പശ്ചിമേഷ്യയെ സംബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള ദിവസമാണ് ഇന്നലെ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഇസ്രായേലുമായി യുഎഇയും ബഹ്റിനും ഒപ്പിട്ട കരാര്‍ പശ്ചിമേഷ്യയുടെ ചരിത്രം മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കാര്‍മ്മികത്വത്തിലായിരുന്നു കരാര്‍ എന്നത് കൊണ്ട് തന്നെ തന്റെ കാലത്തെ ഒരു പ്രധാനപ്പെട്ട വിദേശകാര്യ നേട്ടമായി ട്രംപ് ഇതിനെ അവതരിപ്പിക്കുകയും ചെയ്യുന്നു. പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തെ എങ്ങനെയാണ് ഈ കരാര്‍ മാറ്റി പണിയുക? അറബുകളും ഇസ്രായേലും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുത ഇല്ലാതാവുകയാണോ? പാലസ്തീന് അറബ് രാജ്യങ്ങള്‍ക്കിടയില്‍നിന്ന് കിട്ടിയിരുന്ന പിന്തുണ പൂര്‍ണമായും ഇല്ലാതാവുമോ?
എന്താണ് കരാര്‍
ഓഗസ്റ്റ് മാസത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തരമൊരു കരാറിനെക്കുറിച്ച് ആദ്യം അറിയിച്ചത്. ഇസ്രയേലുമായി ബഹ്റിനും യുഎഇയും ബന്ധം സ്ഥാപിക്കുന്നുവെന്നായിരുന്നു അത്. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കരാര്‍ നിലവില്‍ വരികയും ചെയ്തു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളായ ബഹ്റിന്, യുഎഇ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയാണ്. വിവിധ മേഖലകളില്‍ ഈ രാജ്യങ്ങള്‍ തമ്മില്‍ സഹകരിക്കും. നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥാപിക്കും. ജോര്‍ദ്ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഏതെങ്കിലും അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. ഇസ്രയേല്‍ നിലവില്‍ വന്ന കാലം മുതലുള്ള ശത്രുത മാറ്റിവെച്ചാണ് നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതെന്നതാണ് പ്രധാനം. കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് ഇതു സംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. നിക്ഷേപം, വിനോദസഞ്ചാരം, വ്യോമ ഗതാഗതം, സുരക്ഷ, ടെലിക്കമ്മ്യൂണിക്കേഷന്‍സ്, ആരോഗ്യം സംസ്ക്കാരം, പരിസ്ഥിതി എന്നീ മേഖലകളില്‍ സഹകരിക്കും. ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് വെസ്റ്റ് ബാങ്ക് കൂട്ടിചേര്‍ക്കാനുള്ള പദ്ധതി ഇസ്രായേല്‍ നിര്ത്തിവെയ്ക്കുമെന്നതാണ്. ഇക്കാര്യം കരാറിലില്ലെന്നും സൂചനയുണ്ട്. മറ്റൊന്ന് ഇസ്രായേലിന്റെ നിയന്ത്രണത്തിലുളള അല്‍ അഖ്സ പള്ളി ദേവാലയം സന്ദര്‍ശിക്കാനുള്ള അനുമതി മുസ്ലീങ്ങൾക്ക് നല്‍കും. 1967 ലെ അറബ് - ഇസ്രയേല്‍ യുദ്ധത്തിനിടെയാണ് ഈ പ്രദേശം ഇസ്രയേല്‍ കൈയടക്കിയത്.
എങ്ങനെയാണ് ഈ കരാറില്‍ എത്തിച്ചേര്‍ന്നത്
ഇതില്‍ പല കാര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനമായി അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത് ഇറാനാണ്. ഇറാന്റെ സ്വാധീനം ഇസ്രയേലിനെ മാത്രമല്ല, പല ഗള്‍ഫ് രാജ്യങ്ങളെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ഈ പൊതുഘടകം കരാറിലേക്ക് നയിച്ച ഒരു കാര്യമാണ്. മറ്റൊന്ന് ഈ കരാര്‍ എന്നത് ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല എന്നതാണ്. ഇസ്രായേലുമായുള്ള ശത്രുത അവസാനിക്കുകയും പല രീതിയിലുമുളള സഹകരണം ഈ രാജ്യങ്ങള്‍ നേരത്തെ തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് യുഎഇയുമായി ഇസ്രായേലിന്റെ സഹകരണം 2015 മുതല്‍ ആരംഭിച്ചിട്ടുണ്ട്. അബുദാബിയിലേക്ക് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. യുഎഇയിലെ ചില കായിക മല്‍സരങ്ങളിലും ഇസ്രായേല്‍ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കരാര്‍ പെട്ടെന്നുണ്ടായതല്ല.
കരാറില്‍ അമേരിക്കയുടെ പങ്ക് എന്താണ്
പശ്ചിമേഷ്യന്‍ പ്രശ്നം പരിഹരിക്കുകയെന്ന നിര്‍ദ്ദേശം എല്ലാ അമേരിക്കന്‍ ഭരണാധികാരികളും മുഖ്യ വിഷയമായി ഏറ്റെടുക്കാറുള്ള ഒന്നാണ്. ട്രംപിനും അത്തരം മോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇസ്രായേലിനെ പിണക്കി കൊണ്ടുള്ള, പാലസ്തീന്റെ രാഷ്ട്രീയ അസ്തിത്വം അംഗീകരിച്ചുകൊണ്ടുള്ള ഒരു പരിഹാരത്തിന് അവര്‍ തയ്യാറുമല്ല. ട്രംപിനെ സംബന്ധിച്ചാണെങ്കില്‍ ഇത്തരമൊരു അന്താരാഷ്ട്ര കാരാറിന് മാധ്യസ്ഥം വഹിക്കുന്നതിലൂടെ നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ ചെറുതായ രീതിയിലെങ്കിലും സ്വാധീനിക്കാമെന്നും കണക്കു കൂട്ടുന്നു. കോവിഡ് 19 നേരിടുന്നതടക്കമുള്ള ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളില്‍ കനത്ത വിമര്‍ശനം നേരിടുന്ന ട്രംപിന്റെ പ്രതിച്ഛായ ഇങ്ങനെയൊരു കരാറിലൂടെ നികത്തപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി വലിയ ശ്രമങ്ങളാണ് ട്രംപ് നടത്തിയത്. ഇറാനെതിരെ ഇസ്രായേലിനെയും അറബ് രാജ്യങ്ങളെയും ചേര്‍ത്തുകൊണ്ടുള്ള ഒരു സംയുക്ത നീക്കമായിരുന്നു ട്രംപിന്റെ ലക്ഷ്യമെന്ന് കരുതുന്നവരുമുണ്ട്. ഇതിന്റെ പ്രത്യക്ഷത്തിലുള്ള വിജയമാണ് ഈ കരാര്‍
ഈ കരാറിന്റെ വിജയ സാധ്യത എത്രത്തോളമാണ്
കൂടുതല്‍ അറബ് രാജ്യങ്ങളെ ഇസ്രയേലുമായി അടുപ്പിക്കാന്‍ എത്രത്തോളം കഴിയുമെന്നതാണ് പ്രധാനം. ആറ് അറബ് രാജ്യങ്ങള്‍ കൂടി ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇതില്‍ സൗദി അറേബ്യയും ഉള്‍പ്പെടാനുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് ശേഷം അതിന്റെ കുറ്റത്തില്‍നിന്ന് സൗദി അറേബ്യയെ രക്ഷിച്ചെടുക്കുന്നതിന് അമേരിക്ക വലിയ പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ വന്നാല്‍ എന്ത് സംഭവിക്കുമെന്നത് നിര്‍ണായക പ്രശ്നമാണ്. ഇറാനുമായി ബരാക് ഒബാമ ഉണ്ടാക്കിയ ആണവ കരാറിലേക്ക് അവര്‍ തിരിച്ചുപോകുകയാണെങ്കില്‍ അത് പുതിയ സാഹചര്യം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ അമേരിക്കയിലെ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കാം.
അതേസമയം ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമായ പാലസ്തീന് പ്രശ്നം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിലില്ലെന്നതാണ്. കരാറിന് മുമ്പുള്ള സംയുക്ത പ്രസ്താവനയില്‍ പറഞ്ഞ കാര്യം വെസ്റ്റ് ബാങ്ക് കൂട്ടിചേര്‍ക്കുന്നത് ഇസ്രായേല്‍ നിര്‍ത്തിവയ്ക്കുമെന്ന് മാത്രമാണ്. എന്നാല്‍ ഇക്കാര്യം കരാറില്‍ ഇല്ലെന്നും സൂചനയുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതി ഇപ്പോഴും നിലവിലുണ്ടെന്നാണ്. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതി നേരത്തെ ഇസ്രായേല്‍ പ്രഖ്യാപിച്ചപ്പോള്‍ വലിയ അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് ഉണ്ടായത്. അതെ തുടര്‍ന്ന് ആ നീക്കം ഇസ്രയേല്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.