TopTop
Begin typing your search above and press return to search.

സ്വവര്‍ഗ്ഗലൈംഗികത, കമ്യൂണിസം, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം; പോപ്പ് പറയുന്നത് ലോകം കേള്‍ക്കുകയാണ്

സ്വവര്‍ഗ്ഗലൈംഗികത, കമ്യൂണിസം, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം; പോപ്പ് പറയുന്നത് ലോകം കേള്‍ക്കുകയാണ്


ചരിത്രത്തിലുടനീളം അതത് കാലത്തിന്റെ മാറ്റങ്ങളോടുള്ള സംഘർഷത്തിൽ തങ്ങളുടെ വിശ്വാസങ്ങളെ പുനപ്പരിശോധിക്കാൻ കത്തോലിക്കാസഭ തയ്യാറായിട്ടുണ്ടെന്ന് മൈൽസ് മർഖാം പറയുന്നു. എൽജിബിടിക്യു അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഇദ്ദേഹം കൊളംബിയ തിയോളജിക്കൽ സെമിനാരിയിൽ നിന്നും പ്രായോഗിക ദൈവശാസ്ത്രത്തിൽ ബിരുദമെടുത്തിട്ടുള്ളയാളാണ്. ബൈബിളെഴുത്തുകാരുടെ കാലത്തിന്റെ പ്രത്യേകതകളെ പരിഗണിക്കാൻ ക്രിസ്ത്യൻ സമൂഹം എന്നും തയ്യാറായിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. സ്വവർഗലൈംഗികതയോട് ക്രിസ്തുമതം ഇക്കാലമത്രയും പുലർത്തിപ്പോന്ന വിദ്വേഷം ഇക്കാലയളവിൽ കുറഞ്ഞു വന്നിട്ടുണ്ടെന്നത് പരിഗണിക്കുമ്പോൾ മർഖാമിന്റെ വാക്കുകൾ ശരിയാണെന്ന് അനുമാനിക്കാം. ഗൌരവമേറിയ ചർച്ചകൾ സഭയ്ക്കകത്തും പുറത്തും നടക്കുന്നുണ്ട്. എന്നാൽ, ഇപ്പോഴും ഏറ്റവും കടുംപിടിത്തം തുടരുന്ന സഭ കത്തോലിക്കാ സഭയാണ്. കത്തോലിക്കാസഭ ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന വിചാരങ്ങളെല്ലാം അങ്ങയറ്റത്തെ ദുഷ്ടമനസ്ഥിതി നിറഞ്ഞതാണെന്നും ഏതാണ്ട് ഹോമോഫോബിയയോട് അടുത്തതാണെന്നും വിമർശിച്ച് അയർലാൻഡിന്റെ മുൻ പ്രസിഡണ്ട് മേരി മക്ആലീസ് ഈയിടെ രംഗത്തു വന്നിരുന്നു. അയർലൻഡിൽ 1993ലാണ് സ്വവർഗരതിയെ കുറ്റകരമല്ലാതാക്കിയത്. എന്നാൽ 93ന് മുമ്പും ശേഷവും സഭയ്ക്കുള്ളിൽ ധാരാളം സ്വവർഗരതിക്കാർ ഉണ്ടായിരുന്നെന്ന് മക്ആലീസ് ചൂണ്ടിക്കാട്ടുന്നു.

സ്വവർഗാനുരാഗികൾക്കു വേണ്ടി നിരന്തരമായി ശബ്ദമുയർത്തിക്കൊണ്ടിരിക്കുന്നവരിൽ ഫ്രാൻസിസ് മാർപ്പാപ്പയുമുണ്ട് എന്നതാണ് വൈരുദ്ധ്യം. തന്റെ സഭ തന്റെ നിലപാടിനോട് അത്ര പ്രതിപത്തി കാണിക്കാതിരിക്കുമ്പോഴും മാറ്റത്തിനു വേണ്ടി കലഹമുയർത്താൻ അദ്ദേഹം തയ്യാറാവുകയാണ്. ഫ്രാന്‍സിസ്കോ എന്ന പേരിലിറങ്ങിയ, തന്റെ പോപ്പ് ജീവിതത്തെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട ഡോക്യുമെന്ററിയിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. സ്വർവർഗാനുരാഗികളും ദൈവത്തിന്റെ മക്കളാണെന്നാണ് അദ്ദേഹം പറയുന്നത്. അവർക്ക് കുടുംബജീവിതത്തിന് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞുവെച്ചു. മുമ്പുള്ള നിലപാടുകളുടെ ഒരു പുതുക്കൽ കൂടിയാണിത്. കുടുംബജീവിതത്തിന് അർഹതയുണ്ടെന്ന് വരുമ്പോൾ അവർക്ക് സാധാരണ കത്തോലിക്കന് ലഭിക്കേണ്ടുന്ന എല്ലാ അവകാശാധികാരങ്ങളുമുണ്ടെന്നുകൂടി വരുന്നുണ്ടെങ്കിലും വിവാഹം എന്ന വാക്ക് അദ്ദേഹം ഉപയോഗിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. എങ്കിലും, സഭയുടെ അധികാരകേന്ദ്രങ്ങളിലേക്കും സ്വവർഗാനുരാഗികളുടെ കടന്നുവരവിനെ സ്വാഗതം ചെയ്യുന്നതിലേക്കുള്ള ഒരു തുടക്കമെന്ന നിലയിലുള്ള പ്രസ്താവനയാണിതെന്ന് കരുതാം.

കത്തോലിക്കാ സഭാനേതൃത്വങ്ങൾ പലതും ഇപ്പോഴും ഈ വിഷയത്തിൽ പോപ്പിനോട് ഇടഞ്ഞു തന്നെയാണ് നിൽക്കുന്നത്. ഇന്ത്യയിൽ സ്വവർഗാനുരാഗത്തിന് അനുകൂലമായ ആദ്യത്തെ സുപ്രീംകോടതി വിധി വന്നപ്പോൾ കേരള കത്തോലിക് ബിഷപ്സ് കൌൺസിൽ എതിർനിലപാടുമായി ശക്തമായി രംഗത്തു വന്നിരുന്നു. "സദാചാരബോധമുള്ളവര്‍ക്കും മനുഷ്യരാശിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവര്‍ക്കും വലിയൊരു വെല്ലുവിളി തന്നെയാണ് സുപ്രീംകോടതിയുടെ വിധി. ദൈവികവും മാനുഷികവുമായ എല്ലാ മൂല്യങ്ങളെയും വെല്ലുവിളിക്കുന്നവരാണ് സ്വവര്‍ഗരതിക്കാരെന്ന് കാര്യം കോടതിയുടെ പരിഗണനയ്ക്ക് വന്നതേയില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്," റോമൻ കത്തോലിക്കാ പോർട്ടലായ ജീവനാദത്തിൽ അക്കാലത്ത് വന്ന ലേഖനത്തിൽ പറയുന്നു.

സഭയില്‍ പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കമെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഭാനേതൃത്വങ്ങളിൽച്ചിലതിൽ നീക്കങ്ങൾ നടക്കുന്നുണ്ടെന്നതും യാഥാർത്ഥ്യമാണ്. അസമത്വം, കാലാവസ്ഥ വ്യതിയാനം, കമ്മ്യൂണിസം, സ്വവര്‍ഗ രതി തുടങ്ങിയ വിഷയങ്ങളിൽ സഭ കാലാകാലമായി പുലര്‍ത്തിപ്പോന്ന വലത് യാഥാസ്ഥിതിക സമീപനങ്ങളെയെല്ലാം തള്ളിക്കളയുന്നതാണ് ഫ്രാൻസിസ് പോപ്പിന്റെ നിലപാടുകളെല്ലാം. 2013 ല്‍ അദ്ദേഹം പറഞ്ഞു: "ഒരാള്‍ സ്വവര്‍ഗാനുരാഗിയായിരിക്കെ ദൈവത്തെ തേടുകയും പരിശുദ്ധമായ ലക്ഷ്യങ്ങളുണ്ടാവുകയും ചെയ്യുന്നെങ്കില്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഞാനാരാണ്!"

എൽജിബിടി മാഗസിനായ ദി അഡ്വക്കേറ്റ് 2019ൽ പേഴ്സൺ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത് പോപ്പ് ഫ്രാൻസിസിനെയായിരുന്നു. ബ്യൂനസ് അയേഴ്സിൽ ആർച്ച് ബിഷപ്പായിരുന്ന കാലത്തു തന്നെ പോപ്പ് ഫ്രാൻസിസ് (എന്ന് കർദ്ദിനാൾ ജോർജ് മാരിയോ ബെർഗോഗ്ലിയോ) സ്വവർഗ ഒരുമിക്കലുകളെ (സിവിൽ യൂണിയൻ) അനുകൂലിക്കുന്നതിനായി മറ്റ് ബിഷപ്പുമാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. സ്വവർഗ വിവാഹങ്ങൾക്ക് 'വിവാഹം' എന്ന തലക്കെട്ടിലുള്ള അംഗീകാരം കൊടുക്കേണ്ടതില്ലെന്നും എന്നാൽ വിവാഹിതരുടെ മറ്റെല്ലാം ആനുകൂല്യങ്ങളും കൊടുക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇപ്പോഴും ഈ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. എന്തായാലും സ്വവർഗാനുരാഗം 'സാത്താന്റെ പ്രവൃത്തി'യാണെന്ന കത്തോലിക്ക സഭാവിശ്വാസത്തിന്റെ എതിര് നിൽക്കുന്നതു തന്നെയാണ് ഈ നിലപാടും.

അതെസമയം ഇത്തവണത്തെ പ്രസ്താവനയിൽ പോപ്പ് ഫ്രാൻസിസ് ഒരു വാക്ക് കൂടി ഉൾച്ചേർത്തിട്ടുണ്ട്. 'കുടുംബം' എന്ന വാക്കാണിത്. മുൻകാലങ്ങളിലെ പോപ്പിന്റെ നിലപാടിൽ നിന്ന് ഒരു പടികൂടി മുമ്പോട്ടു പോയിരിക്കുന്നുവെന്നതാണ് പ്രത്യേകത. എൽജിബിടി സമൂഹം ഇതിൽ ഏറെ സന്തുഷ്ടരുമാണ്. അദ്ദേഹം വളരെ തന്ത്രപൂർവം കാര്യങ്ങളെ മുമ്പോട്ടു നീക്കുന്നുവെന്നാണ് അവർ കരുതുന്നത്. കത്തോലിക്കാ സമൂഹം പടിപടിയായി എൽജിബിടി സമൂഹത്തെ സ്വീകരിക്കുന്നതിലേക്കാണ് പോപ്പിന്റെ ഈ സന്ദേശം ഗുണം ചെയ്യുകയെന്ന് കത്തോലിക്കാ എൽജിബിടി സംഘടനയായ ന്യൂ വേസ്യ്സ് മിനിസ്ട്രി ചൂണ്ടിക്കാട്ടുന്നു. വളരെ താമസിയാതെ തന്നെ ഈ 'സ്വവർഗ കുടുംബങ്ങളെ' പള്ളികളിൽ അനുഗ്രഹിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിലേക്കും കാര്യങ്ങളെത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

സിവിൽ യൂണിയൻ പദവി പോര?

അങ്ങനെ പറയുന്നവരുമുണ്ട്. എന്തുകൊണ്ട് വിവാഹമെന്ന പദവി നിഷേധിക്കുന്നുവെന്ന ചോദ്യത്തിൽ തന്നെ കാര്യം വ്യക്തമാകും. വിവാഹം എന്ന പദവിയെ അപേക്ഷിച്ച് താഴ്ന്നതായി തന്നെ തുടരേണ്ടി വരും സിവിൽ യൂണിയൻ എന്ന പദവിക്ക് എന്നതാണ് അതിന്റെ ധ്വനി. എല്ലാവർക്കും തുല്യത വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഈ നിലപാടെന്നാണ് യുഎസ്സിലെ എൽജിബിടി പ്രവർത്തകർ പറുയുന്നത്. സിവിൽ യൂണിയൻ പദവിയുള്ള ദമ്പതികൾക്ക് സമൂഹത്തിന്റെ എല്ലാ തുറകളിലും വിവേചനം അനുഭവപ്പെടും. സിവിൽ യൂണിയൻ എന്ന പ്രയോഗം കേൾക്കുമ്പോൾത്തന്നെ ജനങ്ങൾ ആശയക്കുഴപ്പത്തിലാകും. ആ പദവിയെ എത്രത്തോളം ബഹുമാനിക്കണമെന്ന സന്ദേഹം അവരിലുണ്ടാകും. എന്തുതരം ബന്ധമാണതെന്ന സംശയം എപ്പോഴും നിലനിൽക്കും. മറ്റുള്ളവർക്ക് ഇക്കൂട്ടരെ വിവേചനപൂർവം കാണാനുള്ള അവസരമൊരുക്കുകയാണ് യഥാർത്ഥത്തിൽ സിവിൽ യൂണിയൻ എന്ന പദവി ചെയ്യുക. യുഎസ്സിൽ ഇപ്പോഴും സ്വവർഗവിവാഹം നിരവധി സംസ്ഥാനങ്ങളിൽ സങ്കീർണമാണ്. 38 സംസ്ഥാനങ്ങളിൽ ഇത്തരം വിവാഹങ്ങൾ അംഗീകരിച്ചിട്ടുണ്ട്. സിവിൽ യൂണിയൻ ഒരിക്കലും വിവാഹത്തിന് തുല്യമാകില്ലെന്നാണ് യുഎസ് ചരിത്രകാരി നാൻസി കോട്ട് പറയുന്നത്. ഈ വിഷയത്തിൽ മിക്കവരുടെയും നിലപാടുകൾ പക്വതയാർജിച്ചു വരുന്നതായാണ് കാണാൻ കഴിയുക. ബരാക് ഒബാമ 90കളിൽ സിവിൽ യൂണിയനു വേണ്ടി വാദിച്ചിരുന്നയാളാണ്. 2012ൽ സിവിൽ യൂണിയൻ പോരായെന്നും വിവാഹം തന്നെ വേണമെന്നുമുള്ള നിലപാടിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. ഫ്രാൻസിസ് പോപ്പിന്റെ നിലപാടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത് അദ്ദേഹം പടിപടിയായി തന്റെ നയപരിപാടിയെ പുതുക്കിക്കൊണ്ടുവരികയും അവയ്ക്ക് കത്തോലിക്കാ സമൂഹത്തിലും പൊതുസമൂഹത്തിലും സ്വീകാര്യത വർധിപ്പിക്കാൻ ശ്രമിക്കുകയുമാണെന്നാണ്.

കുടിയേറ്റം: ഒഴിവാക്കപ്പെടുന്നവരോടുള്ള കാരുണ്യം

'നിസ്സംഗതയുടെ ആഗോളീകരണം' എന്നാണ് കുടിയേറ്റക്കാരോട് ലോകത്തിൽ വളർന്നു വരുന്ന വിദ്വേഷത്തെ വിശേഷിപ്പിക്കാൻ പോപ്പ് ഫ്രാൻസിസ് ഉപയോഗിച്ച പ്രയോഗം. ലോകം ദിനംപ്രതി വരേണ്യരുടേതായി മാറിക്കൊണ്ടിരിക്കുന്നതായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ 2019ൽ സംഘടിപ്പിക്കപ്പെട്ട ലോക കുടിയേറ്റ-അഭയാർത്ഥി ദിന പരിപാടിയിൽ വെച്ച് പറഞ്ഞു. ക്രിസ്ത്യാനികളെന്ന നിലയ്ക്ക് പഴയതും പുതിയതുമായ ദാരിദ്ര്യങ്ങളോട് നിസ്സംഗത പുലർത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. "നമ്മുടെ കൂട്ടരല്ലെന്ന ന്യായത്തിൽ കരച്ചിലിൽ പങ്കുചേരുന്നതിൽ നാം പരാജയപ്പെടരുത്, പ്രതികരിക്കാൻ മറന്നുപോകരുത്": അദ്ദേഹം വ്യക്തമാക്കി.

സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ചരിത്രത്തിലെ നിരവധിയായ പലായനങ്ങളെയും കുടിയേറ്റങ്ങളെയും ഓർമിപ്പിക്കുന്ന ഒരു ശിൽപം അനാച്ഛാദനം ചെയ്യുകയുമുണ്ടായി പോപ്പ് ഫ്രാൻസിസ്.

പോപ്പ് ഫ്രാൻസിസിന്റെ ഈ കുടിയേറ്റ അനുകൂല മനോഭാവം ലോകത്തിലെ എല്ലാ കത്തോലിക്കരും അംഗീകരിക്കുന്നില്ല എന്നിടത്താണ് പ്രസ്തുത നിലപാട് ധീരമായിത്തീരുന്നത്. യുഎസ്സിൽ ട്രംപിനെ അനുകൂലിക്കുന്ന കത്തോലിക്കർക്കിടയിൽ പോപ്പ് ഫ്രാൻസിസിനെതിരെ ഒരുതരം വിദ്വേഷം തന്നെ ജനിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ അധികമാകില്ല. കത്തോലിക്കരാണ് ജോ ബൈഡനും ഡൊണാൾഡ് ട്രംപും. എന്നാൽ കുടിയേറ്റത്തിന്റെ കാര്യത്തിൽ രണ്ടുകൂട്ടരും രണ്ടഭിപ്രായക്കാരാണ്. കുടിയേറ്റ വിരുദ്ധതയും വിദ്വേഷവും അതിന്മേലുള്ള വൈകാരികതയും ട്രംപിന്റെ രാഷ്ട്രീയ അടിത്തറ തന്നെയാണ്. ജോ ബൈഡൻ കുടിയേറ്റത്തിന് സാമ്പത്തികനേട്ടങ്ങളുണ്ടെന്ന നിലപാടുകാരനാണ്. ന്യായമായ നിലയിൽ കുടിയേറ്റം അനുവദിക്കുകയും അവയെ രാജ്യപുരോഗതിക്കായി ഉപയോഗിക്കുകയും ചെയ്യാമെന്നും മതിൽ കെട്ടിയടയ്ക്കുന്നതെല്ലാം അബദ്ധമാണെന്നും അദ്ദേഹം കരുതുന്നു. പകരം അതിർത്തികളിൽ കാര്യക്ഷമമായ സംവിധാനങ്ങളേർപ്പെടുത്തും. രണ്ട് കത്തോലിക്കരുടെയും നിലപാടുകൾ തമ്മിലുള്ള യുദ്ധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബൈഡനെ ട്രംപ് അനുകൂലിയായ മുൻ നോത്ര ദാം ഫുട്ബോൾ കോച്ച് ലോവു ഹോൾട്സ് വിശേഷിപ്പിക്കുന്നത് 'കത്തോലിക്കാ നാമധാരി'യെന്നാണ്. ഇതേ വികാരം പങ്കിടുന്ന വലിയൊരു ഭാഗമാളുകൾ ലോക കത്തോലിക്കർക്കിടയിലുണ്ട്. എങ്കിലും ബൈഡൻ അതിനെ ഭയപ്പെടുന്നില്ല. താൻ രാജ്യത്തിന്റെ ആത്മാവിനു വേണ്ടിയാണ് യുദ്ധം ചെയ്യുന്നത്. കത്തോലിക്കർ സഭയുടെ ആത്മാവിനു വേണ്ടി യുദ്ധം ചെയ്യുന്നു.

ട്രംപിന്റെ കുടിയേറ്റ നയത്തെ 'അക്രൈസ്തവം' എന്നാണ് പോപ്പ് വിശേഷിപ്പിച്ചത്. പോപ്പിന്റെ നിലപാട് അപമാനകരമെന്ന് ട്രംപ് തിരിച്ചടിക്കുകയും ചെയ്തു. അതിയാഥാസ്ഥിതികരായ കത്തോലിക്കരെ അത് സന്തോഷിപ്പിക്കുകയും ചെയ്തു.

കമ്യൂണിസം: ചരിത്രത്തെ അട്ടിമറിക്കുന്ന പോപ്പ്

പോപ്പ് ഫ്രാൻസിസ് ഒരു കമ്യൂണിസ്റ്റുകാരനാണോയെന്ന സന്ദേഹം പൊതുവിലുണ്ട്. 'ഈസ് ദി പോപ്പ് എ കമ്യൂണിസ്റ്റ്' എന്ന തലക്കെട്ടിൽ ബിബിസി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുക വരെയുണ്ടായി. സ്വതന്ത്ര വിപണിയെന്ന ആശയത്തെ എതിർത്ത് സംസാരിച്ച സന്ദർഭത്തിലായിരുന്നു ഇത്. ലോകത്തിലെ അസമത്വത്തിനെല്ലാം കാരണം മുതലാളിത്തമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നു മാത്രമല്ല, മുതലാളിത്തം ഏറ്റവും ക്രൂരനായ കൊലയാളിയാണെന്നും പോപ്പ് പറഞ്ഞു.

ക്യൂബൻ നേതാവ് റൌൾ കാസ്ട്രോയുടെ ഒരു പ്രസ്താവനയും ഇതിനിടയിൽ ശ്രദ്ധ പിടിച്ചു പറ്റി. ക്യൂബയെ യുഎസ്സുമായി അടുപ്പിക്കുന്നതിൽ വത്തിക്കാൻ വഹിച്ച പങ്കിൽ നന്ദിയറിയിക്കാൻ എത്തിയ റൌൾ കാസ്ട്രോ, പോപ്പ് ഇങ്ങനെ തുടരുകയാണെങ്കിൽ താൻ പള്ളിയിൽ പോകാനും പ്രാർത്ഥനകളിലേക്ക് മടങ്ങാനും മടിക്കുകയില്ലെന്നും വരെ പ്രസ്താവിച്ചു.

ഇതിനു പിന്നാലെ പോപ്പ് ഫ്രാൻസിസും ക്യൂബ സന്ദർശിച്ചു. യുഎസ്സിലേക്ക് പോകുംവഴിയായിരുന്നു ക്യൂബയിലിറങ്ങിയതെന്നതും ഏറെ ശ്രദ്ധേയമായി.

യുഎസ്സിലെ കത്തോലിക്കർക്കിടയിൽ വലിയ അതൃപ്തി പോപ്പ് ഫ്രാൻസിസിനെ ചുറ്റിപ്പറ്റി വളർന്നിട്ടുണ്ടെന്നാണ് മുതലാളിത്ത വാദികൾ പറയുന്നത്. പോപ്പിന് എങ്ങനെയൊക്കെയോ കമ്യൂണിസ്റ്റ് പാർട്ടി ക്ലാസുകളിൽ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടെന്ന് പലരും ഉറച്ചു വിശ്വസിക്കുന്നു. സ്വതന്ത്ര വിപണിയെ സംബന്ധിച്ചും മുതലാളിത്തത്തെ സംബന്ധിച്ചും അദ്ദേഹത്തിനുള്ള കടുത്ത അവിശ്വാസം ഇതാണ് കാണിക്കുന്നതെന്ന് വാഷിങ്ടണിലെ വലതുപക്ഷ വിചാരകേന്ദ്രമായ ഹെറിറ്റേജ് ഫൌണ്ടേഷനിലെ ചീഫ് ഇക്കണോമിസ്റ്റ് സ്റ്റീഫൻ മൂർ പറയുകയുണ്ടായി. അതെസമയം യുഎസ്സിൽ കത്തോലിക്കാ ഡെമോക്രാറ്റുകൾക്കിടയിൽ പോപ്പിന് സാമാന്യം സ്വീകാര്യതയുണ്ട്.

പോപ്പ് ഫ്രാൻസിസിന്റെ കുട്ടിക്കാലം കമ്യൂണിസ്റ്റ് ആശയങ്ങൾക്കിടയിലായിരുന്നെന്ന് കരുതാൻ ന്യായമുണ്ട്. അർജന്റീനയിൽ ഇടതുപക്ഷ ദേശീയവാദി നേതാവായിരുന്ന ജുവാൻ പെരോണിന്റെ കാലമായിരുന്നു അത്. കമ്യൂണിസത്തെയും മുതലാളിത്തത്തെയും ഒരുപോലെ തള്ളിപ്പറഞ്ഞ നേതാവായിരുന്നു പെരോണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യത്തെയും ട്രേഡ് യൂണിയനുകളെയും അംഗീകരിക്കുകയും അവ തന്റെ പാർട്ടിയുടെ അടിത്തറയാക്കി മാറ്റുകയും ചെയ്തയാളാണ് അദ്ദേഹം. ഇപ്പോഴും അർജന്റീന ഭരിക്കുന്നത് പെരോൺ സ്ഥാപിച്ച ജസ്റ്റിഷ്യലിസ്റ്റ് പാർട്ടിയാണ്. പെരോണിന്റെ പ്രത്യേകമായ ആശയശാസ്ത്ര നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. ഇത് പെരോണിസം എന്ന പേരിൽ അറിയപ്പെടുന്നു. ഈ ഇസം എന്താണെന്ന കാര്യം കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല. സോഷ്യൽ ഡെമോക്രസിയോട് ചാർച്ചയുള്ള ഒരു തരം പോപ്പുലിസ്റ്റ് ആശയഗതിയെന്ന് വിശേഷിപ്പിക്കാവുന്നതാണ്. പോപ്പ് ഫ്രാൻസിസ് തന്റെ കുട്ടിക്കാലത്ത് പെരോണിസത്താൽ ആവേശിക്കപ്പെട്ടിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ആസ്റ്റൻ ലാവെറേ അനുമാനിക്കുന്നത്.

പോപ്പിന്റെ കമ്യൂണിസ്റ്റ് ആഭിമുഖ്യം വെളിവായ മറ്റൊരു സന്ദർഭം കൂടിയുണ്ടായി. കമ്യൂണിസ്റ്റുകാർ മാത്രമാണ് ക്രിസ്ത്യാനികളെപ്പോലെ ചിന്തിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ട്രംപ് ജയിച്ചതിനു പിന്നാലെ നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. ഈ ഇരുണ്ട കാലത്ത് തുല്യത നിലനിൽക്കുന്ന ഒരു സമൂഹത്തിനു വേണ്ടി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് മാർക്സിസ്റ്റ് സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും പരിപാടിയെന്ന് പോപ്പ് പറഞ്ഞു. ക്രിസ്ത്യാനികളെപ്പോലെ ചിന്തിക്കുന്നതായി ആരെങ്കിലുമുണ്ടെങ്കിൽ അത് കമ്യൂണിസ്റ്റുകാരാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപാടെ പോപ്പ് ഫ്രാൻസിസ് തന്റെ ഒരു സുഹൃത്തിനെ സന്ദർശിക്കുകയുണ്ടായി. അബോർഷൻ നിരോധനത്തെ എതിർക്കുന്ന എമ്മ ബോനിനോ എന്ന ഇറ്റാലിയൻ നേതാവുമായിട്ടായിരുന്നു കൂടിക്കാഴ്ച. അന്ന് അദ്ദേഹം നടത്തിയ പ്രസ്താവന കുടിയേറ്റവിരോധത്തിന് എതിര് നിൽക്കുന്നതായിരുന്നു. ക്രിസ്ത്യാനികൾക്ക് മതിലുകൾ നിർമിക്കാനുള്ള പ്രവണത പാടില്ലെന്ന് പോപ്പ് പറഞ്ഞു. "പ്രിയപ്പെട്ട സഹോദരീസഹോദരങ്ങളേ, എല്ലാ മതിലുകളും തകരും," അദ്ദേഹം പ്രസ്താവിച്ചു.

കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പോപ്പിന്റെ ഒരു ചാക്രിക ലേഖനം വരികയെന്നതു തന്നെ വലിയൊരു അതിശയമായിരുന്നു. 2015ലായിരുന്നു ഇത്. നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കാൻ എല്ലാവരും സ്വന്തം ഹൃദയങ്ങൾ പരിശോധിക്കണമെന്നും സാമൂഹിക മൂല്യങ്ങളെ മാറ്റിത്തീർക്കാൻ ആലോചന ചെയ്യണമെന്നും ആവശ്യപ്പെടുന്നതായിരുന്നു പ്രസ്തുത ലേഖനം. ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന സമഗ്രമായ ഒരു പദ്ധതിയിലൂടെ വേണം നമ്മുടെ ഗ്രഹത്തെ രക്ഷിക്കാനെന്ന് അദ്ദേഹം നിരീക്ഷിച്ചു. ആഗോളതാപനത്തിനു പിന്നിൽ അസന്തുലിതമായ ഒരു ലോകക്രമമാണുള്ളതെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ചാക്രികലേഖനം.

ആഗോളതാപനം മൂലം ഏറ്റവും കെടുതിയനുഭവിക്കുന്നവരെയും അദ്ദേഹം തിരിച്ചറിഞ്ഞു. ദരിദ്രരാണ് കൂടുതൽ പ്രയാസങ്ങളിൽ പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനു കാരണം മനുഷ്യരുടെ തന്നെ പ്രവൃത്തികളാണ്. ഈ ലേഖനത്തിലാണ് "നിസ്സംഗതയുടെ ഉദാരീകരണം" എന്ന വിഖ്യാതമായ പ്രയോഗം പോപ്പ് നടത്തിയത്.

തന്റെ ചാക്രികലേഖനത്തിനു ശേഷം അഞ്ചുവർഷം പിന്നിടുമ്പോൾ കൂടുതൽ പ്രവൃത്തികളിലേക്ക് നീങ്ങുകയാണ് പോപ്പ് ഇപ്പോൾ എന്ന് റിപ്പോർട്ടുകൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെയും അനീതി നിറഞ്ഞ സാമ്പത്തിക വ്യവസ്ഥകളെയും കൂടുതൽ ഗൌരവത്തോടെ എടുക്കണമെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പോപ്പ് പ്രസ്താവിക്കുകയുണ്ടായി. ഭൂമിയുടെ മൊത്തം ജീവജാലങ്ങളെ സംബന്ധിച്ച ഒരു പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ ദൈവവിശ്വാസത്തോട് ആവശ്യപ്പെടുകയാണ് പോപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്. തന്റെ ആശയങ്ങൾ ലോകമെങ്ങും നടന്ന് അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. തന്റെ കാണാനെത്തുന്നതും, താൻ കാണാൻ പോകുന്നതുമായ നേതാക്കൾക്ക് ഈ ആശയഗതികളടങ്ങിയ രേഖകൾ കൈമാറുന്നു. പരാജയപ്പെടുന്ന ഭീതി പോപ്പിനില്ല. വിശ്വാസിസമൂഹം തന്റെ വാക്കുകൾ ഏറ്റെടുക്കുമെന്ന വിശ്വാസം അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടില്ല.

Next Story

Related Stories