TopTop
Begin typing your search above and press return to search.

എസ്രയില്‍ മണിച്ചിത്രത്താഴ് കണ്ടു; പക്ഷേ, കാട്ടുപറമ്പന്‍ എവിടെ?

എസ്രയില്‍ മണിച്ചിത്രത്താഴ് കണ്ടു; പക്ഷേ, കാട്ടുപറമ്പന്‍ എവിടെ?

നകുലനും ഗംഗയും കല്‍ക്കത്തയില്‍ നിന്നു കേരളത്തിലേക്ക് പുറപ്പെട്ടു. വന്നു കയറിയത് കുഴപ്പം പിടിച്ച മാടമ്പള്ളിയിലേക്ക്. രഞ്ജനും പ്രിയയും മുംബയില്‍ നിന്നും കേരളത്തിലേക്ക് വരികയാണ്. പാര്‍പ്പുറപ്പിച്ചത് മട്ടാഞ്ചേരിയിലെ ഗുജറാത്തി സേട്ടിന്റെ ബംഗ്ലാവില്‍. ശേഷം ചിന്ത്യം.

ബിഗ് സല്യൂട്ട്, ഫാസില്‍. താങ്കള്‍ പറഞ്ഞതില്‍ കൂടുതലൊന്നും മലയാളത്തിലെ ഹൊറര്‍/ ആഭിചാര സിനിമകള്‍ക്ക് ഇതുവരെ പറയാന്‍ കഴിഞ്ഞിട്ടില്ല. (താങ്കളുടെ സര്‍ഗോര്‍ജ്ജം മുഴുവന്‍ ഉപയോഗിച്ച് ചെയ്തതുകൊണ്ടാകാം അതിനെ കവച്ചുവെയ്ക്കുന്ന മറ്റൊരു സിനിമ താങ്കള്‍ക്ക് പോലും എടുക്കാന്‍ കഴിയാതിരുന്നത്.)

മലയാളത്തില്‍ ഭാര്‍ഗ്ഗവിനിലയവും ശ്രീകൃഷ്ണപരുന്തും യക്ഷിയും ലിസയും ഫാസിലിന്റെ മണിച്ചിത്രത്താഴും അല്ലാതെ എണ്ണം പറഞ്ഞ ഹൊറര്‍ സ്വഭാവമുള്ള ത്രില്ലര്‍ സിനിമകള്‍ ഇല്ലെന്നു പറയാം. വേണമെങ്കില്‍ സിബി മലയിലിന്റെ ദേവദൂതനെയും ഈ ഗണത്തില്‍ പെടുത്താം. ബാക്കിയെല്ലാം കോമഡി സ്കിറ്റുകള്‍ ഇടകലര്‍ത്തി എടുത്ത തട്ടുപൊളിപ്പന്‍ കോമഡി ചിത്രങ്ങള്‍ മാത്രം. 2003 ല്‍ ബോളിവുഡില്‍ ഇറങ്ങിയ ഭൂതും 2015ല്‍ തമിഴില്‍ നിന്നു വന്ന മിഷ്ക്കിന്‍റെ പിശാചും പേടി സിനിമകളുടെ കൂട്ടത്തില്‍ വേറിട്ട ഇന്ത്യന്‍ അനുഭവങ്ങളായിരുന്നു. മറ്റ് ഭാഷകളില്‍ വ്യത്യസ്തമായ സിനിമകള്‍ ഇനിയുമുണ്ടാകാം. പക്ഷേ മലയാളം ഈ കാര്യത്തില്‍ നിരാശാജനകമാണ് എന്നു പറയാതെ വയ്യ.

ഹോളിവുഡ് ഹൊറര്‍ സീക്വല്‍ ആയ കൊഞ്ജ്വറിംഗ് കണ്ടുകൊണ്ടിരിക്കെ പോപ്കോണ്‍ കൊറിച്ച് തമാശ പറഞ്ഞവരാണ് നമ്മള്‍ മലയാളികള്‍. നായകനും നായികയും സംഘ നൃത്തം ചെയ്യുന്നതും ഒറ്റയാന്‍ നായകന്‍ ഒരു വണ്ടി ഗൂണ്ടകളെ തല്ലി ഓടിക്കുന്നതും ഒഴിച്ച് മറ്റെല്ലാ സിനിമാ കാഴ്ചകളെയും യുക്തിയുടെ കണ്ണിലൂടെ കാണാനാണ് മലയാളിക്കിഷ്ടം. യുക്തിവാദികള്‍ക്ക് ഇവിടെ വലിയ ഗ്രിപ്പില്ലെങ്കിലും ഭൂത പ്രേത പിശാചുകളെ കുറിച്ച് വലിയ മതിപ്പ് മലയാളിക്കില്ല. മതിപ്പോടെ കണ്ട ഏക പ്രേതബാധ മണിച്ചിത്രത്താഴിലെ നാഗവല്ലി മാത്രമാണ്. അതാണെങ്കില്‍ 'ആധുനിക' ശാസ്ത്രത്തിന്റെ യുക്തിയില്‍ തന്നെയാണ് ഒടുവില്‍ സംവിധായകന്‍ കൊണ്ട്ചെന്നു കെട്ടിയതും. നമ്പൂരാരുടെ മന്ത്ര തന്ത്രങ്ങളൊക്കെ കൊഴുപ്പ് കൂട്ടാനുള്ള അരങ്ങ് മാത്രം.

എന്തായാലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രേത സിനിമകള്‍ മലയാളികള്‍ സഹിക്കാറുണ്ട്. അതില്‍ ചിലത് ബോക്സോഫീസില്‍ മണി കിലുക്കങ്ങള്‍ ഉണ്ടാക്കാറുമുണ്ട്. മണിച്ചിത്രത്താഴിന് ശേഷം ഇറങ്ങിയ വെള്ളിനക്ഷത്രവും, അനന്തഭദ്രവും,ഗോസ്റ്റ് ഹൌസ് ഇന്നും കാണാക്കണ്‍മണിയുമൊക്കെ നങ്ങനെ നിര്‍മ്മാതാവിനെ സങ്കടപ്പെടുത്താത്ത സിനിമകളാണ്. എസ്രയും സംവിധായകനെയും നിര്‍മ്മാതാവിനെയും കരയിപ്പിക്കില്ല എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. പക്ഷേ, അന്തംവിട്ടു പേടിക്കാന്‍ എന്തെങ്കിലും പ്രതീക്ഷിച്ചു എസ്രയ്ക്ക് കയറുന്നവര്‍ നിരാശരാവുകയേ ഉള്ളൂ.

ഇന്ത്യയിലെ ആണവ റിയാക്ടറുകളില്‍ നിന്നുള്ള അത്യന്തം അപകടകാരികളായ അവശിഷ്ടങ്ങള്‍ രാജ്യത്തു നിന്നു കടല്‍ മാര്‍ഗ്ഗം കടത്തി ആഗോള ആണവ ഡമ്പിംഗ് യാര്‍ഡിലേക്ക് എത്തിക്കുന്ന കമ്പനിയിലാണ് പൃഥ്വിരാജിന്റെ രഞ്ജന്‍ ജോലി ചെയ്യുന്നത്. ഒരു സാധാരണ ജോലിക്കാരനായല്ല. പ്ലാന്റിനകത്തേക്ക് കയറാനുള്ള സുരക്ഷാ കീ അയാളാണ്. അയാളില്‍ നിന്നു ആ കീ ചോര്‍ന്നാല്‍ ആര്‍ക്ക് വേണമെങ്കിലും ഈ നാട് നശിപ്പിക്കാന്‍ കഴിയും എന്നു തുടക്കത്തിലെ പറഞ്ഞു വെക്കുന്നുണ്ട്. എന്തായാലും അതിനകത്ത് കഥയുടെ ഒരു താക്കോല്‍ കിടപ്പുണ്ട് എന്നു തോന്നിക്കുന്ന തരത്തിലാണ് ഈ സെറ്റപ്പിന്റെ വിശദീകരണം. അവിടെ തന്നെ സിനിമ പാളി എന്നു പറയാതെ വയ്യ.

മട്ടാഞ്ചേരിയിലെ അവസാനത്തെ ജൂതന്‍ മരിച്ചപ്പോള്‍ അയാളുടെ വീട്ടില്‍ നിന്നു ചുളു വിലക്ക് പുരാവസ്തു ബിസിനസുകാരന്‍ തട്ടിയെടുത്ത ദിബുക് എന്ന കൂടോത്ര പെട്ടിയിലാണ് ആ ഭയങ്കരന്‍ പ്രേതം ഒളിച്ചിരിക്കുന്നത്. മാടമ്പള്ളിയിലെ മണിച്ചിത്രത്താഴിട്ട് പൂട്ടിയ നിലവറ ഗംഗ തുറന്നത് പോലെ ആന്‍റിക് പ്രിയയായ പ്രീയ പ്രസ്തുത പെട്ടി വീട്ടിലേക്ക് വാങ്ങിച്ചു കൊണ്ടുവരികയും അത് തുറക്കുകയും ചെയ്യുന്നു. പിന്നെ, പോരേ പൂരം.

ഇവിടെ ഡോ. സണ്ണിയില്ല. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടുമില്ല. മാര്‍കേസ് എന്ന റബ്ബാന്‍ ആണ് പകരം. ഹോമകുണ്ഡവും അരിപ്പൊടിയും കുരുത്തോലയും കുങ്കുമവും നിലവിളക്കുമൊന്നും ഇല്ലാത്ത ഒരു സ്റ്റൈലന്‍ ജൂത ആഭിചാരം. അത് മാത്രമാണ് എസ്രയുടെ രസം.

രണ്ടു കാര്യങ്ങളില്‍ എസ്രയുടെ സംവിധായകന്‍ ജെയ് കെ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഒന്നു കഥയുടെ ജൂത പശ്ചാത്തലമാണ്. സാഹിത്യത്തില്‍ സേതുവിന്റെ കഥകളിലും സിനിമയില്‍ കമലിന്റെ ഗ്രാമഫോണിലും കണ്ട കേരളത്തിലെ ജൂത സംസ്കാരത്തെയും ചരിത്രത്തെയും പ്രേക്ഷകര്‍ക്ക് താത്പര്യം ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട് സംവിധായകന്. ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് എഴുതിയത് പോലെ എസ്ര കണ്ടിറങ്ങുന്ന ഒരാള്‍ ദിബുകും മട്ടാഞ്ചേരിയിലെയും ചേന്ദമംഗലത്തെയും ജൂത ചരിത്രവുമൊക്കെ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കും എന്നുറപ്പാണ്. മറ്റൊന്നു ചിത്രത്തിന്റെ സാങ്കേതികമായ ക്വാളിറ്റിയാണ്. ക്യാമറമാന്‍ സുജിത്ത് വാസുദേവും എഡിറ്റര്‍ വിവേക് ഹര്‍ഷനും തങ്ങളുടെ ജോലി നന്നായി ചെയ്തിട്ടുണ്ട്. സിനിമയെ കണ്ടിരിക്കാവുന്ന ഒന്നാക്കി മാറ്റിയതില്‍ ഇവര്‍ക്കുള്ള പങ്ക് ചെറുതല്ല. പൃഥ്വിരാജ് ശരാശരി അഭിനയത്തില്‍ ഒതുങ്ങുമ്പോള്‍ പ്രിയ ആനന്ദ് എന്ന നടി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ഒരു സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കൂടി ഇവിടെ ചേര്‍ക്കുന്നു. 'എസ്രയില്‍ പ്രേതമുണ്ട്. മണിച്ചിത്രത്താഴിന്റെ പ്രേതം.'

പക്ഷേ, നമ്മുടെ കാട്ടുപറമ്പന്‍ എവിടെ? ഇതൊരു രാഷ്ട്രീയമായ ചോദ്യം കൂടിയാണ്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories