TopTop
Begin typing your search above and press return to search.

നരേന്ദ്ര മോദി ആദ്യം ഗുജറാത്തിലെ ഈ ദളിത് ജീവിതങ്ങള്‍ കാണൂ

നരേന്ദ്ര മോദി ആദ്യം ഗുജറാത്തിലെ ഈ ദളിത് ജീവിതങ്ങള്‍ കാണൂ

അഴിമുഖം പ്രതിനിധി

ഗുജറാത്തിലെ ദീസയിലേക്കുള്ള പ്രവേശനകവാടത്തില്‍ ഉരുളക്കിഴങ്ങുകൊണ്ടുള്ള വമ്പന്‍ ഇന്‍സ്റ്റലേഷനാണ് അവിടേക്ക് വരുന്നവരെ എതിരേല്‍ക്കുക. കനേഡിയന്‍ ഭക്ഷ്യകമ്പനി മക്കെയ്ന്‍ ഉരുളക്കിഴങ്ങു വാങ്ങുന്നത് ദീസയില്‍നിന്നാണ്. സോദാപ്പൂര്‍ ഗ്രാമത്തിലേക്കുള്ള വഴിയില്‍ ഉരുളക്കിഴങ്ങ് ശേഖരിക്കാനുള്ള വമ്പന്‍ ശീതീകരണികളും കാണാം. ഗ്രാമത്തിലെ വഴിയുടെ ഒരു വശത്ത് ആസ്ബസ്‌റ്റോസ് മൂടിയതും ടാര്‍പോളിന്‍ മറച്ചതുമായ കുടിലുകളുടെ നിര കാണാം. ഘാഡയില്‍നിന്നുള്ള ദളിതരാണ് ഇവയില്‍ താമസിക്കുന്നത്. റോഡിനു മറുവശത്ത് മറ്റുള്ള ഗ്രാമീണര്‍ ജീവിക്കുന്നു.

രാജ്യത്തെ ദളിതരെയും ദരിദ്രരെയും സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് നമ്മുടെ കടമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞത് സോദാപ്പൂരിലെ ദളിതരില്‍ തണുത്ത പ്രതികരണമേ ഉണ്ടാക്കുന്നുള്ളൂ. ഒന്‍പതുവര്‍ഷം മുന്‍പ് 'കടുത്ത തൊട്ടുകൂടായ്മ' മൂലം അവരിലൊരാള്‍ കൊല്ലപ്പെട്ടതിനെപ്പറ്റിയാണ് അവര്‍ക്കു പറയാനുള്ളത്. പ്രദേശത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ ഓഫിസിനു മുന്നില്‍ അഞ്ചുവര്‍ഷം ധര്‍ണയിരുന്ന അവര്‍ പിന്നീട് സോദാപ്പൂരിലേക്ക് വന്നു. 100 ബീഘ (40 ഏക്കറോളം) ഭൂമിയില്‍ ഉരുളക്കിഴങ്ങ്, ആവണക്ക്, ഗോതമ്പ്, നിലക്കടല, ബാജ്‌റ, കടുക് എന്നിവ കൃഷി ചെയ്ത് അവര്‍ ഒതുങ്ങിക്കഴിയുന്നു.

ഘാഡയില്‍നിന്ന് സോദാപ്പൂരിലേക്കുള്ള ദളിത് കുടിയേറ്റം
പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രിയങ്ക മേഗ്‌വയ്ക്ക് സ്‌കൂള്‍ ഉപേക്ഷിച്ച് ഘാഡയില്‍നിന്നു പോകേണ്ടിവന്നത്. പുതിയ താമസസ്ഥലം 15 കിലോമീറ്റര്‍ അകലെയായിരുന്നു. ഇവിടെ ടിവി കാണുകയല്ലാതെ പ്രിയങ്കയ്ക്ക് മറ്റൊന്നും ചെയ്യാനില്ല. പുത്രിമാരെപ്പറ്റിയുള്ള 'ഘര്‍ കി ലക്ഷ്മി ബേട്ടിയാം', 'സപ്‌നേ സുഹാനേ ലഡക്പന്‍ കെ' എന്നിങ്ങനെ ഇഷ്ടപരമ്പരകള്‍ കണ്ട് അവള്‍ സമയം കൊല്ലുന്നു. രണ്ടുവര്‍ഷം മുന്‍പ് ഘാഡയില്‍നിന്ന് സോദാപ്പൂരിലേക്ക് മാറാന്‍ നിര്‍ബന്ധിതരായ 27 ദളിത് കുടുംബങ്ങളില്‍ ഒന്നാണ് പ്രിയങ്കയുടേത്. രണ്ടുഗ്രാമങ്ങളും ബനസ്‌കാന്തയിലെ ദീസ താലൂക്കിലുള്ളവയാണ്. ഈ കുടുംബങ്ങളെല്ലാം തൊട്ടുകൂടായ്മയുടെ ഇരകളാണ്. ചത്ത പശുവിന്റെ തൊലിയുരിച്ച ദളിത് യുവാക്കളെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ദളിത് രോഷം അണപൊട്ടിയൊഴുകുന്ന സംസ്ഥാനത്ത് അഭയാര്‍ത്ഥികളെപ്പോലെ കഴിയുകയാണ് ഇവര്‍.പ്രിയങ്കയുടെ സഹോദരി ധനേരി ഗ്രാമത്തില്‍ വിവാഹം ചെയ്യപ്പെട്ട സവിത പറയുന്നത് ധനേരി കുറച്ചുകൂടി സന്തോഷകരമായ ഗ്രാമമാണെന്നാണ്. എന്നാല്‍ മാതാപിതാക്കളും സഹോദരങ്ങളും വസിക്കുന്ന സ്ഥലമാണ് അവള്‍ക്ക് വീട്. പ്രസവത്തിനായി ഇവിടെയെത്തിയതാണ് സവിത. ഒരാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞ് വെളുത്ത തുണിയില്‍പ്പൊതിഞ്ഞ് കയറുകട്ടിലില്‍ കിടക്കുന്നു. ഈച്ചകളാണു ചുറ്റും. 'ഈ ചൂടിലും അവളെ മൂടിപ്പൊതിഞ്ഞുവയ്‌ക്കേണ്ടിവരുന്നു.' 'ഘാഡയില്‍നിന്നു പോരേണ്ടിവന്നതോടെ എല്ലാ പെണ്‍കുട്ടികളും പഠനം അവസാനിപ്പിച്ചു. ഇവിടെ അവരെ തിരക്കേറിയ റോഡ് മുറിച്ചു കടത്തി കൊണ്ടുപോകുകയും തിരിച്ചുകൊണ്ടുവരികയും വേണം. അത് അസാദ്ധ്യമാണ്,' സവിത പറയുന്നു.

ആണ്‍കുട്ടികളിലും പഠനം ഉപേക്ഷിച്ചവരുണ്ട്. അഞ്ചാംക്ലാസില്‍ പഠനം നിര്‍ത്തിയ ദശരഥ് എന്ന പതിനെട്ടുകാരന്‍ കൂലിപ്പണിക്കാരനാണ്. സഹോദരന്‍ എട്ടാംക്ലാസില്‍ പഠനം അവസാനിപ്പിച്ചു. 'അവര്‍ ഞങ്ങളെ ഒരുമിച്ചിരിക്കാനോ ഒപ്പം കളിക്കാനോ അനുവദിക്കില്ല,' ഘാഡയിലെ ഒബിസി സഹപാഠികളെപ്പറ്റി ദശരഥ് പറയുന്നു.

അഞ്ചുമക്കളില്‍ മൂത്തവനായിരുന്ന രമേഷിനെപ്പറ്റി പറയുമ്പോള്‍ താല്‍ബിബെന്നിന് കരച്ചിലടക്കാനാകുന്നില്ല. അവരുടെ ഭര്‍ത്താവ് ദേവ്ജിഭായി ഒന്‍പതുവര്‍ഷം മുന്‍പത്തെ സംഭവം പറയാനാകാത്തവിധം തകര്‍ന്നിരിക്കുന്നു. അവരുടെ ഇരുപത്തിരണ്ടുകാരനായ മകന്‍ സാമാന്യവിദ്യാഭ്യാസത്തിനുശേഷം ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ കടന്നതിനു പ്രതികാരമായി അവനെ ട്രാക്ടര്‍ കയറ്റിക്കൊല്ലുകയായിരുന്നുവെന്ന് ദളിതര്‍ ആരോപിക്കുന്നു. 'പൊലീസും അവരുടെ സമുദായത്തില്‍നിന്നായിരുന്നതിനാല്‍ അതു കൊലപാതകമായില്ല,' ദേവ്ജിഭായി പറയുന്നു. 'അഞ്ചുവര്‍ഷം ഞങ്ങള്‍ മാമ്ലത്ദാറുടെ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചു. അവസാനം രണ്ടുവര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഞങ്ങളെ ഇവിടെ കൊണ്ടുവന്നാക്കി. എന്നാല്‍ വീടുകളൊന്നും പണിതുനല്‍കിയില്ല,' ഒരു ദളിത് സംഘടനയുടെ നേതാവായ ഭുറാഭായി പാര്‍മര്‍ പറയുന്നു.

ഘാഡയില്‍ അക്കാലത്ത് സര്‍പഞ്ചായിരുന്ന ബാബര്‍സിങ് വഗേല ദളിതരുടെ ആരോപണങ്ങള്‍ നിഷേധിക്കുന്നു. തൊട്ടുകൂടായ്മയില്ലെന്നും രമേഷിന്റെ മരണം അപകടമായിരുന്നു എന്നുമാണ് അയാളുടെ നിലപാട്. 'അപകടത്തിലാണ് അവന്‍ മരിച്ചത്. ദളിതരും ഉയര്‍ന്ന ജാതിക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിനു വേണ്ടി ഞങ്ങള്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. രമേഷിന്റെ മരണത്തിനുശേഷം പന്ത്രണ്ടാം ദിവസത്തെ ചടങ്ങ് കഴിഞ്ഞ് അവര്‍ ഗ്രാമം വിട്ടു. ഇവിടെ വിവേചനമൊന്നുമില്ല,' - 2010 വരെ സര്‍പഞ്ചായിരുന്ന വഗേല പറയുന്നു.അവകാശത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്
സോദാപ്പൂരില്‍ സ്‌കൂളില്‍പോകുന്ന കുറച്ചു ഘാഡ കുട്ടികള്‍ താരതമ്യേന സന്തുഷ്ടരാണ്. എല്ലാവരും ഒരുമിച്ച് പഠിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതായി ഭാകോട്ടാര്‍ പ്രൈമറി സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന അശ്വിന്‍ പറയുന്നു. ഘാഡ ദളിതര്‍ക്ക് ഗ്രാമത്തില്‍ തുടര്‍ന്നും താമസിക്കാനുള്ള അനുമതി നേടിയ സോദാപൂര്‍ സര്‍പഞ്ച് അമര്‍സിങ് ദാന്‍സിങ് രാജ്പൂതിനോടും ദളിതര്‍ക്ക് അനുഭാവമുണ്ട്. 'എന്നാല്‍ ഇതിനായി എന്തൊക്കെ സഹിക്കേണ്ടിവന്നു എന്ന് എനിക്കേ അറിയൂ,' രാജ്പൂത് പറയുന്നു. ബ്രാഹ്മണരും പട്ടേല്‍മാരും പിന്നോക്ക സമുദായക്കാരും നിറഞ്ഞ സോദാപൂരിലെ ഏക രജപുത്ര കുടുംബമാണ് രാജ്പൂതിന്റേത്. 'ഒന്‍പതംഗ സഭയില്‍ അഞ്ചുപേരുടെ ഒപ്പുകളുണ്ടെങ്കിലേ അനുമതി ലഭിക്കൂ. അവരെ അനുനയിപ്പിച്ച് ഞാന്‍ കാര്യം നടത്തി. എന്നാല്‍ പിന്നീട് എനിക്കെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ വന്നു. 10 ദിവസം ജയിലില്‍ കഴിയേണ്ടതായും വന്നു. ഒരു കേസില്‍ ഒരു പട്ടേല്‍ എനിക്കെതിരെ കവര്‍ച്ചാ ആരോപണം ഉന്നയിച്ചു. ഒത്തുതീര്‍പ്പിനായി എനിക്ക് 2.65 ലക്ഷം രൂപ നല്‍കേണ്ടതായി വന്നു,' രാജ്പൂത് പറയുന്നു. ഇപ്പോള്‍ 35 കുടുംബങ്ങളുള്ള ദളിതര്‍ക്കൊപ്പമാണ് താനെന്നും രാജ്പൂത് പറയുന്നു. 'സുഹൃത്തായ ഒരു പൊലീസ് ഓഫിസര്‍ ഘാഡ ദളിതര്‍ക്കു കുറച്ചുഭൂമി നല്‍കാമോ എന്ന് എന്നോടു ചോദിച്ചു. ഞാന്‍ രണ്ടു ബീഘ ഭൂമി നല്‍കി.'

സോദാപൂരിലെ കുടിയേറ്റക്കാര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡുണ്ട്. ഇവരെല്ലാം 2014 മുതല്‍ തൊഴിലുറപ്പു പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇന്നുവരെ ആര്‍ക്കും തൊഴിലോ കൂലിയോ ലഭിച്ചിട്ടില്ല. 'അതൊക്കെ കടലാസില്‍ മാത്രമേയുള്ളൂ. ഞങ്ങള്‍ കൂലിപ്പണി ചെയ്യുന്നു. കല്‍പ്പണിയോ കൃഷിയോ,' ഭുറാഭായി പറയുന്നു. വീടുകള്‍ പണിതു തരാത്ത സര്‍ക്കാരിനോട് അവര്‍ക്കെല്ലാം ക്ഷോഭമുണ്ട്. ലഭിച്ച ഭൂമിയിലെ പാതി പണിത വീടുകള്‍ അവര്‍ കാണിച്ചുതരുന്നു. 'ഓരോ വീടിനും 45,000 രൂപയാണു തന്നത്. ഇതില്‍ 10,000 രൂപ മണ്ണുനിറയ്ക്കാന്‍ തന്നെ ചെലവായി'- ഇവരില്‍ ഒരാളായ കാളിബെന്‍ പറയുന്നു.

'രണ്ടുഘട്ടത്തിലായി പണം ലഭിക്കുന്ന അംബേദ്കര്‍ ആവാസ് യോജനയിലാണ് അവര്‍ക്കു വീട് അനുവദിച്ചത്. ആദ്യഗഡു നല്‍കി. വീട് പണി തീര്‍ന്നശേഷം അടുത്തഗഡു നല്‍കുമെന്നാണ് നിയമം,' ബാനസ്‌കാന്ത കലക്ടര്‍ ജേനു ദേവന്‍ പറയുന്നു. രമേഷിന് 'അപകടം' പറ്റിയതിനെത്തുടര്‍ന്നുള്ള പലായനത്തെ കുടിയേറ്റമെന്നു വിളിക്കാനാകില്ലെന്നും ദേവന്‍ പറയുന്നു. ജന്മസ്ഥലം തിരിച്ചുപോകാനാകാത്ത തരത്തില്‍ നശിച്ചുപോകുന്നതിനെയാണ് സര്‍ക്കാര്‍ കുടിയേറ്റം എന്നു വിളിക്കുന്നത്. ഉയര്‍ന്ന ജാതിക്കാരുമായി ഒത്തുതീര്‍പ്പിനു സാദ്ധ്യതയുമില്ല.

ഒരു ദളിത് കുടുംബം ഘാഡയിലേക്കു തിരിച്ചുപോയെന്ന് ദേവന്‍ അവകാശപ്പെടുമ്പോള്‍ അഞ്ചുകുടുംബങ്ങള്‍ എത്തിയെന്നാണ് വഗേലയുടെ വാദം.


Next Story

Related Stories