TopTop

പുരുഷ കേസരികളെ സൂക്ഷിക്കുക; ഞങ്ങളില്‍ പാതി പേര്‍ ഇന്നലെ മുതല്‍ റോഡുകളിലുണ്ട്

പുരുഷ കേസരികളെ സൂക്ഷിക്കുക; ഞങ്ങളില്‍ പാതി പേര്‍ ഇന്നലെ മുതല്‍ റോഡുകളിലുണ്ട്
ചരിത്രപരമായ ഒരു തീരുമാനമാണ് സൗദി അറേബ്യയില്‍ ഇപ്പോൾ നടപ്പിലാക്കപ്പെടുന്നത്. യാത്രക്കാരുടെ സീറ്റില്‍ നിന്ന് സ്ത്രീകള്‍ ഡ്രൈവിങ് സീറ്റിലേക്ക് മാറി. സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള നിരോധനം സൗദി അറേബ്യ ഔദ്യോഗികമായി നീക്കി. ലൈസന്‍സുകള്‍ നേരത്തെ നല്‍കിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ ലൈസന്‍സ് എടുത്തതിന്റെ അഞ്ചിരട്ടിയിലധികം സ്ത്രീകള്‍ ലൈസന്‍സ് എടുത്തിട്ടില്ല. 2020 ആകുമ്പോഴേക്കും മിക്ക സ്ത്രീകളും ലൈസന്‍സ് നേടുമെന്നാണ് കരുതുന്നത്.

ദശാബ്ദങ്ങള്‍ നീണ്ട നിരോധനത്തിനാണു അന്ത്യം കുറിക്കപ്പെട്ടത്, ആകയാൽ അറേബ്യൻ രാജ്യങ്ങളിലെ ഒരു ചരിത്ര മുഹൂർത്തം ആണിത്.
ലിനിസ്റ്റർ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിൽ ഡ്രൈവിങ്ങിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ ആണ് മാന്യത പാലിക്കുന്നത് എന്നൊരു കണ്ടെത്തൽ അടുത്തിടെ നടന്നിട്ടുണ്ട്, സൗദിയിലെ പുതിയ പരിഷ്‌ക്കാരവും, ഡ്രൈവിങ് കൾച്ചർ ഇവയുടെ പശ്ചാത്തലത്തിൽ പ്രവാസി സാംസ്‌കാരിക പ്രവർത്തകനും, കോളമിസ്റ്റുമായ താരിഖ് സി എച് തന്റെ അനുഭവം പങ്കു വെക്കുന്നു.

വർഷങ്ങൾക്ക് മുൻപ് ഖത്തർ ജീവിതകാലത്ത് നടന്ന ഒരു കഥയാണ്. ദോഹയിലെ ഒരു പ്രധാന ഷോപ്പിംഗ് സെന്ററിലേക്ക് ഒരു ഖത്തറി യുവതി ഷോപ്പ് ചെയ്യാൻ വരുന്നു. ലാൻഡ് ക്രൂയിസർ ഓടിക്കുന്നത് വീട്ടു ഡ്രൈവർ ആയ മലയാളി. ഷോപ്പിംഗ് സെന്ററിന് മുന്നിലെ പോക്കറ്റ് പാർക്കിങ്ങിൽ ഒന്നിൽ ഡ്രൈവർ ക്രൂയിസർ പാർക്ക് ചെയ്യുന്നു. തൊട്ടു പിറകിലായി പാർക്ക് ചെയ്തിരിക്കുന്നത് ഒരു പുത്തൻ തൂവെള്ള ബെൻസ്. യുവതി ഷോപ്പിംഗിനായി കയറിപ്പോകുന്നു. ഡ്രൈവർ വണ്ടിയിൽ നിന്നിറങ്ങി മൊബൈലിൽ ആരോടോ സംസാരിക്കുന്നു. സംസാരം നീളവേ ഡ്രൈവർ സ്വയമറിയാതെ തന്നെ നീങ്ങി പിറകിലെ ബെൻസ് ചാരി നിൽക്കുന്നു. 'ബെൻസ് മുതലാളി ' ഇറങ്ങി വരുമ്പോൾ കാണുന്ന കാഴ്ച തന്റെ പുത്തൻ മങ്ങാത്ത കാറിൽ ഒരു 'മിസ്കീൻ ഹിന്ദി' ചാഞ്ഞിരുന്നു സംസാരിക്കുന്നതാണ്. യുവാവായ അയാൾ ഡ്രൈവറോട് കയർക്കുന്നു, ഡ്രൈവറുടെ ഷർട്ടിനു പിടിക്കുന്നു.

ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചിറങ്ങുന്ന യുവതി കാണുന്നത്, ബനിയൻ ഇട്ടുകൊണ്ട് ഷർട്ട് അഴിച്ചു കാർ തുടക്കുന്ന തന്റെ ഡ്രൈവറെ ആണ്. യുവതി ഡ്രൈവറോടും ഖത്തറി യുവാവിനോടും കാര്യം തിരക്കുന്നു. കൂടുതൽ വർത്തമാനമില്ല. ഡ്രൈവറോട് ഷർട്ട് ഇടാൻ പറയുന്നു. വണ്ടി എടുക്കാൻ വേണ്ടി നീങ്ങുന്ന ഡ്രൈവറോട് യുവതി കീ ആവശ്യപ്പെടുന്നു. ഡ്രൈവറോട് മുൻപിലെ പാസഞ്ചർ സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെടുന്നു. യുവതി കാറിൽ കയറി എൻജിൻ സ്റ്റാർട്ട് ആക്കുന്നു. ഉള്ള ഗാപ്പിൽ ക്രൂയിസർ പരമാവധി മുൻപോട്ടു നീക്കുന്നു. ശേഷം ഗിയർ റിവേഴ്‌സിൽ ഇടുന്നു. ഫുൾ ത്രോട്ടിലിൽ പിറകോട്ടു വന്നു പിറകിലെ പുത്തൻ ബെൻസിന്റെ ബമ്പറിൽ ശക്തിയായി ഇടിക്കുന്നു. ഇടിയുടെ ആഘാതത്തിൽ ക്രൂയിസറിന്റെ പിറകിലുള്ള ട്രോളി ഹുക്ക് ബെൻസിന്റെ ബമ്പറിലേക്ക് തുളഞ്ഞു കയറുന്നു. മിഴിച്ചിരിക്കുന്ന ഖത്തറി യുവാവിനോട് പവർ വിൻഡോ താഴ്ത്തി പോലീസിനെ വിളിക്കാൻ പറഞ്ഞിട്ട് യുവതി കൂൾ ആയി കാർ ഓടിച്ചു പോകുന്നു.

സൗദിയിൽ ഇന്നലെ സ്ത്രീകൾ ഡ്രൈവ് ചെയ്തു തുടങ്ങിയിരിക്കുന്നു. റോഡുകളിൽ, ഹൈവേകളിൽ, കോസ് വേകളിൽ, ഇക്കാലമത്രയും നിഷേധിക്കപ്പെട്ടിരുന്ന തങ്ങളുടെ പാതി ഇടം അവർക്ക് കൈ വന്നിരിക്കുന്നു.
സിഗ്നൽ പോളിലെ ചുവപ്പ് മാനിക്കാതെയും മറ്റു യാത്രികരുടെ റോഡ് സ്‌പേസ് വക വെച്ച് കൊടുക്കാതെയും പാഞ്ഞു പോകുന്ന പുരുഷ കേസരികളെ , സൂക്ഷിക്കുക. ആ ഖത്തറി യുവതിയെ പോലെ, ഞങ്ങളില്‍
നിന്നും പാതി പേർ ഇന്നലെ മുതൽ സ്ട്രീറ്റുകളിൽ ഉണ്ട്. ഇക്കാലമത്രയും നിങ്ങൾ അടക്കി ഭരിച്ച നഗരവീഥികളെക്കുറിച്ച് , അവിടെ പുലരേണ്ട മൂല്യങ്ങളെയും ജനാധിപത്യത്തെയും കുറിച്ച്‌ നിങ്ങളെക്കാൾ ധാരണ ഉള്ളവരാകും അവർ.


Next Story

Related Stories