TopTop
Begin typing your search above and press return to search.

കൊടുംകുറ്റവാളികളും ജനിതകവേരുകളും

കൊടുംകുറ്റവാളികളും ജനിതകവേരുകളും

മേഗന്‍ സ്‌കൂദെല്ലാരി
(ബ്ലൂംബര്‍ഗ് ന്യൂസ്)

സാഹസികവും, പ്രകോപനപരവുമായ സ്വഭാവത്തോട് ബന്ധപ്പെടുത്തിയിരുന്ന ഒരു ജീന്‍, കടുത്ത അക്രമസാധ്യതയുള്ള സ്വഭാവവുമായിട്ടുകൂടി ബന്ധപ്പെട്ടതാണെന്ന് പുതിയ ഗവേഷണം പറയുന്നു. അങ്ങനെയെങ്കില്‍ അത്തരം സ്വഭാവം ചികിത്സിച്ചു ഭേദമാക്കാനുള്ള സാധ്യതയും തെളിയും.

Molecular Spychitary എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം, 700 കുറ്റവാളികളെ വിശകലനം നടത്തിയാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. ഇതടക്കം രണ്ടു ജീനുകളാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. രണ്ടാമത്തേത് ശ്രദ്ധക്കുറവുള്ള അതിപ്രസരിപ്പ് വൈകല്യത്തിന് കാരണമാകുന്നതാണ്.

ഏതാണ്ട് 50% കടുത്ത സാമൂഹ്യവിരുദ്ധ സ്വഭാവത്തിനും കാരണം, ചുറ്റുപാടുകളെക്കാളേറെ ജനിതക കാരണങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നുണ്ടെങ്കിലും അതിനു കാരണമായ വളരെക്കുറച്ചു ജീനുകളെ മാത്രമെ അവര്‍ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ നടന്ന ഗവേഷണം ഏത് വ്യക്തിയാണ് അക്രമം നടത്തുക എന്നു പ്രവചിക്കാന്‍ കഴിയുന്നതല്ലെങ്കിലും ചികിത്സാ സാധ്യതകളിലേക്ക് വഴി തുറക്കുന്നതാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

'ഇതുവരെ രൂക്ഷമായ ആക്രമത്തിന് കാരണമാക്കുന്ന ജീനുകളെ ആരും കണ്ടെത്തിയിരുന്നില്ല,' സ്‌റ്റോക്‌ഹോമിലെ കരോളിന്‍സ്‌ക കേന്ദ്രത്തിലെ മനഃശാസ്ത്രവിദഗ്ദ്ധന്‍ ജാരി ടീഹോനെന്‍ പറഞ്ഞു. 'അത് കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. രണ്ടെണ്ണം കണ്ടുപിടിക്കുകയും ചെയ്തു'.ഫിന്‍ലാന്‍ഡിലെ 19 വലിയ തടവറകളില്‍ നിന്നുമായി 895 തടവുകാരെയാണ് ഈ പഠനത്തിന് ഗവേഷകര്‍ വിധേയരാക്കിയത്. മദ്യപിച്ചു വാഹനമോടിക്കല്‍, കളവ് തുടങ്ങിയ ശാരീരികാക്രമണം ഇല്ലാത്ത കുറ്റങ്ങള്‍ ചെയ്തവരും, കൊലപാതകം നടത്തിയവരും, ചുരുങ്ങിയത് 10 ഹിംസാത്മകമായ കുറ്റകൃത്യങ്ങളെങ്കിലും നടത്തിയവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

തടവുകാരിലെ ഗവേഷണഫലത്തെ ഒരു കൂട്ടം ഫിന്‍ലാന്‍ഡ് പൗരന്മാരുടെ ഇടയില്‍ നടത്തിയ സമാന പരിശോധനയുമായി താരതമ്യം ചെയ്തു. അതില്‍നിന്നും, കടുത്ത കുറ്റങ്ങള്‍ ചെയ്തവരില്‍ മറ്റുള്ളവരില്‍ കാണാത്ത രണ്ടു ജീനുകള്‍ കണ്ടെത്താനായി.

മസ്തിഷ്‌ക കോശങ്ങളില്‍ വിവരങ്ങളെത്തിക്കുന്ന ഡോപ്പാമീന്‍, സെറോടോണിന്‍ എന്നിവപോലുള്ള രാസവസ്തുക്കളെ വിഘടിപ്പിക്കുന്ന മോണോമൈന്‍ ഓക്‌സിഡസ്-എ യുടെ മാറ്റം വന്ന രൂപം, അഥവ MAOA യാണ് ആദ്യത്തേത്. 1993ല്‍ ഒരു കുടുംബത്തിലെ അഞ്ചു പേരില്‍ പൊടുന്നനെയുള്ള ദേഷ്യംപിടിച്ച പെരുമാറ്റത്തിന്റെ കാരണം MAOA ജീനുമായി ബന്ധപ്പെടുത്തിയിരുന്നു. 'പടയാളി ജീന്‍' എന്നാണ് മാധ്യമങ്ങള്‍ അന്നതിനെ വിളിച്ചത്.

'പടയാളി ജീന്‍' കണ്ടുപിടിത്തം യു.എസ് കോടതികളെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കോടതിയില്‍ കുറ്റവിചാരണസമായത് കുറ്റകൃത്യത്തിന്റെ ജനിതക അടിസ്ഥാനം എത്രമാത്രം പ്രസക്തമാണെന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നു. ഇത് നീതിന്യായ സംവിധാനത്തില്‍ സ്ഥാനം പിടിക്കുമോ എന്നു കണ്ടറിയണം. ഇല്ലെന്നാണ് തിഹോനെന്‍ പ്രതീക്ഷിക്കുന്നത്.'ഏതെങ്കിലും ഒരു അപായഘടകം മാത്രം; ജീന്‍ വ്യതിയാനമോ, കാറപകടത്തിലോ മറ്റോ ഉണ്ടാകുന്ന മസ്തിഷ്‌ക പ്രശ്‌നമോ, അങ്ങനെയെന്തെങ്കിലുമൊന്ന് ഒരു വിധിയെ ബാധിക്കരുത്. ഒരാളുടെ പൂര്‍ണ മാനസികശേഷിയായിരിക്കണം ശിക്ഷയുടെ അടിസ്ഥാനം എന്നും തിഹോനെന്‍ പറഞ്ഞു.

സിന്‍സിനാറ്റി സര്‍വ്വകലാശാലയിലെ കുറ്റശാസ്ത്ര വിദഗ്ധന്‍ ജെ സി ബാന്‍സും ഈ അഭിപ്രായക്കാരനാണ്. 'ചില ജീനുകളോ, അല്ലെങ്കില്‍ ഒരായിരം ജീനുകളോ ഉള്ളതുകൊണ്ടുമാത്രം ഒരാളില്‍ അക്രമ സ്വഭാവം വളരുമെന്ന് പറയാന്‍ ജീനുകളും ചുറ്റുപാടുകളും തമ്മിലുള്ള ഇടകലരല്‍ മൂലം സാധ്യമല്ല.'

കാദേരിന്‍ 13 അഥവാ സിഡിഎച്ച് 13 എന്ന ജീനാണ് രണ്ടാമത്തേത്. നിയന്ത്രണത്തിനുള്ള ശേഷി ഇല്ലാതാക്കുന്നത് ഈ ജീനാണ്.

ഈ കണ്ടെത്തലുകള്‍ കുട്ടികളെയോ മറ്റുള്ളവരെയോ ഒക്കെ കുറ്റവാസന മനസിലാക്കാന്‍ മുന്‍പരിശോധന നടത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാലിത് ഇപ്പോഴുള്ള നിഗമനങ്ങള്‍വെച്ചു സാധ്യമല്ല എന്നു തിഹോനെന്‍ പറയുന്നു. മറിച്ച് അക്രമസ്വഭാവത്തിന് കാരണമാകുന്ന ജൈവ പ്രക്രിയയെ കൂടുതല്‍ തെളിച്ചുകാണിക്കുന്നതിനാണ് ഈ രണ്ടു ജീന്‍ ബന്ധങ്ങളെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.


Next Story

Related Stories