TopTop
Begin typing your search above and press return to search.

രാമന്തളി ഗ്രാമം കുടിവെള്ളത്തിനായുള്ള പോരാട്ടത്തിലാണ്

രാമന്തളി ഗ്രാമം കുടിവെള്ളത്തിനായുള്ള പോരാട്ടത്തിലാണ്

ഒരു ദേശത്തിന്റെ (നഷ്ടങ്ങളുടെ) കഥ. ഇത് എസ്കെ പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥ അല്ല; മറിച്ച് എല്ലാമുണ്ടായിട്ടും ഒന്നും ഇല്ലാത്തവരായിപ്പോയ 'ഏഴിമല' എന്ന പേരിനാൽ പ്രശസ്തമായ രാമന്തളി എന്ന ഒരു ദേശത്തിന്റെ നഷ്ടങ്ങളുടെയും തേങ്ങലുകളുടെയും നേർക്കാഴ്ച ആണ്. മലകളും പുഴകളും കടലും കടൽതീരങ്ങളും ഒക്കെ കൊണ്ട് സമൃദ്ധമായിരുന്ന ഏറ്റവും മനോഹരമായ ഒരു നാടിന്റെ ഇന്നത്തെ നെടുവീർപ്പുകൾ. മനോഹരമായ നാട് എന്ന് വെറുതെ പറയുന്നതല്ല. പുറത്ത് നിന്ന് വന്ന് ഇത് ഒക്കെ കണ്ട് അതിശയപ്പെട്ട് പോയ എത്രയോ ആൾക്കാരുടെ വാക്കുകൾ ആണ്. ഇനിയും സംശയമുണ്ടേൽ ആ പടിഞ്ഞാറേ പുഴയുടെ തീരത്ത് കുറച്ച് പോയി ഇരിക്കുക; എന്നിട്ട് കടത്ത് തോണി വരുമ്പോൾ അതിൽ കയറി ഏഴിമലയുടെ കാഴ്ചകളും കണ്ട് കൊണ്ട് (ഇന്ന് ആ പച്ചപ്പിന്റെ കുളിർ കാഴ്ചകൾക്ക് കുറെ ഒക്കെ നേവിയുടെ കെട്ടിടങ്ങളും നിർമ്മാണങ്ങളും കൊണ്ട് മുഖത്തേറ്റ പാടുകൾ പോലെ മങ്ങലേറ്റിരിക്കാം) പടിഞ്ഞാറെ കടൽ തീരത്തേക്ക് ഒരു യാത്ര നടത്തുക. അതും മതിയായില്ലെങ്കിൽ നേരെ ഏഴിമലയുടെ മുകളിലേക്ക് വച്ച് പിടിക്കുക; അവിടുന്നുള്ള ഒരു ചിത്രം വരച്ച് വച്ചത് പോലുള്ള കണ്ണൂരിന്റെ തന്നെ ദൃശ്യങ്ങൾ,പിന്നെ ഉയർന്നു നിൽക്കുന്ന ഹനുമാൻ പ്രതിമ, മനോഹരമായ എട്ടിക്കുളം ബീച്ച്, അങ്ങനെ പറഞ്ഞാൽ തീരാത്ത അത്ര കാഴ്ചകൾ. ഇത്രയും കുറഞ്ഞ ചുറ്റളവിൽ ഹില്‍സ്റ്റേഷനുകള്‍ കായലുകള്‍ ബീച്ച് ചരിത്രപരമായ പ്രാധാന്യമുള്ള നിരവധി ആരാധനാലയങ്ങള്‍ എല്ലാം നിറഞ്ഞ ഒരു ഗ്രാമം അപൂര്‍വ്വമായിരിക്കും.

ഇവിടെക്കാണ് ഒരു മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്നെ നേവൽ അക്കാഡമി കെട്ടി ഇറക്കപ്പെടുന്നത്. 2500 ഏക്കറോളം ഭൂമി ചെറിയ എതിർപ്പുകൾ മാത്രം ഉയർത്തി ഗ്രാമം നേവിക്ക് വിട്ടു നൽകുന്നു. നൂറു കണക്കിന് ആൾക്കാർക്ക് തങ്ങളുടെ വീടും കൃഷിയിടങ്ങളും നാടും ഉറ്റവരെയും ഒക്കെ വിട്ട് പലായനം ചെയ്യേണ്ടി വന്നു. ഐതിഹ്യവും ചരിത്രവും ഉറങ്ങുന്ന ക്ഷേത്രങ്ങളും മറ്റു പല ശേഷിപ്പുകളും നയനാനന്ദ കാഴ്ചകളുടെ പല സ്ഥലങ്ങളും ആ മതിൽ കെട്ടിനകത്തായി.

ഒരു രാമന്തളി കാഴ്ച

പിന്നീട് ഏതൊരു സർക്കാർ പദ്ധതികളെയും പോലെ കുറെക്കാലം ഉറങ്ങികിടന്നതിനു ശേഷം നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. അണയാൻ പോകുന്ന തീയുടെ ആളിക്കത്തൽ പോലെ നാട്ടുകാർക്കൊക്കെ നിർമ്മാണ കമ്പനികളിലെ ജോലി, കടകളിലൊക്കെ നല്ല കച്ചവടം, കെട്ടിടങ്ങളിലൊക്കെ വാടകക്കാർ ഒക്കെ ഉള്ള ഒരു ചെറിയ കാലം വേഗം കഴിഞ്ഞുപോയി. പക്ഷെ അക്കാഡമിയുടെ കമ്മീഷണിങ്ങ് കഴിഞ്ഞതോടെ ഭൂരിപക്ഷം നാട്ടുകാരുടെയും നിർമ്മാണ കമ്പനികളിലെ താൽക്കാലിക ജോലികൾ നഷ്ടപ്പെട്ടു; കടകൾ ഒക്കെ പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയി; കെട്ടിടങ്ങളൊക്കെ വാടകക്കാരില്ലാത്ത നോക്കുകുത്തികളും. വികസനം എന്നത് നേവി മതിൽകെട്ടിനകത്തേക്ക് മാത്രമായി ചുരുങ്ങി.

ഏഴിമലയിലെ കാടുകളിലെ തങ്ങളുടെ ആവാസ വ്യവസ്ഥകൾ നഷ്ടപ്പെട്ട കുരങ്ങുകളും മയിലുകളുമെല്ലാം തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനെന്നപോലെ നാട്ടിലിറങ്ങി നാട്ടുകാരുടെ വീടുകളിലും കൃഷിയിടങ്ങളിലുമെല്ലാം നാശനഷ്ടം വിതച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് വീണ്ടും അഞ്ഞൂറേക്കര്‍ ഭൂമി ഏറ്റെടുത്തേക്കുമെന്ന പേടിപ്പിക്കുന്ന വാർത്തയും നാട്ടുകാർക്ക് കേൾക്കേണ്ടി വരുന്നത്. പണ്ടത്തെ പലായനത്തിന്റെ തിക്തഫലം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന നാട്ടുകാർ പ്രക്ഷോഭ വഴിലെത്തുമെന്നായപ്പോൾ അധികാരികൾ തൽക്കാലം ഈ നടപടികൾ ഉണ്ടാവില്ലെന്നറിയിച്ചു. തങ്ങളുടെ വീടും കാവും ഉത്സവങ്ങളും പെരുന്നാളുകളും ഉറൂസുകളും ഉറ്റവരെയും ഉടയവരെയും ഒക്കെ വിട്ട് വീണ്ടും പറിച്ചു നടപ്പെടേണ്ടി വരുമോ എന്ന് സങ്കടപ്പെട്ടിരുന്ന അമ്മമാർക്ക് അൽപ്പം ആശ്വാസമായത് അപ്പോഴാണ്.

പക്ഷേ വിധിയുടെ വിളയാട്ടം പോലെ അടുത്ത ദുരിത പർവം ഇപ്പോൾ ആരംഭിച്ചത് മലിനമായ കുടിവെള്ളത്തിന്റെ രൂപത്തിലാണ്. ഇത്രയും ഏക്കറു കണക്കിന് ഭൂമി വിട്ടു കൊടുത്തിട്ടും ആ മതിൽകെട്ടിനകത്തെ ആയിരങ്ങളുടെ മാലിന്യങ്ങളും വിസർജ്ജ്യങ്ങളും കൈകാര്യം ചെയുന്ന ST Plant ജനവാസ കേന്ദ്രത്തിന് തൊട്ടടുത്തു തന്നെ സ്ഥാപിച്ചതുകൊണ്ട് വലയുന്നത് നിസ്സഹായരായ ഇന്നാട്ടുകാരും. വരൾച്ച കൊണ്ട് കിണറുകൾ വറ്റുന്നതിനെപ്പറ്റി കേരളക്കര മൊത്തം വേവലാതിപ്പെടുമ്പോൾ ഇവിടത്തുകാർ ആവലാതിപ്പെടുന്നത് ഈ പ്ളാന്റ് കൊണ്ട് കിണറുകളിൽ നിറയുന്ന മലിന ജലത്തെകുറിച്ചാണ്. ഇവിടത്തെ സ്ത്രീകൾ രാവിലെ എഴുന്നേറ്റാൽ ആദ്യം ആവലാതിയോടെ നോക്കുന്നത് തങ്ങളുടെ കിണറിലെ ജലനിരപ്പ് ആണെന്ന് പറയുമ്പോൾ ആ ദുരിതാവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ. സർക്കാരിന്റെ ലാബുകളിൽ നടത്തിയ ടെസ്റ്റുകളിലൂടെ അപകടകരമാം വിധം ഇ കോളി ബാക്ടീരിയയും മറ്റ് മാലിന്യങ്ങളും നിറഞ്ഞ ജലമാണ് തങ്ങളുടെ കിണറുകളിൽ എന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു.

അങ്ങനെ ഗത്യന്തരമില്ലാതെ ജനങ്ങൾ ജാതി-മത രാഷ്ട്രീയ-വർഗ്ഗ വ്യത്യാസമില്ലാതെ തങ്ങളുടെ നിലനിൽപ്പിനായുള്ള സമരത്തിനായി ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഒരിക്കൽ നഷ്ടപ്പെട്ടു പോയ സൌഭാഗ്യങ്ങൾ തിരിച്ച് പിടിക്കാനൊന്നുമല്ല, ആ പ്ളാന്റ് മാറ്റി സ്ഥാപിച്ച് മനുഷ്യജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷികമായ ശുദ്ധ ജലം എന്നാവശ്യം മാത്രമേ സമര മുഖത്ത് ഉള്ള പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധരായവർ വരെ ഉളള നിസ്സഹായരായ നാട്ടുകാർക്ക് ഉള്ളൂ. രാജ്യത്തിനു വേണ്ടി തങ്ങളുടെ മണ്ണും സൌഭാഗ്യങ്ങളും എല്ലാം ത്യജിച്ച, കപട ജോലി- വികസന വാഗ്ദാനങ്ങളാലും വഞ്ചിതരായ ജനതയ്ക് അത് എങ്കിലും നൽകാൻ അധികാരികൾ വൈകിക്കൂട. രാമന്തളിയില്‍ നടക്കുന്നതു അവകാശസമരമെന്നതിനുപരി അതിജീവനത്തിനായുള്ള പോരാട്ടമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories