TopTop
Begin typing your search above and press return to search.

EXPLAINER | വ്യവഹാര പ്രിയനായ ട്രംപിന്റെ കസര്‍ത്തുകള്‍ ക്ലച്ച് പിടിക്കുമോ? പോര്‍ക്കള സംസ്ഥാനങ്ങളില്‍ സംഭവിക്കുന്നതെന്ത്?

EXPLAINER | വ്യവഹാര പ്രിയനായ ട്രംപിന്റെ കസര്‍ത്തുകള്‍ ക്ലച്ച് പിടിക്കുമോ? പോര്‍ക്കള സംസ്ഥാനങ്ങളില്‍ സംഭവിക്കുന്നതെന്ത്?


കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കിടയിൽ ഇതാദ്യമായി ഒരു പ്രസിഡണ്ട് രണ്ടാമതൊരു വട്ടം കൂടി തെരഞ്ഞെടുക്കപ്പെടാതെ വൈറ്റ് ഹൌസ് വിടാനൊരുങ്ങുകയാണ്. ട്രംപും കുടുംബവും പടുത്തുയർത്തിയ ഒരു രാഷ്ട്രീയ-ബിസിനസ് സാമ്രാജ്യത്തിന് തിരിച്ചടി തന്നെയാണിത്. താനും തന്റെ മക്കളും മരുമക്കളുമെന്ന നിലയിലേക്ക് വൈറ്റ് ഹൌസിനെ മാറ്റിത്തീർത്ത ട്രംപ് തിരിച്ചിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത നീക്കങ്ങളെന്തെന്നതും ലോകത്തിന് കൌതുകമാണ്. മറ്റ് യുഎസ് പ്രസിഡണ്ടുമാരിൽ നിന്നും ഇക്കാര്യത്തിലും ട്രംപ് വ്യത്യസ്തത പുലർത്തുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

ട്രംപ് എന്താണ് സമീപഭാവിയിൽ ചെയ്യാൻ പോകുന്നതെന്ന് ഡെമോക്രാറ്റ് നേതാവ് ബേണീ സാൻഡേഴ്സ് നടത്തിയ പ്രവചനം സത്യമായി മാറിയത് സോഷ്യൽ മീഡിയ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. മെയിൽ ഇൻ വോട്ടുകളെ സംശയത്തിൽ നിർത്താനുള്ള വൃഥാ ശ്രമം ട്രംപ് ശക്തമാക്കിക്കഴിഞ്ഞു. താൻ തകർന്നു കൊണ്ടിരിക്കുന്ന ഇടങ്ങളിലെല്ലാം ബാലറ്റ് എണ്ണുന്നത് തടസ്സപ്പെടുത്താൻ കോടതിയെ സമീപിച്ചു. ട്രംപിന്റെ കാംപൈൻ മാനേജർ ബിൽ സ്റ്റെപീൻ കഴിഞ്ഞദിവസം മാധ്യമങ്ങളെ കാണുകയും പെൻസിൽവാനിയയിൽ ജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. പതിനായിരക്കണക്കിന് മെയിൽ ഇൻ വോട്ടുകൾ എണ്ണാനിരിക്കെയായിരുന്നു ഈ പ്രഖ്യാപനം. ഈ ബാലറ്റുകൾ എണ്ണുന്നത് തങ്ങളുടെ വിജയത്തെ മോഷ്ടിക്കലാണെന്ന കടുപ്പവും അദ്ദേഹം പറഞ്ഞു.
ട്രംപ് കാംപൈനിന്റെ നിയമോപദേശകർ 'പോര്‍ക്കള സംസ്ഥാനങ്ങളി'ൽ കൈയിൽ കിട്ടിയതെന്തും എടുത്തെറിയുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സാധ്യമായ എല്ലാ വഴികളിലൂടെയും കോടതിയിലേക്ക് കാര്യങ്ങളെ എത്തിക്കുകയാണവർ.

എന്താണ് ട്രംപ് ഈ നീക്കങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്?

മാധ്യമങ്ങളുടെ പിന്തുണയോ കോടതികളുടെ സഹായമോ ലഭിക്കില്ലെന്നതിൽ ട്രംപിനോ കൂട്ടാളികൾക്കോ സംശയമൊന്നുമില്ല. സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പ് പൂർണമായ അധികാരത്തോടെ നടത്തുന്നത്. ബാലറ്റ്, വോട്ടിങ്, വോട്ടെണ്ണൽ തുടങ്ങിയ കാര്യങ്ങളിൽ ചട്ടങ്ങൾ തീരുമാനിക്കുന്നതും സംസ്ഥാനങ്ങളാണ്. വോട്ടെണ്ണലിനെ തടസ്സപ്പെടുത്താൻ യുഎസ്സിലെ ഒരു നിയമവും കോടതികളെ അനുവദിക്കുന്നില്ല. ട്രംപിന്റെ ഇപ്പോഴത്തെ നോട്ടം തന്റെ ആരാധകവൃന്ദത്തിലേക്കാണ്. തന്നെ പിന്തുണയ്ക്കുന്നവരെ ഉറപ്പിച്ചു നിർത്താനുള്ള വഴികളാണ് അദ്ദേഹം ആരായുന്നത്. 2020ലെ തെരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നതു കൊണ്ട് തങ്ങളുടെ നേതാവ് തോറ്റുവെന്ന വാദം ഉറപ്പോടെ ഉന്നയിക്കാൻ അവർക്ക് വഴി കാണിച്ചു കൊടുക്കണം.

ട്രംപ് തന്റെ കോടതി വ്യവഹാരങ്ങൾ കൊണ്ട് മറ്റൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് മനസ്സിലാക്കാൻ കൂടുതലൊന്നും വിശകലനം ചെയ്യേണ്ടതില്ല. കോടതികളിൽ അദ്ദേഹം നൽകിയ കേസുകൾ എന്തെല്ലാമെന്ന് പരിശോധിച്ചാൽ മാത്രം മതി. അവ ന്യായമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ തന്നെയും തെരഞ്ഞെടുപ്പിന്റെ ഫലത്തെ കാര്യമായി സ്വാധീനിക്കുന്ന ഒരു വിഷയവും അവയിലില്ലെന്നു കാണാം. വിവിധ സംസ്ഥാനങ്ങളിൽ ട്രംപ് കാംപൈൻ നടത്തുന്ന പ്രധാനപ്പെട്ട കോടതി വ്യവഹാരങ്ങൾ പരിശോധിക്കാം.

ഫിലാഡെൽഫിയയിൽ എന്താണ് സംഭവിക്കുന്നത്?

പെൻസിൽവേനിയ സംസ്ഥാന കോടതിയിലും ഫെഡറൽ കോടതികളിലും ട്രംപ് കേസുകൾ കൊടുത്തിട്ടുണ്ട്. ഫിലാഡെൽഫിയയിൽ 125,000 വോട്ടുകൾ ബൈഡൻ മോഷ്ടിച്ചുവെന്നും അത് കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത് റൂഡി ജിയൂലിയാനിയാണ്. റിപ്പബ്ലിക്കൻ നിരീക്ഷകനെ ബോധ്യപ്പെടുത്താതെ ഉദ്യോഗസ്ഥർ എണ്ണിയെന്നാരോപിക്കപ്പെടുന്ന വോട്ടുകളുടെ കണക്കാണിത്. നിരീക്ഷകരെ ബാലറ്റ് എണ്ണുന്നതിന് തൊട്ടടുത്ത് നിൽക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് ട്രംപ് കാംപൈൻ വിഭാഗംനൽകിയ ഹരജി പെൻസിൽവേനിയ ഫെഡറൽ കോടതി തള്ളിയതായി കഴിഞ്ഞദിവസം വാർത്ത വന്നു. സംസ്ഥാനത്തെ നിയമമനുശാസിക്കുന്ന തരത്തിൽ ഫിലാഡെൽഫിയ കൌണ്ടി ബോർഡ് ഓഫ് ഇലക്ഷൻസ് നിരീക്ഷകരെ അനുവദിച്ചിരുന്നെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. സാക്ഷികളുടെ മൊഴികളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനത്തിലെത്തിയത്.
ഇലക്ഷൻ തിയ്യതിക്കു ശേഷം മൂന്നുദിവസം വരെ ലഭിച്ച ബാലറ്റുകൾ എണ്ണുന്നതിനെതിരെ പെൻസിൽവാനിയ സുപ്രീംകോടതിയിൽ ട്രംപ് നടത്തുന്ന പടവെട്ട് വിജയിക്കാൻ പോകുന്നില്ലെന്ന് നിയമവിദഗ്ധർ പറഞ്ഞത് സത്യമായി. റിപ്പബ്ലിക്കൻമാരുടെ ആവശ്യം സുപ്രീംകോടതി വെള്ളിയാഴ്ച തള്ളി. അതെസമയം വൈകി വരുന്ന ബാലറ്റുകൾ വെറെയായി എണ്ണണമെന്നും അവ കൂട്ടിക്കലർത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ട്രംപ് കോടതിവ്യവഹാരത്തിന് വിഷയമാക്കിയ വൈകിയെത്തിയ വോട്ടുകൾ എണ്ണാതെ തന്നെ ബൈഡൻ പെൻസിൽവേനിയയിൽ മുന്നിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു കേസും പെൻസിൽവേനിയയുമായി ബന്ധപ്പെട്ട് കോടതിയിലുണ്ട്. വോട്ടെണ്ണലിന്റെ അവസാന തിയ്യതി നവംബർ 3ന് അപ്പുറത്തേക്ക് നീട്ടാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടോയെന്ന ചോദ്യമാണ് സുപ്രീംകോടതിക്കു മുമ്പാകെയുള്ളത്. കേസിൽ കക്ഷി ചേരാൻ ട്രംപ് കാംപൈൻ അനുമതി ചോദിക്കുകയുമുണ്ടായി.

വിചിത്രമെന്ന് പറയാവുന്ന മറ്റൊരു നീക്കം കൂടി കഴിഞ്ഞദിവസം ട്രംപ് കാംപൈനിൽ നിന്നുമുണ്ടായി. ട്രംപ് നോമിനേറ്റ് ചെയ്ത ഏയ്മി കോണി ബാരറ്റ് അടക്കമുള്ള യുഎസ് സുപ്രീംകോടതിയിലെ ജഡ്ജിമാർ മുമ്പോട്ടുവന്ന് എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ പങ്കുവെച്ചു ട്രംപ് കാംപൈൻ ലീഗൽ അഡ്വൈസർ ഹർമീത് ധില്ലൻ. ഡെമോക്രാറ്റ്-റിപ്പബ്ലിക്കൻ നിരീക്ഷകരെ അടുത്തു നിർത്തി വേണം വോട്ടുകളെണ്ണാൻ എന്ന കോടതിയുത്തരവ് ഫിലാഡെൽഫിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പാലിക്കുന്നില്ലെന്നും അവർ ആരോപിക്കുകയുണ്ടായി. ഡെമോക്രാറ്റുകളെ മാത്രം നിർത്തിയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നതെന്ന ആരോപണമാണ് അവരുന്നയിച്ചത്. അതെസമയം, ഇതിന് തെളിവൊന്നും ഹാജരാക്കാൻ ഇവർക്ക് സാധിച്ചിട്ടുമില്ല. എന്തായാലും കോടതി വ്യവഹാരങ്ങളൊന്നും വോട്ടെണ്ണലിനെയും റിസൾട്ട് പുറത്തു വരുന്നതിനെയും തടയുകയില്ലെന്നാണ് പെൻസിൽവേനിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കാതി ബുക്ക്വാർ പറയുന്നത്.

എന്താണ് ജോർജിയയിലെ സ്ഥിതി?

വിസ്കോൺസിനിൽ തങ്ങൾ കേസിന് പോകുകയാണെന്നും ദേശീയതലത്തിൽ തന്നെ ഇത്തരമൊരു നീക്കത്തിലൂടെ ഡെമോക്രാറ്റുകളുടെ അഴിമതി വെളിച്ചത്ത് കൊണ്ടുവരുമെന്നും റിപ്പബ്ലിക്കൻമാർ പറഞ്ഞിരുന്നു. പിന്നീട് ഈ വഴിക്കുള്ള നീക്കമൊന്നും നടന്നിട്ടില്ല. മിഷിഗണിൽ വോട്ടെണ്ണൽ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ബുധനാഴ്ച കോടതിയെ സമീപിച്ചിരുന്നു. തന്റെ നിരീക്ഷകർക്ക് വോട്ടെണ്ണൽ പ്രക്രിയയെ വേണ്ടപോലെ പരിശോധിക്കാനൊത്തില്ല എന്നതാണ് പരാതി. ഇതിന് തെളിവൊന്നും ഹാജരാക്കാൻ ട്രംപ് കാംപൈനിന്റെ പക്കലില്ലായിരുന്നു. കോടതി കേസ് തള്ളി. 16 ഇലക്ടറൽ വോട്ടുകളുള്ള സംസ്ഥാനം ബുധനാഴ്ച വൈകുന്നേരത്തോടെ ബൈഡൻ പിടിച്ചെടുത്തു.

ജോർജിയയിൽ അബ്സന്റീ വോട്ടുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് തന്റെ നിരീക്ഷകർ കണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അടുത്ത കോടതി കേറൽ. ഇതിനിടെ ജോർജിയയിൽ വോട്ടുകൾ വീണ്ടും എണ്ണുമെന്ന് സംസ്ഥാന സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർജർ അറിയിച്ചിട്ടുണ്ട്. ഇവിടെ 53 വൈകിയെത്തിയ മെയിൽ ബാലറ്റുകൾ സമയത്തിന് എത്തിയ ബാലറ്റുകളുമായി കൂട്ടിക്കലർത്തിയെന്ന ആരോപണമാണ് ട്രംപിന്. ഇത് കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയും ചെയ്തു. ഇതിന്റെ കൂടെയാണ് വോട്ടണ്ണൽ വീണ്ടും നടക്കുമെന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥൻ അറിയിച്ചിരിക്കുന്നത്. 1500 ഓളം വോട്ടിനാണ് ബൈഡൻ ഇവിടെ ലീഡ് ചെയ്യുന്നത്. റിപ്പബ്ലിക്കൻമാർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ സംസ്ഥാനത്ത് ആഫ്രിക്കൻ അമേരിക്കൻ വോട്ടുകൾ വൻതോതിൽ വീണുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും ഫലം ചെറിയ മാർജിനിലാണ് വന്നിരിക്കുന്നത് എന്നതിനാൽ ഒരുതവണകൂടി എണ്ണുമെന്നാണ് തെരഞ്ഞെടുപ്പ് മേൽനോട്ട ചുമതലയുള്ള ബ്രാഡ് റാഫെൻസ്പെർജർ പറയുന്നത്.

ജോർജിയയിലും പെൻസിൽവേനിയയിലും വിസ്കോൺസിനിലും വീണ്ടും വോട്ടെണ്ണണമെന്നാണ് ട്രംപ് കാംപൈനിന്റെ ആവശ്യം.

അതെസമയം, കോടതിയിലേക്ക് പരാതിയുമായി പോകുന്നത്ര എളുപ്പമാകില്ല അവിടെ ചോദ്യങ്ങളെ നേരിടലെന്ന് ട്രംപിനും കൂട്ടർക്കും ഇതിനകം തന്നെ മനസ്സിലാകേണ്ടതാണ്. എന്നാൽ ട്രംപിന്റെ ഉദ്ദേശ്യം മറ്റുചിലതായതു കൊണ്ട് കോടതികേറൽ ഇനിയും ശക്തമായി തുടരും. പെൻസിൽവാനിയയിൽ കുറച്ചു വോട്ടർമാരെ തങ്ങളുടെ മെയിൽ ഇൻ വോട്ടുകളിൽ വന്ന പിഴവ് തിരുത്താൻ അനുവദിച്ചുവെന്നതായിരുന്നു ട്രംപിന്റെ പരാതി. പക്ഷെ, ഈ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഒന്നാകെ ഇല്ലാതായി എന്ന് ട്രംപ് വാദിക്കുന്നത് കോടതിക്ക് മനസ്സിലായില്ല. 93 ബാലറ്റുകളാണ് കോടതിക്ക് മുമ്പിലെത്തിയിരിക്കുന്നത്. ഇത് വോട്ടെണ്ണലിനെ ബാധിക്കുന്ന ഒന്നായി കോടതി കണ്ടുമില്ല.

ട്രംപ് കോടതിയിലേക്ക് ഫീസടച്ച് ട്വീറ്റ് ചെയ്യുന്നു?

ഏറ്റവുമൊടുവിൽ പുറത്തുവന്ന വാർത്ത നെവേഡയിൽ രണ്ട് തെരഞ്ഞെടുപ്പ് ഓഫീസർമാർക്കെതിരെ ട്രംപ് കാംപൈൻ കോടതിയിൽ പോയതാണ്. ക്ലാർക്ക് കൌണ്ടിയിലെ വോട്ടെണ്ണൽ നിർത്തിവെപ്പിക്കാനുള്ള മറ്റൊരു കേസും ട്രംപ് ഫയൽ ചെയ്തിട്ടുണ്ട്. മെയിൽ ബാലറ്റുകൾ എണ്ണുന്നതിനിടയിൽ വിട്ടുവീഴ്ചകളുണ്ടായി എന്നാണ് ആരോപണം. ഇതിനാൽ മുവ്വായിരത്തിലധികം അയോഗ്യ വോട്ടുകൾ കണക്കിലെടുക്കപ്പെട്ടെന്ന് ട്രംപ് കാംപൈനും നെവേഡയിലെ റിപ്പബ്ലിക്കൻ പാർട്ടിയും ആരോപിക്കുന്നു. മരിച്ച വോട്ടർമാരുടെ പേരിലുള്ള ബാലറ്റുകൾ പോലും ഇലക്ഷൻ ഓഫീസർമാർ എണ്ണിയെന്നും ഇവർ പറയുന്നു.

ഈ ആരോപണത്തെ തെളിയിക്കുന്ന തെളിവുകളൊന്നും ട്രംപ് കാംപൈനിന്റെ പക്കലില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇലക്ഷൻ ഓഫീസർമാർക്കെതിരെ കേസ് കൊടുത്തുവെന്ന് മാധ്യമങ്ങൾക്കു മുമ്പിൽ പ്രഖ്യാപിച്ച ട്രംപ് കാംപൈൻ പ്രസിഡണ്ടിനോട് റിപ്പോർട്ടർമാർ തെളിവ് ചോദിച്ചെങ്കിലും പുള്ളി തിടുക്കത്തിൽ കാറിൽക്കേറി പോകുകയാണുണ്ടായത്. ക്ലാർക്ക് കൌണ്ടിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഒപ്പ് പരിശോധിക്കുന്ന മെഷീനുകൾ ഉപയോഗിച്ചെന്നാണ് ആരോപണം. ഓരോ മെയിൽ ബാലറ്റും കൈകൊണ്ടെടുത്ത് പരിശോധിക്കണമെന്നാണ് നിയമം. അതെസമയം നെവേഡയിൽ കൌണ്ടിങ് വളരെ പതുക്കെയാണ് നീങ്ങുന്നത്. വേഗതയെക്കാൾ കൃത്യതയ്ക്കാണ് തങ്ങൾ പ്രാധാന്യം കൊടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. റിസൾട്ട് പൂർണമായും പുറത്തുവരാൻ പത്ത് ദിവസമെങ്കിലും എടുക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറിയുടെ വക്താവ് ജെന്നിഫർ എ റസ്സൽ വ്യക്തമാക്കി.

മിഷിഗണിൽ വോട്ടെണ്ണൽ നിർത്തി വെക്കണമെന്നാവശ്യപ്പെട്ടും ട്രംപ് കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞദിവസം. ബാലറ്റുകൾ ശരിയായി പരിശോധിക്കാൻ കഴിയുന്ന വിധത്തിൽ തന്റെ നിരീക്ഷകർക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കരികിൽ നിൽക്കാൻ കഴിയണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതെല്ലാം കോടതി ഇന്ന് പൊതിഞ്ഞുകെട്ടി തള്ളിയിട്ടുണ്ട്.

ട്രംപ് കോടതിയിലേക്ക് ഫീസടച്ച് ട്വീറ്റ് ചെയ്യുകയാണെന്നാണ് ഉയരുന്ന പരിഹാസം. ഇതിന് കാര്യമായ വിലയൊന്നും കിട്ടാൻ പോകുന്നില്ലെന്ന് ലോസ് ആൻജലസിലെ ലയോള ലോ സ്കൂൾ പ്രൊഫസറായ ജസ്റ്റിൻ ലാവിറ്റ് നിരീക്ഷിക്കുന്നു. കോടതികൾ ട്രംപിനോട് ആവശ്യപ്പെടുന്നത് വസ്തുതകളാണ്. ട്രംപിന്റെ പക്കലില്ലാത്തതും അതാണ്.
വൻതോതിൽ മെയിൽ ഇൻ വോട്ടുകൾ വരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ട്രംപിന്റെ നീക്കം എന്തായിരിക്കുമെന്ന് നേരത്തെ തന്നെ രാഷ്ട്രീയനിരീക്ഷകരും ഗവേഷകരും തിരിച്ചറിഞ്ഞിരുന്നു. ഇലക്ഷൻ നൈറ്റിൽ തന്നെ ഫലം വരുന്ന സാഹചര്യമുണ്ടാകില്ല. ഇത് ട്രംപിന് മെയിൽ ഇൻ വോട്ടുകളുടെയും അവയുടെ പ്രൊസസിങ്ങിനെയും ചോദ്യം ചെയ്യാനുള്ള അവസരം സൃഷ്ടിക്കുമെന്ന് നേരത്തെ തന്നെ തിരിച്ചറിയപ്പെട്ടതാണ്. ട്രാൻസിഷൻ ഇന്റഗ്രിറ്റി പ്രൊജക്ട് എന്ന ഗവേഷകരുടെയും മുൻ കാംപൈൻ ലീഡേഴ്സിന്റെയും മുൻ ഉന്നതോദ്യോഗസ്ഥരുടെയും കൂട്ടായ്മ ഈ വിഷയം പഠിക്കുകയും ഓഗസ്റ്റ് മാസത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അന്തിമഫലം വരാൻ വൈകുന്ന ദിവസങ്ങളിലെല്ലാം ട്രംപിന് തനിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനായി പ്രചാരണങ്ങൾ നടത്താനാകുമെന്നും ഈ പഠനം മുൻകൂട്ടിക്കണ്ടു. അത്രയും ദിവസം പരാജയം സമ്മതിക്കാതിരിക്കുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് പ്രചരിപ്പിക്കുകയും ചെയ്യാൻ ട്രംപിനാകും. ട്രംപിന്റെ ആസ്തികളുടെ വലിപ്പം കൂടി പരിഗണിച്ച് ജാഗ്രതയോടെ സജ്ജരായിരിക്കണമെന്നും ഈ പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

എന്താണ് ട്രംപിന്റെ വ്യവഹാര മനോഭാവത്തിനു പിന്നിൽ?

പക്ഷെ, ട്രംപ് ഏതെങ്കിലും തരത്തിൽ പിൻവാങ്ങുമെന്ന് കരുതാനാകില്ല. കാരണം, അദ്ദേഹം അടിസ്ഥാനപരമായി ഒരു വ്യവഹാരിയാണ്. 2016 തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നോമിനിയായപ്പോൾ ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു അദ്ദേഹം നടത്തുന്ന കോടതി വ്യവഹാരങ്ങൾ. ട്രംപും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും ചേർന്ന് 3500 കോടതി വ്യവഹാരങ്ങൾ നടത്തിക്കൊണ്ടു പോകുന്നുണ്ടെന്നത് വാർത്തയായി. ചരിത്രത്തിൽ ഇത്രയേറെ വ്യവഹാരങ്ങൾ ഒന്നിച്ച് നടത്തിയിരുന്ന മറ്റൊരു പ്രസിഡണ്ട് നോമിനിയെ കണ്ടെത്താനാകില്ല എന്നതായിരുന്നു വാർത്തകളുടെ അടിസ്ഥാനം. നിലവിലെ മുഖ്യധാരാ പാർട്ടികളിൽ വേറൊരു നേതാവും ഇത്രയധികം കേസുകൾ നടത്തുന്നില്ലെന്നതും വസ്തുതയാണ്. ദശലക്ഷക്കണക്കിന് ഡോളറിന്റെ റിയൽ എസ്റ്റേറ്റ് കേസുകൾ മുതൽ മാനനഷ്ടക്കേസുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. കോടതിയിൽ കയറാതെ ഒരു പ്രശ്നം അവസാനിപ്പിക്കുകയെന്നത് ട്രംപിന്റെ ഒരു രീതിയല്ലെന്നു വരെ പറയാം. ചെറിയ തർക്കങ്ങൾ പോലും വലിയ നിയമയുദ്ധമാക്കുന്ന തരത്തിൽ സർവസന്നാഹങ്ങളോടും കൂടിയാണ് ട്രംപ് കോടതിയിൽ എതിരിടുക. ചെറിയ എതിരാളികളോടു പോലും ഇതാണ് സമീപനം. പലപ്പോഴും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് കമ്മീഷൻ കൊടുക്കാതെയും വക്കീലന്മാർക്ക് ഫീസ് കൊടുക്കാതെയുമിരിക്കാറുണ്ട് ട്രംപ്.

പലപ്പോഴും ട്രംപ് തന്റെ വ്യവഹാര സ്വഭാവം ഒരു സമ്മർദ്ദ തന്ത്രമായി ബിസിനസ്സിൽ ഉപയോഗിക്കാറുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എതിരാളികളെ വിട്ടുവീഴ്ച ചെയ്യിക്കാൻ ഇതുവഴി ട്രംപിന് സാധിക്കുന്നു. നികുതി അടയ്ക്കാതിരിക്കാനും ട്രംപ് നിയമപരമായ വ്യവഹാരങ്ങളെ ഉപയോഗിക്കുന്നുണ്ട്. ട്രംപിന്റെ നൂറിലധികം നികുതി തർക്കങ്ങൾ കോടതിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ട്രംപ് കീഴ്വഴക്കങ്ങളെ മാനിച്ചില്ലെങ്കിൽ എന്തു ചെയ്യും?

യുഎസ്സിനെ സംബന്ധിച്ചിടത്തോളം അതിവിചിത്രവും അസാധാരണവുമായ സാഹചര്യമാണ് ട്രംപ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്. സാധാരണമായി ഒരു പ്രസിഡണ്ട് തെരഞ്ഞെടുപ്പു പരാജയം നേരിട്ടാൽ അക്കാര്യം, വിജയിച്ച സ്ഥാനാർത്ഥിയെ അനുമോദിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ സമ്മതിക്കുകയാണ് ചെയ്യുക. സമാധാനപരമായ അധികാരക്കൈമാറ്റത്തിന് താൻ സജ്ജനാണെന്നും പ്രസിഡണ്ട് അറിയിക്കും. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും താൻ കോടതിയിൽ നീതി തേടുമെന്നുമുള്ള ട്രംപിന്റെ തുടർച്ചയായ പ്രസ്താവനകൾക്കിടയിൽ 2008ൽ ജോൺ മക്‍കൈൻ നടത്തിയ അനുമോദന പ്രഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നുണ്ട്. ബാരക് ഒബാമയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ട മക്‍കൈൻ അത് വളരെ മാന്യമായി സമ്മതിക്കുന്നതും ജനവിധിയെ അംഗീകരിക്കുന്നതുമാണ് ഈ പ്രഭാഷണത്തിലുള്ളത്. അമേരിക്കൻ ജനത വളരെ വ്യക്തമായി തീരുമാനമെടുത്തു കഴിഞ്ഞെന്നും ഒബാമയെ താൻ വിളിച്ച് അഭിനന്ദനം അറിയിച്ചെന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. കീഴ്വഴക്കത്തെ ഏറ്റവും മര്യാദയോടെ പാലിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ അനുമോദന പ്രസംഗം ചെയ്യണമെന്ന് നിയമമൊന്നുമില്ല. ഭരണഘടനയിലും പറയുന്നില്ല. സ്വയം സന്നദ്ധമായി ചെയ്യേണ്ടുന്ന ഒരു മര്യാദ മാത്രമാണത്. ഈ മര്യാദ പാലിക്കപ്പെടുന്നുവെന്നതിന് അർത്ഥം, എതിർസ്ഥാനാർത്ഥി, തെരഞ്ഞെടുപ്പു പ്രക്രിയയുടെ ഉൾപ്പിരിവുകളോരോന്നിലും കേറിച്ചെന്ന് വ്യവഹാരങ്ങൾ സ്ഥാപിക്കുകയും അതുവഴി തെരഞ്ഞെടുപ്പുഫലം കോടതിയിലൂടെ പുറത്തുവരുന്ന സ്ഥിതി സൃഷ്ടിക്കുകയും ചെയ്യില്ലെന്നു കൂടിയാണ്. ഈ മര്യാദ ട്രംപിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ പെരുമാറ്റങ്ങൾ സൂചിപ്പിക്കുന്നത്.

രണ്ടായിരാമാണ്ടിലെ ബുഷ്-ഗോർ തർക്കത്തെ ഇപ്പോഴത്തെ കോടതിക്കേസുകളുമായി താരതമ്യം ചെയ്യാനാകുമോ?
രണ്ടായിരാമാണ്ടിൽ ജോർജ് ഡബ്ല്യു ബുഷും ആൽബർട്ട് ഗോർ ജൂനിയറും തമ്മിൽ നടന്ന മത്സരം സുപ്രീംകോടതിയിലേക്ക് നീങ്ങിയ ഒരു സംഭവമുണ്ടായി. അന്നുപയോഗിച്ച ഒരു മടക്കും രണ്ട് പുറങ്ങളുമുള്ള 'ബട്ടർഫ്ലൈ ബാലറ്റ്' ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഗോറിന് പ്രസിഡണ്ട് സ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് വഴിവെച്ചു. ബാലറ്റിനു നടുവിലായി സ്ഥാനാർത്ഥികളുടെ പേരിനു നേർക്ക് പഞ്ച് ചെയ്യേണ്ട സ്ഥലം നിശ്ചയിച്ചിരുന്നു. ഒരു പുറത്തിൽ ബുഷിനു ശേഷം ഗോർ വരുന്ന രീതിയിലായിരുന്നു ക്രമം. പേരുകൾക്കു നേരെ പഞ്ച് ചെയ്യേണ്ട സ്ഥലം വരുന്നു. പ്രശ്നം വന്നത് തൊട്ടപ്പുറത്തെ പുറത്തിലുള്ള സ്ഥാനാർത്ഥികളുടെ പഞ്ചിങ് സ്ഥലവും നടുക്കു തന്നെയായിരുന്നു എന്നിടത്താണ്. റിഫോം പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നവർ പഞ്ച് ചെയ്യേണ്ട സ്ഥലം ബുഷിനും ഗോറിനും നടക്കായാണ് വന്നത്. ഈ ഡിസൈൻ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി. ആദ്യത്തെ പുറത്തിൽ ബുഷിനു ശേഷം ഗോർ വരുന്ന ക്രമത്തിലായതിനാൽ ഗോറിന് വോട്ട് ചെയ്തവർ രണ്ടാമത്തെ പോയിന്റിലാണ് പഞ്ച് ചെയ്തത്. അത് യഥാർത്ഥത്തിൽ തൊട്ടപ്പുറത്തെ പുറത്തിൽ കിടക്കുന്ന റിഫോം പാർട്ടി സ്ഥാനാർത്ഥിക്ക് പഞ്ച് ചെയ്യാനുള്ള ഇടമായിരുന്നു. ഫ്ലോറിഡയിലെ പാം ബീച്ച് കൌണ്ടിയിലാണ് ഈ പ്രശ്നം സംഭവിച്ചത്.
മറ്റൊരു പ്രശ്നമുണ്ടായത് പഞ്ചിങ് മെഷീനുകളുടെ തകരാറാണ്. ചിലരുടെ പഞ്ചിങ് വീണുവെങ്കിലും കടലാസിലെ ആ ഭാഗം അടർന്നു പോകാതെ തൂങ്ങി നിന്നു. മറ്റു ചിലരുടേത് പഞ്ച് മാർക്ക് വീണുവെങ്കിലും ശരിയായി കീറി അടരാതെ അതേപടി നിന്നു. ചിലരുടെത് ഒരു മൂലയിൽ മാത്രം കീറലുണ്ടായി. ചിലതിൽ പഞ്ച് ചെയ്യാനുദ്ദേശിച്ചിടത്ത് ഒരു പാട് മാത്രം കിടന്നു. ചുരുക്കത്തിൽ ഇത്തരം വോട്ടുകളിലെല്ലാം ആശയക്കുഴപ്പമുണ്ടായി. കീഴ്‍വഴക്കമനുസരിച്ച് പരാജയസമ്മതം നടത്താൻ തയ്യാറാകണമെന്ന് സ്ഥാനാർത്ഥികൾ പരസ്പരം ആവശ്യപ്പെട്ടു. പ്രശ്നം കോടതികേറി. സുുപ്രീംകോടതി ചിലയിടങ്ങളിൽ വീണ്ടും വോട്ടെണ്ണൽ അനുവദിച്ചു. ഇത് ഭരണഘടനയിലെ തുല്യപരിഗണനയെന്ന മൂല്യത്തിന് നിരക്കാത്തതാണെന്ന വിമർശനമുണ്ടായയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഫ്ലോറിഡയെ ബുഷ് എടുത്തു. വെറും 537 വോട്ടിന്.
ഈ പ്രശ്നത്തെ പക്ഷെ ട്രംപിന്റെ കോടതികേറലുകളുമായി യാതൊരു വിധത്തിലും താരതമ്യം ചെയ്യാനാകില്ലെന്നത് പ്രകടമായ വസ്തുതയാണ്. മിക്ക കേസുകളിലും ട്രംപിന്റെ വാദങ്ങൾ വെറും തരികിടയാണ്. പലതും കോടതി വഴങ്ങിയാൽപ്പോലും ട്രംപിന്റെ വിജയത്തിന് അതിൽ എന്തെങ്കിലും പങ്ക് വഹിക്കാൻ കഴിയുക പോലുമില്ല.
മറ്റെന്തെല്ലാം ആശങ്കകൾ?

ബേണീ സാൻഡേഴ്സും രാഷ്ട്രീയ ഗവേഷകരുമെല്ലാം ചൂണ്ടിക്കാട്ടിയ ദിശയിൽ തന്നെയാണ് ട്രംപ് പോയിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമായ സ്ഥിതിക്ക് അദ്ദേഹത്തിന്റെ അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്നതും കരുതിവെക്കേണ്ടതുണ്ട്. പ്രസിഡണ്ടിന് പട്ടാളത്തെ ആഭ്യന്തരതലത്തിൽ ഇറക്കാനുള്ള അധികാരമുണ്ട്. എതിരാളികൾക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാനും അവരുടെ ആസ്തികൾ മരവിപ്പിക്കാനും അദ്ദേഹത്തിന് ഇപ്പോഴത്തെ അധികാരങ്ങളുപയോഗിക്കാം. ദേശീയ സുരക്ഷയുടെ പേര് പറഞ്ഞ് ട്രംപിന് ആശയവിനിമയ ഉപാധികളുടെയെല്ലാം മുകളിൽ നിയന്ത്രണമേർപ്പെടുത്താൻ കഴിഞ്ഞേക്കും.

ജസ്റ്റിസ് ഡിപ്പാർട്ടുമെന്റിനെ രാഷ്ട്രീയവൽക്കരിക്കാൻ ട്രംപ് ശ്രമിക്കുമോയെന്നതാണ് അടുത്ത ഭീതി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കീഴ്വഴക്കം ലംഘിച്ച് സുപ്രീംകോടതിയിൽ മതയാഥാസ്ഥിതിക നിലപാടുള്ളയാളെ നിയമിക്കുകയും കോടതിയെ വലതുവൽക്കരിക്കുകയും ചെയ്തയാളാണ് ട്രംപ്. ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയതിനു പിന്നാലെ രാജ്യത്തെമ്പാടും നടന്ന സമരങ്ങൾക്കെതിരെ ഫെഡറൽ ഫോഴ്സിനെ ട്രംപ് പലയിടങ്ങളിൽ വിന്യസിച്ചത് വിമർശനവിധേയമായിരുന്നു. പോർട്ട്‍ലാൻഡിൽ ട്രംപ് നടത്തിയ ഇത്തരമൊരു സൈനികവിന്യാസത്തിന്റെ നിയമപരത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്തെ ക്രമസമാധാന സംവിധാനം അറിയാതെയായിരുന്നു ഈ നീക്കം. ഫെഡറൽ ഏജന്റുമാർ ജനങ്ങളെ തടവിലാക്കുന്ന നടപടികളിലേക്കു വരെ കടന്നു. തെരഞ്ഞെടുപ്പ് നടന്ന നവംബർ മൂന്നാം തിയ്യതി ഈ വിഷയത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഓഫീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പറയുന്നതും ശരിയായ രീതിയിലായിരുന്നില്ല സൈനികവിന്യാസമെന്നാണ്.

ബാലറ്റ് എണ്ണലിനെ തടസ്സപ്പെടുത്താൻ ട്രംപ് ശ്രമിക്കുമെന്നും ഇതിനായി പട്ടാളത്തെയും മറ്റ് ഫോഴ്സുകളെയും ഉപയോഗിക്കുന്നത് തടയാൻ പ്രസ്തുത ഫോഴ്സുകളുടെ തലപ്പത്തിരിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ട്രാൻസിഷൻ ഇന്റഗ്രിറ്റി പ്രൊജക്ട് ജാഗ്രതപ്പെടുത്തുകയുണ്ടായി. ഉദ്യോഗസ്ഥർ അവരുടെ ചുമതലകൾ ഭരണഘടനയെ മുൻനിർത്തി നിർവഹിക്കുന്നതിന് അവരെ ബോധവൽക്കരിക്കുന്ന നടപടികളിലേക്ക് ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ രംഗത്തിറങ്ങണമെന്നും അവരാവശ്യപ്പെട്ടു. എന്തായാലും ഈ ഭീതി ഇപ്പോൾ ശരിയായി വരുന്നതിലേക്കുള്ള സൂചനകൾ ലഭ്യമാണ്. ഇലക്ഷൻ നൈറ്റിനു ശേഷം ബാലറ്റ് എണ്ണുന്നതിൽ സംഭവിക്കുന്നുവെന്ന് ട്രംപ് അവകാശപ്പെടുന്ന കൃത്രിമം അന്വേഷിക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ആയുധധാരികളായ ഓഫീസർമാരെ നിയോഗിക്കുന്നതിന് തടസ്സമുണ്ടെങ്കിലും തെരഞ്ഞെടുപ്പു ദിവസത്തിന് ശേഷം അത് പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വാദം. യുഎസ്സിന്റെ ശത്രുക്കളെ നേരിടാനല്ലാതെ സായുധസേനകളെ തെരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിൽ നിയോഗിക്കരുതെന്ന നിയമമുണ്ട് രാജ്യത്ത്.

Next Story

Related Stories