TopTop
Begin typing your search above and press return to search.

Explainer | പിനോഷെയുടെ പ്രേതത്തെ ആണിയടിച്ച് തളയ്ക്കാന്‍ ജനങ്ങള്‍ തെരുവില്‍, എന്താണ് ചിലിയില്‍ നടക്കുന്നത്?

Explainer | പിനോഷെയുടെ പ്രേതത്തെ ആണിയടിച്ച് തളയ്ക്കാന്‍ ജനങ്ങള്‍ തെരുവില്‍, എന്താണ് ചിലിയില്‍ നടക്കുന്നത്?


2019 ല്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഓര്‍മ്മ പുതുക്കി ആയിരങ്ങളാണ് ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോയുടെ തെരുവില്‍ ഞായറാഴ്ച ഇറങ്ങിയത്. 30 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പ്രക്ഷോഭം നടന്ന പ്ലാസ ഇറ്റാലിയയില്‍ ഒത്തുകൂടിയ ജനങ്ങള്‍ സമാധാന പൂര്‍ണ്ണമായാണ് റാലിയുമായി മുന്നോട്ട് പോയത്. എന്നാല്‍ പിന്നീട് പ്രക്ഷോഭം തെരുവ് യുദ്ധമായി മാറുകയായിരുന്നു. അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാല ഭരണഘടന മാറ്റുന്നതിനുള്ള
ജനഹിത പരിശോധന
ഒക്ടോബർ 25നു നടക്കാനിരിക്കെയാണ് ചിലിയില്‍ വീണ്ടും ജനകീയ പ്രക്ഷോഭം ശക്തമാകുന്നത്. പുതിയൊരു ഭരണഘടന രൂപീകരിക്കേണ്ടതുണ്ടോയെന്നതാണ് ഈ ഹിതപരിശോധനയുടെ പ്രധാന ചോദ്യങ്ങളിലൊന്ന്. ഈ ഭരണഘടന ഡ്രാഫ്റ്റ് ചെയ്യേണ്ടത് ആരായിരിക്കണമെന്ന ചോദ്യമാണ് അടുത്തതായി വരുന്നത്. രണ്ട് വഴികളാണ് മുമ്പിലുള്ളത്. ഒന്ന് ഭരണഘടനാ നിർമാണത്തിനായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘത്തെ നിയോഗിക്കുക. മറ്റൊന്ന് നിലവിലുള്ള പാർലമെന്റ് അംഗങ്ങളും നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട പൌരന്മാരും ഉൾപ്പെട്ട ഒരു സമിതിയെ നിയോഗിക്കുക. 2021 ഏപ്രിൽ മാസത്തിലായിരിക്കും ഭരണഘടനാ കൺവെൻഷൻ മെമ്പർമാരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വരിക. ഭരണഘടന ഡ്രാഫ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം മറ്റൊരു ഹിതപരിശോധന കൂടി വരും. പ്രസ്തുത ഡ്രാഫ്റ്റ് അംഗീകരിക്കണോ എന്നതായിരിക്കും വിഷയം.

എന്താണ് സർക്കാരിന്റെ നിലപാട്?

പുതിയ ഭരണഘടന കൊണ്ടുവരുന്നതിൽ ജനഹിതം പരിശോധിക്കാമെന്ന് സമ്മർദ്ദങ്ങൾക്കൊടുവിൽ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ 25നാണ് ജനഹിത പരിശോധന നടക്കുക. ഏപ്രിൽ മാസത്തിലേക്കാണ് റഫറണ്ടം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് മഹാമാരിയെത്തുടർന്ന് അത് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.

എന്താണ് ഇപ്പോഴത്തെ സമരങ്ങളുടെ പിന്നിൽ?

ഭരണഘടനാമാറ്റം എന്ന വിശാലമായ ആവശ്യമാണ് രാഷ്ട്രീയ നിരീക്ഷകർ അത്യാവേശത്തോടെ കാണുന്നതെങ്കിലും സമരക്കാരുടെ അടിയന്തിര പ്രകോപനം തികച്ചും അടിസ്ഥാനപരമായ കാരണങ്ങളാലാണ്. ജീവിക്കാനാവശ്യമായ ശമ്പളം ആർക്കും കിട്ടുന്നില്ലെന്നതാണ് ഒരു പ്രശ്നം. വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും ഉയർന്ന ചെലവ് ചെയ്യേണ്ടി വരുന്നു. രണ്ട് മേഖലയെയും സ്വകാര്യ മുതലാളിമാർ കൈയടക്കിയിരിക്കുകയാണ്. പൊതുഗതാഗതം പോലും വലിയ ചെലവേറിയതായതോടെ വിദ്യാർത്ഥികളാണ് പ്രതികരിക്കാനിറങ്ങിയത്.

മേഖലയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിലൊന്നാണ് ചിലി എന്ന വൈരുദ്ധ്യവും ഇവിടെ കാണേണ്ടതുണ്ട്. മുതലാളിത്തത്തെയും സ്വകാര്യവൽക്കരണത്തെയും ഉദാരീകരണത്തെയും ആശ്രയിച്ച എല്ലാ രാഷ്ട്രയങ്ങളിലുമെന്നതു പോലെ ചിലിയിലും ജനങ്ങൾക്ക് ഈ സമ്പത്ത് അനുഭവിക്കാനുള്ള യോഗമില്ല. ജിഡിപി ഉയർത്തി നിർത്തുന്നതിനും ബജറ്റ് ബാലൻസ് ചെയ്യുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും വേണ്ടതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. ഇതെല്ലാം നടപ്പാക്കാൻ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട ആവശ്യമില്ലെന്ന് നിലവിലെ വലതുപക്ഷ സർക്കാരിന് നന്നായറിയാം.

2019 മുതൽ സമരങ്ങൾ തുടരുന്നുണ്ട്. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ചിലിയിൽ പ്രക്ഷോഭം വീണ്ടും ശക്തമായിരിക്കുകയാണ്. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ നിലവിലെ സർക്കാർ അതിദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡിന്റെ മറവിൽ പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള ശ്രമങ്ങൾ ഭരണകൂടം തുടങ്ങിയത്. സമരം നടത്തിയ കൌമാരക്കാരിലൊരാളെ ഒരു പോലീസുകാരൻ പാലത്തിൽ നിന്നും തള്ളിയിടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവരികയുണ്ടായി. വ്യാപകമായ പ്രതിഷേധങ്ങളാണ് ഇതിന്മേൽ ഉണ്ടായിരിക്കുന്നത്.2019 മുതൽ തുടരുന്ന പ്രക്ഷോഭങ്ങൾ

2019 നവംബർ മാസത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ ഭരണഘടനാരചന നടത്താമെന്ന ആവശ്യത്തോട് ഭരണകൂടം അനുകൂലമായി പ്രതികരിച്ചത്. രാജ്യത്തെമ്പാടും നടന്ന വലിയ പ്രക്ഷോഭങ്ങൾക്കൊടുവിലായിരുന്നു ഇത്. ജീവിതച്ചെലവ് അസഹ്യമാം വിധം ഉയർന്നതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സ്വകാര്യവൽക്കരണം എല്ലാ അതിരുകളും ലംഘിച്ച് ശക്തമായതോടെ ജനജീവിതം ദുസ്സഹമായിത്തീർന്നു. കടുത്ത അസമത്വം രാജ്യത്ത് വളർന്നു. മെട്രോ ഗതാഗത നിരക്കുകൾ വർധിപ്പിച്ചതാണ് സമരങ്ങൾക്ക് പെട്ടെന്ന് പ്രകോപനമായത്. സ്കൂൾ കുട്ടികൾ രംഗത്തിറങ്ങി. 2019 ഒക്ടോബർ മാസത്തിൽ തുടങ്ങിയ സമരം കാണെക്കാണെ അക്രമാസക്തമായി വന്നു. ബസ്സുകൾക്കും മെട്രോ സ്റ്റേഷനുകൾക്കും തീയിട്ടു. വ്യാപകമായ കൊള്ള നടന്നു. 0.04 ഡോളർ മുതൽ 0.1 ഡോളർ വരെയാണ് ബസ്-മെട്രോ നിരക്കുകൾ വർധിപ്പിച്ചത്. 2019 ഒക്ടോബർ ആറിനായിരുന്നു നിരക്കുവർധനയുടെ പ്രഖ്യാപനം.

പ്രസിഡണ്ട് സെബാസ്റ്റ്യൻ പിനേര ചിലിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. പിന്നീട് പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്താൻ അദ്ദേഹം നിർബന്ധിതനായി. നാഷണൽ കോൺഗ്രസ് സമിതികളുടെ തലവൻമാരുമായും ജുഡീഷ്യറിയുടെ പ്രതിനിധികളുമായും അദ്ദേഹം ചർച്ച നടത്തി. ശേഷം ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൂട്ടിയ ഗതാഗത നിരക്കുകൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിനകം തന്നെ രാജ്യതലസ്ഥാനത്ത് പതിനായിരത്തിലധികം പട്ടാളക്കാർ ഇറങ്ങിയിരുന്നു. ചിലിയിലെ ആറോളം നഗരങ്ങളെ കേന്ദ്രീകരിച്ചാണ് സമരങ്ങൾ നടന്നത്. ഇവിടെയെല്ലാം അടിയന്തരാവസ്ഥ കർശനമാക്കി. ഇത്തരമൊരു ജനകീയ സമരം മുമ്പ് നടന്നിട്ടുള്ളത് അഗുസ്റ്റോ പിനോഷെയുടെ പട്ടാളഭരണം അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു.

സർക്കാർ കീഴടങ്ങിയെങ്കിലും പ്രശ്നങ്ങൾക്ക് കാരണമായ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. രാജ്യത്തെ ട്രേഡ് യൂണിയനുകളും, സർവീസ് സംഘടനകളും, വിദ്യാർത്ഥി സംഘടനകളുമെല്ലാം ചൂണ്ടിക്കാട്ടുന്നത് ആക്രാമകമായ നിലയിലുള്ള വാണിജ്യവൽക്കരണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ്. എല്ലാ സേവനങ്ങളെയുമ ലാഭകേന്ദ്രിതമാക്കുകയാണ് ഒരു ബിസിനസ്സുകാരൻ കൂടിയായ പ്രസിഡണ്ട് സെബാസ്റ്റ്യൻ പിനേര നയിക്കുന്ന സർക്കാരെന്ന് അവർ ചൂണ്ടിക്കാട്ടി.

സമരക്കാരുടെ ആവശ്യങ്ങൾ

പൊതുഗതാഗതച്ചെലവ് കൂട്ടിയ സർക്കാരിന്റെ നയം പിൻവലിക്കുക എന്നതായിരുന്നു സമരക്കാരുടെ പ്രാഥമിക ആവശ്യമെങ്കിലും കൂടിതൽ ഡിമാൻഡുകൾ അന്നുന്നയിക്കപ്പെടുകയുണ്ടായി. പൊതുഗതാഗതച്ചെലവ് കുറയ്ക്കുക എന്നതിനൊപ്പം വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ പരിഷ്കരണങ്ങൾ കൊണ്ടുവരണമെന്നും അവർ ആവശ്യമുന്നയിച്ചു. മിനിമം കൂലിയിൽ വർധന വരുത്തണമെന്നും ആവശ്യങ്ങളിലുൾപ്പെടുന്നു. ഇവയിൽ പ്രധാനമായത് മറ്റൊരാവശ്യമായിരുന്നു. രാജ്യത്തിന് പുതിയൊരു ഭരണഘടന നിർമിക്കണം!

ജനങ്ങളുടെ താൽപര്യങ്ങൾ പ്രതിഫലിപ്പിക്കുന്നവരല്ല നിലവിൽ അധികാരത്തിലെത്തിയിട്ടുള്ള തങ്ങളുടെ പ്രതിനിധികളെന്നതാണ് ചിലിക്കാരെ അലട്ടുന്നത്. ജനങ്ങളോട് കൂടുതൽ അടുത്തു നിൽക്കുന്ന നേതാക്കളെയാണ് അവർക്ക് ആവശ്യം. ഇപ്പോഴത്തെ പ്രസിഡണ്ട് സെബാസ്റ്റ്യൻ പിനെരെ ഒരു വൻ ബിസിനസ്സുകാരനാണ്. അദ്ദേഹത്തിന് ജനങ്ങളുമായുള്ള ബന്ധം വളരെ കുറവുമാണ്.

പിനോഷെയുടെ ഭരണകൂടം ട്രേഡ് യൂണിയനുകളെ അടിച്ചമർത്തിയിരുന്നു. അവയ്ക്ക് ഇപ്പോഴും ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടെങ്കിലും അവയുടെ പ്രവർത്തനങ്ങളെ വലയ അളവിൽ തടയുന്ന ഭരണഘടന നിലനിൽക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനമേഖലകൾ തകർന്നു കിടക്കുകയാണ്. എല്ലാം സ്വകാര്യ മുതലാളിമാരുടെ കൈകളിലാണ്. സ്ത്രീകൾക്ക് തുല്യാവകാശങ്ങളില്ല. മൌലികാവകാശങ്ങളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ഗോത്രവിഭാഗങ്ങൾക്ക് യാതൊരു അവകാശാധികാരങ്ങളുമില്ലാത്ത സ്ഥിതിയും സമരക്കാർ ചൂണ്ടിക്കാട്ടുന്നു.

എന്താണ് പുതിയ ഭരണഘടന വേണമെന്ന ആവശ്യത്തിനു പിന്നിൽ?

കഴിഞ്ഞ 40 വർഷത്തോളമായി തുടരുന്ന രാഷ്ട്രീയ അടിമജീവിതമാണ് ചിലിക്കാരെ തെരുവിലെത്തിച്ചതെന്ന് പറയാം. രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ തങ്ങളെ ബന്ധിച്ചിരിക്കുന്നത് ഭരണഘടനയാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. പിനോഷെയുടെ ഏകാധിപത്യഭരണത്തിന്റെ കാലത്ത് രചിക്കപ്പെട്ട ഭരണഘടനയിൽ ചെറിയ പരിഷ്കാരങ്ങൾ വരുത്തുന്നതു പോലും തുടർന്നുവരുന്ന വലതുപക്ഷ ഭരണകൂടങ്ങൾ സമ്മതിക്കുകയുണ്ടായില്ല. പട്ടാളത്തിന് ഇപ്പോഴും ജനങ്ങൾക്കുമേൽ അതിരുവിട്ട അധികാരങ്ങളാണ്.

നിയമത്തെ തികച്ചും യാഥാസ്ഥിതികമായ രാഷ്ട്രീയ കാഴ്ചപാടുകൾക്കുള്ളിൽ നിന്ന് നോക്കിക്കാണുന്നതാണ് പട്ടാളഭരണാധികാരി നിർമിച്ച ഈ ഭരണഘടന. ജനങ്ങളെ രാഷ്ട്രീയതീരുമാനങ്ങളുടെ ഭാഗമാക്കുന്നതിന് പരമാവധി തടസ്സങ്ങൾ സൃഷ്ടിക്കാൻ ഭരണഘടനയ്ക്ക് സാധിക്കുന്നുണ്ട്. ഇക്കാരണത്താലാണ് കടുത്ത ഉദാരീകരണ, സ്വകാര്യവൽക്കരണ നയങ്ങൾ സർക്കാർ കൊണ്ടുവരുമ്പോഴും ജനങ്ങൾക്ക് ജനാധിപത്യപരമായ രീതിയിൽ പ്രതികരിക്കാൻ വേദികളില്ലാതെ വരുന്നത്.

ജനങ്ങളുടെ മൌലികാവകാശങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണഘടനയിൽ വരുത്തിയ പരിഷ്കാരങ്ങൾക്ക് സാധിച്ചില്ലെന്ന് വാൽപരൈസോ സർവകലാശാലയിലെ പ്രൊഫസറും ഭരണഘടനാ വിദഗ്ധനുമായ ജൈമെ ബസ്സ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം പിനോഷെ ഭരണകൂടം നിർണയിച്ചു വെച്ചിട്ടുള്ളതാണ്. അത് ഏകാധിപത്യഭരണത്തിന് സൌകര്യം നൽകുന്നതാണ്. ഈ സ്വഭാവത്തെ മാറ്റിത്തീർക്കാൻ പരിഷ്കാരങ്ങൾക്കൊന്നിനും സാധിച്ചിട്ടില്ല. പൊതുവുടമയ്ക്ക് യാതൊരു പ്രാധാന്യവും കൽപ്പിക്കാത്ത സർക്കാരിന്റെ നയങ്ങൾക്കു പിന്നിലും പിനോഷെ നിർമിച്ചു വെച്ച ഭരണഘടനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ജനപ്രതിനിധികൾ പാസ്സാക്കുന്ന നയങ്ങളെ വീറ്റോ ചെയ്യാൻ ഭരണഘടനാ കോടതികൾക്ക് സാധിക്കുന്ന സ്ഥിതിവിശേഷം ചിലിയിലുണ്ട്. ചിലിയുടെ നിയമനിർമാണ സഭയായ നാഷണൽ കോൺഗ്രസ് പാസ്സാക്കിയ പല നയങ്ങളും ഭരണഘടനാ കോടതിയുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.

നിലവിലെ ഭരണഘടനയിൽ മാറ്റം വരുത്താൻ ആർക്കാണ് അധികാരമെന്നതിൽ ഭരണഘടന യാതൊരു വ്യക്തതയും നൽകുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. സെബാസ്റ്റ്യൻ പിനെര ഭരണകൂടത്തിന്റെ നയം കോൺഗ്രസ് തന്നെ ഭരണഘടനാ ഡ്രാഫ്റ്റിങ് നടത്തുമെന്നാണ്. എന്നാൽ സമരക്കാരുടെ ആവശ്യം ജനങ്ങളിൽ നിന്നുള്ള പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തണമെന്നാണ്. നിലവിലെ വലത് ഭരണകൂടം രണ്ട് സഭകളിലും ഉയർന്ന ഭൂരിപക്ഷം നിലനിർത്തുന്നുണ്ട്. ജനകീയമായ ചർച്ചകളിലൂടെ വേണം മുൻ പ്രസിഡണ്ടായ മിഷേൽ ബാഷെലിറ്റ് പറയുന്നത്. 2018ൽ അധികാരമൊഴിയുന്നതിനു മുമ്പു തന്നെ തന്റെ പദ്ധതി അവർ കോൺഗ്രസ്സിൽ വെച്ചിരുന്നു. ഇതിൽ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് മിഷേൽ പറയുന്നത്.

എന്താണ് പുതിയ ഭരണഘടന കൊണ്ടുവരുന്നതിനുള്ള ഭരണഘടനാപരമായ പ്രശ്നങ്ങൾ?
നിലവിലെ ഭരണഘടന മാറ്റുക എന്നതിന് പ്രസ്തുത ഭരണഘടനയിൽ നിർദ്ദേശങ്ങളൊന്നും തന്നെ കണ്ടെത്താനാകില്ലെന്നതാണ് പ്രശ്നം. ഏതൊക്കെ പ്രശ്നങ്ങളിൽ ജനഹിതപരിശോധനയാകാം എന്ന് ഭരണഘടന പറയുന്നുണ്ട്. അക്കൂട്ടത്തിൽ ഭരണഘടനയെ മാറ്റുന്ന കാര്യം ഉൾപ്പെടുന്നില്ല. ഈ സന്ദർഭം ചൂണ്ടിക്കാട്ടി ചില വിദഗ്ധർ പറയുന്നത് ജനഹിതം പരിശോധിക്കേണ്ടത് ഭരണഘടനാ ഡ്രാഫ്റ്റ് തയ്യാറായിക്കഴിഞ്ഞതിനു ശേഷമാണെന്നാണ്. ഒരു മൂർത്തമായ രേഖയിന്മേൽ വേണം ജനങ്ങൾ വോട്ട് ചെയ്യാനെന്ന് ലണ്ടൻ ക്യൂൻ മേരി സർവകലാശാലയിലെ സീനിയർ പൊളിറ്റിക്സ് ലക്ചറർ ജാവിയർ സജൂരിയ ജാഗ്രതപ്പെടുത്തുന്നു. അമൂർത്തമായ ഒന്നിനെ വെച്ച് ജനഹിത പരിശോധന നടത്തിയാൽ ബ്രെക്സിറ്റിന് സംഭവിച്ചതെല്ലാം അതിനും സംഭവിക്കും.

ഭരണഘടനാ പരിഷ്കാരങ്ങളെ ചിലിയിലെ വലതുപക്ഷം എപ്പോഴും എതിർത്തു വന്നിട്ടുള്ളതാണ്. കോൺഗ്രസ്സിലെത്തുന്ന നിരവധി ഭരണഘടനാ പരിഷ്കാരങ്ങളെ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയ ചരിത്രം ഇപ്പോഴത്തെ ഭരണകൂടത്തിനുമുണ്ട്. നിലവിലെ പ്രക്ഷോഭങ്ങൾ പക്ഷെ, വലിയ വിഭാഗം വലത് പാർലമെന്റേറിയൻമാരെ ഗൌരവമേറിയ ആലോചനകളിലേക്ക് എത്തിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്. ഇത് പിനെര ഭരണകൂടത്തിനുമേൽ സമ്മർദ്ദമായിട്ടുണ്ട്. പ്രക്ഷോഭകർ പിനെരയുടെ രാജിയും ആവശ്യപ്പെടുന്നുണ്ട്.

എന്താണ് പിനോഷെയുടെ ഭരണഘടനയുടെ വിശേഷതകൾ?

പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തി 1974 ഡിസംബർ 17 മുതൽ 1990 മാർച്ച് 11 വരെ നീണ്ടു നിന്നതാണ് അഗുസ്റ്റോ പിനോഷെയുടെ ഭരണകാലം. യുഎസ്സിന്റെ സഹായത്തോടെയാണ് പിനോഷെ ഈ അട്ടിമറി നടത്തിയത്. ചിലിയിൽ വേരോടിയ സോഷ്യലിസ്റ്റുകൾക്കും ഇടതുപക്ഷക്കാർക്കുമെതിരായ നീക്കമായിരുന്നു യുഎസ്സിന്റേത്. പിനോഷെയാണ് ഇന്ന് തെരുവുകളിൽ കലാപകാരണമായി മാറിയ ഉദാരീകരണ നയങ്ങൾ രാജ്യത്ത് കൊണ്ടുവന്നത്. ട്രേഡ് യൂണിയനുകൾ നിരോധിക്കപ്പെട്ടു. നൂറുകണക്കിന് പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെട്ടു. ഇതിനിടയിൽ തന്നെയാണ് ഭരണഘടനയും രൂപീകരിച്ചത്. 1980ൽ ഈ ഭരണഘടന നിലവിൽ വന്നു. വലിയ ജനഹിത അട്ടിമറിയിലൂടെയാണ് ഭരണഘടന സ്ഥാപിച്ചതെന്നാണ് ആരോപണം. പട്ടാള ഭരണാധികാരിയെന്ന നിലയിൽ മാത്രമല്ല, ഭരണം നഷ്ടപ്പെടുന്ന നാളുകളിലും തന്റെ ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള എല്ലാം ഈ ഭരണഘടനയിൽ പിനോഷെ ഉൾച്ചേർത്തിരുന്നു. 1990ൽ അധികാരം വിട്ടൊഴിഞ്ഞതിനു ശേഷവും ചിലിയൻ ആർമിയുടെ കമാൻഡർ ഇൻ ചീഫായി തുടരാൻ ഈ ഭരണഘടനയുടെ സംരക്ഷണം അദ്ദേഹത്തിന് തുണയായി. പിന്നീട് ആജീവനാന്ത സെനറ്ററായിരിക്കാനും അദ്ദേഹത്തിന് അനുവാദം നൽകുന്ന തരത്തിലായിരുന്നു ഭരണഘടന.

പിനോഷെയുടെ ഭരണഘടന തയ്യാറാക്കിയത് അദ്ദേഹം തന്നെ തെരഞ്ഞെടുത്ത സമിതിയായിരുന്നുവെന്നത് പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒട്ടും ജനാധിപത്യപരമായ രീതിയിലായിരുന്നില്ല ഭരണഘടനാ നിർമാണം. 1980ൽ കടുന്ന സർക്കാർ നിയന്ത്രണങ്ങളോടെ നടത്തിയ ജനഹിത പരിശോധനയിലൂടെയാണ് ഭരണഘടനയെ സ്ഥാപിച്ചെടുത്തത്. എല്ലാ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പിനോഷെയുടെ പ്രചാരണങ്ങൾ. എതിർ പ്രചാരണങ്ങളെ ഭീഷണിയിൽ നിലയ്ക്ക് നിർത്തി. എതിർപ്പുന്നയിച്ച പലരും വധിക്കപ്പെട്ടു. ടെലിവിഷൻ, റേഡിയോ, പത്രങ്ങൾ തുടങ്ങിയ എല്ലാ ബഹുജനമാധ്യമങ്ങളും സർക്കാരിന്റെ കീഴിലായിരുന്നു. പ്രതിപക്ഷത്തിന് ചെറിയ യോഗങ്ങൾ കൂടി തങ്ങളുടെ ഭാഗം വിശദീകരിക്കാൻ മാത്രമേ സാധിച്ചുള്ളൂ. ചിലിയുടെ ചാരസംഘടനയാണ് വോട്ടുകളിൽ വലിയൊരു ഭാഗവും ചെയ്തതെന്ന ആരോപണവും നിലവിലുണ്ട്.

19ാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിൽ തന്നെ ജനാധിപത്യ ചർച്ചകളും മുന്നേറ്റങ്ങളും നടന്നിട്ടുള്ള രാജ്യമാണ് ചിലി. എന്നിരിക്കിലും ലോകത്തിലെ ഏറ്റവു പ്രായം കുറഞ്ഞ ജനാധിപത്യങ്ങളിലൊന്ന് എന്നറിയപ്പെടാനാണ് ഇന്ന് ചിലിയുടെ യോഗം. ജനാധിപത്യത്തിലേക്കുള്ള പരിണാമം നടന്നു കഴിഞ്ഞെന്നാണ് പറയപ്പെടുന്നതെങ്കിലും ഇപ്പോഴും പട്ടാളഭരണകൂടം സൃഷ്ടിച്ച ഭരണഘടനയിൽ ജീവിക്കേണ്ടി വരുന്ന ഗതികേടിലാണവർ. പിനോഷെയെ തുടർന്നുവന്ന വലതുപക്ഷ ഭരണകൂടങ്ങൾ ഏകാധിപത്യത്തിന്റെ ആശയങ്ങളുള്ള ഭരണഘടനയെ ഒരു പോറലുമേൽപ്പിക്കാതെ കൊണ്ടുനടക്കുകയാണ്. ഇത്തരം ഭരണകൂടങ്ങൾ ലോകത്തിൽ ഇന്നും ധാരാളമുണ്ട് എന്നതാണ് വസ്തുത.

ദി ന്യൂയോർക്ക് ടൈംസിൽ പ്രൊഫ. മൈക്കേൽ ആൽബർട്ടസ് എഴുതിയ ലേഖനത്തിൽ പറയുന്നത്, രണ്ടാംലോകയുദ്ധാനന്തരം നടന്ന അധികാരമാറ്റങ്ങൾ പലതും ഏകാധിപത്യത്തിലേക്കായിരുന്നു. ഈ ഏകാധിപത്യം അവസാനിച്ച നാടുകളിൽ ഇപ്പോഴും ഭരണഘടനയിൽ മാറ്റമൊന്നും വന്നിട്ടില്ല. ഏകാധിപതികൾ സൃഷ്ടിച്ച ഭരണഘടനയിലാണ് പല ജനാധിപത്യരാജ്യങ്ങളും ജീവിക്കുന്നതെന്ന് ചുരുക്കം. ഇത്തരം ഭരണകൂടങ്ങളുടെ പ്രത്യേകത, അവർ ജനങ്ങളെക്കാളും നിലവിലുള്ള രാഷ്ട്രീയ വരേണ്യതയോട് കൂറ് പുലർത്താൻ സാധ്യതയുണ്ടെന്നതാണ്. ആ വരേണ്യർ തീർച്ചയായും മുൻ ഏകാധിപത്യഭരണകൂടം സൃഷ്ടിച്ചെടുത്തവരായിരിക്കും. ഇതാണ് ചിലിയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

തന്നെയും പട്ടാളത്തെയും താൻ സ്ഥാപിച്ച അധികാരസ്ഥാപനങ്ങളെയും ദീർഘകാലം സംരക്ഷിക്കാൻ ശേഷിയുള്ള ഭരണഘടന നിർമിച്ചിട്ടാണ് പിനോഷെ കളംവിട്ടൊഴിഞ്ഞത്. താനടക്കമുള്ള ഉന്നത മിലിട്ടറി അധികാരികൾക്ക് സെനറ്റിൽ ആജീവനാന്ത സ്ഥാനം ഉറപ്പിച്ചു അദ്ദേഹം. ചിലിയുടെ കോപ്പർ വ്യവസായത്തിൽ നിന്നുള്ള വരുമാനത്തിന്റെ 10 ശതമാനം സൈന്യത്തിനാണ് പോകുക. ചിലിയെ പതിറ്റാണ്ടുകളായി പിടികൂടിയ പിനോഷെയുടെ പ്രേതത്തെ ആണിയിൽ തളയ്ക്കാനുള്ള ജനാധിപത്യ കർമ്മത്തിലാണ് ജനങ്ങൾ ഇപ്പോഴുള്ളത്.

Next Story

Related Stories