Top

മുഖ്യമന്ത്രീ.. നിരപരാധികളുടെ ചോര നിങ്ങളെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു

മുഖ്യമന്ത്രീ.. നിരപരാധികളുടെ ചോര നിങ്ങളെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു
കെവിന്റെ കൊലപാതകം നിരവധി ചോദ്യങ്ങളും ചര്‍ച്ചകളുമാണ് ഇവിടെ ഉയര്‍ത്തിയിരിക്കുന്നത്. അതില്‍ ജാതിയുണ്ട്, രാഷ്ട്രീയമുണ്ട്, മുഖ്യമന്ത്രിയുടെ സുരക്ഷയുണ്ട്. എന്നാല്‍ ക്രമസമാധാനം പാലിക്കേണ്ട അല്ലെങ്കില്‍ ഒരു ക്രൈം തടയാന്‍ ബാധ്യസ്ഥനായ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ എന്ന കള്ളന്യായം കണ്ടെത്താന്‍ ധൈര്യപ്പെടുത്തുന്ന കാരണങ്ങളെന്താണെന്ന് ചോദിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ ജെ ജേക്കബ്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇനി ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് പരസ്യമായി ചോദിച്ചു തുടങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ നിസഹായത വെളിപ്പെട്ടു തുടങ്ങുന്നുവെന്നും അദ്ദേഹം പറയുന്നു. വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനോടുപോലും മുഖ്യമന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് അദ്ദേഹം ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ ലക്ഷണമാണെന്നും കെ ജെ ജേക്കബ് പറയുന്നു. കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നത്തെ ഫേസ്ബുക്ക് ഡയറി.

'കെവിന്റെ കൊലപാതകത്തില്‍ രണ്ടുമൂന്നു കാര്യങ്ങള്‍ കടന്നുകയറി യഥാര്‍ത്ഥ വിഷയത്തില്‍നിന്നു ചര്‍ച്ച മാറ്റിക്കൊണ്ടുപോയി എന്ന് തോന്നുന്നതിനാലാണീ ഈ പോസ്റ്റ്.

ഒന്ന്: ജാതി:

കുറേയേറെപ്പേര്‍ പെട്ടെന്ന് കേരളത്തില്‍ ജാതിയുണ്ടെന്നു കണ്ടുപിടിച്ചു; അതങ്ങനെയല്ല സാര്‍. ഒരിത്തിരി മാറിനിന്നു ചുമ്മാ വഴിയേ പോകുന്നവരെ നോക്കിയാല്‍ ജാതി കാണാം. മാട്രിമണി പരസ്യത്തില്‍ അത് മാത്രമേയുള്ളൂ. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന വിവാഹങ്ങളില്‍ ജാതിയില്ലാത്തത് എത്ര? ആദ്യമായിട്ടാണ് 'മേല്‍ജാതി'യിലെ പെണ്‍കുട്ടിയുടെയും 'കീഴ്ജാതി'യിലെ ആണ്കുട്ടിയുടെയും പ്രണയത്തിനു ഈ നാട്ടില്‍ എതിര്‍പ്പ് വരുന്നത് എന്ന് തോന്നും ചര്‍ച്ച കണ്ടാല്‍. ജാതി പോയിപ്പോയി ഒരു ബ്രെയ്ക്ക് പോയിന്റില്‍ എത്തിയതാണ് വിഷയം. അതെങ്ങിനെ സംഭവിച്ചു?


രണ്ട്: രാഷ്ട്രീയം.

കൊല്ലാന്‍ പോയ കൂട്ടത്തിന്റെ വണ്ടി ഓടിച്ചത് ഡി വൈ എഫ് ഐക്കാരനാണ്, അയാള്‍ ചെഗുവേരയുടെ പടമുള്ള ടീ ഷര്‍ട്ട് ഇട്ടു, അതിനു ഡി വൈ എഫ് ഐ സമാധാനം പറയണം എന്ന മട്ടിലാണ് വാദം. മനസിലായിടത്തോളം ഡി വൈ എഫ് ഐക്കാരനാണ്, പക്ഷെ ബന്ധുവാണ്. ജാതി മാറി, മതം മാറി, സാമ്പത്തിക നില മാറിയുള്ള പ്രണയത്തോടുള്ള എതിര്‍പ്പാണ് കാരണം. ഡി വൈ എഫ് ഐക്കാരന്‍ അത് ചെയ്യാന്‍ പാടില്ല എന്നത് ന്യായം. അയാളുടെ രാഷ്ട്രീയ ബോധ്യം അയാളെ തടയേണ്ടതായിരുന്നു. അത് ആ സംഘടനയുടെ രാഷ്ട്രീയ പാരാജയം എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ ആ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നില്‍ നിന്നവര്‍ സി പി എംകാരായിരുന്നു എന്നുകൂടി ഓര്‍ക്കുക. എന്നിട്ടു വിഷയത്തിലേക്കു വരിക.


മൂന്ന്: മുഖ്യമന്ത്രിയുടെ സുരക്ഷാ.

അടുത്തകാലത്തു കേട്ട ഏറ്റവും അസംബന്ധമായ വാദമാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാല്‍ കിഡ്‌നാപ്പ് കേസ് അന്വേഷിക്കാന്‍ പറ്റില്ല എന്ന പോലീസുകാരാന്റെ നിലപാട്. ഇനി അയാള്‍ക്ക് സുരക്ഷാ ചുമതല ഉണ്ട് എന്നുതന്നെയിരിക്കട്ടെ. ആ സമയം അയാളുടെ സ്റ്റേഷനതിര്‍ത്തിയില്‍ ആര്‍ക്കും എന്തും ചെയ്യാമെന്നാണോ? ക്രമസമാധാനം സിംഗിള്‍ പോയിന്റ് പരിപാടിയാണോ? ഏതു നാടിനെക്കുറിച്ചാണ് ഈ പറയുന്നത്? മുഖ്യമന്ത്രിയുടെ സുരക്ഷ വേറെ വിഷയമല്ല?


അപ്പോള്‍പ്പിന്നെ എവിടാണ് പ്രശ്‌നം?

പ്രശ്‌നം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ്. കൃത്യമായി പറഞ്ഞാല്‍ ആഭ്യന്തര വകുപ്പിന്റെ പരാജയം. ആ പരാജയമാണ്, അത് പരാജയമാണ് എന്ന് ക്രിമിനലുകള്‍ക്കുള്ള ബോധ്യമാണ് മുന്‍പ് പറഞ്ഞ ജാത്യാഭിമാനത്തിനും പാര്‍ട്ടിബന്ധത്തിനുമൊക്കെ കൂടിച്ചേര്‍ന്നു ഒരു ചെറുപ്പക്കാരനെ തട്ടിക്കൊണ്ടുപോയി ഇല്ലാതാക്കാം എന്ന തീരുമാനത്തിലെത്തുന്നത്. അതിനു കൂട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രിയുടെ സുരക്ഷ എന്ന കള്ളന്യായം കണ്ടുപിടിക്കാന്‍ പോലീസുകാരനെ ധൈര്യപ്പെടുത്തുന്നത്


ഇനി കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷന്റെ മുന്‍പിലേക്ക് നോക്ക്.

'കെവിന്‍ ചേട്ടനെ അവര്‍ പിടിച്ചുകൊണ്ടുപോയി' എന്നും പറഞ്ഞൂ പോലീസ് സ്റ്റേഷന്റെ മുന്‍പില്‍ നിന്ന് കരയുന്ന ഇരുപത്തൊന്നു വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ ചിത്രം കാണ്.

അവള്‍ ആ പോലീസ് സ്റ്റേഷനില്‍ ആദ്യം വരുന്നതല്ല. അവള്‍ക്കിഷ്ടപ്പെട്ട മറ്റൊരു മനുഷ്യനുമായി വിവാഹ ഉടമ്പടി നടത്തിയതിന്റെ പേരില്‍ അവള്‍ക്ക് ആ പോലീസ് സ്റ്റേഷനില്‍ ഇതിനു മുന്‍പ് വരേണ്ടി വന്നിട്ടുണ്ട്. അന്ന് നാട്ടിലെ സകല നിയമങ്ങള്‍ക്കും വിരുദ്ധമായി ഒരു നടപടി ആ പോലീസ് സ്‌റ്റേഷനില്‍ നിന്നുണ്ടായി. അതവള്‍ക്കറിയാം, അവളുടെ എതിരാളികള്‍ക്കും അറിയാം. ഇല്ലേ?


അവളെ ഭയപ്പെടുത്തുന്നത് എന്താണ്? തലേദിവസം രാത്രിയില്‍ ഒരുകൂട്ടമാളുകള്‍, അവരില്‍ അവളുടെ സഹോദരങ്ങളുമുണ്ട്, കെവിന്‍ ചേട്ടനെ വീടാക്രമിച്ചു പിടിച്ചുകൊണ്ടുപോയി. ആരാണ് കൊണ്ടുപോയത്, ഏതാണ് വണ്ടിയുടെ നമ്പര്‍ എന്നൊക്കെ അവള്‍ക്കറിയാം, കെവിന്‍ ചേട്ടന്റെ അച്ഛനറിയാം, അതെല്ലാം അവര്‍ പോലീസുകാരോട് പറഞ്ഞിട്ടുണ്ട്. ഒന്നും നടക്കുന്നില്ല. അതാണ് അവളെ ഭയപ്പെടുത്തുന്നത്. അതാണ് ക്രിമിനലുകളെ ഭയപ്പെടുത്താതിരിക്കുന്നത്.

അവളാ പോലീസ് സ്‌റ്റേഷനിലേക്കു ചെല്ലുന്നത് എന്തെങ്കിലും ഔദാര്യം കിട്ടാനല്ല. ഒരു ക്രൈം നടന്നിരിക്കുന്നു: ഒരാളെ വീടുതല്ലിപ്പൊളിച്ച് തട്ടിക്കൊണ്ടുപോയിരിക്കുന്നു. മറ്റൊരു ക്രൈം നടക്കുമെന്നു അവര്‍ ഭയപ്പെടുന്നു. ക്രൈം നടക്കാതെ നോക്കാന്‍ ഉത്തരവാദിത്തമുള്ള, നടന്നാല്‍ അത് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവാദിത്തമുള്ള, മറ്റൊരു ക്രൈം നടക്കുമെന്ന് മുന്‍കൂട്ടിക്കണ്ട് നടപടിയെടുക്കാന്‍ നിയമപരമായി ബാധ്യതയുള്ള ഒരു സ്ഥാപനത്തിന്റെ മുന്‍പിലാണ് ഒരു പെണ്‍കുട്ടി ഒരു ദിവസം മുഴുവന്‍ കരഞ്ഞു നിലവിളിച്ചു കഴിയുന്നത്.


***
അതാണ് വിഷയം. ജാതിയും രാഷ്ട്രീയ അധാര്‍മ്മികതയുമൊക്കെ എനിക്ക് വേറെ വിഷയങ്ങളാണ്. അതില്ലാത്ത നാടുകള്‍ നിങ്ങള്‍ പറയു, ഞാന്‍ കേള്‍ക്കാം. പക്ഷെ ഇത്തരം ഒരു ക്രൈം സിറ്റുവേഷനില്‍ ജീവന്‍ വച്ച് പന്താടാന്‍, ക്രിമിനലുകളുമായി സംസാരിക്കാന്‍ ആത്മവീര്യമുള്ള പോലീസുകാരന്‍- തൊപ്പിയും കുപ്പായവുമിടുവിച്ചു ശമ്പളവുംകൊടുത്തു നമ്മുടെ ജീവന്‍ സംരക്ഷിക്കാന്‍ നമ്മള്‍ ഏര്‍പ്പാട് ചെയ്തവന്‍- തയ്യാറാകുന്നു എന്നതാണ് വിഷയം. അവര്‍ അവരുടെ ജോലി ചെയ്യാതായിരിക്കുന്നു, അവര്‍ അരുംകൊലയ്ക്കു കൂട്ട് നില്‍ക്കുന്നു എന്നതാണ് വിഷയം.


മറിച്ചുപറഞ്ഞാല്‍, ഒരു പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാര്‍ അവരുടെ ജോലി ചെയ്തിരുന്നെകില്‍ നിങ്ങളീപ്പറയുന്ന ജാതിഭ്രാന്തിനും ഡിവൈഎഫ്‌ഐ ബന്ധത്തിനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജോലിക്കുമൊന്നും ആ ചെറുപ്പക്കാരന്റെ ജീവനെടുക്കാന്‍ പറ്റുമായിരുന്നില്ല. അതൊക്കെ തടയാന്‍ പറ്റുന്ന വിധത്തില്‍ നമ്മള്‍ ഒരു സംവിധാനം ഉണ്ടാക്കിവച്ചിട്ടുണ്ട്. അത് പ്രവര്‍ത്തിച്ചില്ല.

ഇവിടെ മാത്രമല്ല. വാളയാറില്‍, ഒരു കുഞ്ഞു ലൈംഗികമായി ദുരുപയോഗവും ചെയ്യപ്പെട്ടു എന്ന പരാതി കിട്ടിയപ്പോള്‍ അത് പ്രവര്‍ത്തിച്ചില്ല. സഹോദരി കൂടി ഇല്ലാതായപ്പോഴും അത് പ്രവര്‍ത്തിച്ചില്ല. ജിഷ്ണു മര്‍ദ്ദനമേറ്റു ആത്മഹത്യയിലേക്കു തിരിഞ്ഞശേഷവും അത് പ്രവര്‍ത്തിച്ചില്ല. വിനായകനെ കൊല്ലാക്കൊല ചെയ്തപ്പോള്‍ അത് പ്രവര്‍ത്തിച്ചില്ല. ശ്രീജിത്തിനെ ചവിട്ടിക്കൊല്ലുമ്പോള്‍ അത് പ്രവര്‍ത്തിച്ചില്ല, ആ കൊലപാതകം ഇല്ലാതാക്കാന്‍ കള്ളത്തെളിവുണ്ടാക്കുമ്പോള്‍ ആ സംവിധാനം പ്രവര്‍ത്തിച്ചില്ല. എടപ്പാളില്‍ തിയേറ്ററില്‍ കൊച്ചുപെണ്‍കുട്ടിയെ ഉപദ്രവിച്ച വിവരം അറിഞ്ഞപ്പോള്‍ അത് പ്രവര്‍ത്തിച്ചില്ല.


അതുചോദിക്കുമ്പോള്‍ പയിനായിരം പോലീസുകാരുടെ മധ്യത്തില്‍ മപ്പടിച്ചുനില്‍ക്കുമ്പോഴും താനൊരു ചെണ്ടയാണ് എന്ന് മുഖ്യമന്ത്രിയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിവിടെ ബാക്കിനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങളുടെ വിജയമാണ്. ഇനി ഞങ്ങള്‍ എന്ത് ചെയ്യണം എന്ന് നിങ്ങള്‍ പരസ്യമായി ചോദിച്ചു തുടങ്ങുമ്പോള്‍ നിങ്ങളുടെ നിസഹായത വെളിപ്പെട്ടു തുടങ്ങുന്നു. വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനോടുപോലും നിങ്ങള്‍ക്കിത്ര അസഹിഷ്ണുതയെങ്കില്‍ നിങ്ങള്‍ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു.

നിരപരാധികളുടെ ചോര നിങ്ങളെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു'.

Next Story

Related Stories