TopTop
Begin typing your search above and press return to search.

മലപ്പുറം സ്ഫോടനം: അപസര്‍പ്പക കഥയെഴുത്തല്ല മാധ്യമപ്രവര്‍ത്തനം

മലപ്പുറം സ്ഫോടനം: അപസര്‍പ്പക കഥയെഴുത്തല്ല മാധ്യമപ്രവര്‍ത്തനം

അഴിമുഖം പ്രതിനിധി

'മധ്യപ്രദേശിലെ ഭോപ്പാലില്‍ ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് മലപ്പുറം കളക്ട്രേറ്റില്‍ സ്ഫോടനം.' മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്. ‘ഭോപ്പാലിന് മറുപടി കേരളത്തില്‍?’ എന്ന ചോദ്യചിഹ്ന കിക്കറാണ് മംഗളത്തിന്റെ ലീഡ് സ്റ്റോറിക്ക് നല്കിയിരിക്കുന്നത്. ഇങ്ങനെയൊരു തലക്കെട്ടും ഇന്‍ട്രോയും നല്‍കാന്‍ എന്തു തെളിവാണ് മംഗളത്തിന് കിട്ടിയത് എന്നറിയാന്‍ തുടര്‍ന്ന് വായിച്ചപ്പോള്‍ ദാദ്രിയില്‍ ബീഫ് കഴിച്ചു എന്നാരോപിച്ച് സംഘപരിവാറിനാല്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാക്കിന്റെ പേരാണ് കണ്ടത്. അഖ്ലാക്കിന്റെ കൊലപാതകത്തിന്റെ പ്രതികാരമാണ് സ്ഫോടനം എന്നു ലഘുലേഖയില്‍ പറയുന്നുണ്ട് എന്നാണ് ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ വിവരം ഔദ്യോഗികമോ അനൌദ്യോഗികമോ ആയി പോലീസ് നല്‍കിയതായിരിക്കാം. അപ്പോള്‍ കഥയില്‍ ഭോപ്പാല്‍ എവിടെയാണ്?

ജന്മഭൂമി പത്രം പോലും നല്‍കാത്ത ഒരു ഭോപ്പാല്‍ ലിങ്ക് മംഗളത്തിന്റെ സ്വ.ലേയ്ക്ക് എവിടെ നിന്നു കിട്ടി എന്നറിയില്ല. വാര്‍ത്ത റിപ്പോര്‍ട്ടിംഗിന്റെ ഏറ്റവും ഉത്തരവാദിത്തരഹിതവും വേണമെങ്കില്‍ സാമൂഹ്യവിരുദ്ധവും എന്നു പറയാവുന്ന ഉദാഹരണം. പലപ്പോഴും പ്രാദേശിക ലേഖകന്‍മാരെ പിടിച്ച് പോലീസും മറ്റും കാണിക്കുന്ന തറവേലയാണ് ഒരു സംസ്ഥാന പത്രം ഇവിടെ കാണിച്ചിരിക്കുന്നത്. ഭോപ്പാലിലെ സിമി പ്രവര്‍ത്തകരുടെ 'ജയില്‍ ചാട്ടവും' 'ഏറ്റുമുട്ടല്‍ കൊല'യെയും സംബന്ധിച്ച് സംശയാസ്പദമായ നിരവധി സൂചനകള്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം പുറത്തുകൊണ്ട് വരുമ്പോഴാണ് വളരെ ആധികാരികമായി ‘ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന്റെ മറുപടി’ എന്നൊരു പത്രം എഴുതുന്നത് എന്നോര്‍ക്കണം.

കൊല്ലം കളക്ട്രേറ്റിലെ സ്ഫോടനം, കനകമലയിലെ തീവ്രവാദി അറസ്റ്റ്, ഐഎസ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാര്‍ത്തകള്‍, ഇപ്പോഴിതാ മലപ്പുറം കളക്ട്രേറ്റ് സ്ഫോടനം. കേരളം തീവ്രവാദികളുടെ ഹബ്ബാകുന്നു എന്നു പ്രചരിപ്പിക്കാനും സ്ഥാപിക്കാനും ശ്രമിക്കുന്നവര്‍ക്ക് ‘സന്തോഷകര’മാണ് ഈ സംഭവ വികാസങ്ങള്‍. അത്തരക്കാര്‍ക്ക് ആവശ്യമായ വിഭവം നല്‍കുകയാണ് ഉത്തരവാദിത്തരഹിതമായ റിപ്പോര്‍ട്ടിംഗിലൂടെ ചില മാധ്യമങ്ങളും.കഴിഞ്ഞ ജൂണ്‍ 14 നു കൊല്ലം കളക്ട്രേറ്റില്‍ നടന്ന സ്ഫോടനത്തിന് ഉത്തരവാദികളെ ഇതുവരെയായിട്ടും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ധോത്തി ധരിച്ചയാളെയും താടി വെച്ചയാളെയും അന്ന് കളക്ട്രേറ്റ് പരിസരത്ത് സംശയാസ്പദമായി കണ്ടു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്നും ആന്ധ്ര പ്രദേശ് പോലീസും പിന്നെ തിരുനെല്‍വേലി ക്യു ബ്രാഞ്ചുമൊക്കെ അന്വേഷണവുമായി ഇവിടെയെത്തി. ആ അന്വേഷണത്തിന്റെ ഭാഗമായി മേല്‍പ്പറഞ്ഞ അടയാളങ്ങളുള്ള ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി അറിവില്ല. അന്വേഷണം എവിടെയെത്തി എന്നും.

ഇന്നലെ മലപ്പുറത്ത് നടന്ന സ്ഫോടനത്തിന് കൊല്ലത്തും ആന്ധ്ര പ്രദേശിലെ ചിറ്റൂരും നെല്ലൂരും കര്‍ണ്ണാടകയിലെ മൈസൂരും നടന്ന സ്ഫോടനവുമായി സാമ്യമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ഈ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ അല്‍ഖ്വൈദയുടെ ഇന്ത്യന്‍ രൂപമായ ബേസ് മൂവ്മെന്‍റ് ആണെന്ന് കണ്ടെത്തിയിരുന്നു എന്നാണ് അന്വേഷണ ഏജസികള്‍ പറയുന്നത്. കഴിഞ്ഞ മാസം 13-ആം തിയ്യതി ആന്ധ്ര പ്രദേശിലെ നെല്ലൂര്‍ ജില്ലാ കോടതി പരിസരത്തും നടന്നതും ഇതേ മട്ടിലുള്ള സ്ഫോടനമാണ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. പ്രെഷര്‍ കുക്കറാണ് അവിടെയും സ്ഫോടനത്തിന് ഉപയോഗിച്ചത്.

അല്‍ക്വൈദയുമായി ബന്ധമുള്ള അല്‍-ഉമ്മയാണ് ബേസ് മൂവ്മെന്‍റ് എന്ന സംഘടനായി രൂപാന്തരപ്പെട്ടത് എന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. മലപ്പുറത്ത് നിന്നു കിട്ടിയ ലഘുലേഖയില്‍ ബേസ് മൂവ്മെന്‍റ് എന്നു രേഖപ്പെടുത്തിയിരിക്കുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അറബിക് വാക്കായ ക്വൈദയുടെ അര്‍ത്ഥം ‘basis or foundation’ എന്നാണ്. അതില്‍ നിന്നാണ് ഈ ഗ്രൂപ്പിന് ആല്‍ക്വൈദയുമായി ബന്ധമുണ്ട് എന്ന നിഗമനത്തില്‍ അന്വേഷണ ഏജന്‍സികള്‍ എത്തിച്ചേര്‍ന്നത്. ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടത്തിന് ശേഷം 1993-ലാണ് അല്‍-ഉമ്മ രൂപീകരിക്കപ്പെട്ടത്. 2015ല്‍ ജനുവരിയില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കിട്ടിയ രണ്ടു വരി കത്താണ് ബേസ് മൂവ്മെന്‍റ് എന്ന സംഘടനയെ ആദ്യമായി പുറംലോകത്തെത്തിച്ച സംഭവം. കോയമ്പത്തൂരില്‍ നിന്നാണ് ആ കത്ത് പോസ്റ്റ് ചെയ്തത് എന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ സംഘടനയുടെ പ്രധാന പ്രവര്‍ത്തകരെയോ കേന്ദ്രമോ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. പിന്നീട് 2016-ല്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യയിലെത്തുന്ന ഫ്രെഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ് ഹോളാണ്ടയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചു ചെന്നൈ ഫ്രെഞ്ച് കോണ്‍സുലേറ്റില്‍ കിട്ടിയ കത്താണ് മറ്റൊന്ന്.

മുകളില്‍ പറഞ്ഞ കത്തുകളും അഞ്ചു സ്ഫോടനങ്ങളും സമൂഹത്തില്‍ അസ്വസ്ഥത പരത്താന്‍ ശ്രമിക്കുന്ന പുതിയൊരു സംഘടനയുടെ വരവറിയിക്കുന്നു എങ്കില്‍ അവരെ അന്വേഷണ വലയില്‍ കൂടുക്കേണ്ടത് എന്തുകൊണ്ടും അത്യാവശ്യമാണ്. പക്ഷേ കൊല്ലവും ബെംഗളൂരുവും മൈസൂരും കോയമ്പത്തൂരും ചെന്നൈയും ഭോപ്പാലും ഇപ്പോള്‍ മലപ്പുറവും ചേര്‍ന്ന് സൃഷ്ടിക്കുന്ന അഭ്യൂഹ അപസര്‍പ്പക കഥകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന അസ്വാരസ്യങ്ങളെ നമുക്ക് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. അത് ഇസ്ളാമിക തീവ്രവാദികളായലും സംഘപരിവാരമായാലും. അതിനു അറിഞ്ഞോ അറിയാതെയോ കുട പിടിക്കുന്നവരായി മാധ്യമങ്ങള്‍ മാറരുത്.Next Story

Related Stories