TopTop

ഇത്തവണയും ഏതെങ്കിലും യൂറോപ്യന്‍ ടീമിന്റെ മുന്നില്‍ വീരമൃത്യു വരിക്കാനായിരിക്കും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും വിധി

ഇത്തവണയും ഏതെങ്കിലും യൂറോപ്യന്‍ ടീമിന്റെ മുന്നില്‍ വീരമൃത്യു വരിക്കാനായിരിക്കും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും വിധി
കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ളത് ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ ടീമുകള്‍ക്കാണ്. ഒരുപക്ഷെ സ്വന്തം രാജ്യത്തോടെന്ന പോലെയാണ് ലോകകപ്പ് മത്സര ദിനങ്ങളില്‍ വീറും വാശിയും. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ഫാന്‍ ഫൈറ്റിന്റെ പേരില്‍ ചില സ്ഥലങ്ങളില്‍ ചെറിയ സംഘര്‍ഷം വരെ അരങ്ങേറിയിരുന്നു. എന്തായാലും അവസാനത്തെ നാല് ലോകകപ്പുകളിലും ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് സെമിയോ, ക്വാര്‍ട്ടറോ വരെയേ ആയുസ്സുണ്ടായുള്ളു. ഇത്തവണ എങ്കിലും കപ്പടിക്കണം എന്ന ഒറ്റ അജണ്ട മാത്രമാണ് ബ്രസീലിനും അര്‍ജന്റീനയ്ക്കുമുള്ളത്. ഇത്തവണ റഷ്യയില്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും വിധി എന്തായിരിക്കും.
നവമാധ്യമ രംഗത്തെ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തുന്ന രഞ്ജിത്ത് ആന്റണിയുടെ നിരീക്ഷണം

"പത്ത് പന്ത്രണ്ട് വര്‍ഷം മുന്നത്തെ കഥയാണ്. ശമ്പളക്കാരനായിരുന്ന സമയം. മാനേജര്‍ ഇംഗ്ലീഷുകാരനാണ്. കടുത്ത സച്ചിന് തെണ്ടുല്‍ക്കര്‍ ഫാനും. ഇന്‍ഡ്യ സൗത്ത് ആഫ്രിക്കയില്‍ ടൂര്‍ ചെയ്യുന്നു. ODI മാച്ചുകള്‍ നടന്നു കൊണ്ടിരിക്കുന്നു. അന്ന് ഇന്‍ഡ്യ എല്ലാ ODI മത്സരങ്ങളും 100ല്‍ കൂടുതല്‍ റണ്‍സിന് തോറ്റു. പേരിന് ഒരു 20-20 ജയിച്ചു. റെസ്റ്റ് ഓഫ് സൗത്ത് ആഫ്രിക്കയോട് കളിച്ച കളി പോലും ഇന്‍ഡ്യ തോറ്റു. സച്ചിന്റെ നേട്ടം ഒന്നും രണ്ടും അഞ്ചും റണ്‍സൊക്കെ ആണ്.

ഒരു ദിവസം സ്റ്റാന്‍ഡപ് മീറ്റിങ്ങ് കഴിഞ്ഞപ്പോ ചര്‍ച്ച ക്രിക്കറ്റായി. അന്ന് ഇംഗ്ലീഷുകാരന്‍ മാനേജര്‍ പറഞ്ഞ ഒരു വാചകം ഇപ്പഴും ഓര്‍മ്മയുണ്ട്. 'ഇന്‍ഡ്യക്കാര്‍ക്ക് ഇന്‍ഡിവിജ്വല്‍ ബ്രില്യന്‍സ്സാണ്. ടീമായി കളിക്കാന്‍ അറിയില്ല'. ഉദാഹരണം പറഞ്ഞത് സച്ചിനും സേവാഗും. അന്ന് ഒരു പുതിയ ഓപ്പണറുമുണ്ട് വസീം ജാഫര്‍. ടൂറിലെ ദുരന്തമായിരുന്നു അദ്ദേഹം. അന്ന് എന്റെ ഡെവലപ്‌മെന്റ് ടീമില്‍ ഇന്‍ഡ്യക്കാരനായ ഒരു 'ഒറ്റയാള്‍ പോരാളി' യെ കൊണ്ട് മറ്റ് ടീമംഗങ്ങള്‍ പൊറുതി മുട്ടി ഇരിക്കുന്ന സമയവും ആണ്. അതിനാല്‍ ടീമംഗങ്ങള്‍ക്ക് (ഇന്‍ഡ്യക്കാരടക്കം) ഈ ജനറലൈസേഷന്‍ സമ്മതിച്ചു കൊടുക്കണ്ടി വന്നു.

പിന്നീട് പലപ്പഴും ഇതേ കുറിച്ച് ആലോചിച്ചിട്ടുണ്ട്. NP Sreejithന്റെ ഈ കുറിപ്പില്‍ അതിന് കൃത്യമായ ഉത്തരമുണ്ട്. സംഗതി ഫുഡ്‌ബോളാണ്. പക്ഷെ ഏത് കളിയും എടുത്താല്‍ ഈ പറഞ്ഞത് അച്ചട്ടാണ്. കളികള്‍ മാത്രമല്ല, ടീമായി ചെയ്യുന്ന എന്ത് പ്രവര്‍ത്തികളിലും ഈ വത്യാസം പ്രകടമാണ്. ഒറ്റയ്ക്കും തെറ്റയ്ക്കും ഉണ്ടാകുന്ന നേട്ടങ്ങള്‍ ഒരു വ്യക്തിയുടെ ഇന്‍ഡിവിജ്വല്‍ ബ്രില്യന്‍സ്സു കൊണ്ട് മാത്രം ഉണ്ടാകുന്നത് ആണ്.
====

ഏതു കൊളോണിയല്‍ രാജ്യങ്ങള്‍ക്കും ഫുട്ബാള്‍ ഉള്‍പ്പടെ ഉള്ള കളികള്‍ വെറും സ്‌പോര്‍ട്‌സ് മാത്രമല്ല. വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ അധിനിവേശത്തിന്റെ ബാക്കിപത്രം കൂടി ആണ്. കളിയിലെ ഓരോ ജയവും ആ കാലത്ത് അധിനിവേശത്തിനു നേരെയുള്ള വിജയം കൂടിയായാണ് അവര്‍ ആഘോഷിച്ചത്. അവരുടെ ആയുധമെടുത്ത് അവരെ തോല്‍പ്പിക്കുക എന്ന സുന്ദരമായ പ്രതികാരം. ആ കാലത്തിന്റെ ബാക്കി ഇപ്പോളും ഓരോ കൊളോണിയല്‍ മനസ്സുകളും പേറുന്നുമുണ്ട്.

അതുകൊണ്ട് തന്നെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഫുട്‌ബോള്‍ ഒരു കളി മാത്രമല്ല മറിച്ച് പോരാട്ടവും കവിതയും യുദ്ധവും ജീവിതവും എല്ലാം ആകുന്നു. കാല്‍പ്പന്തു കളിക്കാരന്‍ കവിയും മിശിഹായും എല്ലാം ആയി മാറുന്നു, ഒരു കിക്ക് മിസ്സായാല്‍ മിശിഹായും യൂദാസും തമ്മിലുള്ള അകലം ജനമനസ്സുകളില്‍ ഇല്ലാതെ ആകുന്നു.

ഇന്ത്യ ഉള്‍പ്പടെ ഉള്ള കൊളോണിയല്‍ മനസ്സിലേക്ക് ലാറ്റിനമേരിക്കന്‍ ഫുടബോളിന്റെ സന്തോഷവും ദുഃഖവും സന്തോഷവും അവരുടേതുപോലെ തന്നെ വരുന്നതും സമാനമായ കാരണങ്ങളെ കൊണ്ടാണ്. നെയ്മറും മെസ്സിയുമൊക്കെ രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ നമ്മള്‍ ആവേശഭരിതരാകുന്നതും ക്ലബ് ഫുട്‌ബോള്‍ വരുമ്പോള്‍ പ്രയോരിറ്റികള്‍ മാറുന്നതും ഒക്കെ, അധിനിവേശത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ഓര്‍മ്മകള്‍ നമ്മളില്‍ ഇന്നും അവശേഷിക്കുന്നതിനാല്‍ ആണ്.

എന്നാല്‍ യൂറോപ്യന്‍മാര്‍ അങ്ങനല്ല. അവര്‍ക്ക് കളി എന്നതില്‍ മാത്രമല്ല, സെക്‌സും ഭക്ഷണവും തൊട്ട് ശവശരീരം കുഴിച്ചിടുന്നതില്‍ വരെ പ്രൊഫഷണലിസം വേണം എന്ന വാശി ഉള്ളവര്‍ ആണ്. ഒന്നിലും പെര്‍ഫെക്ഷനില്‍ കുറഞ്ഞൊന്നും അവര്‍ ആഗ്രഹിക്കുന്നില്ല. ആ പെര്‍ഫെക്ഷനും പ്രൊഫഷനിലിസവും ഒക്കെ കാലാകാലങ്ങളില്‍ അവര്‍ മാറ്റം വരുത്തികൊണ്ടും ഇരിക്കും.

കളിക്കളത്തില്‍ ഹാട്രിക്കടിച്ച് ചെന്നാലും ഇടക്ക് വന്ന ഒരു തെറ്റിന്റെ പേരില്‍ ചിലപ്പോള്‍ കളിക്കാരന്‍ വിമര്‍ശിക്കപ്പെടാം. ഓരോ ജോലിയും അവര്‍ ഓരോരുത്തരെ ഏല്‍പ്പിച്ചിട്ടുണ്ട്. ആ മതില്‍ക്കെട്ടിനകത്തുനിന്ന് അത് ഭംഗിയായി ചെയ്യുക എന്നല്ലാതെ അവനില്‍നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇനി അഥവാ ചെയ്താല്‍ സിസ്റ്റത്തിന് ചേര്‍ന്നവര്‍ അല്ല എന്ന കാര്യംകൊണ്ട് അവനെ പുറത്താക്കും. എല്ലാം സിസ്റ്റം നിശ്ചയിക്കുന്ന രീതിയില്‍ സിസ്റ്റത്തിന്റെ താളത്തില്‍ തീര്‍ക്കുന്നതാണ് അവരുടെ രീതി. ജയം എന്നത് അതിന്റെ ഫലവും. അതിനാല്‍ തന്നെ തോല്‍വി കളിക്കാരന്റെ കഴിവുകേടായല്ല, പകരം സിസ്റ്റത്തിന്റെ പോരായ്മയായാണ് കാണുക. തോറ്റതിന്റെ പേരില്‍ കുരിശില്‍ ഏറ്റപ്പെട്ട കളിക്കാര്‍ ഉണ്ടാവില്ല എന്നതാണ് ഇവിടെ മെച്ചം.

ഈ സ്വഭാവവത്യാസം ഫുട്ബാളില്‍ മാത്രമല്ല, അവരുടെ എല്ലാകാര്യങ്ങളും കാണാം. ഉദാഹരണത്തിന്, കൈക്കൂലി കൊടുക്കുക എന്നത് എല്ലാ നാട്ടിലും തെറ്റാണെങ്കിലും, കൊളോണിയല്‍ രാജ്യങ്ങളില്‍ പൊതുവെ അതംഗീകരിക്കപ്പെടുന്നു. ഒരാളെ കൈക്കൂലിക്കേസില്‍ പിടിച്ചാല്‍ കുറച്ചുനാളത്തേക്ക് വെറുക്കും എങ്കിലും പിന്നീട് നാം തന്നെ അവനെ ചിലപ്പോള്‍ ഹീറോ ആയി കൊണ്ടുവരും. നുണ പറയുന്നതും അങ്ങിനെ തന്നെ.

എന്നാല്‍ യൂറോപ്യന്മാര്‍ക്ക് അതൊരിക്കലും അംഗീകരിക്കാന്‍ ആവില്ല. വലിയ ബില്ലിന്‍സ് ടേണ്‍ ഓവര്‍ ഉള്ള കമ്പനി പൂട്ടാനും നിസ്സാരമായ ഒരു കൈക്കൂലി കേസ്സു മതിയാകും. അവിടെ കൈക്കൂലി കൊടുക്കാനായി സിസ്റ്റം വഴി നിര്‍മിച്ച ഒരു സംവിധാനം ഉണ്ട്. ലോബീയിങ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സംവിധാനം വഴി കൊടുത്തല്‍ ഒരു തെറ്റും ഇല്ല. അല്ലാതെ നേരിട്ട് കൊടുക്കുന്ന കൈക്കൂലിയെ അവര്‍ വെറുക്കുന്നു. അതായത് അവനവനെ ഏല്‍പ്പിച്ച പണി മാത്രം ചെയ്യുക എന്നതാണ് അവരുടെ രീതി.

പക്ഷെ ഇന്ന് ലാറ്റിനമേരിക്കന്‍ ഫുടബോളില്‍ ആകെയൊരു കണ്‍ഫ്യൂഷന്‍ മാത്രമാണ് ഉള്ളത്. കളിക്കുന്നത് മനസ്സുകൊണ്ടാവണം എന്നാഗ്രഹിക്കുമ്പോളും, കളിക്കാരുടെ ക്ലബ്ഫുട്ബാള്‍ ആധിക്യം കൊണ്ട് യൂറോപ്യന്‍ ഫുട്ബാളാണോ ലാറ്റിനമേരിക്കന്‍ രീതിയാണോ എന്നു അവര്‍ക്കുതന്നെ പലപ്പോളും മനസ്സിലാകുന്നില്ല എന്ന് തോന്നും. മെസ്സിയുടെ പാസ് എടുക്കാന്‍ ആളില്ലാതെ വരുന്നതും മെസ്സിക്ക് പാസുകള്‍ കിട്ടാതെ വരുന്നതും ഒക്കെ മൈതാനത്തെ സ്ഥിരം കാഴ്ചയാകുന്നത് പാതിമനസ്സും പാതി വെന്ത സിസ്റ്റമാറ്റിക് കളിയും ചേര്‍ന്ന് കളിക്കുമ്പോള്‍ ആണ്.

പറഞ്ഞുവന്നത്, ജര്‍മനിയുടെ മുന്‍പിലോ ഫ്രാന്‍സിന്റെ മുന്നിലോ സ്‌പെയിനിന്റെ മുന്നിലോ ചെന്ന് വീരമൃത്യു വരിക്കാനായിരിക്കും ഇത്തവണയും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഒക്കെ വിധി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

Next Story

Related Stories