TopTop
Begin typing your search above and press return to search.

അല്‍ഗോരിതംകാരും ആക്റ്റിവിസ്റ്റുകളും അറിയുന്നതിന്

അല്‍ഗോരിതംകാരും ആക്റ്റിവിസ്റ്റുകളും അറിയുന്നതിന്

അനിരുദ്ധന്‍ അനിരുദ്ധന്‍

(അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച മായ ലീലയുടെ ഫേസ്ബുക്കിനെ തിരുത്താന്‍ ഫേസ്ബുക്ക് കൊണ്ടുതന്നെ കഴിയുമോന്ന് ഞങ്ങളൊന്നു നോക്കട്ടെ എന്ന ലേഖനത്തിന് ഒരു അനുബന്ധം)

അഞ്ച് ആടുകളും പത്തു ചെന്നായ്ക്കളും അടങ്ങുന്ന ഒരു കൂട്ടത്തിൽ ആടുകളെ കൊല്ലുന്നത് ലീഗലൈസ് ചെയ്യാനുള്ള നിയമം 'ജനാധിപത്യപരമായി' വോട്ടിനിട്ട് തീരുമാനിച്ചു എന്ന് പറയുന്നത് പോലെയാണ് ഇന്നത്തെ സാമൂഹ്യമാധ്യമങ്ങളിലെ അവസ്ഥ. തീരുമാനങ്ങള്‍ ആരുണ്ടാക്കുന്നു, എങ്ങനെ നടപ്പിലാക്കുന്നു എന്നതാണ് ഏറ്റവും പുതിയ ചര്‍ച്ച. അതായത് ഫേസ്ബുക്കില്‍ എന്തെങ്കിലും ഒരു കണ്ടന്‍റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് എങ്ങനെയാണ്, ആരാണ് കൈകാര്യം ചെയ്യുന്നത് എന്ന്. രണ്ട് വാദങ്ങള്‍ ആണ് ഇതിനുള്ളത്, ഒന്ന് റിപ്പോര്‍ട്ടുകള്‍ ഫേസ്ബുക്കില്‍ ജോലി ചെയ്യുന്ന ആളുകള്‍ നേരിട്ട് പരിശോധിച്ച് തീരുമാനങ്ങള്‍ എടുക്കുന്നു എന്നും (മനുഷ്യ ഇടപെടല്‍ അഥവാ Manuel Intervention). രണ്ട്, റിപ്പോര്‍ട്ടുകള്‍ കംപ്യൂട്ടറുകള്‍ ആണ് കൈകാര്യം ചെയ്യുന്നത് എന്നും, അതായത് എന്ത്, എവിടെ, എപ്പോ, എന്തിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നത് മനുഷ്യരായ ആരുടേയും മുന്നില്‍ എത്തുന്നില്ല എന്നത്.

ഒന്നാമത്തെ വാദം (മാനുഷിക ഇടപെടല്‍)

മാനുവല്‍ ഇന്റർവെൻഷൻ ഏതു തലം മുതല്‍ വരുന്നു എന്നത് സംശയത്തില്‍ നില്ക്കുന്ന കാര്യമാണ്. എന്നാല്‍ ഫേസ്ബുക്കിന്റെ തന്നെ ഗ്ലോബല്‍ പോളിസി മാനെജ്മെന്റിന്റെ ഹെഡ് ആയ മോണിക്ക ബിക്കര്‍ട്ട് എന്താണ് പറയുന്നതെന്ന് നോക്കുക:

"ഒരു content ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്‌താല്‍, അത് ഞങ്ങളുടെ റിവ്യൂ ടീമിന്‍റെ പക്കല്‍ എത്തും. ഞങ്ങളുടെ ഈ ടീം ലോകത്തില്‍ പലയിടങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്... 24X7 പ്രവര്‍ത്തിക്കുന്നതാണ് ഈ റിവ്യൂ ടീം.... ഒരു റിപ്പോര്‍ട്ടിംഗ് ഉണ്ടായാല്‍, ആ വിഷയത്തെ കുറിച്ച് ആധികാരികമായി അറിയാവുന്ന ഒരു വിദഗ്ദ്ധന്‍ അത് പരിശോധിക്കും എന്ന് ഞങ്ങള്‍ ഉറപ്പു വരുത്തുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിഷയം, എഴുതിയിരിക്കുന്ന ഭാഷ നന്നായി അറിയാവുന്ന ആളായിരിക്കും ഈ വിദഗ്ദ്ധന്‍ എന്നും ഉണ്ട്. ഇപ്പോള്‍ ഫ്രഞ്ച് ഭാഷയിലെ ഒരു കണ്ടന്‍റ് ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ ഫ്രഞ്ച് നന്നായി അറിയാവുന്ന ഒരാള്‍ ആയിരിക്കും ഇത് റിവ്യൂ ചെയ്യുക."

തലയ്ക്ക് വെളിവില്ലാത്ത, ടെക്നോളജി പഠിച്ച് ഡിഗ്രി എടുക്കാത്ത ഒരുകൂട്ടം ഫെമിനിസ്റ്റുകള്‍ നടത്തുന്ന ജല്‍പ്പനം അല്ല ഇത്. പോളിസി ഉണ്ടാക്കുന്നവരും അത് പ്രാവര്‍ത്തികമാക്കുന്നവരും നേരിട്ട് പറഞ്ഞിരിക്കുന്നതാണ്. അപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരാതികള്‍ ഏതൊക്കെയോ മനുഷ്യജീവിയുടെ അടുത്ത് എത്തുന്നുണ്ട്. അയാള്‍/അവള്‍ അവര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരം അതിനനുസരിച്ച് മുന്നോട്ടു നീങ്ങും. വീണ്ടും ഇത് പറയുന്നത് ഫേസ്ബുക്കിന്റെ തന്നെ ആധികാരികമായ അതോറിറ്റി ആണ്; അല്ലാതെ ഇപ്പോള്‍ ചര്‍ച്ചകളില്‍ ഉള്ളവരോന്നുമന്നുമല്ല.

കോടിക്കണക്കിന് വരുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ അത്രയധികം ആളുകളും വേണമല്ലോ എന്ന ന്യായമായ സംശയത്തിനും മോണിക്ക തന്നെ മറുപടി പറയുന്നുണ്ട്, ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ community watch അവരുടേതാണെന്നും അതുപോലെ തന്നെ അത്രയധികം ആളുകള്‍ അവര്‍ക്ക് വേണ്ടി തൊഴിലെടുക്കുന്നുണ്ടെന്നും.

ഇത്തരത്തില്‍ ഒരു ഭാഷാ-വിഷയ വിദഗ്ദ്ധന്‍ റിവ്യൂ ചെയ്താണ് ആദ്യം 'വേശ്യ, വെടി, ശിഖണ്ടി മുതലായ പദങ്ങള്‍, മറ്റു അസഭ്യങ്ങളും, വ്യക്തിഹത്യയും ഒക്കെ പാസ്സാക്കി വിട്ടു വന്നത്. അതായത് പ്രീതയുടെ പേരില്‍ ഉണ്ടായ പേജ് മൂന്നു തവണ വന്നപ്പോഴും അവരതിനെ പാസാക്കി വിടുകയാണ് ആദ്യം ചെയ്തത്. ഇത് ഞങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡാര്‍ഡിന് വിരുദ്ധമല്ല എന്നായിരുന്നു പ്രതികരണം. ഇവിടെയാണ് ഫേസ്ബുക്കിനെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത്. കമ്മ്യൂണിറ്റി വാച്ച് എന്ന് വച്ചാല്‍, ഒരു ഉദാഹരണം പറഞ്ഞാല്‍ തോന്നയ്ക്കല്‍ പഞ്ചായത്തിലെ ആളുകള്‍ എല്ലാം വളരെ ജാഗരൂകരായി അവരുടെ പഞ്ചായത്തിനെ നിരീക്ഷിക്കുന്നുണ്ട്; പഞ്ചായത്തില്‍ എന്തെങ്കിലും തെറ്റുകള്‍ നടക്കുന്നുണ്ടോ എന്ന്. ഈ തെറ്റ് എന്ന് പറയുന്നത് ഈ പഞ്ചായത്തിന്റെ ചരിത്രവും സംസ്കാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന തികച്ചും ആപേക്ഷികമായ ഒന്നാണ്. തോന്നയ്ക്കല്‍ അമേരിക്കയില്‍ ആണെങ്കില്‍ അവര്‍ സസൂക്ഷ്മം നിരീക്ഷിക്കുക ഇസ്ലാം മത വിശ്വാസികളെ, വെള്ളക്കാരന്‍ അല്ലാത്ത കുടിയേറ്റക്കാരെ, മെക്സിക്കോക്കാരെ മുതലായവരെ ആയിരിക്കും. ഇതേ തോന്നയ്ക്കല്‍ കേരളത്തില്‍ ആണെങ്കില്‍ അവര്‍ അന്യസംസ്ഥാന തൊഴിലാളികളെ, തൊലി കറുത്ത കീഴാള വര്‍ഗ്ഗത്തിലെ മനുഷ്യരെ, ചുറ്റിനുമുള്ള സ്ത്രീകളുടെ അവിഹിത ബന്ധങ്ങളെ, ഏതെങ്കിലും വീട്ടില്‍ ഒരാണും പെണ്ണും അല്ലെങ്കില്‍ കൂട്ടത്തോടെ ആണുങ്ങളും പെണ്ണുങ്ങളും എന്തെങ്കിലും -പരിപാടി- നടത്തുന്നോ മുതലായവ ആയിരിക്കും നിരീക്ഷിക്കുക. അവിടെയാണ് ഇതിന്‍റെ കള്‍ച്ചറല്‍ സെന്‍സിറ്റിവിറ്റി വരുന്നത്. അമേരിക്കയിലെ തോന്നയ്ക്കല്‍ കവലയില്‍ ഒരുത്തന്‍ നിന്ന് Negro bastard എന്ന് വിളിച്ചാല്‍ അവിടെയുള്ള ഭൂരിപക്ഷം അതിനെ വളരെ സാധാരണമായി കാണും. ആ കറുത്തവന്‍ ആ വിളി കേള്‍ക്കപ്പെടാന്‍ വല്ലതും കക്കുകയോ മറ്റോ ചെയ്തിട്ടുണ്ടാകും എന്നവര് പറയും. കേരളത്തിലെ തോന്നയ്ക്കല്‍ കവലയില്‍ ഒരുത്തന്‍ നിന്ന് എടീ വേശ്യെ എന്ന് വിളിച്ചാല്‍ ഇവിടുള്ള ഭൂരിപക്ഷ, ആആ, അവള് അങ്ങനെ എന്തെങ്കിലും ചെയ്തിട്ടോ പറഞ്ഞിട്ടോ ഉണ്ടാകും എന്ന് പറയുകയേ ഉള്ളൂ. അതായത് കമ്മ്യൂണിറ്റി നടത്തുന്ന നിരീക്ഷണം ഓരോ സംസ്കാരത്തിനും ഓരോ തരത്തില്‍ ഓരോ കാരണങ്ങളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും.

വെടി, വേശ്യ എന്നൊക്കെ വിളിക്കുകയും, കൊച്ചിന്റെ തന്ത ഏതോ പാണ്ടി ആണെന്ന് പറയുന്നത് പാസാക്കി വിടുകയും ചെയ്യുന്ന കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കിയത് ഇന്ത്യ എന്ന തോന്നയ്ക്കല്‍ ഫേസ്ബുക്കിന്റെ ഏതോ പോളിസി മേക്കര്‍ ആണ്. അല്ലെങ്കില്‍ അതിന് യെസ് കൊടുത്തത് നേരത്തേ പറഞ്ഞ വിദഗ്ദന്മാരുടെ പുരുഷാധിപത്യ കണ്ടീഷനിംഗ് ഉള്ള reasoning-ഉം judgement-ഉം ആണ്. അവിടെയാണ് ഫെമിനിസം ഫേസ്ബുക്കിനെ എതിര്‍ക്കുന്നത്. അതായത് പോളിസി ഉണ്ടാക്കുന്നതും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നത് പുരുഷാധിപത്യ മൂല്യങ്ങള്‍ വച്ച് പുലര്‍ത്തുന്ന മനുഷ്യര്‍ തന്നെയാണ് എന്ന് അവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുമ്പോള്‍ അതിനെതിരേയാണ് പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നത്. അത്തരം പോളിസികള്‍ക്ക് എതിരേ, അത്തരം വിദഗ്ദര്‍ക്ക് എതിരെ, അവരെ തൊഴിലെടുപ്പിക്കുന്ന ഫേസ്ബുക്ക് എന്ന കമ്പനിക്ക് എതിരേ; ഒരു തരത്തില്‍ ഈ പ്രതിഷേധം സമൂഹത്തിന് നേരെ ഉള്ളതും കൂടിയാണ്. ഫേസ്ബുക്കിലെ വിദഗ്ദനും മുതലാളിയും സമൂഹത്തിന്‍റെ ഭാഗമാണ്, മനുഷ്യരാണ്. അവരുടെ നിലപാടുകള്‍ അവരുടെ ഭൂരിഭാഗത്തിന്റെ നിലപാടുകള്‍ എന്നിവയില്‍ ഊന്നിയതാണ് അവരുടെ പോളിസി. ആ നിലപാടുകളിലും പോളിസിയിലും സ്ത്രീ വിരുദ്ധത ഉണ്ടെങ്കില്‍ അതിനെതിരേ പ്രതിഷേധിക്കാതെ മറ്റെന്തു വേണം? മോണിക്ക പറയുന്ന മറ്റൊരു പോയിന്‍റ് ഉണ്ട്, ഈ പോളിസികള്‍ ഇവര്‍ ഉണ്ടാക്കുന്നത് അതാത് സ്ഥലങ്ങളിലെ academic expert-സിനോടും മറ്റും അഭിപ്രായം ചോദിച്ചിട്ടാണ് എന്ന്. സംഘികള്‍ സകല സ്ഥാപനങ്ങളുടെയും തലപ്പത്ത് കൈയ്യേറി കൊണ്ടിരിക്കുമ്പോള്‍ അവരുടെ അഭിപ്രായം ആരാഞ്ഞ് ഫേസ്ബുക്ക് ഇന്ത്യന്‍ പോളിസികള്‍ എഴുതിയാല്‍ എന്തുണ്ടാകും എന്ന് നിങ്ങള്‍ തന്നെ ചിന്തിക്കൂ. ബീഫിന്റെ ചിത്രം പോലും പിന്നീട് റിപ്പോര്‍ട്ട് ചെയ്യിപ്പിച്ച് അതിടുന്ന പ്രൊഫൈലിനെ പൂട്ടിക്കാം എന്ന രീതിയില്‍ ആവും അവരുടെ പോളിസികള്‍ വരിക.

രണ്ടാമതെ വാദം (അല്‍ഗോരിതം മാത്രമേ ഇടപെടുന്നുള്ളൂ)

അൽഗോരിതം എന്നാൽ ഒരു പ്രോബ്ലം സോൾവ് ചെയ്യുന്നതിനോ കാല്‍ക്കുലേഷന് വേണ്ടിയോ ഉള്ള ജനറിക് റൂൾസ് ആണ്. റിപ്പോര്‍ട്ടുകള്‍ കമ്പ്യൂട്ടറിനു കിട്ടുമ്പോള്‍ അതെങ്ങനെ അതിനെ തരംതിരിക്കണം, ഇന്ന ഇന്ന റിപ്പോര്‍ട്ടുകളെ എന്ത് അടിസ്ഥാനത്തില്‍ വിശകലനം ചെയ്യണം, അതിന്‍റെ ഫലം എന്ത് അടിസ്ഥാനത്തില്‍ തീരുമാനിക്കണം മുതലായവ റൂള്‍സ് എന്നും പറയാം.

ഇൻഡിവിഡ്വൽ മെഷീനുകൾ അല്ല, സിസ്റ്റമാണ് (സിസ്റ്റം - ലോകത്തുള്ള എല്ലാ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും എന്ന് മനസ്സിലാക്കുക) എങ്ങനെ / എന്ത് പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത്. (ഡിസ്ട്രിബ്യൂട്ടിഡ് കമ്പ്യൂട്ടിങ്ങ്) സിസ്റ്റം സ്വയം പഠിക്കാൻ കഴിവുള്ളതാണ്. സിസ്റ്റത്തിലെ നോഡുകൾ, എന്നു വച്ചാൽ നമ്മുടെ ഓരോരുത്തരുടെയും കമ്പ്യൂട്ടർ/പ്രൊഫൈലിന്റെ പ്രവർത്തനങ്ങളിലൂടെയാണ് സിസ്റ്റം പഠിക്കുന്നത്. സ്വയം പഠിക്കാനും, പഠിച്ചതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള നിര്‍ദ്ദേശം അൽഗോരിതം നൽകുന്നു. ഇനി തത്ക്കാലം ആക്ടിവിസ്റ്റുകള്‍ വാദിക്കുന്നത് പോലെ റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ മെഷീനുകള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത് എന്ന വാദം അംഗീകരിച്ചാല്‍ തന്നെയും, ഈ മെഷീനുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നത് തീരുമാനിക്കുന്നത് മനുഷ്യരാണ്. അങ്ങനെ ആണെങ്കില്‍ മുകളില്‍ പറഞ്ഞ വാദം ഇവിടേയും സ്വാഭാവികമായും പ്രാവര്‍ത്തികമാകും. ഈ അല്‍ഗോരിതങ്ങള്‍ ഉണ്ടാ​യി വരുന്നത് വെടി, വേശ്യ, ശിഖണ്ടി മുതലായവയെ പാസാക്കുന്ന രീതിയില്‍ ആണ്. ​അതിനെ എവിടെ നിന്നുകൊണ്ട് ഏതു രീതിയില്‍ ആണ് എതിര്‍ക്കാനുള്ള പഴുത് ഉള്ളത്? ഇവിടെ എഴുതപ്പെടുന്ന ഭാഷയുടെ അര്‍ഥം, രാഷ്ട്രീയം എന്നിവയുടെ പുറത്താണ് വിശകലനം, അങ്ങനെയാണ് ഇതുണ്ടാക്കിയവരെ ചോദ്യം ചെയ്യുന്നത്. അല്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വെറും ഒരു അക്കം എന്ന രീതിയില്‍ അല്ല. അതായത് ഫേസ്ബുക്ക് സ്ത്രീവിരുദ്ധം എന്ന് പറയുമ്പോള്‍ അതിലെ കീയും ചിപ്പും വയറുകളും പ്രോഗ്രാമിലെ കോഡും സ്ത്രീവിരുദ്ധമാണ് എന്ന അങ്ങേയറ്റ അബദ്ധങ്ങള്‍ അല്ല പറയുന്നത്. അല്‍ഗോരിതത്തിലെ അക്കങ്ങള്‍ സ്ത്രീവിരുദ്ധം എന്നല്ല, അതുണ്ടാക്കിയ ആശയം, ആ ആശയം ഉറവെടുത്ത മനുഷ്യന്‍റെ രാഷ്ട്രീയം cognition, conditioning ഇതൊക്കെയാണ് അവിടെ സ്ത്രീവിരുദ്ധം. ചോദ്യങ്ങള്‍ കൃത്യമായി അങ്ങോട്ടാണ് പോയത്. അത് ഫേസ്ബുക്കില്‍ ഉള്ളവര്‍ക്ക് മനസ്സിലായി, പക്ഷേ കേരളത്തിലെ ആക്റ്റിവിസ്റ്റുകള്‍ക്ക് മനസ്സിലായില്ല!

വേശ്യ, വെടി മുതലായ വാക്കുകള്‍ പാസ്സായി വരാന്‍ ഒന്നുകില്‍ എന്തൊക്കെ പദങ്ങളാണ് അബ്യൂസീവ് എന്നൊരു ഡാറ്റ ബേസ് ഉണ്ടായിരിക്കണം, അത് വച്ച് മെഷീന്‍ ക്രോസ് ചെക്ക്‌ ചെയ്യണം. അല്ലെങ്കില്‍ ഇതില്‍ മാനുഷിക ഇടപെടല്‍ ഉണ്ടായിരിക്കണം. വെറും അക്കങ്ങളുടെ കളി ആണെങ്കില്‍ എടാ... ദൈവമേ എന്ന് വിളിച്ചാലും അത് നൂറുപേര്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് ചെയ്‌താല്‍ പൂട്ടിപ്പോകണം. നൂറു തവണ ഇന്ന സാധനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് പൂട്ടിപ്പോകും എന്നതാണ് ഫെസ്ബുക്കിന്റെ അല്‍ഗോരിതം ​(അല്ലെങ്കില്‍ അതിന്‍റെ പ്രവര്‍ത്തനം) ​എങ്കില്‍ അതില്‍ യാതൊരു രീതിയിലും ഉള്ള ന്യായവും യുക്തിയും നീതിയും ഇല്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വസ്തുവിലെ semantics എന്താണെന്ന് അറിഞ്ഞാല്‍ മാത്രമേ അത് സാമൂഹ്യവിരുദ്ധമാണോ കമ്മ്യൂണിറ്റി വിരുദ്ധമാണോ എന്ന് തീരുമാനിക്കാന്‍ കഴിയൂ, അങ്ങനെയേ പാടുള്ളൂ. വെറും അക്കങ്ങളുടെ കളി ആണെങ്കില്‍ ഹേറ്റ് സ്പീച്ച് എന്ന വിഭാഗത്തില്‍ ആയിരം പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയുടെ അക്കൗണ്ട്‌ റിപ്പോര്‍ട്ട് ചെയ്‌താല്‍ ബോധവും cognitionഉം രാഷ്ട്രീയവും ഭയവും ഇല്ലാത്ത മെഷീന്‍ അത് പൂട്ടുക തന്നെ വേണം. നിങ്ങള്‍ പറയണം, അങ്ങനെ ഒരു സാധ്യത നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നത്? ഇല്ലെങ്കില്‍ ഫെസ്ബുക്കിനു ഇത് നരേന്ദ്ര മോദിയുടെ പ്രൊഫൈല്‍ ആയതു കൊണ്ട് പൂട്ടിക്കാന്‍ ഇത്തിരി ഭയക്കണം എന്ന് എങ്ങനെ തീരുമാനം എടുക്കാന്‍ കഴിയും?

ഭൂരിപക്ഷത്തിന് അനഭിമതമായ അഭിപ്രായം പ്രകടനം നടത്തുന്നവരെ നിശബ്ദരാക്കുന്നതിന് ഭൂരിപക്ഷത്തിനു സഹായകമായ രീതിയില്‍ ഉള്ള പോളിസികളും ​മറ്റുമാണ് ​ഇപ്പോൾ നിലവിലുള്ളത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും മുഖ്യധാരയിലേക്ക് ഉയര്‍ത്താനും സംവരണം നിലവില്‍ ഉള്ളതുപോലെ 'ന്യൂനപക്ഷ പ്രൊഫൈലുകൾ' ഇത്തരത്തിലുള്ള 'ലിഞ്ചിങ്ങി'നു വിധേയമാതെ സംരക്ഷിക്കുവാനുമുള്ള ബാധ്യത ഒരു സാമൂഹ്യമാധ്യമത്തിനുണ്ടാകണം. അതായത് അല്‍ഗോരിതം നിയന്ത്രിക്കുന്ന മനുഷ്യബുദ്ധിയില്‍ സ്ത്രീ വിരുദ്ധത വച്ച് പൊറുപ്പിക്കുന്നതിനെ സമൂഹം ചോദ്യം ചെയ്യണം (ഈ പറയുന്ന സമൂഹം സ്ത്രീ വിരുദ്ധമല്ലേ, എന്ന് ചോദിക്കരുത്; പല്ലിട കുത്തി..)

തൂലികാ നാമം v/s ലീഗല്‍ നാമം

തൂലികാ നാമവും നിക്ക് നെയ്മും ഉപയോഗിക്കുന്നതിന് വേണ്ടി വാദിക്കുന്ന ​ലോകത്തെ ​ആദ്യത്തെ ​സംഭവം​ ഒന്നുമല്ല ​ഇപ്പോള്‍ നടക്കുന്നത്. ലോക വ്യാപകമായി ഇതിനു വേണ്ടി ഓണ്‍ലൈനിലും ഓഫ് ലൈനിലും പല പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുണ്ട്. #‎MyNameIs നടത്തിയ സാൻഫ്രാൻസിസ്കോ പ്രൈഡിലും എഫ് ബി ഹെഡ് ക്വാര്‍ട്ടേഴ്സിലും എല്ലാം നടന്ന പ്രതിഷേധങ്ങൾ താഴെ ലിങ്കിൽ കാണുക. ‪

ഫേസ്ബുക്ക് നെയിം പോളിസി എന്നത് ഇരുമ്പുലക്ക ഒന്നുമല്ല, ഉപയോഗിക്കുന്നവര്‍ക്ക് ആ പോളിസി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കിൽ അത് മാറ്റപ്പെടുക തന്നെ വേണം. ഫേസ്ബുക്കിന്റെ നിയമാവലികൾ അനുസരിക്കാത്തവർ വേറെ പ്ലാറ്റ്ഫൊമിലേക്കു മാറിക്കോളു എന്നെല്ലാം 'ഉപദേശിക്കുന്നത്' ഒന്നുകില്‍ മറ്റു പ്ലാറ്റ്ഫോമുകള്‍ മാര്‍ക്കറ്റ്‌ ചെയ്യുന്നവര്‍ ആകണം, അല്ലെങ്കില്‍ ശുദ്ധ ഫാഷിസ്റ്റ്‌ മനോഭാവം ഉള്ളവര്‍ ആവണം.

സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള ചില അഭിപ്രായങ്ങളെ ഒന്ന് വിലയിരുത്തുന്നു:

< പ്രീത എന്ന് മാത്രമല്ല ഏതൊരു സ്ത്രീക്കും പൊതു ഇടത്തില്‍ അഭിപ്രായം പറയാനും തുല്യതക്കും വേണ്ടിയുള്ള അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ ഈ പത്തു ചോദ്യങ്ങള്‍ എവിടെയൊക്കെയോ തുല്യതയ്ക്കു വേണ്ടിയുള്ള സമരം എന്നതില്‍ നിന്ന് മാറി അടിസ്ഥാന വിരുദ്ധമായ ചോദ്യങ്ങളും സ്ത്രീ എന്ന അനുകമ്പ തേടലും ആയി എനിക്ക് വായിക്കാന്‍ കഴിഞ്ഞു>

കാലാകാലങ്ങളായി തുല്യതക്കു വേണ്ടി വാദിക്കുന്ന സ്ത്രീകള്‍ക്ക് എതിരെ ഉന്നയിക്കുന്ന വാദങ്ങളിൽ ഒന്നാണ് ഇത്. "ഇന്ത്യയിലെ നിയമം സ്ത്രീകൾക്ക് അനുകൂലമാണ്, കൂടാതെ പല മേഖലകളിലും സംവരണവും ഒക്കെ ഉണ്ട്. എന്നിട്ടും നിങ്ങളെന്തിനാണ് തുല്യതക്കു വേണ്ടി വാദിക്കുന്നത്; ഇവിടെ അടിച്ചമർത്തപ്പെടുന്നത് പുരുഷനാണ് " എന്നതിന്റെ ഒരു എക്സ്റെഷന്‍ ആയി ഇതിനെ കണക്കാക്കാക്കാം. അതായത് സ്ത്രീയായത് കൊണ്ട് നിങ്ങള്‍ക്ക് അത് വേണം, ഇത് വേണം എന്നാണ് നിങ്ങള്‍ വാദിക്കുന്നത്, അല്ലാതെ അതിന് എന്തെങ്കിലും ലിംഗ വിവേചനത്തിന്റെ അടിസ്ഥാനമോ യുക്തിയോ ഇല്ല എന്ന്. ​

<മാസ്സ് റിപ്പോര്‍ട്ട് ചെയ്യുന്ന അക്കൗണ്ടുകള്‍ പുരുഷനാണോ സ്ത്രീ ആണോ എന്ന് നോക്കിയല്ല ഇപ്പോഴുള്ള പോളിസികള്‍ പ്രകാരം ഫേസ്ബുക്ക് പ്രതികരിക്കുന്നത് . കമ്മ്യൂണിറ്റി സ്റ്റാന്‍ഡാര്‍ഡ് വയലേഷനുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരുടെ IDയും പൂട്ടും, വെരിഫിക്കേഷന്‍ ആവശ്യപ്പെടും. അതില്‍ പുരുഷന്‍ എന്നോ സ്ത്രീ എന്നോ വത്യാസം ഇല്ല.>

ഒരു ഐഡിയെ കുറെ ആളുകൾ കമ്യുണിറ്റി സ്റ്റാന്‍ഡാര്‍ഡ് വയലെറ്റ് ചെയ്തു എന്ന് ആരോപിച്ചു റിപ്പോര്ട്ട് ചെയ്‌താൽ വേറെ ഒരു വേരിഫിക്കേഷനും ഇല്ലാതെ ആ ഐഡിയെ ഡി-ആക്റ്റിവേറ്റ് ചെയ്യപ്പെടുന്നു എന്നതാണ് പ്രശ്നം. ഇന്ത്യ പോലെ സ്ത്രീസമൂഹം പൊതുവേദികളിൽപ്പോലും ആക്രമിക്കപ്പെടുന്ന ഒരു രാജ്യത്ത് എതിർക്കുന്നവരുടെ വായടപ്പിക്കുന്ന ഈ 'സോഷ്യൽ മീഡിയ ലിഞ്ചിങ്ങ്' ഇല്ലാതാക്കാന്‍ വേണ്ട പോളിസി മാറ്റങ്ങളും, പരിശോധനാ സംവിധാനങ്ങളും എഫ് ബി നടപ്പിലാക്കണം എന്നതാണ് ആവശ്യം. സമൂഹത്തിൽ സ്ത്രീ, പുരുഷൻ എന്ന വിവേചനം നിലനില്ക്കുന്ന ഒരു ഇടത്തിൽ റിപ്പോര്ട്ട് ചെയ്യപ്പെടുന്നവരുടെ ലിംഗം എന്നുള്ളത് പരിഗണനയിൽ എടുക്കേണ്ട ഒരു കാര്യം തന്നെയാണ്.

ഫേസ്ബുക്ക് പൂട്ടുമ്പോള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കുന്നില്ലായിരിക്കും, പക്ഷേ അത് പൂട്ടിക്കാന്‍ വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ നടക്കുന്നവര്‍ ഉണ്ടല്ലോ, അവര്‍ കൃത്യമായി സ്ത്രീകള്‍ ആണോ പുരുഷന്മാര്‍ ആണോ അഭിപ്രായം പറയുന്നത് എന്ന് നോക്കി തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എത്ര തലങ്ങളില്‍ ആണ് ഇതിലെ സ്ത്രീ വിരുദ്ധത എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. ​

<ഫേസ്ബുക്ക് ആര്‍ക്കും സംരക്ഷണം നല്‍കാം എന്ന് ഉറപ്പു നല്‍കുന്നില്ല. അഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹേറ്റ് പേജുകളും ഉണ്ടാകും, സ്വാഭാവികം. പേജുകളില്‍ ഉണ്ടാകുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടാകാം, പക്ഷെ നിങ്ങളുടെ IDകളില്‍ റിപ്പോര്‍ട്ടിംഗ് ഉണ്ടായപ്പോള്‍ നടപടി എടുത്തത് അതുമായി ടെക്‌നിക്കലി ബന്ധപ്പെടുത്താന്‍ കഴിയില്ല . അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയല്ല മറിച്ചു ഫേസ്ബുക്ക് പോളിസികള്‍ പ്രകാരം ഉള്ള വെരിഫിക്കേഷന്‍ നടത്തുകയാണ് ഉണ്ടായത്>

വെരിഫിക്കേഷൻ നടത്തി ഐഡി ക്രിയേറ്റ് ചെയ്ത ആളുടെ ജന്യുവിനിറ്റി പരിശോധിക്കുന്നതിൽ എതീര്‍പ്പുണ്ട് എന്നാരും പറഞ്ഞിട്ടില്ല. ഈ വെരിഫൈ ചെയ്ത വിവരങ്ങൾ (ഒറിജിനൽ നേം) പബ്ലിക് ആയി പ്രദര്‍ശിപ്പിക്കണം എന്ന്‍ പോളിസി വെക്കുമ്പോൾ അതുമൂലം യൂസര്‍ക്ക് ഓഫ് ലൈനിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ അഡ്രസ് ചെയ്യപ്പെടാതെ വിടുകയാണ്. ഉദാഹരണത്തിന് പ്രശ്നക്കാരനായ തന്റെ പഴയ കാമുകനിൽ / ഭർത്താവിൽ നിന്നും തന്റെ ഐഡന്റിറ്റി മറച്ചു വെച്ച് സോഷ്യൽ മീഡിയയിൽ വരുന്ന ഒരു സ്ത്രീക്ക്, തന്റെ ഫുള്‍ നേം പരസ്യമായി പ്രദര്‍ശിപ്പിക്കുന്നിലൂടെ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ അവഗണിക്കപ്പെടുകയാണ് ഇവിടെ. ​നടപടി എടുത്തതിനെ പേജുമായി ബന്ധപ്പെടുത്തണ്ട, പക്ഷേ റിപ്പോര്‍ട്ട് ചെയതത് പേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്നെയാണല്ലോ? ഉടന്‍ തന്നെ നടപടി വന്നത് മറുത്ത് എന്തെങ്കിലും പറയാനോ പ്രതികരിക്കാനോ പോലും അവസരം ഇല്ലാതെ പ്രൊഫൈല്‍ പൂട്ടിക്കുക എന്നതാണ്. എന്തുകൊണ്ട്? എന്തിന് വേണ്ടി? ഐഡി കൊടുക്കാന്‍ സമയം കൊടുക്കാമല്ലോ! ​

<അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുന്നത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലും പ്രായോഗികമല്ല, അങ്ങനെ നിലവിലും ഇല്ല. വിവരങ്ങള്‍ പരസ്യ കമ്പനികള്‍ക്ക് നല്‍കുന്നു എന്നത് ആരോപണം മാത്രമാണ്. ഫേസ്ബുക്ക് നെയിം പോളിസി പ്രകാരം ശരിയായ പേര് മാത്രമേ പ്രൊഫൈലില്‍ ഉപയോഗിക്കാന്‍ കഴിയൂ, അത് അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ നിങ്ങളെ അലേര്‍ട്ട് ചെയ്യും, അപ്പോള്‍ ഇതെല്ലാം എഗ്രീ ചെയ്യുന്നു എന്ന് ടിക്ക് ചെയ്ത് അക്കൗണ്ട് തുടങ്ങുന്ന നിങ്ങള്‍ ഫേക്ക് നെയിം ആണ് ഉപയോഗിക്കുന്നത് എങ്കില്‍ വിശ്വാസവഞ്ചന കാണിക്കുന്നത് നിങ്ങളാണ്. അങ്ങനെ നടന്നു എന്ന് ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ നിങ്ങളുടെ സത്യസന്ധത തെളിയിക്കാന്‍ വേണ്ടിയാണ് ഫേസ് ബുക്ക് രേഖകള്‍ ആവശ്യപ്പെടുന്നത്>

എന്ത് പ്രായോഗിക ബുദ്ധിമുട്ട് ആണ് ഇവിടെ ഉള്ളത് എന്ന് പറയുന്നില്ല. ഇങ്ങനെ ഒരു നിബന്ധന വെക്കുന്നത് തങ്ങളുടെ യൂസർ ബേസിനെ ബാധിക്കും എന്ന കാരണം അല്ലാതെ വേറെ ഒരു കാരണവും ഇതിനു പിന്നിൽ ഇല്ല. പരസ്യ കമ്പനികൾക്ക് വിവരങ്ങൾ നല്ക്കുന്നു എന്നത് ആരോപണം അല്ല, നിങ്ങളുടെ കമ്പ്യുട്ടറിലെ കുക്കീസ് റീഡ് ചെയ്ത് പേജ് സജഷനും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിങ്ങള്‍ക്ക് തന്നെ പരീക്ഷിച്ചു ബോധ്യപ്പെടാവുന്ന ഒരു കാര്യമാണ്. സത്യസന്ധത തെളിക്കുന്നതിൽ ആര്‍ക്കും എതിര്‍പ്പില്ല, പക്ഷെ ആ വിവരങ്ങൾ പൊതു ഇടത്തിൽ പ്രദര്‍ശിപ്പിക്കണം എന്ന പോളിസിയോടാണ് എതിര്‍പ്പ്.

<<നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ ഉള്ള അവകാശം പോലെ തന്നെയാണ് മറ്റുള്ളവര്‍ക്കും അതിനുള്ള അവകാശം ഉണ്ട്, അതില്‍ എന്തെങ്കിലും വയലേഷന്‍ ഉണ്ട് എങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. ആ റിപ്പോര്‍ട്ടുകളിള്‍ പരിശോധിക്കുന്നതിലെ വീഴ്ചകള്‍ ചൂണ്ടി കാണിക്കാം, പക്ഷെ നിങ്ങള്‍ ചെയ്യുന്നത് അതല്ല>

അക്കൌണ്ടുകൾ ഉണ്ടാക്കാനും അഭിപ്രായം പ്രകടിപ്പിക്കുവാനും ഉള്ള ആരുടെയും സ്വാതന്ത്ര്യത്തെ അല്ല ചോദ്യം ചെയ്യുന്നത്. അൽഗോരിതം ബേസ്ഡ് ആയ, യഥാർത്ഥ പ്രശ്നം എന്ത് എന്ന് വിശകലനം ചെയ്യാതെ ഉള്ള ഐഡി ബ്ലോക്കിങ്ങ് ആണ് പ്രതിപാദ്യ വിഷയം. ഒരു സാമൂഹിക മാധ്യമം ആ സമൂഹത്തിൽ ഉള്ള തിന്മകൾക്കു വളരാനുള്ള ഒരു ഇടം ആകുന്നതിനെ അനുകൂലിക്കുന്നുണ്ടോ?

<എന്റെ പരിമിതമായ അറിവില്‍ കമ്പ്യൂട്ടിംഗ് സാധ്യമായ എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഫേസ്ബുക്ക് സ്റ്റാന്‍ഡേര്‍ഡ്‌സ് ഉണ്ട്. അങ്ങനെ ആണെങ്കില്‍ ഈ ചോദ്യം അടിസ്ഥാന രഹിതമാണ്>

കമ്പ്യൂട്ടിംഗ് സാധ്യമായ എല്ലാ ഭാഷകളിലും നിങ്ങള്‍ക്ക് ഫേസ്ബുക് യൂസ് ചെയ്യാം. പക്ഷെ ഭാഷയ്ക്കോ സമൂഹത്തിനോ സ്പെസിഫിക് ആയുള്ള ഒരു പോളിസി ഇല്ല. ഒരു വ്യക്തിയുടെ പേര് ചേർത്ത് ഏറ്റവും മോശമായ തരത്തിൽ വ്യക്തിഹത്യ നടത്തുന്ന ഒരു പേജ് റിപ്പോര്‍ട്ട് ചെയ്യുമ്പോൾ അത് കമ്യൂണിറ്റി സ്റ്റാന്‍ഡാര്‍സിന് എതിരല്ല എന്ന മെസേജ് വരുന്നത് ഭാഷയ്ക്കു സ്പെസിഫിക് ആയ പോളിസി ഇല്ലാത്തതിന്റെ അഭാവം തന്നെയാണ്. അല്ലെങ്കില്‍ ആ പോളിസി ഉണ്ടാക്കുന്നവരുടെ രാഷ്ട്രീയ അജ്ഞത, ആശയപരമായ ജീര്‍ണ്ണനം. ​

ഒരു സാമൂഹിക ലഹളയ്ക്ക് പോലും വഴിമരുന്നിടാൻ പ്രാപ്തമായ ഒരു സാമൂഹ്യമാധ്യമം എന്ന നിലക്ക് പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്ക്, അവരാൽ സാധ്യമായ സംരക്ഷണം നല്കണം എന്ന ആവശ്യം, സ്വയം പുരോഗമന ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന ഒരു സ്ഥാപനത്തോട് ആവശ്യപ്പെടുന്നത് ഒരു ആർഭാടം ആണ് എന്ന് കരുതുന്നില്ല. ഒരാളുടെ പ്രൊഫൈൽ വെരിഫൈ ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല, പക്ഷെ അത് പരസ്യമായി പ്രദർശിപ്പിക്കണം എന്ന പോളിസിക്കെതിരെ ആണ് പ്രതിഷേധം. ലീഗൽ നെയിം മാറ്റുവാൻ ഫേസ്ബുക്ക് ഒരു തടസം അല്ല, പക്ഷെ ആ ലീഗൽ നെയിം മാത്രമേ ഒരാൾക്ക്‌ അക്കൌണ്ട് നേയിം ആയി ഉപയോഗിക്കാവു എന്ന പോളിസിയോടാണ് എതിര്‍പ്പ്.

ഫോർജറിക്കെതിരെ സ്റ്റേറ്റില്‍ നിലവിലുള്ള നിയമത്തെപ്പറ്റി അല്ല ചർച്ച, കര്‍ശനമായ വെരിഫിക്കേഷന് വിധേയമാകുന്ന സ്ഥാപനങ്ങളില്‍ വരെ വ്യാജ രേഖകൾ വെച്ച് കാര്യം സാധിക്കുന്ന ഒരു രാജ്യത്ത് വെറും ഒരു സ്കാൻ ചെയ്ത ഡോക്യുമെന്റ് ആധാരമാക്കി പ്രൊഫൈലുകളുടെ വിശ്വാസ്യത തെളിയിക്കുന്നതിലെ പരിഹാസ്യതയും ഒരു പ്രതിപാദ്യ വിഷയമാണ്.

<ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാറില്ല എന്ന് മാത്രമല്ല അത്തരം രേഖകള്‍ പൂര്‍ണ്ണ സുരക്ഷിതമായി ആണ് കൈകാര്യം ചെയ്യുന്നത് എന്ന് കൂടി ഫേസ്ബുക്ക് ഉറപ്പു നല്‍കുന്നുണ്ട്. അപ്പോള്‍ ഈ ചോദ്യവും അടിസ്ഥാന രഹിതമാണ്>

എന്ത് ലോജിക്കിന്റെ പുറത്താണ് ചോദ്യം അടിസ്ഥാനരഹിതം ആണ് എന്ന് വാദിക്കുന്നത് എന്ന് വ്യക്തമാക്കാമോ? ഒരാളുടെ പേര് എന്നത് അയാളുടെ പ്രൈവറ്റ് ഇൻഫർമേഷൻ ആണ്; അത് ആരെയെല്ലാം അറിയിക്കണം എന്നതും ആ വ്യക്തിയുടെ മാത്രം തീരുമാനമാകണം. പ്രൊഫൈൽ നിലനിര്‍ത്തണമെങ്കിൽ ലീഗൽ നെയിം ഉപയോഗിക്കണം എന്നത് ആ സ്വതന്ത്ര്യത്തെ ചോദ്യംചെയ്യലാണ്.

​ചുരുക്കത്തില്‍ പ്രതിഷേധങ്ങള്‍ പുരുഷാധിപത്യ നിലനില്‍പ്പുകള്‍ക്ക് എതിരേയും, സ്റ്റേറ്റിന്റെ പോലെ തന്നെയുള്ള സോഷ്യല്‍മീഡിയ മുതലാളിമാരുടേയും ഫാഷിസ്റ്റ്‌ മുഷ്ടിചുരുട്ടലുകള്‍ക്ക് എതിരേയും ആണ്. ​ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്ന പേജ് ഉണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്‌താല്‍ അതിലെ semanticsഉം രാഷ്ട്രീയവും മനസ്സിലാക്കി അതിന്മേല്‍ പോളിസികള്‍ ഉണ്ടാക്കണം. അല്ലെങ്കില്‍ അല്‍ഗോരിതങ്ങള്‍ ഉണ്ടാക്കണം. ഒരാളുടെ സ്വകാര്യത സൂക്ഷിക്കാനുള്ള അയാളുടെ അവകാശത്തെ സോഷ്യല്‍ മീഡിയ ബുള്ളിയിംഗ് നടത്തി ഹനിക്കാന്‍ ശ്രമിക്കരുത്. ഫെസ്ബുക്കിന്റെ പോളിസികള്‍, അല്‍ഗോരിതങ്ങള്‍ എന്നിവ ഉണ്ടാക്കിയത് മനുഷ്യര്‍ ആണെങ്കില്‍, അതില്‍ സ്ത്രീ വിരുദ്ധതയും രാഷ്ട്രീയ ശരികേടും ഉണ്ടെങ്കില്‍ അതിനെതിരേ പ്രതികരിക്കാന്‍ ആര്‍ക്കും കഴിയും. കഴിയില്ല എന്ന് പറഞ്ഞു ഫാഷിസ്റ്റ്‌ തിട്ടൂരങ്ങള്‍ ഇറക്കുന്നത് വഴി അറിയാതെ നിലാവത്ത് കൂവിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുവരെ ഫേസ്ബുക്കിന് കമ്പിയടിച്ചു വേണോ മെയില്‍ അയച്ചു വേണോ ഇതൊക്കെ അറിയിക്കാന്‍ എന്നൊക്കെ ഉള്ള പതിവ് കലാപരിപാടികളുമായി നിങ്ങള്‍ ഇങ്ങനെ തന്നെ തുടരുക.

(ലേഖകന്‍ ബാംഗ്ലൂരില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നു)

അഴിമുഖം പ്രസിദ്ധീകരിച്ച അനിരുദ്ധന്‍ അനിരുദ്ധന്റെ മറ്റൊരു ലേഖനം: ഫാസിസ്റ്റ് കാലത്ത് വിപ്ലവച്ചിട്ടയുണ്ടാക്കാന്‍ തിരുവാതിര മാത്രമാക്കരുത്!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories