ച് അവസാനിപ്പിച്ച ഒരു പ്രോജക്ട് മറ്റൊരു വേഷത്തിൽ രംഗപ്രവേശം ചെയ്യുകയും പൂർത്തീകരിക്കുകയും ചെയ്ത സംഭവം വിവാദവിഷയമായിരിക്കുകയാണ് സംസ്ഥാനത്ത്. കേരള സർക്കാരിന്റെ കീഴിൽ നടന്നുവരുന്ന കിരൺ ആരോഗ്യ സർവേയെക്കുറിച്ചാണ് (കേരള ഇൻഫർമേഷൻ ഓഫ് റെസിഡന്റ്സ്-ആരോഗ്യം നെറ്റ് വർക്ക്) പറഞ്ഞുവരുന്നത്. 2013ല്‍ കേരള ഹെല്‍ത്ത് ഒബ്സര്‍വേറ്ററി ആന്‍ഡ് ബെയ്സ്ലൈന്‍ സര്‍വെ (
Kerala Health Observatory and Baseline Survey)
എന്ന പേരിലാണ് ഈ പ്രൊജക്റ്റ് നടത്തിയിരുന്നത്.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ സർവേയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ള വിദേശ സ്ഥാപനം. ഈ സ്ഥാപനത്തിലേക്ക് കേരളത്തിലെ രോഗികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ കൈമാറുന്നുവെന്നതാണ് ആരോപണം. ഇത്തരമൊരു ഡാറ്റ കൈമാറ്റം അവ്യക്തമായ ചില രേഖകളിലൂടെയും നടപടികളിലൂടെയുമാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന ഗുരുതരമായ പ്രശ്നവുമുണ്ട്. അഥവാ ഏതാണ്ട് രഹസ്യാത്മകമായാണ് കാര്യങ്ങൾ നീങ്ങിയത്. ഈ വാർത്ത ഒരു രഹസ്യ സ്രോതസിനെ ആധാരമാക്കി കാരവൻ മാഗസിനാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
കേരളീയരുടെ ആരോഗ്യവിവരങ്ങൾ ചോർത്താനും മരുന്നു പരീക്ഷണം നടത്താനുമുള്ള കാനഡയിലെ മരുന്നുപരീക്ഷണ സ്ഥാപനം നടത്തുന്ന ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാർ വഴിപ്പെടുന്നുവെന്ന തരത്തിലാണ് ആദ്യമായി ഈ വിഷയം വിവാദമായപ്പോൾ റിപ്പോർട്ടുകൾ വന്നിരുന്നത്. മൂന്നരക്കോടി രൂപ ഇതിനായി വിദേശ സ്ഥാപനത്തിൽ നിന്നും കേരളത്തിലേക്ക് എത്തിയെന്ന് മംഗളത്തിനു വേണ്ടി സിഎസ് സിദ്ധാർത്ഥൻ റിപ്പോർട്ട് ചെയ്തു. സർവേയിൽ സഹകരിക്കുന്ന ഡോക്ടർമാർക്ക് ഡോളർ നിരക്കിൽ ശമ്പളം എത്തുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ആരെല്ലാമാണ് ഈ സർവേക്ക് പിന്നിൽ?

കേരള സർക്കാരിനു കീഴിലുള്ള ഏജൻസികളും ഒരു സർക്കാരിതര ഏജൻസിയുമാണ് കേരളത്തിൽ
കേരളാ ഇൻഫർമേഷൻ റസിഡന്റ്സ് അസോസിയേഷൻ നെറ്റ്വർക്ക് (കിരൺ)
സർവേക്ക് ആവശ്യമായ പിന്തുണ നൽകുന്നത്. കാനഡയിലെ പിഎച്ച്ആർഐയുടെ പിന്തുണയോടെയാണ് സർവേ നടക്കുന്നത്. ഇതിൽ കേരള സർക്കാരിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ശക്തമായ പിന്തുണയുണ്ട്. ആരോഗ്യ വകുപ്പില്‍ യു ഡി എഫ് ഭരണകാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എല്‍ ഡി എഫ് കാലത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന രാജീവ് സദാനന്ദൻ ഇവരിലൊരാളാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രൊഫസർ കെ വിജയകുമാർ, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസിലെ എമിരിറ്റസ് പ്രൊഫസറായ കെആർ തങ്കപ്പൻ തുടങ്ങിയ പ്രമുഖരും കേരളത്തിൽ നിന്ന് പദ്ധതിയെ നീക്കുന്നു. മലയാളി കൂടിയായ പിഎച്ച്ആർഐ തലവൻ സലിം യൂസഫാണ് കാനഡയിൽ നിന്ന് ഈ പദ്ധതിക്കായി ഉത്സാഹിക്കുന്നത്. കേരളത്തിന്റെ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററാണ് പഠനത്തിനാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നത്. കേരളത്തിന്റെ സ്വപ്നപദ്ധതിയായ ഇ ഹെൽത്ത് പദ്ധതിയും ഈ കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയോടെയാണ് പുരോഗമിക്കുന്നത്. അച്യുതമേനോൻ സെന്ററും സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററും ചേർന്ന് ഡാറ്റ ശേഖരിക്കുന്നവർക്ക് ആവശ്യമായ പരിശീലനം നൽകി. സർവേക്ക് ആവശ്യമായ ടാബ്‍ലറ്റുകൾ നൽകിയത് പിഎച്ച്ആർഐയാണ്. ഇക്കാര്യം ഡോ. സലിം യൂസഫും വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ദിവസവും ആരോഗ്യപ്രവർത്തകർ ഇതിലേക്ക് നൽകുന്ന ഡാറ്റ അതത് ദിവസങ്ങളിൽ തന്നെ തങ്ങൾക്ക് ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതെസമയം ഇത്തരത്തിൽ ഡാറ്റ പങ്കുവെക്കപ്പെടുന്ന വസ്തുത കേരള സർക്കാരിന്റെ ഉത്തരവിലില്ല. ഇതിൽ പിഎച്ച്ആർഐയോ മക്മാസ്റ്റർ സർവകലാശാലയോ വരുന്നില്ല. കേരളത്തിലെ ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ അടക്കമുള്ള സ്ഥാപനങ്ങളെക്കുറിച്ച് മാത്രമാണ് പരാമർശം. ഈ സംഘടനയുടെ പിന്നിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് മേൽപരാമർശിച്ച, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തികളെല്ലാം.
എന്താണ് കിരണ്‍ പദ്ധതി?

കേരളാ ഇൻഫർമേഷൻ റസിഡന്റ്സ് അസോസിയേഷൻ നെറ്റ്വർക്ക് (കിരൺ) ജനങ്ങളുടെ ഭക്ഷണശീലങ്ങൾ, ശാരീരിക വ്യായാമം, ജീവിതശൈലി, ചികിത്സാരീതികൾ, മദ്യപാനം, പുകവലി, സാധാരണ ഉണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവ പഠിക്കുന്ന സർവേയാണിത്. ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ 10 ലക്ഷം പേരിലാണ് സർവേ നടത്താൻ പദ്ധതിയിട്ടത്. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിന്റെ സാങ്കേതിക പിന്തുണയിലാണ് ആരോഗ്യവകുപ്പ് ഈ സർവേ നടത്തിയത്. 14 ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. അച്യുതമേനോന്‍ സെ്ന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് സ്റ്റഡീസ്, ഇ ഹെല്‍ത്ത് കേരള, ഹെല്‍ത്ത് സിസ്റ്റംസ് റിസോര്‍ഴ്‌സ് സെ്ന്റര്‍ എന്നിവയുടെ പിന്തുണയും പദ്ധതിയ്ക്ക് ഉണ്ടാകുമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ പിഎച്ച്ആര്‍ഐയുടെയും മെക് മാസ്റ്റര്‍ സര്‍വകലാശാലയുടെ കാര്യം സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നില്ല. പിഎച്ച്ആര്‍ഐയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് മക് മാസ്റ്റര്‍ സര്‍വകലാശാലയും കാനഡയിലെ ക്ലിനിക്കല്‍ ട്രയലുകളും മരുന്നു പരീക്ഷണവും നടത്തുന്ന ആശുപത്രികളുടെ കൂട്ടായ്മയായ ഹാമില്‍ട്ടണ്‍ ഹെല്‍ത്ത് സയന്‍സുമാണ്. ഹെല്‍ത്ത് ആക്ഷന്‍ ബൈ പിപ്പിള്‍ എന്ന സംഘടനയുടെ പങ്കാളിത്തതെക്കുറിച്ചും ഉത്തരവില്‍ പറഞ്ഞിട്ടില്ല. 2003 മുതല്‍ മക് മാസ്റ്റര്‍ സര്‍വകലാശാലയുമായി സഹകരിക്കുന്ന സ്ഥാപനമാണ് ഹെല്‍ത്ത് ആക്ഷന്‍ ബൈ പിപ്പീള്‍. ഇതിന്റെ ചെയര്‍മാന്‍ വി രാമന്‍കുട്ടിയും സെക്രട്ടറി വിജയകുമാറുമാണ്.

മരുന്നുപരീക്ഷണം ലക്ഷ്യമായിരുന്നുവോ?

കേരള ഹെൽത്ത് ഒബ്സർവേറ്ററി ആൻഡ് ബേസ്ലൈൻ സർവേ അതിന്റെ പേരിൽ സൂചിപ്പിക്കുന്ന നിരീക്ഷണ പരിപാടിക്കപ്പുറത്തേക്ക് നീങ്ങുന്നുണ്ടായിരുന്നെന്നാണ് കാരവാൻ റിപ്പോർട്ട് പറയുന്നത്. രോഗികളിൽ മരുന്നുകൾ പരീക്ഷിക്കുകയും അതിന്റെ പ്രതികരണമറിയുകയും അവ പഠനവിധേയമാക്കുകയും ചെയ്യുകയെന്ന പദ്ധതിയും ഇവർക്കുണ്ടായിരുന്നു. ഇത് 2011ൽ നടന്ന ആദ്യ യോഗത്തിൽ തന്നെ പിഎച്ച്ആർഐയുടെയും ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളിന്റെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്തിരുന്നു.

എന്തെല്ലാം മരുന്നുകൾ പരീക്ഷിച്ചുവെന്നാണ് ആരോപണം?

രക്തസമ്മർദ്ദം, ഹൃദ്രോഗം, രക്തം കട്ടപിടിക്കൽ, എന്നിവയെല്ലാം പ്രതിരോധിക്കുന്ന മരുന്നുകളുടെ സംഘാതമായ ഒരു പോളിപിൽ പരീക്ഷിക്കുകയായിരുന്നു കേരളത്തിൽ സർവേയുടെ മറവിൽ നടക്കുന്നതെന്ന് മംഗളത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആരോപിച്ചിരുന്നു. ഇക്കാര്യം കാരവാൻ റിപ്പോർട്ടും പരാമർശിക്കുന്നുണ്ട്. പോളിക്യാപ് എന്ന പേരിൽ ഈ മരുന്ന് വിപണിയിൽ അതിനകം തന്നെ എത്തിയിരുന്നതാണ്. വിപണിയിലെത്തിയതിനു ശേഷമുള്ള പരീക്ഷണമാണ് നടന്നത്. അഞ്ച് മരുന്നുകളുടെ സംഘാതമാണിത്.

എങ്ങനെയാണ് കേരളത്തിലെ വിവരങ്ങൾ ശേഖരിച്ചത്?

ചോദ്യോത്തരങ്ങൾ വെച്ചുള്ള സർവേയാണിത്. വിവരങ്ങൾ ലഭിക്കേണ്ട ഇടങ്ങളിലെ ആരോഗ്യപ്രവർത്തകരിലൂടെയാണ് സർവേ പൂർത്തീകരിക്കുന്നത്. കാരവാൻ പുറത്തുവിട്ട ഇമെയിൽ രേഖകളിൽ ഇതെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. നവംബർ 2016ലെ ഒരു ഇമെയിലിൽ ആരോഗ്യപ്രവർത്തകർക്ക് ടാബ്ലറ്റുകൾ നൽകുന്നതിനെക്കുറിച്ചും അതിലൂടെ വിവരങ്ങൾ ശേഖരിക്കുന്നതിനെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. ഇ ഹെൽത്ത് പദ്ധതി പ്രകാരമുള്ള ടാബുകൾ ലഭിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഏതാണ്ട് 10 ലക്ഷത്തോളം പേരിലാണ് സർവേ നടക്കുന്നത്. 14 ജില്ലകളിലും ഇത് നടക്കുന്നുണ്ട്. അടുത്ത ഡിസംബറോടെ സർവേ പൂർത്തീകരിച്ച് വിവരങ്ങൾ പ്രസിദ്ധീകരിക്കാനാകുമെന്നാണ് സർക്കാർ പറയുന്നത്.

വിവരങ്ങളുടെ കൈമാറ്റം നടന്നിരുന്നുവോ?

കാര്യമായ പ്രയാസങ്ങളില്ലാതെ തന്നെ വിവരങ്ങളുടെ കൈമാറ്റം പിഎച്ച്ആർഐ സാധിച്ചെടുത്തെന്നാണ് കാരവാൻ റിപ്പോർട്ട് പറയുന്നത്. 2013 മെയ് മാസത്തിൽ കേരള സർക്കാർ 'കേരള ഹെൽത്ത് ഒബ്സർവേറ്ററി ആൻഡ് ബേസ്ലൈൻ സർവേ'യുടെ ഒരു പൈലറ്റ് സ്റ്റഡി സംഘടിപ്പിച്ചു. സലിം യൂസഫ്, വിജയകുമാർ, മനു രാജ് (മക്മാസ്റ്ററിലും പിഎച്ച്ആർഐയിലും പ്രവർത്തിച്ചിട്ടുള്ള ഗവേഷകൻ), ബിപിൻ ഗോപാൽ (കേരളത്തിലെ ജീവിതശൈലീരോഗ നിയന്ത്രണ പരിപാടിയുടെ നോഡൽ ഓഫീസർ) എന്നിവർ ഈ പൈലറ്റ് സ്റ്റഡിയുടെ പുരോഗതി ചർച്ച ചെയ്യാനായി കൂടുകയുണ്ടായി. ഈ ചർച്ചയ്ക്കു ശേഷം വിജയകുമാർ ഒരു ഇമെയിൽ രാജീവ് സദാനന്ദന് അയച്ചു. ഡാറ്റയിൽ ചില പൊരുത്തക്കേടുകളുണ്ടെന്നും അവ പരിശോധിച്ച് പരിഹരിക്കുന്നതിന് സ്റ്റാറ്റിസ്റ്റീഷ്യൻ, ഡാറ്റ മാനേജർ, എപിഡമിയോളജിസ്റ്റ് എന്നിവരടങ്ങിയ വിദഗ്ധസംഘത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്നുമായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം. പിഎച്ച്ആർഐയിലെ വിദഗ്ധർക്ക് ലോക്കൽ സെർവറിലുള്ള ഡാറ്റയിലേക്ക് അങ്ങനെ പ്രവേശനം ലഭിച്ചു. അതേ ദിവസം തന്നെ ഇതിനുള്ള അനുമതി രാജീവ് സദാനന്ദൻ നൽകിയെന്നാണ് കാരവാൻ റിപ്പോർട്ട് പറയുന്നത്.

കേന്ദ്ര സർക്കാരിൽ നിന്നും ഡാറ്റ കൈമാറ്റത്തിനുള്ള അനുമതി നേടിയെടുക്കുക പ്രയാസമായിരിക്കുമെന്ന് കണ്ട് സലിം യൂസഫ് പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ച് വിജയകുമാറിനും മനു രാജിനും എഴുതിയിരുന്നു. 2013 ഒക്ടോബർ മാസത്തിലായിരുന്നു അത്. തടസ്സമായി വരാനിടയുള്ള ചോദ്യം എന്ത് കാര്യത്തിനാണ് കാനഡയ്ക്ക് ഈ വിവരങ്ങൾ കൈമാറുന്നത് എന്നതാകുമെന്ന് സലിം യൂസഫ് അനുമാനിക്കുന്നു. ഇതിന് മറുപടിയായി പറയാവുന്ന കാര്യങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കാനഡയ്ക്ക് ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങളിലേക്ക് പ്രവേശനം ലഭിക്കില്ല എന്നതാണ് ഒന്നാമത്തെ കാര്യം. ഈ പ്രോജക്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്നാണെന്നും അതിനാൽ തന്നെ സങ്കീർണമാണെന്നതുമാണ് രണ്ടാമതായി ബോധിപ്പിക്കാവുന്ന ന്യായമായി സലിം യൂസഫ് പറയുന്നത്. വെറുതെ കുറച്ച് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ ശേഖരിക്കുകയല്ല. അവയുടെ വിശകലനം അതിസങ്കീർണമാണ്. ആ വിശകലനം നടത്താൻ ശേഷിയുള്ള വളരെക്കുറച്ച് സ്ഥാപനങ്ങളിലൊന്നാണ് പിഎച്ച്ആർസി. ഇക്കാര്യവും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് സലിം യൂസഫ് തന്റെ ഇമെയിലിൽ പറയുന്നു.

ഇക്കാര്യങ്ങളിൽ നീക്കുപോക്കുണ്ടാകുന്നതിനു മുമ്പു തന്നെ പദ്ധതിക്കെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്തു വരികയും യുഡിഎഫ് സർക്കാരിന് പിൻവാങ്ങേണ്ടി വരികയും ചെയ്തു. പിൻവാങ്ങുന്നതിന് കാരണമായി ആരോഗ്യമന്ത്രിയായിരുന്ന വിഎസ് ശിവകുമാർ പറഞ്ഞത് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചില്ലെന്നായിരുന്നു.

വീണ്ടും പിഎച്ച്ആർഐ രംഗത്തു വരുന്നത് എങ്ങനെയാണ്?

2016 ഡിസംബർ മാസം 13നാണ് പഴയ പദ്ധതി പൊടി തട്ടിയെടുക്കാനുള്ള ആലോചനകൾ നടക്കുന്നതായി വിവരങ്ങൾ പുറത്തു വരുന്നത്. വിവാദ ആരോഗ്യ സർവേയുമായി മുമ്പോട്ടു പോകാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നുവെന്ന തലക്കെട്ടിൽ പ്രഭാത് നായർ ഈ വാർത്ത റിപ്പോർട്ട് ചെയ്തു. സർവേക്കു വേണ്ടിയുള്ള സോഫ്റ്റ്വെയർ വികസിപ്പിക്കുന്നതും പിഎച്ച്ആർസിയാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കി. ഡോ. ബിപിൻ ഗോപാലിന്റെ പ്രസ്താവനയും കൂടെയുണ്ട്: "വൻതോതിലുള്ള ഡാറ്റയുടെ വിശകലനത്തിനുള്ള സോഫ്റ്റ്വെയർ നിർമിക്കാൻ വൈദഗ്ധ്യമുള്ളവരെന്ന നിലയിലാണ് പിഎച്ച്ആർഐയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സോഫ്റ്റ്വെയർ സംസ്ഥാനത്തോ രാജ്യത്തു തന്നെയോ ലഭ്യമല്ല." പിഎച്ച്ആർഐയുമായി പുതിയൊരു കരാറിന്റെ ആവശ്യമില്ലെന്നും യുഡിഎഫ് സർക്കാരിന്റെ കാലത്തെ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നുമാണ് ബിപിൻ ഗോപാൽ പറഞ്ഞത്.

എന്താണ് 'ഹെൽത്ത് ആക്ഷൻ ബൈ പീപ്പ്ൾ'?

ഇതൊരു സർക്കാരിതര സംഘടനയാണ്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ ഗവേഷണം നടത്തുകയെന്നതാണ് തങ്ങളുടെ പരിപാടിയെന്ന് സംഘടനയുടെ വെബ്സൈറ്റ് പറയുന്നു. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസം, പൊതുജനാരോഗ്യ ഗവേഷണം, ആരോഗ്യനയ ഇടപെടലുകൾ തുടങ്ങിയ നിരവധി വിഷയങ്ങളിൽ തങ്ങൾ സംഭാവനകൾ നൽകി വരുന്നതായും 'ഹെൽത്ത് ആക്ഷൻ ബൈ പീപ്പ്ൾ' പറയുന്നു. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ പ്രൊഫസറായ ഡോ. വി രാമൻകുട്ടിയാണ് സംഘടനയുടെ ഇപ്പോഴത്തെ ചെയർമാൻ.

സംഘടനയുടെ സെക്രട്ടറിയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി മെഡിസിന്റെ തലവനുമായ ഡോ. വിജയകുമാറാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിൻവലിക്കേണ്ടി വന്ന KHOBS (കേരള ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി ആന്റ് ബേസ്ലൈന്‍ സര്‍വെ) പ്രോജക്ട് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയ ഉടനെ ചർച്ചകൾ തുടങ്ങിവെച്ചത്. യുഡിഎഫ് കാലത്ത് ഇടതുമുന്നണിയുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പിൻവലിക്കേണ്ടി വന്ന KHOBS പദ്ധതിയിലും ഈ സംഘടന ഭാഗമായിരുന്നു. അന്ന് കേരള സർക്കാരിന്റെ ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദൻ 2016ൽ പുതിയ സർക്കാരിൽ ആരോഗ്യ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായി തിരിച്ചെത്തിയപ്പോഴാണ് ഡോ. വിജയകുമാർ പിഎച്ച്ആർഐയുടെ സുമതി രംഗരാജന് കത്തെഴുതുന്നത്. അനുകൂല പ്രതികരണം ഉടൻ തന്നെ വന്നു. പിന്നാലെ പിഎച്ച്ആർഐയുടെ തലവൻ സലിം യൂസഫും ചർച്ചകളിൽ പങ്കാളിയായെന്നാണ് കാരവാൻ പുറത്തുകൊണ്ടുവന്ന ഇമെയിലുകൾ വ്യക്തമാക്കുന്നത്.

ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളിന്റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ സർക്കാരുമായി യോജിച്ചുള്ള പല പദ്ധതികളുടെയും വിവരങ്ങളുണ്ടെങ്കിലും കിരൺ പദ്ധതിയെക്കുറിച്ചുള്ള വിവരമൊന്നും ലഭ്യമല്ല. കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയുമായി ചേർന്നും ഈ സംഘടന പ്രവർത്തിച്ചിട്ടുണ്ടെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഈ സർവകലാശാലയിലെ പ്രൊഫസർ കൂടിയാണ് സലിം യൂസഫ്.

ഡോ. സിആർ സോമൻ സ്ഥാപിച്ചതാണ് ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ എന്ന സംഘടന. ആരോഗ്യരംഗത്ത് ദീർഘദർശിത്വമുള്ള കാഴ്ചപ്പാടുകളെ തന്റെ ഇടപെടലുകളിലൂടെ സർക്കാർ നയങ്ങളാക്കി പരിവർത്തിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കിംസിലെ സീനിയർ അഡ്വൈസറും ഐസിഎംആർ റിസർച്ച് അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ ഡോ. സിസി കർത്ത ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ സിആർ സോമനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: "ആരോഗ്യമേഖലയില്‍ ഇന്റര്‍- സെക്ടറല്‍ പ്രവൃത്തികള്‍ക്ക് സമൂഹത്തിന്റെ പങ്ക് വലുതാണെന്ന് പ്രൊഫ. സോമന്‍ വിശ്വസിച്ചിരുന്നു. പ്രൊഫ. പി.കെ.ജി. പണിക്കരോടൊപ്പം, അദ്ദേഹം എഴുതി, 1984ല്‍ പ്രസിദ്ധീകരിച്ച 'ഹെല്‍ത്ത് സ്റ്റാറ്റസ് ഓഫ് കേരള' എന്ന പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ലാഭലക്ഷ്യമില്ലാതെ, അദ്ദേഹം തുടങ്ങിയ സംഘടനക്ക് 'ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍' എന്നാണ് പേരിട്ടത്. ആദ്യകാലങ്ങളില്‍ അവര്‍, അമേരിക്കയിലെ ഡ്രെയ്ഫസ് ഹെല്‍ത്ത് ഫൗണ്ടേഷനുമായി ചേര്‍ന്ന് മെച്ചപ്പെട്ട ആരോഗ്യ പരിപാലനത്തിനുള്ള പ്രശ്‌നപരിഹാരം എന്ന വിഷയത്തില്‍ പരിശീലനമൊക്കെ നല്‍കിയിരുന്നു. ഇത്തരം പരിശീലനം 32 ഓളം രാജ്യങ്ങളില്‍ നടത്തിയിരുന്നു.

എന്നാണ് ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ വിവാദത്തിലേക്ക് വരുന്നത്?

2014ലാണ് കേരളത്തിലെ ആരോഗ്യവിവരങ്ങൾ ചോർത്താൻ ഒരു കനേഡിയൻ ഏജൻസി സർവേ നടത്തിയെന്നും ഇതിനായി ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളിന് അഞ്ച് വർഷത്തിനിടയിൽ ഏജൻസിയിൽ നിന്ന് ഒന്നരക്കോടി രൂപ ലഭിച്ചെന്നുമാണ് വാർത്തകൾ വന്നിരുന്നത്. ചില റിപ്പോർട്ടുകൾ മരുന്നു പരീക്ഷണ പരിപാടിയായും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്തിനു മുമ്പ് വിദേശ സംഘടനകളുമായി ബന്ധപ്പെട്ടുള്ള ഏതുതരം വിവാദങ്ങളിലും മരുന്നുപരീക്ഷണം ഒരു പ്രധാന മസാലയായിരുന്നു. മരുന്നുപരീക്ഷണമെന്നത് വലിയൊരു ഭീതിയായി സാധാരണക്കാരിൽ നിലനിന്നിരുന്നതിനാൽ അന്ന് ഇത്തരം റിപ്പോർട്ടുകളും സ്വാഭാവികമായി.

2012 ഡിസംബറിലാണ് കേരള ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി ബേസ്ലൈൻ സ്റ്റഡി എന്ന സർവേക്ക് യുഡിഎഫ് സർക്കാർ ഉത്തരവിട്ടത്. രാജീവ് സദാനന്ദനായിരുന്നു അന്നത്തെ ആരോഗ്യ സെക്രട്ടറി.

കുടുംബശ്രീയുമായി ചേർന്ന് ചില പദ്ധതികൾ ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ നടപ്പാക്കി വരുന്നുണ്ട്. 2013ൽ 'നിഞ്ച' എന്ന പേരിൽ ഒരു പാനീയം ഈ സംഘടന പുറത്തിറക്കിയതായും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീയുമായി ചേർന്ന് നിഞ്ച യൂണിറ്റുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. 15,000 രൂപയുടെ നിക്ഷേപത്തിൽ ഇത്തരമൊരു യൂണിറ്റ് തുടങ്ങാൻ കഴിയും.

കുടുംബശ്രീ മിഷൻ തന്നെ സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനും പരിശോധിക്കാനുമുള്ള സൌകര്യങ്ങൾ കുറവായ സാധാരണക്കാർക്ക് അത്തരം സേവനങ്ങളെത്തിക്കാൻ ഹെൽത്ത് ആക്ഷൻ പീപ്പിളുമായി സഹകരിച്ചിരുന്നു. ഇതിനായി വോളന്റിയർമാരെ റിക്രൂട്ട് ചെയ്യുകയുമുണ്ടായി. സാന്ത്വനം വോളന്റിയേഴ്സ് യൂണിറ്റ് എന്നറിയപ്പെട്ട ഈ പരിപാടി 2005-06 സംസ്ഥാന ബജറ്റിൽ ഇടംപിടിച്ചതായും കുടുംബശ്രീ പുറത്തിറക്കിയ വിവിധ വിവരണങ്ങളിലുണ്ട്. ഇപ്പോഴും സജീവമായും കാര്യക്ഷമമായും നടക്കുന്ന പദ്ധതിയാണിത്.

ഇതേ വിഷയം തന്നെയാണ് ഇപ്പോൾ വിവാദമായിരിക്കുന്ന കേരളാ ഇൻഫർമേഷൻ റസിഡന്റ്സ് അസോസിയേഷൻ നെറ്റ്വർക്ക് (കിരൺ) സർവേയുടെ വിഷയമായത്.
ഇതേ ഏജൻസിയെ തിരികെ വിളിച്ച് അതേ പരിപാടി മുമ്പോട്ടു കൊണ്ടുപോകുകയാണ് ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരെന്ന് തെളിയിക്കുന്ന ഇമെയിലുകളാണ് കാരവാൻ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

2019 ഏപ്രിൽ മാസത്തിൽ തന്നെ എൽഡിഎഫ് സർക്കാർ നടത്തിയ ഈ മലക്കംമറിച്ചിൽ വാർത്തയായി മാറിയിരുന്നു. കേരളത്തിലെ കിരൺ സർവേ നടത്തിയത് തങ്ങളാണെന്ന് കനേഡിയൻ ഏജൻസിയായ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിലുള്ളതായി അന്നത്തെ ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് പറയുന്നു. എന്നാൽ തുടക്കം മുതൽക്കേ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ പങ്കാളിയാണെങ്കിലും ഡാറ്റ കൈമാറ്റം ചെയ്യുന്നതിൽ ഇതുവരെ യാതൊരു തീരുമാനവും വന്നിട്ടില്ലെന്നായിരുന്നു അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടറായ ഡോ. രാമൻകുട്ടി അന്ന് പറഞ്ഞത്. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അനുവാദം കിട്ടിയാൽ മാത്രമേ ഡാറ്റ കൈമാറ്റം ചെയ്യൂവെന്നും അതിനുള്ള അനുമതിക്കായി ഡിപ്പാർട്ട്മെന്റിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചതായി ഡെക്കാൻ ക്രോണിക്കിൾ 2019 ഏപ്രിൽ 19ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. നിലവിൽ തങ്ങളുടെ ലോക്കൽ സെർവറിലാണ് ഡാറ്റ സേവ് ചെയ്തു വെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

"ഏജൻസിയുമായി ഗവേഷണപങ്കാളിത്തം ഉണ്ടാകുന്നതിൽ പ്രശ്നമൊന്നുമില്ല. മരുന്നുപരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന ഏജൻസിയാണിത്. ഈ വിവരങ്ങൾ എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടുകയെന്ന് എനിക്ക് മനസ്സിലാകുന്നില്ല," ഡോ. വി രാമൻകുട്ടി പറയുകയുണ്ടായി. അമ്പത് ശതമാനത്തോളം സർവേ പൂർത്തിയായെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ മുഴുവൻ പൂർത്തീകരിക്കാനാകുമെന്നും അന്നദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്താണ് പിഎച്ച്ആർഐയുടെ പ്രവർത്തന മേഖല?

1993ലാണ് പിഎച്ച്ആർഐ (പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) സ്ഥാപിക്കപ്പെടുന്നത്. വളരെ ചുരുങ്ങിയ പ്രവർത്തനസാഹചര്യങ്ങളിൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് 102 രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ഗവേഷണപഠന ശൃംഖലകളുള്ള കേന്ദ്രമായി പരിണമിച്ചിട്ടുണ്ട്. നൂറോളം പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുവെന്ന് സ്ഥാപനത്തിന്റെ വെബ്സൈറ്റ് പറയുന്നു. 1999 മുതൽ ഡോ. സലിം യൂസഫ് പിഎച്ച്ആർഐയെ നയിക്കുന്നു. മക്മാസ്റ്റർ സർവകലാശാല, ഹാമിൽടൺ ഹെൽത്ത് സയൻസസ് എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പഠനങ്ങൾ നടക്കുന്നത്.

തുടക്കത്തിൽ ഹൃദ്രോഗം, ഡയബെറ്റിസ് എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ. പിന്നീട് മസ്തിഷ്കാരോഗ്യം, സ്ട്രോക്ക്, റെനൽ, പരിസ്ഥിതിയും ആരോഗ്യവും, അമിതവണ്ണം തുടങ്ങിയ നിരവധിയായ മേഖലകളെക്കൂടി ഉൾപ്പെടുത്തി. ലോകത്തെമ്പാടും തങ്ങളുടെ മാർഗദർശിത്വത്തിൻ കീഴിൽ നിരവധിയായ പഠനങ്ങൾ നടക്കുന്നുണ്ടെന്നും പിഎച്ച്ആർഐ തങ്ങളുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

ക്ലിനിക്കൽ ട്രയലുകളുടെ എല്ലാ സ്റ്റേജുകളിലും ശാസ്ത്രീയ വിശ്വാസ്യത പുലർത്തുന്ന സമീപനമാണ് തങ്ങളുടെ പഠനങ്ങളുടേതെന്ന് പിഎച്ച്ആർഐ വെബ്സൈറ്റ് പറയുന്നുണ്ട്. പഠനങ്ങളിൽ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനങ്ങൾക്ക് പിഎച്ചആർഐയുടെ സന്നാഹപ്പെട്ട സംവിധാനങ്ങൾ ഗവേഷകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഗവേഷകർക്ക് സാമ്പത്തികമായ പിന്തുണയും നൽകുന്നു. റിസർച്ച് സ്പെസിമെനുകൾ സംഘടിപ്പിച്ച് നൽകുകയും അവ ലോകത്തെവിടെയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് ഇവർ.

എന്താണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട്?


ഈ വിഷയത്തിൽ പിന്നാക്കം പോകേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. ശേഖരിക്കുന്ന ഡാറ്റ സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കാകെ ഉപകാരപ്പെടുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇത് ആരോഗ്യമേഖലയ്ക്ക് ആകെ ഗുണം ചെയ്യും. ഡാറ്റ പ്രസിദ്ധീകരിക്കുമെന്ന് അച്യുതമേനോന്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസുമായുള്ള ആദ്യ കരാറിൽ തന്നെയുണ്ട്. ഈ ഡാറ്റയിൽ സ്വകാര്യതാ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നാണ് സർക്കാരിന്റെ നിലപാടിൽ പ്രതിഫലിക്കുന്നത്. ഇക്കാരണത്താൽ തന്നെ പഠനാവശ്യങ്ങൾക്കായുള്ള ഡാറ്റ ശേഖരണം ഇ ഹെൽത്ത് പദ്ധതിക്കായി സന്നാഹപ്പെടുത്തിയ സെർവറിലാണ്.

Next Story

Related Stories