TopTop
Begin typing your search above and press return to search.

പൊളിഞ്ഞു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്ന് ആർക്കുമറിയാത്ത ഒരു ശൂന്യതയുടെ പേരായിരിക്കും...

പൊളിഞ്ഞു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്ന് ആർക്കുമറിയാത്ത ഒരു ശൂന്യതയുടെ പേരായിരിക്കും...

പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ സഞ്ചാരികൾ താജ്മഹൽ കണ്ട് അത്ഭുതപ്പെട്ട്, സംസാരിക്കാതിരിക്കാൻ പോലുമാവാതെ നിന്നുപോയിട്ടുള്ളതിനെപ്പറ്റി ആദ്യം കേട്ടത് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ പ്രമോദ് നായരുടെ ക്ലാസ്സിൽ വെച്ചാണ്.

പലരോടും ഒപ്പം പലപ്പോഴും താജ്മഹലിൽ എത്തിയപ്പോഴും കൗതുകം തോന്നിയിട്ടുള്ളത് അവിടെയുള്ള വിദേശി സാന്നിധ്യത്തോടാണ്. രാവിലെ താജ് തുറക്കുന്ന സമയത്തായാലും വൈകിട്ട് അടയ്ക്കുന്ന നേരത്തായാലും ഇത്രയും വിദേശികളെ ഇന്ത്യയിൽ വേറെ ഒരിടത്തും കണ്ടിട്ടില്ല. (നമ്മളെപ്പോലെ 40 രൂപയല്ല 1000 രൂപയാണ് വിദേശിയായ ഒരാൾക്ക് ഇപ്പോൾ ടിക്കറ്റ് വില). രണ്ടര നൂറ്റാണ്ടിലധികമായി അവർ താജ്മഹൽ കാണാൻ വന്നു കൊണ്ടിരിക്കുന്നു. ഡൽഹിയിൽ നിന്ന് രാവിലെ പോകുന്ന ജനശതാബ്ദിയിലും മറ്റു ടൂറിസ്റ്റ് ട്രെയിനുകളിലും ഉള്ള നിറഞ്ഞ വിദേശി സാന്നിധ്യം പോരാഞ്ഞിട്ട് ആഗ്രയിലുള്ള ഒരു പാട് ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകൾ, വിമാനത്താവളം, ടൂറിസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നിരവധി മനുഷ്യർ- എനിക്ക് തോന്നിയിട്ടുണ്ട് ഈ നാട് ജീവിക്കുന്നത് തന്നെ ഈ ഒരു കെട്ടിടത്തിന് ചുറ്റുമാണ്. വേറെ എന്താണ് ഇവിടേക്ക് മനുഷ്യരെ എത്തിക്കുന്നത്? തണുപ്പിലും ചൂടിലും റിക്ഷ ചവിട്ടിത്തളരുന്ന വയസ്സന്മാർ മുതൽ മാർബിളിന്റെ പൊട്ടിലും പൊടിയിലും കുട്ടിത്താജ് ഉണ്ടാക്കുന്ന പയ്യന്മാർ വരെ ഉൾപ്പെടുന്ന ഈ സാമ്പത്തികവ്യവസ്ഥിതിയെകൂടി കാണണം താജ്മഹലിൽ.

"പ്രണയത്തിന്റെയും കാല്പനികതയുടെയും മഹാ സൗധത്തിനു മുമ്പിൽ വരവ് ചിലവിന്റെ കണക്കു പറയാമോ" എന്നൊരാൾക്കു ചോദിക്കാം. ഈ ചോദ്യം തന്നെയാണ് നാം താജ്മഹലിനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്. ഒന്നുകിൽ നാമതിനെ കാല്പനികവൽക്കരിച്ച് (മകൻ ഔറംഗസീബിനാൽ ആഗ്ര കോട്ടയിൽ തടവിലാക്കപ്പെട്ട്, താജ്മഹൽ അടുത്ത് കാണുമ്പോഴും അവിടെ കിടന്ന കല്ലിൽ നോക്കി വിലപിച്ചു കൊണ്ട് മരിച്ചുപോയ ഷാജഹാനെപ്പറ്റി നാം ഗദ്ഗദകണ്ഠരായി); അല്ലെങ്കിൽ ഒരു രാജാവിന്റെ വിഭ്രാന്തമായ കൈത്തെറ്റായി കാണാം: മാർബിളിൽ തീർത്ത ഭരണത്തിന്റെ വെളുപ്പിൽ മാത്രമല്ല, യമുനയ്ക്കു കുറുകെ കറുപ്പ് മാര്‍ബിളിലും താജ്മഹൽ ഉണ്ടാക്കി അവയെ ബന്ധിപ്പിച്ച് സ്വർണം കൊണ്ട് ഒരു പാലം കെട്ടാൻ ഉണ്ടായിരുന്ന പദ്ധതിയുടെ പേരിൽ മൂക്കത്തു വിരൽ വെക്കാം. അനുഭവത്തിലും പ്രയോഗികതയിലും അധിഷ്ഠിതമായ ചോദ്യങ്ങൾ ചോദിച്ചതേ ഇല്ല.

ഇത് രണ്ടും ചരിത്രബോധമുള്ള പ്രതികരണങ്ങളല്ല. ചരിത്രം ഒരനിവാര്യതയാണ്. അന്ന് ഷാജഹാൻ താജ്മഹൽ ഉണ്ടാക്കിയത് ധൂർത്തായിരുന്നു എന്ന് പറയാം (അന്നത്തെ മൂല്യവ്യവസ്ഥിതിയിൽ രാജാവിന് ചെയ്യാവുന്ന കാര്യം). ഇക്കണ്ട കാലത്തൊക്കെ കിട്ടിയ ടൂറിസ്റ്റ് വരുമാനം നോക്കിയാൽ അത് നന്നായി എന്നും പറയാം. ഒരു കാര്യം നിസ്സംശയം പറയാം: ഇനി ഒരു താജ്മഹൽ ഉണ്ടാക്കാൻ കഴിയില്ല. അതിന്റെ കാര്യവുമില്ല. ബുർജ് ഖലീഫയും എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിനും മറ്റു സ്കൈ സ്ക്രപേഴ്സിനും ശേഷം താജ് മഹലിന് വല്ലാതെ ഒന്നും ചെയ്യാനുമില്ല. ആഖ്യാനങ്ങളിലൂടെ, പുനരാവിഷ്കാരങ്ങളിലൂടെ താജ്മഹൽ നേടിയ ഖ്യാതി, യാത്രകളുടെ ലോകത്ത് ഇന്നും അതിനെ സവിശേഷമാക്കി നിർത്തുന്നുവെന്ന് മാത്രം.

ലോകത്തെ ഹിന്ദുവെന്നും ഹിന്ദു വിരുദ്ധരെന്നും മാത്രം മനസ്സിലാക്കി, സ്വന്തം അധമബോധം കൊണ്ട് (inferiority complex) താജ്മഹൽ തകർക്കാനും അതിന്റെ കഥ മാറ്റിയെഴുതാനും നടക്കുന്ന ഹിന്ദുത്വക്കാർ തകർക്കാൻ ശ്രമിക്കുന്നത് ഒരു സാമ്പത്തികവ്യവസ്ഥയെയും ഒരനുഭവമണ്ഡലത്തെയും തന്നെയാണ്. വിനോദയാത്ര വരുന്ന വിദേശിയെപ്പോലും അടുപ്പിക്കാൻ കഴിയാത്ത മാടമ്പിത്തരം ഈ നാട്ടിലെ നിയമവാഴ്ചയെ എവിടെ എത്തിക്കും എന്ന് ആലോചിച്ചാൽ മതി. ഈ അക്രമികളെ എല്ലാവരും പിന്നെപ്പിന്നെ സഹിക്കേണ്ടി വരും.

അവർക്കിങ്ങനെ ചെയ്യാൻ കഴിയുന്നതിൽ ചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശത്തോടു നാം കാണിച്ച ഉദാസീനത കൂടി ഇല്ലേ? 20000 മനുഷ്യർ 19 വര്‍ഷം ജോലി ചെയ്ത് കെട്ടിടരൂപകല്പനയിലും സ്ഥലസങ്കൽപനത്തിലും നിറങ്ങളുടെ, വരകളുടെ ഉപയോഗത്തിലും എവിടെനിന്നു നോക്കിയാലും തൊട്ടടുത്തെന്നു തോന്നിക്കുന്ന എഞ്ചിനീയറിംഗ് വൈഭവത്തിലും അമ്പരപ്പിക്കുന്ന symmetry-യിലും മനുഷ്യാദ്ധ്വാനത്തിന്റെ മഹാസ്മാരകം ആയി മനസ്സിലാക്കപ്പെടേണ്ടിയിരുന്ന താജ്മഹലിനെ ഒരാളുടെ പ്രണയകഥയായി അവസാനിപ്പിച്ചതിൽ നമ്മുടെ ചരിത്രകാരന്മാരുടെ അലസതയ്ക്ക് നല്ല പങ്കില്ലേ?

http://www.azhimukham.com/india-vhp-vandalise-western-gate-of-taj-mahal/

ചരിത്ര പുസ്തകങ്ങൾക്ക് പുറത്ത് തൊഴിലാളിയെയും കലാകാരന്മാരെയും നാം കണ്ടിട്ട് കൂടി ഉണ്ടോ? അവരുടെ ലഭ്യമായ ചരിത്രങ്ങളേക്കൂടി ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചിട്ടുണ്ടോ? അങ്ങനെയൊരു രീതി സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിൽ ഷാജഹാൻ താജ്മഹലിന്റെ നിർമിതിയിൽ ഒരാൾ മാത്രമാണെന്ന ശരിയായ ചരിത്രബോധം ബാക്കിയാവുമായിരുന്നു. ആ കാഴ്ചപ്പാട് ഈ ഗംഭീരശിൽപ്പത്തിന് വേണ്ടി അടിമപ്പണിചെയ്ത അമ്പരപ്പിക്കുന്ന മനുഷ്യരുടെ കൂടി ഓര്‍മക്കല്ലറകളെ സങ്കല്പിക്കുന്നതിലേക്ക് നമ്മെ എത്തിക്കുമായിരുന്നു.

പിന്നെ ഇതൊക്കെ ചർച്ച ചെയ്തുകൊണ്ടിരിക്കണമെങ്കിൽ 73 മീറ്റർ ഉയരമുള്ള, മുന്നൂറ്റമ്പതിലധികം വര്‍ഷം പ്രായമുള്ള ആ വെള്ളക്കെട്ടിടം കെട്ടിടം അവിടെ ബാക്കിയാവണം എന്ന് കൂടിയുണ്ട്... പൊളിഞ്ഞു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്ന് ആർക്കുമറിയാത്ത ഒരു ശൂന്യതയുടെ പേരായിരിക്കും...

(ആഷ്‌ലി ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/travel-we-godsown-country-salute-tajmahal-keralatourism-trolls-up-tourism/

http://www.azhimukham.com/news-wrap-tajmahal-is-thejomahalaya-temple-say-sanghparivar-sajukomban/

http://www.azhimukham.com/trending-taj-mahal-a-blot-on-indian-culture-was-built-by-a-traitor-bjp-mla-sangeet-som/

http://www.azhimukham.com/faizulhasanqadri-retd-postmaster-tajmahal-school-bulandshahr-up/

http://www.azhimukham.com/news-wrap-paika-rebellion-first-struggle-of-independence-saju-komban/


എന്‍.പി ആഷ്‌ലി

എന്‍.പി ആഷ്‌ലി

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അസി. പ്രൊഫസര്‍

Next Story

Related Stories