Top

ചിത്രം: റീമാണിറ്റെയ്‌സേഷന്‍, സംവിധാനം, നടന്‍: കുഞ്ഞൂഞ്ഞ്, സഹനടന്‍: കുഞ്ഞാപ്പ, അതിഥി താരം: മാണി സാര്‍, ജോസ് മോന്‍

ചിത്രം: റീമാണിറ്റെയ്‌സേഷന്‍, സംവിധാനം, നടന്‍: കുഞ്ഞൂഞ്ഞ്, സഹനടന്‍: കുഞ്ഞാപ്പ, അതിഥി താരം: മാണി സാര്‍, ജോസ് മോന്‍
കേരള രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായി ചിലത് സംഭവിച്ച ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കരുതി മനക്കോട്ട കെട്ടി കാത്തിരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്നും തന്നെ വെട്ടാനാണ് ഈ കളി നടത്തിയതെന്നും പി ജെ കുര്യന്‍ ആരോപിക്കുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ എം ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നതും ഈ തിരക്കഥ തയ്യാറാക്കിയതും സംവിധാനം ചെയ്തതും ഉമ്മന്‍ ചാണ്ടിയാണെന്നാണ്. ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നത്തെ ഫേസ്ബുക്ക് ഡയറി.

"ചിത്രം : റീമാണിറ്റെയ്‌സേഷന്‍
സംവിധാനം, നടന്‍ : കുഞ്ഞൂഞ്ഞ്
സഹനടന്‍ : കുഞ്ഞാപ്പ
അതിഥി താരം: മാണി സാര്‍, ജോസ് മോന്‍

കുഞ്ഞൂഞ്ഞു തിരക്കഥയെഴുതി സംവിധാനം ചെയ്ത് നടനായി അഭിനയിച്ച സിനിമയിലെ സഹ നടന്‍ മാത്രമാണ് കുഞ്ഞാപ്പ. എങ്ങനെ വന്നാലും കുര്യനെ വെട്ടണം. ചാക്കോയ്ക്ക് കിട്ടരുത്. ചെങ്ങന്നൂരില്‍ തോറ്റു തലതാഴ്ത്തിയ ചെന്നിത്തലയെ തേക്കണം. ഈയൊരു വണ്‍ലൈനിലാണ് കുഞ്ഞൂഞ്ഞു കഥയെഴുതിയത്. സഹനടനായി ആദ്യമേ മനസ്സില്‍ കണ്ടിരുന്നു കുഞ്ഞാപ്പയെ; സൂപ്പര്‍ സ്റ്റാറുകളെ മനസില്‍കണ്ടെഴുതുന്ന തിരക്കഥ പോലെ തന്നെ.


തിരക്കഥയുടെ തുടക്കത്തില്‍ തന്നെ അണിയറയിലെ കൂടിയാലോചനകളാണ്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള വിലാപ യാത്രയ്ക്കിടെയുയരുന്ന പൊട്ടിക്കരച്ചില്‍, അട്ടഹാസം, പൊട്ടിത്തെറി എന്നിവ പിന്നണിയില്‍ കേള്‍ക്കാം. വെട്ടേണ്ടവരുടെ പട്ടികയും തന്ത്രങ്ങളും ഈ കൂടിയാലോചനകളില്‍ തയ്യാറാകുന്നു.

സംവിധായകന്‍ കൂടിയായ നടന്റെ നിര്‍ദ്ദേശ പ്രകാരം യുവാക്കളായ ഹൈവോള്‍ട്ടേജ് സഹ നടന്മാര്‍ രംഗപ്രവേശം ചെയ്യുന്നു. തല നരച്ച വില്ലനെ പരിഹസിക്കുന്നു. തലമുറമാറ്റമെന്ന് സുരേഷ് ഗോപി സ്റ്റയിലില്‍ നാല് തീപ്പൊരി ഡയലോഗ് കാച്ചുന്നു. പിന്നാലെ കൂടുതല്‍ സഹ നടന്‍മാര്‍ വരുന്നു. പഞ്ച് ഡയലോഗും ആക്ഷനും. തിരക്കഥയുടെ തുടക്കത്തില്‍ തന്നെ സംഘര്‍ഷം. വില്ലന്‍ വേഷം അടിച്ചേല്പിച്ചതിന് എതിരെ കാരണവന്മാര്‍ ഒന്നടങ്കം രംഗത്തിറങ്ങുന്നു. വീണ്ടും സംഘര്‍ഷം, ഇരു വിഭാഗങ്ങളെയും അനുകൂലിച്ചും എതിര്‍ത്തും പ്രസ്താവനകള്‍, ചാനല്‍ ചര്‍ച്ചകള്‍.


തലമുതിര്‍ന്ന നേതാവിനെ വെട്ടുക എളുപ്പമല്ല, ഹൈക്കമാന്റില്‍ പിടിയുള്ള ആളാണ്. രാജ്യ സഭാ ഉപാധ്യക്ഷ സ്ഥാനം വീണ്ടും പാര്‍ട്ടിക്ക് വേണമെങ്കില്‍ അദ്ദേഹം വേണമെന്നൊക്കെ പാണന്മാര്‍ പാടി. അതുക്കും മീതെയാണ് സംവിധായകന്റെ ഭാവനയും കല്പനയും. സസ്‌പെന്‍സാണ് അവസാനം വരെയും. ആരോടും പറയില്ല, എന്താണ് ക്‌ളൈമാക്‌സ് എന്ന സൂചന പോലും പുറത്തു വിടില്ല. വിട്ടാല്‍ അത് പൊളിക്കാന്‍ 'വില്ലനും' കൂട്ടരും ശ്രമിക്കുമെന്നറിയുന്നത് കൊണ്ടുള്ള ജാഗ്രതയാണ്.


സംവിധായകനും, സഹനടന്‍ കുഞ്ഞാപ്പയും, തലപോയി 'പ്രതി' പക്ഷത്തായി ഡയലോഗു പറയാന്‍ പോലും ശബ്ദമില്ലാതായയാളും കൂടി ഡല്‍ഹിയില്‍ എത്തി. ഒപ്പം വലിയ റോള്‍ ഒന്നും ഇല്ലെങ്കിലും തലയുരുളാതിരിക്കാന്‍ കൂടെ വേറൊരാളും. നായകനും സഹനടനും വരുന്നത് കണ്ടപ്പോള്‍ പ്രേക്ഷകര്‍ കരുതി മൂന്നില്‍ മൂന്നും തീരുമാനം ആയെന്ന് ( കെ.പി.സി.സി അധ്യക്ഷന്‍, യു.ഡി. എഫ് കണ്‍വീനര്‍, രാജ്യ സഭ).

നടനും സഹ നടനും ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളുടെ ഇടനാഴിയിലൂടെ നടന്നു. പാര്‍ട്ടിയെ രക്ഷിക്കാനുള്ള തന്ത്രങ്ങളുടെ കെട്ടഴിച്ചു, അവര്‍ പറഞ്ഞ ആ രക്ഷകന്റെ പേര് കേട്ട് പലരും ഞെട്ടിത്തരിച്ചു, അതാണ് നമ്മുടെ അതിഥി താരങ്ങള്‍, മാണി സാര്‍ & ജോസ് മോന്‍


അപകടം മണത്തറിഞ്ഞ തലമുതിര്‍ന്ന താരം നായകനെ വെട്ടാന്‍ ബ്രഹ്മാസ്ത്രം പുറത്തെടുത്തു. പ്രധാന നേതാവിന് ഒരു കത്ത്. തിരക്കഥ വെളിപ്പെടുത്തി. രക്ഷന്‍ വന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നു പറഞ്ഞു. ഒപ്പം തന്നെ വെട്ടാന്‍ നോക്കിയ ഹൈവോള്‍ട്ടേജ് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവും... കടിച്ച പാമ്പിനെ കൊണ്ട് വിഷം തിരിച്ചിറക്കുന്ന വിദ്യ.

അപ്പോഴേക്കും രക്ഷകന്‍ സജീവമായി രംഗത്തേക്ക് വന്നു. എല്ലാവരും കൂടി പ്രധാന നേതാവിനെ കാണാന്‍ പോയി. രക്ഷകന്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന നടന്റെയും സഹ നടന്റെയും പഞ്ച് ഡയലോഗ് കേട്ട് പ്രധാന നേതാവ് മൂക്കത്ത് വിരല്‍ വച്ചു, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പാറിപ്പറക്കുന്ന പാര്‍ട്ടിപ്പതാക അദ്ദേഹം സ്വപ്നം കണ്ടു രക്ഷകനു താലത്തില്‍ വച്ച് നീട്ടി രാജ്യസഭാ ഭാരം.. തല പോയ നേതാവും തലയുരുളുമെന്നു പേടിച്ചയാളും സ്വന്തം തടി കേടാകാതിരിക്കാന്‍ ഇതെല്ലാം കേട്ടു കയ്യടിച്ചു, കണ്ണുചിമ്മിച്ചിരിച്ചു! തലമുതിര്‍ന്ന 'വില്ലന്' രാവിലെ നല്‍കിയ വാക്കുപോലും ഇരുവരും മറന്നു.


ഇനി ക്‌ളൈമാക്‌സ്. എല്ലാവരും കൂടി ക്യാമറകള്‍ക്ക് മുന്നിലേക്ക് വരുന്നു. നടനും സഹനടനും ഒരുമിച്ചു വരുമ്പോള്‍ ആര്‍ക്കും സംശയം തോന്നും ആരാണ് ശരിക്കും നായകന്‍ എന്ന്. സംവിധായകന്‍ കൂടിയായ ശരിക്കും നായകന്‍ പ്രഖ്യാപിച്ചു, ദാ വന്നു രക്ഷകന്‍ വന്നു, ഇനി എല്ലാം ശരിയാകും. സഹ നടന്‍ അതാവര്‍ത്തിച്ചു. മറ്റു രണ്ടുപേരും സമ്മതം മൂളി. താലമേറ്റുവാങ്ങിയ രക്ഷക പുത്രന്‍ തല താഴ്ത്തിയും ഉയര്‍ത്തിയും ചിരിയടക്കാന്‍ പാടുപെട്ടു..

(ഹൈ വോള്‍ട്ടേജ് യുവാക്കള്‍ പിന്നണിയില്‍ പൊട്ടിച്ചിരിച്ചു. നായകന്റെ തന്ത്രത്തില്‍ വില്ലന്‍ പ്രക്ഷുബ്ധനായി. അണികളും കാണികളും കഥ ദഹിക്കാതെ കളികളുടെ പൊരുള്‍ മനസിലാക്കാതെ മാനം നോക്കിയിരുന്നു..)


കുഞ്ഞൂഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി എന്നിവര്‍ സ്ലോമോഷനില്‍ നടന്ന് നീങ്ങുമ്പോള്‍ സ്‌ക്രീനില്‍ ടൈറ്റില്‍ : റീമാണിറ്റെയ്‌സേഷന്‍

ശുഭം!"http://www.azhimukham.com/trending-oommanchandy-kmamani-kunjalikkutty-triangle-will-controll-udf-writes-kaantony/

Next Story

Related Stories