TopTop
Begin typing your search above and press return to search.

ഒരു ചുമ ഉണ്ടാക്കിയ നീണ്ട കഥ..

ഒരു ചുമ ഉണ്ടാക്കിയ നീണ്ട കഥ..

ചുമ പലകാരണങ്ങള്‍ മൂലം സംഭവിക്കുമെന്നാണ് ഇഎന്‍ടി സര്‍ജനും ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡോക്ടറുമായ ഡോ. റോഷിത് സ്രിപുരി പറയുന്നത്. പലരുടെയും ചുമയുടെ ലക്ഷണങ്ങളും കാരണങ്ങളും വ്യക്തമാക്കി റോഷിത് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ഏറെ ജനപ്രയമായിരിക്കുന്നു. റോഷിതിന്റെ കുറിപ്പാണ് ഇന്നത്തെ ഫേസ്ബുക്ക് ഡയറി.

(വായിക്കാന്‍ ച്ചിരി ക്ഷമ കാണിക്കൂ..)

ചിലരെത്തുന്നത് ചിലതു ചിന്തിപ്പിക്കാനാണ്..

ഇന്നലെ ഒ.പി തീരാന്‍ കാത്തു നിന്ന ഒരച്ഛനും മകളും അങ്ങനെ വന്നവരായിരുന്നു..

ഡോട്ടറേ ഒരു സംശയം ചോയ്ക്കാനാണ്..

മോളെ ഓര്‍ക്കുന്നുണ്ടോ ?

കഴിഞ്ഞയാഴ്ച്ച ഡോട്ടറ് ഓളെ ചെവീന്ന് നിന്ന് ചെവിക്കായമെടുത്തീനു. അന്നേരം കൊറേ ചൊമച്ച് ഡോട്ടറ്‌നെ സുയ്പ്പാക്കിയ..

ഞാന്‍ നോക്കുമ്പോള്‍ അയാളുടെ കൈ പിടിച്ച നില്‍ക്കുന്ന ഒരു സുന്ദരിക്കുട്ടി എന്നെ നോക്കി നാണിച്ച് ചിരിക്കുന്നു..

'ആ ഓര്‍ക്കുന്നു. ഇപ്പോ എന്താ പ്രശ്‌നം ?'

അല്ലാ. ഇപ്പൊരു കാര്യം ചോയ്ക്കാന്‍ വന്നതാണ്.

ഓക്ക് അമ്മാതിരിള്ള ചൊമ തൊടങ്ങീട്ട് കുറച്ച് കാലായ്‌നു.. ചെവി ക്ലീന്‍ ആക്കിയപ്പോ അത് കേക്കാനില്ല..

ആറു മാസത്തേക്ക് കയ്‌ക്കേണ്ട , ചൊമക്കിപ്പൊ എല്ലാരും തിന്നണ ഒരു ലേഹ്യല്ലേ?? കഴിഞ്ഞ രണ്ടു മാസമായി അത് കൊട്ത്തീനു.. ഇനി അതു കൊട്ക്കണോന്ന് ചോയ്ക്യാന്‍ വന്നതാണ് .

ഏതു ലേഹ്യം ?

ഓ.. ഡിങ്കജ കസ്തൂരി ..

അതെങ്ങനെയാ ചൊമ മാറിയത് ? ചെവീലെ പ്രശ്‌നം കൊണ്ട് ചൊമ വര് വോ? അതോ ലേഹ്യത്തിന്റെ കൊണം കൊണ്ടോ ?

സീന്‍ നമ്പര്‍ 2

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് അടുത്ത ഒരു ബന്ധുവിന് സംഭവിച്ചത് ..

മാസങ്ങള്‍ നീണ്ട ചുമ. മരുന്നുകള്‍ കൊണ്ടൊന്നും മാറുന്നില്ല. നെഞ്ചിലെ x Ray, കഫ പരിശോധന അടക്കമുള്ള ടെസ്റ്റ്കള്‍ നോര്‍മല്‍. ഒടുവില്‍ ഡിങ്കജലേഹ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഭര്‍ത്താവിനാണ് ഒരു സംശയം തോന്നിയത് ഭാര്യയുടെ വയറിനൊരു വീര്‍ക്കല്‍' ഇല്ലേന്ന് ? അത് കൂടെ കാണിച്ചിട്ടു ലേഹ്യംകഴിക്കാമെന്ന് പറഞ്ഞു. വയറിന്റെ പരിശോധനയില്‍ വയറ്റിലെ നീര് (ascites) ഉണ്ടെന്ന് മനസിലായി. മാസങ്ങള്‍ നീണ്ട പരിശോധനകള്‍. ഒടുവില്‍

വയറിനെ ബാധിക്കുന്ന TB യിലെത്തിച്ചേര്‍ന്നു. വയറ്റിലെ നീര് ശ്വാസകോശത്തിന്റെ അടിഭാഗത്തു തട്ടുമ്പോഴുളള ചോദന(irritation)യിലാണ് രോഗി ചുമച്ചിരുന്നത്. TB മരുന്നുകള്‍ കൊണ്ട് നീരുമാറിയപ്പോള്‍ ചുമയും മാറി.

ഈ രണ്ട് സംഭവങ്ങളും ചോദിക്കുന്ന കാര്യം ഒന്നാണ്. ഒന്നു ചുമച്ചാല്‍ നമ്മള്‍ എന്തെല്ലാം നോക്കണം? നെഞ്ചിന്‍കൂടി നകത്തേക്കു മാത്രം മതിയോ ? എന്താണ് ചുമയുടെ ജീവശാസ്ത്രം ? ഉത്തരം ലളിതമാണ്

ചുമ പതിരോധിക്കാന്‍ കെല്‍പുള്ള ശരീരത്തിന്റെ ഒരു അനൈച്ഛിക പ്രവര്‍ത്തനമാണ് (Cough is a forceful expiration against a closed glottis). അതായത് ഞരമ്പുകളിലൂടെ ലഭിക്കുന്ന തലച്ചോറിന്റെ നിര്‍ദ്ദേശമനുസരിച്ച് ശ്വാസകോശം വികസനത്തിനു ശേഷം ഉച്ഛ്വാസവായു അടഞ്ഞ ശ്വാസനാളിയിലൂടെ ശക്തിയായി പുറത്തോട്ടു തള്ളുന്ന ഒരു പ്രതിരോധ പ്രക്രിയ. ഇതിനെ കഫ് റിഫ്‌ലക്‌സ് എന്നും വിളിക്കാം. ശ്വസനവ്യൂഹത്തില്‍ തടസ്സമുണ്ടാവുന്നതാണ് ഇതിന്റെ മൂലകാരണം(initial stimulus). ശ്വാസകോശം സ്വയം ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ അത് മാത്രമല്ല ശ്വാസകോശത്തിനു പുറത്തുള്ള ആവരണമോ, ശ്വാസനാളം മുതല്‍ തലയോട്ടി വരെ എത്തി തലച്ചോറുമായി ബന്ധിപ്പിക്കുന്ന, ചുമയെ നിയന്ത്രിക്കുന്ന ഞരമ്പുകളോ, അഥവാ തലച്ചോറിലെ ചുമയുടെ പ്രഭവകേന്ദ്രങ്ങള്‍ തന്നേയോ ഉദ്ദീപിക്കപ്പെട്ടാലും കഫ്‌റി ഫ്‌ളക്‌സ് ഉണ്ടാകുന്നു.

മേല്‍ പറഞ്ഞ രണ്ടു സംഭവങ്ങളിലും ചുമ തുടങ്ങുന്നതിനു ളള കാരണം ചുമനിയന്ത്രിക്കുന്ന ഞരമ്പുകളുടെ ബാഹ്യമായ ഉദ്ദീപന(external stimulation)മാണെന്ന് കാണാം.

എട്ടു ആഴ്ച്ചയില്‍ കൂടുതല്‍ നില്‍ക്കുന്ന ചുമയാണ് സ്ഥിരമായ ചുമ (chronic cough) യായി പ്രതിപാദിക്കുന്നത് . ഇതിന്റെ കാരണങ്ങള്‍ പലതാണ്. ഏറ്റവും ലളിതമായി പൊടി, സിഗററ്റിന്റതടക്കമുള്ള പുക മുതലായവ കൊണ്ട് മൂക്ക്, തൊണ്ട മുതല്‍ ശ്വാസകോശം വരെയുള്ള ഭാഗങ്ങളെ ബാധിക്കുന്ന അലര്‍ജി/ആസ്മ വരുത്തുന്ന ബ്രോങ്കൈറ്റിസ് മുതല്‍ ശ്വാസകോശത്തില്‍ കഫം നിറയുന്ന COPD, ബ്രോങ്കിയെക്ടാസിസ് തുടങ്ങി, ശ്വസനാവരണമായ പ്ലൂറയേയോ, അതിനു ചുറ്റുമുള്ള ശ്വസനവ്യൂഹവുമായി ചേര്‍ന്നു നില്‍ക്കുന്ന നിരവധി ഭാഗങ്ങളുടെ ചെറിയ നീര്‍ക്കെട്ട്, (inflammation), ടി ബി പോലുള്ള അണുബാധ, ക്യാന്‍സറടക്കമുള്ള മുഴകള്‍, എറ്റവുമൊടുവില്‍ മാനസിക രോഗത്തിന്റ പരിധിയില്‍ വരുന്ന psychogenic cough വരെയുള്ള ഈ പേജിന്റെ വിശദീകരണത്തിന് ഉള്‍ക്കൊള്ളാനാവാത്തത്രയും നീണ്ട നിരയിലുള്ള അസുഖങ്ങള്‍ക്ക് ദീര്‍ഘകാല ചുമ ഒരു ലക്ഷണമാകാം. ഹൃദ്രോഗം കൊണ്ട് ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാകുമ്പോഴും, വയറിന്റെ ഗ്യാസ് ട്രൈറ്റിസ് തൊണ്ടയിലുണ്ടാക്കുന്ന ചോദന കൊണ്ടും, പ്രഷറു പോലുള്ള അസുഖങ്ങള്‍ക്കു പയോഗിക്കുന്ന ചില മരുന്നുകളുടെ സൈഡ് ഇഫക്ട് ആയും ഒരാള്‍ നിര്‍ത്താതെ ചുമക്കാം.

ചുമയുടെ ശരിയായ ചികിത്സയെന്നാല്‍ അതിന്റെ ചോദന (stimulus)യുണ്ടാക്കുന്ന കാരണത്തെ ഇല്ലാതാക്കുക എന്നതാണ്. ചുമയുടെ മരുന്നുകള്‍ നിയന്ത്രണത്തിന് സഹായകമാവുമെന്ന് മാത്രം..

ലഭ്യമായ മരുന്നുളുടെ പ്രവര്‍ത്തന രീതി കൂടി വേഗമൊന്നു കേട്ടോളൂ

1)ലോസഞ്ചസ് :- ശ്വാസനാളത്തിന്റെ സൂക്ഷ്മ സംവേദനം കുറക്കുന്നവ . നമ്മുടെ തേന്‍ , പുതിനയില , കര്‍പ്പൂര തുളസി മുതലായവ ഈ ഫലം ചെയ്യും.

2)എക്‌സ്‌പെറ്റൊറന്‍സ്:- കഫം ഉരുകുന്നതിന്,

3)ആന്റി ഹിസ്റ്റമിന്‍:- ഹിസ്റ്റമിന്‍ എന്ന അലര്‍ജിക് മീഡിയേറ്ററെ ചെറുക്കുന്നു ,അലര്‍ജി കൊണ്ടുള്ള ചുമ കുറയ്ക്കുന്നു ..

4)ഡീക്കഞ്ജസ്റ്റന്റ് :- ശ്വാസനാളത്തിലെ രക്തക്കുഴലുകളെ ചുരുക്കി ശ്വസന സ്രവങ്ങള്‍ കുറക്കുന്നു

5)ആന്റി ടസ്സീവ് :- തലച്ചോറിലെ കഫ് സെന്ററുകളില്‍ പ്രവര്‍ത്തിച്ച് കഫ് റിഫ്‌ളക്‌സ് തടയുന്നു.

6)ആന്റിബയോട്ടിക്:- അണുബാധ ഉണ്ടെങ്കില്‍ മാത്രം കുറയ്ക്കുന്നു.

7)ബ്രോങ്കോ ഡയലേറ്ററുകളും സ്റ്റീറോയ്ഡ്കളും- ശ്വാസകോശം ചുരുങ്ങുന്ന ആസ്മ പോലുള്ള അസുഖങ്ങള്‍ കൊണ്ടുള്ള ചുമ കുറയ്ക്കുന്നു.

വിപണിയില്‍ ലഭ്യമാകുന്ന മരുന്നുകളില്‍ നിന്നും അസുഖത്തിന്റെ കാരണം കണ്ടെത്തി ഒറ്റക്കോ, ഒരുമിച്ചോ ഉള്ള മരുന്നു നിര്‍ദേശിക്കുകയാണ് നിങ്ങളുടെ ഡോക്ടര്‍ ചെയ്യുന്നത്. പലപ്പോഴും വ്യക്തമായ അസുഖ നിര്‍ണയത്തിനും, രോഗിയുടെ ശരീരം മരുന്നിന്നോടുള്ള പ്രവര്‍ത്തിക്കുന്നതിനനുസരിച്ചും ഒന്നിലധികം പരിശോധനകളും, സന്ദര്‍ശനവും വേണ്ടിവന്നേക്കാം. ചില ചുമകള്‍ സ്വാഭാവിക സമയ പരിധിയില്‍ സ്വയം നിയന്ത്രിതമാകുന്നവയുമാണ്.

ഇവിടെയാണ് ശ്രദ്ധിക്കേണ്ട ചില ചതിക്കുഴികള്‍ ഒളിഞ്ഞിരിക്കുന്നത്. ഒറ്റത്തവണത്തെ മരുന്നില്‍ ചുമ മാറിയില്ലെങ്കില്‍ ചിലര്‍ പോകുന്നത്, മാറിയവന്റ അനുഭവസാക്ഷ്യങ്ങള്‍ക്കു പുറകെയാണ്.

അവന്റെ അസുഖമാണ് തനിക്കുമെന്ന് സ്വയം കരുതി, കുറുക്കുവഴികളിലേക്കെടുത്തുചാടുന്നു. ലീവെടുത്താല്‍ നഷ്ടപ്പെടുന്ന ദിവസക്കൂലിയെ ഓര്‍ത്ത് രണ്ടാഴ്ച്ചകഴിഞ്ഞു വരണമെന്ന് പറയുന്ന ഡോക്റ്ററുടെ നിര്‍ദ്ദേശത്തെ സ്വയം കണ്ടില്ലെന്ന് നടിക്കുന്നു.

നീണ്ട ചുമയില്‍ കുരുങ്ങിയ ഇത്തരം ഇടുങ്ങിയ മനസുള്ളവരേ, നിങ്ങളുടെ കണ്ണുകളെ കൊത്തിവലിക്കാനാണ് പത്രത്തിന്റെ ആദ്യ പേജിലും, ടി വി സീരിയലുകളുടെ നടുവിലും, വഴിയോരത്തെ പരസ്യ പലകകളിലും അവര്‍ കാത്തിരിക്കുന്നത്. അവരുടെ പരസ്യങ്ങള്‍ നിങ്ങളെ സ്വയം ചികിത്സ ചെയ്യാന്‍ ഉദ്‌ബോധിപ്പിക്കുന്നു. പുകവലി ഒഴിവാക്കാതെ ചുമ മാറില്ലെന്ന് ശാസിക്കുന്ന ഡോക്ടറെ മനസ് കൊണ്ട് വെറുക്കുന്നവന്റെ മുന്നില്‍ ഇതൊരനുഗ്രഹമായി തോന്നുമ്പോള്‍. വിട്ടുമാറാത്ത ചുമയോ? എന്ന ഒറ്റ ചോദ്യത്തിലൂടെ അമ്പതിലേറെ അസുഖങ്ങളുടെ സങ്കീര്‍ണമായ ഒരു ലക്ഷണത്തെ അവര്‍ സമര്‍ത്ഥമായി ഏകീകരിക്കുന്നു, രോഗത്തെ സാമാന്യവല്‍ക്കരിക്കുകയും, ചികിത്സയെ ലളിതവല്‍ക്കരിക്കുയും ചെയ്യുന്നു. നേരത്തെ പ്രതിപാദിച്ച മരുന്നുകളിലെ ലോസഞ്ചസ് വിഭാഗത്തില്‍പ്പെടുന്ന, ശ്വാസനാളത്തിന്റെ സംവേദനം മാത്രം കുറച്ച് ചുമയുടെ പ്രചോദനത്തിനെ ഒന്ന് മയപ്പെടുത്തുന്ന(soothening) പ്ലാന്റ് എക്‌സ്ട്രാക്റ്റുകളടങ്ങിയ ചൂര്‍ണ്ണത്തെ സര്‍വ്വ രോഗ സംഹാരിയായ ദിവ്യ ഔഷധമായി പ്രശംസിക്കുന്നു. മേമ്പൊടിക്ക് അലോപ്പതി മരുന്നുകള്‍ മുഴുവന്‍ സ്റ്റീറോയ്ഡ് ആണെന്നും വിശ്വസിച്ചെങ്ങനെ കൊടുക്കുമന്നും ആവര്‍ത്തിച്ച് ചോദിക്കുന്നു. ചുമയുടെ തലച്ചോറിലെ കേന്ദ്രങ്ങളെ മന്ദീഭവിക്കുന്ന ആന്റി ടസ്സിവ് മരുന്നുകളും, ചില ആന്റി ഹിസ്റ്റമിന്‍ മരുന്നുകളും ചിലരില്‍ മാത്രം സ്വാഭാവികമായി ഉണ്ടാക്കുന്ന മയക്കത്തെ, ശക്തി കൂടിയ ഇംഗ്ലീഷ് മരുന്നിന്റെ ഭയാനകമായ പാര്‍ശ്വഫലമായി ചിത്രീകരിക്കുന്നു.

ആയുര്‍വേദമടങ്ങിയത് സൈഡ് ഇഫക്ട് ഇല്ലാത്തതാണെന്ന പാരമ്പര്യവിശ്വാസത്തില്‍ അവര്‍ പറയുന്ന ആറു മാസത്തെ ചെറിയൊരു കാലയളവിലെ മരുന്നു സേവയായി കാണാന്‍ അഞ്ചു ദിവസം തികച്ച് ഇംഗ്ലീഷ് മരുന്നു കഴിക്കാത്തവന്‍ സ്വയം തെയ്യാറാകുന്നു. ഇതിന്റെ മറവില്‍ മരുന്നുകളുടെ പരസ്യവും സ്വയമേവയുളള ദുരുപയോഗവും നിയന്ത്രിക്കുന്ന Drugs n magic remedies Actഉം Indian medical council ആക്ടും സമര്‍ത്ഥമായി തമസ്‌ക്കരിക്കപ്പെടുന്നു. ഫലമോ, വര്‍ഷത്തില്‍ മൂന്നു ലക്ഷത്തിലധികം ആളുകള്‍ ക്ഷയരോഗം വന്ന് മരിക്കുന്ന ഒരു രാജ്യത്ത്, മൂന്നാഴ്ച്ചയിലധികമുള്ള ചുമയെങ്കില്‍ കഫം പരിശോധിക്കെന്ന് നാടു മുഴുവന്‍ കരഞ്ഞു വിളിക്കുന്ന ഭരണകൂടത്തിന്റെ ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പിന് പുല്ലുവില കല്‍പിച്ച് പ്രബുദ്ധമലയാളി ഇത്തരം ചൂര്‍ണങ്ങള്‍ക്ക് പുറകെ പ്രതീക്ഷയോടെ ഓടുന്നു'.

ഇത്തരത്തിലുള്ള ചൂര്‍ണ്ണങ്ങള്‍ പണ്ടുമുതലേ നമ്മുടെ നാട്ടിലെ ആര്യവൈദ്യശാലകളില്‍ സുലഭമായിരുന്നു. അവരാരെങ്കിലും നമ്മളോട് പറഞ്ഞിരുന്നോ എല്ലാത്തരം ചുമയ്ക്കമുള്ള ദിവ്യ ഔഷധമാണ് അതെന്ന്? കാരണം അവര്‍ തങ്ങളുടെ അറിവില്ലായ്മയുടെ ആഴത്തെക്കുറിച്ച് ബോധമുള്ള, കച്ചവടത്തിന് വേണ്ടി ഒരു ജനതയുടെ ആരോഗ്യത്തെ ബോധപൂര്‍വ്വം ഒറ്റുകൊടുക്കാത്തവരായിരുന്നു. ലോസഞ്ചസ് വിഭാഗത്തിലെ ചൂര്‍ണ്ണത്തിന്, 'അലര്‍ജിക് ബ്രോങ്കൈറ്റിസോ? ഉപയോഗിക്കു'. എന്ന് പറയുന്നതിന് പകരം വിട്ടുമാറാത്ത ചുമയോ ഉപയോഗിക്കൂ. എന്ന വാചകം പരസ്യ മോഡലുകളെ വെച്ച് നിങ്ങളുടെ തലച്ചോറിലേക്ക് ആവര്‍ത്തിച്ച് കുത്തിത്തിരുകുന്നവര്‍, അത് ചെയ്യുന്നത് മനപൂര്‍വ്വമല്ല എന്ന് കരുതുന്നെങ്കില്‍, നിങ്ങള്‍ക്കു തെറ്റി. മറച്ചു പിടിക്കുന്ന ഒരു വാക്കില്‍ നഷ്ടപ്പെടാതെ അവര്‍ പിടിച്ചു നിര്‍ത്തുന്നത് കോടിക്കണക്കിനു രൂപ വിറ്റുവരവുള്ള ഒരു മാര്‍ക്കെറ്റാണ്, അവര്‍ക്കറിയാം, കഷണ്ടിക്ക് മുടി വളരാനും, സൗന്ദര്യം കൂടാന്‍ സോപ്പു തേച്ച് പരീക്ഷിക്കാനും തയ്യാറായവര്‍ ഇത്തവണയും തങ്ങളെ തേടി വരുമെന്ന്.

മോഡേണ്‍ മെഡിസിന്‍ മരുന്നുകളെ ആഗോള കുത്തക മാഫിയയായിക്കണ്ട്, എല്ലാമറിയുന്നവന്റെ പുച്ഛത്തില്‍ സ്വയം ചികിത്സക്കായി ഇത്തരം ചൂര്‍ണങ്ങള്‍ തേടിപ്പോകുന്നവരേ. ദയവായി ഓര്‍ക്കുക ആരാണ് ഇവിടത്തെ യഥാര്‍ത്ഥ മാഫിയകളെന്ന്? ആരാണ് സ്വയം വിഡ്ഡികളാക്കപ്പെടുന്നതെന്ന്?.


Next Story

Related Stories