Top

മത്സ്യ കച്ചവടക്കാർ പട്ടിണിയിലാണ്, സോഷ്യൽ മീഡിയയിൽ വായില്‍ തോന്നിയത് പറഞ്ഞ് പാവപ്പെട്ടവരുടെ കഞ്ഞിയിൽ മണ്ണിടരുത്

മത്സ്യ കച്ചവടക്കാർ പട്ടിണിയിലാണ്, സോഷ്യൽ മീഡിയയിൽ വായില്‍ തോന്നിയത് പറഞ്ഞ് പാവപ്പെട്ടവരുടെ കഞ്ഞിയിൽ മണ്ണിടരുത്
വാർത്തകളുടെയും, വസ്തുതകളുടെയും ആധികാരികത പരിശോധിക്കാതെ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്, സാങ്കേതികവിദ്യയുടെ വളർച്ച ഇത്തരം ആളുകൾക്ക് വൈഡ് റീച് നല്കിയിട്ടുണ്ട്. അധ്യാപകനും, ശാസ്ത്ര ലേഖകനുമായ വൈശാഖൻ തമ്പി ഒരിക്കൽ ഇങ്ങനെ കുറിച്ചു "നീല ഷർട് ധരിച്ച ആളുകളെ റോഡിൽ കണ്ടാൽ തല്ലണം എന്നൊരു വാട്സാപ്പ് ഫോർവേഡ്  ഇറങ്ങിയാൽ അന്നത്തെ ദിവസം റോഡിൽ ഇറങ്ങുന്ന എല്ലാ നീല ഷർട് ധരിച്ചവർക്കും തല്ലു കിട്ടും ". മുൻകാലത്തെ പല അനുഭവങ്ങളും തെളിയിക്കുന്നത് ഇതൊരു അതിശയോക്തി അല്ല എന്ന് തന്നെയാണ്. ഇതര സംസ്ഥാന തൊഴിലാളികളോട് മലയാളികളുടെ മനോഭാവം പരുവപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ വഹിച്ച പങ്കു ചെറുതല്ല. നിപ്പ വൈറസ്, ഓഖി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലും വ്യാജ പ്രചാരണങ്ങൾ സർക്കാരിന് വരെ തലവേദനയുണ്ടാക്കിയിട്ടുണ്ട്. തത്സമയം നടന്നു കൊണ്ടിരിക്കുന്ന ഒരു വ്യാജ പ്രചാരണവും ഒരു വിഭാഗം മനുഷ്യർക്ക് അതുണ്ടാക്കുന്ന നഷ്ടങ്ങളും ജിതിൻ ദാസ് വിവരിക്കുന്നു.

പത്രങ്ങളിൽ വന്ന ഒന്നോ രണ്ടോ വാർത്തയിലും വളരെ വലുതാണ്‌ ഓപ്പറേഷൻ സാഗർ റാണിയിൽ പിടിച്ചെടുത്തിട്ടുള്ളത്‌. സ്ട്രിപ്‌ പോസിറ്റീവ്‌ ആയ 30000 കിലോയോളം മീൻ പിടികൂടി ലാബുകളിൽ അയച്ചിട്ടുണ്ട്‌ കഴിഞ്ഞ ഒറ്റ ആഴ്ചകൊണ്ട്‌. സ്ട്രിപ്പ്‌ പോസിറ്റീവ്‌ ആയാൽ ഫോർമ്മലിൻ ഉണ്ടെന്നുള്ളതിന്റെ തെളിവല്ല, സംശയം ആണ്‌. സിഫ്നെറ്റ്‌ സ്ട്രിപ്പുകൾ പുതിയതായി ഉരുത്തിരിച്ചതുമാണ്‌. ഫോർമലിൻ വിഷവസ്തുവാണ്‌. അധികം ഉള്ളിൽ ചെന്നാൾ ആളു മരിച്ചേക്കും. സ്ഥിരമായി ഉള്ളിൽ ചെന്നാൽ അർബുദകാരിയായേക്കാം.

ഐസിൽ ചേർത്താണ്‌ മീനിൽ ഫോർമ്മലിൻ കലർത്തുന്നത്‌ എന്നതിനാൽ മീനിൽ മാത്രമല്ല ഐസ്‌ പ്ലാന്റുകളിലും പരിശോധന നടത്തിവരുന്നുണ്ട്‌. എന്നാൽ സാഗർ റാണിയുടെ ഭാഗമായി കേരളത്തിൽ നടന്ന പരിശോധനയിൽ ഇതുവരെ കേരളത്തിൽ പിടിച്ച ഒരൊറ്റ മീനിലും ഇതുവരെ സ്ട്രിപ്‌ പോസിറ്റീവ്‌ ആയിട്ടില്ല. ( ഇല്ലെന്നല്ല, ഇതുവരെ കണ്ടെത്തിയിട്ടില്ല). അതിൽ അത്ഭുതവുമില്ല. മലയാളി പുണ്യാളൻ ആയതുകൊണ്ടല്ല, ഫോർമ്മലിൻ കലർത്തുന്നത്‌ പ്രധാനമായും ലോങ്ങ് ഹോൾ റോട് ഒഴിവാക്കാൻ ആണ്‌. ലോക്കൽ ട്രാൻസ്പോർട്ടിനു കാസർകോട് മുതൽ തിരുവനന്തപുരം വരെ ഓടുന്ന മീൻ വണ്ടികളില്ല. ആറോ ഏഴോ മണിക്കൂർ മാത്രം പോകുന്ന റൂട്ടുകളിൽ വെറുതേ ഫോർമ്മലിൻ ചേർത്ത ഐസു വാങ്ങി പണം പാഴാക്കാൻ ആളുകൾക്ക്‌ കിറുക്കില്ല എന്നതാണ്‌. എന്റെ ധാരണ തെറ്റെന്ന് നാളെ പരിശോധനയിൽ തെളിഞ്ഞാൽ തിരുത്താം. തെളിയാത്ത ഒന്നിന്റെ പേരിൽ ആരോപണം ഉന്നയിക്കരുത്‌ എന്നു പറഞ്ഞതാണ്‌.

ഇതുവരെ പിടിച്ചെടുത്ത മീൻ മുഴുവൻ ആന്ധ്ര, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ നിന്നു വന്നതാണ്‌. സ്ഥിരമായി പൊക്കിയാൽ ഈ ശല്യം അടങ്ങുകയും ചെയ്യും കാരണം, ഒരു ലോഡ്‌ മീൻ എന്നാൽ 7 ടൺ വരെ വരും, അതു പോയിക്കിട്ടിയാൽ വ്യാപാരിയുടെ ഷഡ്ജം കീറും. അഷ്ടമുടിക്കായലിലെ മീൻ പിടിത്തം വള്ളക്കാർ വലയിട്ട്‌ കുറച്ചു മാത്രം കിട്ടി ഒറ്റത്തവണ ലേലത്തിൽ നിന്നു മീൻ കാരികളുടെ കയ്യിൽ എത്തുന്നതാണ്‌. ഒരു ദിവസം ഷെൽഫ്‌ ലൈഫ്‌ ഉള്ള ഈ പണി തീരെ ദരിദ്രരായവരുടെ ജീവിതമാർഗ്ഗം ആണ്‌. ഐസു വാങ്ങാൻ പോലും പാങ്ങില്ലാത്തവരാണ്‌ മിക്കവരും. പിന്നെയല്ലേ ഫോർമ്മലിൻ.

അഷ്ടമുടിക്കായലിൽ മീൻ പിടിക്കുന്നവരും കായൽ മീൻ വിൽപ്പനക്കാരികളും മീൻ വാങ്ങാൻ ആളില്ലാതെ പട്ടിണിയിൽ ആയെന്നു നാട്ടിൽ വിളിച്ചപ്പോൾ അറിയുന്നു. സോഷ്യൽ മീഡിയയിൽ അസംബന്ധം പറഞ്ഞു പരത്തുന്നതിൽ എനിക്കൊന്നുമില്ല. പക്ഷേ അസത്യം പരത്തി പാവപ്പെട്ടവരുടെ കഞ്ഞിയിൽ പാറ്റയിടുന്നത്‌ ക്രൂരതയാണ്‌.


Next Story

Related Stories