TopTop
Begin typing your search above and press return to search.

EXPLAINER: കേരളമാണോ 131 -ാം വകുപ്പ് ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിക്കുന്നത്, മറ്റ് കേസുകളിൽ എന്ത് സംഭവിച്ചു?

EXPLAINER:  കേരളമാണോ  131 -ാം വകുപ്പ് ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിക്കുന്നത്, മറ്റ് കേസുകളിൽ എന്ത് സംഭവിച്ചു?


പൗരത്വ നിയമഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത് വലിയ നിയമ പോരാട്ടത്തിലേക്കാവും നയിക്കുകയെന്ന് കരുതുന്നവര്‍ ഉണ്ട്. ഇതോടെ പൗരത്വനിയമത്തിനെതിരായ പോരാട്ടം രാഷ്ട്രീയമെന്നത് പോലെ നിയമപരവുമാകുകയാണ്. കേന്ദ്ര സംസ്ഥാന വിഷയവുമായി മാറ്റപ്പെടുകയാണ്. 131-ാം വകുപ്പനുസരിച്ചാണ് കേന്ദ്ര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ കേസില്‍ സുപ്രീം കോടതി എന്ത് തീരുമാനമെടുക്കുമെന്നത് പ്രധാനമാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്നതെങ്കിലും,131-ാം വകുപ്പിന്റെ പിന്‍ബലത്തില്‍ ആദ്യമായല്ല ഒരു സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇതിനകം അഞ്ച് സംസ്ഥാനങ്ങളാണ് വ്യത്യസ്ത കാരണങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്.
എന്താണ് 131 -ാം വകുപ്പ്

കേന്ദ്ര സര്‍ക്കാരും സംസ്ഥാനമോ അല്ലെങ്കില്‍ സംസ്ഥാനങ്ങൾ തമ്മിലോ, കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാനങ്ങളും ഒരു വശത്തും മറ്റ് ചില സംസ്ഥാനങ്ങള്‍ മറുവശത്തുമായി വരുമ്പോഴോ ആണ് ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയ്ക്ക് ഇടപെടാന്‍ കഴിയുക

സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തർക്കമുണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട് ഇടപെടാനുള്ള അധികാരം സുപ്രീം കോടതിക്കാണ്. അതായത് ഇവിടെ സുപ്രീം കോടതി തന്നെയാണ് വിചാരണ കോടതിയാകുന്നത്. മറ്റ് കേസുകളില്‍ അപ്പീല്‍ കോടതിയാണ് സുപ്രീം കോടതി.
കേരളത്തിന്റെ ഹര്‍ജിയുടെ പ്രത്യേകത എന്താണ്
രാജ്യത്തെ പിടിച്ചുലയ്ക്കുന്ന പൗരത്വ നിയമ ഭേദഗതിയുമായി കേരള സര്‍ക്കാരിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കപ്പെട്ടതാണ്. പൗരത്വ നിയമത്തിലെ ഭേദഗതി പിന്‍വലിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാന നിയമസഭ പ്രമേയവും പാസ്സാക്കിയിരുന്നു. രാജ്യത്ത് ആദ്യമായിട്ടായിരുന്നു പൗരത്വ നിയമത്തിനെതിരെ ഒരു നിയമസഭ പ്രമേയം പാസ്സാക്കുന്നത്. അതും പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ ഏകകണ്ഠമായി. എന്നാല്‍ ആ പ്രമേയത്തിന് ഒരു രാഷ്ട്രീയ പ്രതിഷേധത്തിന്റെ പ്രാധാന്യമായിരുന്നു ഉണ്ടായിരുന്നത്. പ്രമേയത്തോട് പ്രതികരിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി എടുക്കുന്ന തീരുമാനം വളരെ പ്രധാനപ്പെട്ടതാവും. അത് പാലിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ബാധ്യതയുള്ളവരായിരിക്കും. പൗരത്വ നിയമത്തിനെതിരെ നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതിന് പുറമെയാണ് കേരളത്തിന്റെ സൂട്ട് ഹര്‍ജി
നേരത്തെ മറ്റ് സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ ഹര്‍ജികള്‍ നല്‍കിയിരുന്നുവോ, സുപ്രീം കോടതിയെ സമീപിച്ചിരുന്നുവോ
ആദ്യമായല്ല, രാജ്യത്ത് ഒരു സംസ്ഥാനം ഭരണഘടനയുടെ 131-ാം വകുപ്പ് അനുസരിച്ച് സുപ്രീം കോടതിയെ സമീപിക്കുന്നത്. നേരത്തെ വിവിധ സംസ്ഥാനങ്ങള്‍ വ്യത്യസ്ത കാരണങ്ങളുടെ പുറത്ത് ഇതേ വകുപ്പനുസരിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിന്റെ ഹര്‍ജിയുടെ പ്രത്യേകത പൗരത്വ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് 131 -ാം വകുപ്പനുസരിച്ച് സുപ്രീം കോടതിയില്‍ സൂട്ട് ഫയല്‍ ചെയ്തുവെന്നതാണ്
ഏതൊക്കെ സംസ്ഥാനങ്ങളാണ് മുമ്പ് ഇത്തരത്തില്‍ സുപ്രീം തകോടതിയെ സമീപിച്ചിരുന്നത്
പശ്ചിമ ബംഗാള്‍, കര്‍ണാടക, പഞ്ചാബ്, ഝാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിന് മുമ്പ് 131 -ാംവകുപ്പനുസരിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന കാര്യങ്ങളില്‍ കേന്ദ്രത്തിൻ്റെ ഇടപെടല്‍ മുതല്‍, രണ്ട് സംസ്ഥാനങ്ങള്‍ വരെയുള്ള തര്‍ക്കം വരെയാണ് ഇത്തരത്തില്‍ കോടതിയുടെ മുന്നിലെത്തിയത്. പശ്ചിമബംഗാളാണ് ആദ്യമായി 131-ാം വകുപ്പനുസരിച്ച് കോടതിയെ സമീപിക്കുന്നത്.
വിവിധ സംസ്ഥാനങ്ങള്‍ എന്തൊക്കെ കാര്യങ്ങളായിരുന്നു ഈ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.
1963 ലാണ് പശ്ചിമ ബംഗാള്‍ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. 1957 ലെ കോള്‍ ബെയറിംങ് ഏറിയാസ് അക്വിസിഷന്‍ ആന്റ് ഡവലപ്‌മെന്റ് ആക്ടിനെതിരെയായിരുന്നു ബംഗാള്‍ കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിന്റെ അധീനതയിലൂള്ള കല്‍ക്കരി പാടങ്ങള്‍ ഏറ്റെടുക്കാനുളള നിയമത്തിനെതിരെയായിരുന്നു ബംഗാളിന്റെ ഹര്‍ജി. ആറംഗ ബഞ്ച് കേന്ദ്ര നിയമം ഭരണഘടനപരമായി നിലനില്‍ക്കുന്നതാണെന്നാണ് ഉത്തരവിട്ടത്.
കര്‍ണാടകത്തിന്റെ ഹര്‍ജി എന്തായിരുന്നു
1977 ലാണ് കര്‍ണാടക 131 വകുപ്പ് പ്രകാരം സുപ്രീം കോടതിയെ സമീപിക്കുന്നത്. ഒരു നിയമത്തിന്റെ പേരിലായിരുന്നില്ല, മറിച്ച് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു ഹര്‍ജി. ഏഴംഗ ബഞ്ച് നാലില്‍ മൂന്നിന്റെ ഭുരിപക്ഷത്തിലാണ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് വിധിച്ചത്. എന്നാല്‍ പിന്നീട് ഹര്‍ജി കോടതി തള്ളി.
മധ്യപ്രദേശ് സുപ്രീം കോടതിയെ സമീപിച്ചത് എന്തിനായിരുന്നു.

2011 ലാണ് മധ്യപ്രദേശ് കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. എംപി റീ ഓര്‍ഗനൈസേഷന്‍ ആക്ട് 2000 ത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. 2000 ത്തില്‍ മധ്യപ്രദേശ് വിഭജിക്കപ്പെട്ടപ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ ആസ്ഥിയും ബാധ്യതയും വിഭജിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചില്ല. ആദ്യമായി ഒരു കേന്ദ്ര നിയമം ചോദ്യം ചെയ്യപ്പെട്ട ഹര്‍ജി കൂടിയായിരുന്നു അത്.
ഝാര്‍ഖണ്ടും ബീഹാറും തമ്മിലുള്ള കേസ്
2012 ലാണ് ബിഹാര്‍ റീ ഓര്‍ഗനൈസേഷന്‍ ആക്ട് 2000 ത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ബിഹാറും ഝാര്‍ഖണ്ടും തമ്മിലുള്ള കേസ് നിലവിൽ വന്നത്. അവിഭക്ത ബിഹാറിലെ പെന്‍ഷന്‍ ബാധ്യതകള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റീസ് ബോബ്ദെ എന്നിവരുൾപ്പെട്ട ബഞ്ച് ഈ കേസ് വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.



Next Story

Related Stories