TopTop
Begin typing your search above and press return to search.

EXPLAINER: കൊറോണ ലോക്ക്ഡൗണ്‍ കാലത്തെ സൂം ബൂം; എന്തുകൊണ്ട് സൂം? എന്തൊക്കെയാണ് സുരക്ഷാ പ്രശ്നങ്ങള്‍?

EXPLAINER: കൊറോണ ലോക്ക്ഡൗണ്‍ കാലത്തെ സൂം ബൂം; എന്തുകൊണ്ട് സൂം? എന്തൊക്കെയാണ് സുരക്ഷാ പ്രശ്നങ്ങള്‍?

കൊവിഡ്-19ന്റെ വ്യാപനത്തോടെ ഏറെ ചര്‍ച്ചയായ ഒരു 'ചൈനീസ്' ആപ്പ് ആണ് സൂം. ഇന്ത്യയില്‍ മാര്‍ച്ച് 28ന് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഈ ആപ്ലിക്കേഷനിലൂടെ ആദ്യമായി വാര്‍ത്താ സമ്മേളനം നടത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുതല്‍ എല്ലാ നേതാക്കളും ദിനംപ്രതി ഇതുവഴി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താന്‍ തുടങ്ങി.

എന്നാല്‍, സൂം ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഫറന്‍സ് നടത്തുന്നതിന് മാര്‍ഗനിര്‍ദേശം കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്വകാര്യവ്യക്തികള്‍ക്ക് വിവര സുരക്ഷ ഉറപ്പാക്കി യോഗങ്ങള്‍ നടത്തുന്നത് സംബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള സൈബര്‍ ഏകോപന കേന്ദ്രം സൈക്കോര്‍ഡ് (CyCorD) മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ഈ സംവിധാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സൂം ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ള സ്വകാര്യ വ്യക്തികളെ ഉദ്ദേശിച്ചാണ് മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്.

സൂം സംവിധാനം സുരക്ഷിതമായ ഒന്നല്ലെല്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സെര്‍ട്ട്-ഇന്‍ (Cert-in) നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. സൂം കോണ്‍ഫറന്‍സ് സംവിധാനത്തിലേക്ക് ബാഹ്യമായ കടന്നുകയറ്റവും ഓണ്‍ലൈന്‍ യോഗത്തിലേക്ക് അനധികൃതമായി പ്രവേശിച്ച് ടെര്‍മിനലുകള്‍ തകര്‍ക്കാനുമുള്ള ശ്രമങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് മാര്‍ഗരേഖ.

എന്താണ് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം?

സൂം ആപ്ലിക്കേഷന്‍ വഴി നടത്തുന്ന ഓരോ കോണ്‍ഫറന്‍സിനും വേണ്ടി പുതിയ യൂസര്‍ ഐ.ഡി നിര്‍മ്മിക്കുക, കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്ന ആളുടെ (ഹോസ്റ്റ്) സമ്മതത്തോടു കൂടി മാത്രം ഓരോ ഉപയോക്താവിന് പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന രീതിയില്‍ എനാബ്ലിങ് വെയ്റ്റിങ് റൂം സംവിധാനം, ഹോസ്റ്റ് മുന്‍പ് കോണ്‍ഫറന്‍സില്‍ പങ്കാളിയാവുന്ന സംവിധാനം ഡിസേബിള്‍ ആക്കുക, സ്‌ക്രീന്‍ ഷെയറിങ് ഹോസ്റ്റിന് മാത്രമാക്കുക, പുറത്താക്കിയ ഉപയോക്താവിന് വീണ്ടും പ്രവേശിക്കാനുള്ള സംവിധാനം ഓഫാക്കുക, ഫയല്‍ കൈമാറ്റം ചെയ്യുന്ന സംവിധാനം കര്‍ശനമായി നിയന്ത്രിക്കുക, എല്ലാ ഉപയോക്താക്കളും കോണ്‍ഫറന്‍സ് റൂമില്‍ കയറിയാല്‍ പിന്നെ ആര്‍ക്കും പ്രവേശിക്കാതിരിക്കാന്‍ മീറ്റിങ് ലോക്ക് ചെയ്യുക. റെക്കോഡിങ് സംവിധാനം കര്‍ശനമായി നിയന്ത്രിക്കുക, സമ്മേളനം കഴിഞ്ഞാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മീറ്റിങ് എന്‍ഡ് ചെയ്യാതെ പുറത്തു പോവാതിരിക്കുക തുടങ്ങിയ ഒമ്പത് മാര്‍ഗ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

സൂമിന്റെ പിന്നില്‍ ആര്?

ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ എറിക് എസ് യുവാന്‍ കാലിഫോര്‍ണിയ ആസ്ഥാനമാക്കി 2011ലാണ് സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് സ്ഥാപിക്കുന്നത്. കമ്പനിയുടെ സ്റ്റോക്ക് പബ്ലിക്കില്‍ വന്നതോടെ, 2019 ഏപ്രിലില്‍ യുവാന്‍ കോടീശ്വരനായി അറിയപ്പെട്ടു തുടങ്ങി. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ നിന്നുള്ള യുവാന്‍, ഷാന്‍ഡോങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബീജിങ്ങില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. എട്ടു തവണ അമേരിക്ക വിസ നിഷേധിച്ചതിന് ശേഷം 1997ല്‍ തന്റെ 27ാം വയസ്സില്‍ ആണ് ഇദ്ദേഹം സിലിക്കണ്‍വാലിയില്‍ എത്തുന്നത്. അക്കാലത്ത് അദ്ദേഹത്തിന് കഷ്ടിച്ച് മാത്രമെ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴുയുമായിരുന്നുള്ളുവെന്നാണ് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് യുവാന്റ വരുമാനം മൂന്ന് ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. അതായത് 22,950 കോടി ഇന്ത്യന്‍ രൂപ.

എന്താണ് സൂമിന്റെ പ്രശ്നങ്ങള്‍?

അംഗീകരിക്കപ്പെട്ട എന്‍ക്രിപ്ഷന്‍ മെത്തേഡ് (സന്ദേശങ്ങള്‍ കൈമാറുന്ന രീതി) ഉപയോഗിച്ചല്ല സൂം പ്രവര്‍ത്തിക്കുന്നതെന്നാണ് സൂമിനെതിരായ പ്രധാന ആരോപണം. അതിനാല്‍ വിവര കൈമാറ്റത്തില്‍ സുരക്ഷ ഭീഷണിയുണ്ട്. സൂമിന്റെ ഡോക്യുമെന്റേഷനില്‍ കമ്പനി അവകാശപ്പെടുന്ന രീതിയിലല്ല ഇത് പ്രവര്‍ത്തിക്കുന്നതെന്നാണ് രണ്ടാമത്തെ ആരോപണം. കമ്മ്യൂണിക്കേഷനിലെ സ്വകാര്യത സൂം ലംഘിക്കുന്നു എന്നതാണ് പ്രധാന ആരോപണം. സൂം അവകാശപ്പെട്ടിരുന്നത്, എ.ഇ.എസ് (അഡ്വാന്‍സ് എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡേര്‍ഡ് ) -256 ഉപയോഗിച്ചാണ് തങ്ങളുടെ ആപ്ലിക്കേഷന്‍ ശബ്ദവും ദൃശ്യങ്ങളും കൈമാറുന്നതെന്നായിരുന്നു. എന്നാല്‍ പരിശോധനയില്‍ എ.ഇ.എസ് - 128 ആണ് ആപ്ലിക്കേഷനില്‍ ഉപയോഗിക്കുന്നതെന്ന് (കമ്മ്യൂണിക്കേഷന് വേണ്ടി ഈ എന്‍ക്രിപ്ഷന്‍ രീതി ഉപയോഗിക്കരുതെന്നാണ് അംഗീകരിക്കപ്പെട്ട തത്വം) കണ്ടെത്തിയത് എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ സിറ്റിസണ്‍സ് ലാബ് എന്ന സൈബര്‍ അധിനിവേശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടന പറയുന്നത്.

എത്ര സുരക്ഷാ സംവിധാനത്തോടെ നിര്‍മ്മിക്കപ്പെട്ട സോഫ്റ്റ് വയറുകളിലേയും സുരക്ഷാ പിഴവുകള്‍ കണ്ടെത്തി വിവരങ്ങള്‍ ചോര്‍ത്താനുനുതകുന്ന മറ്റു പല സോഫ്റ്റ്‌വെയറുകളും രാജ്യത്ത് നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നതാണ് ഇവയില്‍ നിന്ന് വ്യക്തമാവുന്നത്. വാട്ട്‌സാപ്പിന്റെ സുരക്ഷ പിഴവ് മുതലെടുത്തായിരുന്നു ഇസ്രയേല്‍ കമ്പനിയായ എന്‍.എസ്.ഒ രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന് ചോര്‍ത്തി നല്‍കിയിരുന്നത്; ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും. 2019 മെയ് മാസത്തിലെ രണ്ടാഴ്ച ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടേയും ഫോണുകളിലെ വാട്ട്‌സ്ആപ്പ് മെസഞ്ചറിലെ ന്യൂനതകള്‍ മുതലെടുത്തുകൊണ്ട് അവര്‍ക്കുമേല്‍ ചാരപ്പണി നടത്തിയിരുന്ന കാര്യം പുറത്തുവന്നിരുന്നു.

എന്തുകൊണ്ട് സൂം?

സൂം യൂസര്‍ ഫ്രണ്ട്‌ലിയാണെന്നാണ് ഇത് ഉപയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ ജിത്ത് പറയുന്നത്. ലോഗിന്‍ ചെയ്യാനും ആക്‌സസ് ചെയ്യാനും ഏറ്റവും എളുപ്പമാണെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ആദ്യം 40 മിനിറ്റ് നേരം ഇത് സൗജന്യ സേവനമാണ് നല്‍കുന്നത്. സൗജന്യ സേവന സമയം കഴിഞ്ഞാല്‍ വീണ്ടും ലോഗിന്‍ ചെയ്ത് സമ്മേളനത്തിന്റെ ഭാഗമായി തുടരാനാവുന്നു എന്നുള്ളതും ആളുകളെ ഇതിലേക്ക് അടുപ്പിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് പോലും വളരെ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഇതിന്റെ ഗുണമായി ഉപയോക്താക്കള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയുടെ അടിസ്ഥാന കാര്യങ്ങള്‍ അറിയാവുന്നവര്‍ക്ക് വളരെ സ്മൂത്തായിട്ട് ഉപയോഗിക്കാന്‍ പറ്റുന്നു എന്നതാണ് ആളുകളെ സൂമിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകം. സൂമിന്റെ പ്രീമിയം ഓഫര്‍ ഒരു മാസത്തേക്ക് 19.99 അമേരിക്കന്‍ ഡോളറാണ്.

കഴിഞ്ഞ രണ്ടു വര്‍ഷമായി സൂം ഉപയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകനായ സ്റ്റീഫന്‍ ഷെര്‍ബിക് പറയുന്നത്, ഈ കാലയളവിനിടയില്‍ വിരലില്‍ എണ്ണാവുന്ന തകരാറുകളെ തങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ളു എന്നാണ്. നേരത്തെ, സൂമിലൂടെയുള്ള ഒരു മീറ്റിങ് കണക്ട് ചെയ്യണമെങ്കില്‍ 10 മിനിറ്റ് വരെ എടുത്തിരുന്നു, ഇപ്പോള്‍ തല്‍സമയം കണക്ട് ചെയ്യാനാവുന്നുണ്ടെന്നാണ് ഐ.ടി നെറ്റ്‌വര്‍ക്ക് എഞ്ചിനിയറായ ഡയാന ആന്റേഴ്‌സണ്‍ പറയുന്നത്.

2019ല്‍ ലോകത്ത് ആകമാനം 1.99 ദശലക്ഷം ഉപയോക്താക്കളാണ് സൂമിനുണ്ടായിരുന്നത്. എന്നാല്‍, 2020ലെ ആദ്യത്തെ അമ്പത് ദിവസം കൊണ്ട 2.22 ദശലക്ഷം ജനങ്ങള്‍ സൂം ആപ്ലിക്കേഷന്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്.


Next Story

Related Stories