TopTop

ഗോള്‍വാള്‍ക്കര്‍ ടേണ്‍ഡ് നിയോ-ഗാന്ധിസ്റ്റിന്റെ മാരീചവേഷങ്ങള്‍

ഗോള്‍വാള്‍ക്കര്‍ ടേണ്‍ഡ് നിയോ-ഗാന്ധിസ്റ്റിന്റെ മാരീചവേഷങ്ങള്‍
ഗോള്‍വാള്‍ക്കര്‍ വഴി ഗാന്ധിയിലേക്കെത്തിയ ആ മഹാനുഭാവനെ നന്നായൊന്ന് സൂക്ഷിക്കണം. കാളകൂട വിഷമാണത്. പുതിയ ഏതു തരം ദൌത്യമാണ് അയാളില്‍ നിക്ഷിപ്തമായിരിക്കുന്നത് എന്നാണ് അറിയേണ്ടത്. രാജ്യമൊട്ടുക്കും പരീക്ഷിച്ചുകൊണ്ടേയിരിക്കുന്ന ഹിന്ദുത്വയുടെ കടുംകാവിക്ക് ഈ ദേശം തലച്ചോറിലൂടെ മറുപടി കൊടുക്കുമ്പോള്‍ ആ പരിപ്പിന് മിനിമത്തിലധികം വേവുണ്ടാകില്ലെന്ന തിരിച്ചറിവിലോ മറ്റോ ആകണം നിഷ്പക്ഷ സെക്കുലര്‍ ഷാളും പുതപ്പിച്ചു രാഹുലനെ പറഞ്ഞു വിട്ടത്. കേരളാ പോളിറ്റിക്കൊത്തൊരു നല്ല പിള്ളക്കോട്ടും തുന്നി തിരുവനന്ത
പുരത്ത് നിന്ന് ഡല്‍ഹിക്കൊരു കേന്ദ്രമന്ത്രി ടിക്കറ്റു മാത്രമാകുമോ ആ വാക്കുകള്‍ക്ക് പിന്നിലെന്ന് സംശയിക്കേണ്ടതുണ്ട്.ഉത്തരേന്ത്യന്‍ കാവി നാടുകളില്‍ പാഠപുസ്ത ചരിത്രങ്ങള്‍ അപ്പാടെ തിരുത്തിയാണ് സവര്‍ക്കറാദി ഗോഡ്സെമാരെ മഹാത്മാക്കളാക്കുന്നത്; കേരളത്തില്‍ അതിനു വിഘാതമായി അരാഷ്ട്രീയക്കാരില്‍ പോലും മുഴച്ചു നില്‍ക്കുന്ന മിനിമം രാഷ്ട്രീയ ജ്ഞാനമുണ്ട്. എന്തൊക്കെ അയ്യര് കളിച്ചു കാണിച്ചാലും ഒന്നാലോചിച്ചു മാത്രം കൈ കൊടുക്കുന്ന ഭൂരിപക്ഷമാണ്. അവിടെയപ്പോള്‍ ഒറ്റ വെട്ടിനു കഷ്ണമാകില്ലെന്നും ഇതുപോലെ മെല്ലെ മെല്ലെ ചുരണ്ടി മുറിച്ച് അതില്‍ മെര്‍ക്കുറി തേച്ച് ഉണക്കി വീഴ്ത്തണമെന്നും അവര്‍ക്ക് നന്നായി അറിയാം.

തീവ്ര ഹിന്ദുത്വവാദിയായിരുന്ന താന്‍ ഇന്ന് മിതവാദിയാണെന്ന്, ഗാന്ധിയുടെ പാതയിലേയ്ക്ക് പരിണമിച്ച ഗോൾവാൾക്കറാണ് ഇക്കാര്യത്തില്‍ മാതൃകയെന്ന് - യേത്, നമ്മുടെ ഗോള്‍വാള്‍ക്കറേ! വിചാരധാര അങ്ങേരുടെ പെട്ടിയില്‍ കിടന്ന് വയറ്റത്തടിച്ചു ചിരിക്കുന്നുണ്ടാകും. ഗോള്‍വാള്‍ക്കറില്‍ നിന്ന് ഗാന്ധിയിലെത്തിയത് രണ്ടു വെടിയുണ്ടകള്‍ മാത്രമാണെന്ന് (കടം: പ്രവീണ്‍ എസ്ആര്‍പി) അറിയാത്ത ആളല്ല രാഹുല്‍, പിന്നെന്താ ഗാന്ധിയും ഗോൾവാൾക്കറും മാമനും മച്ചമ്പിയുമായിരുന്നെന്ന് നൈസായിട്ടങ്ങു തേച്ചു വിടണം. നമ്മളൊക്കെ ട്രോളും. പശുവിന്‍റെ കൊമ്പിലെ ട്യൂണിംഗ് ഫോര്‍ക്ക് തപ്പി നടക്കുന്ന കാവി കിഴങ്ങന്‍മാരുടെ പള്ളിക്കൂടത്തില്‍ പോകുന്ന മക്കളും കൊച്ചു മക്കളുമൊക്കെ ഇന്നല്ലെങ്കില്‍ നാളെ അതങ്ങ് വിശ്വസിക്കും.

സംഭവം മറ്റേത് തന്നെ; അപനിര്‍മ്മാണം. കളറടിച്ച് ഇറക്കിയതാണെന്നു മാത്രം. ദേശീയ ചാനലില്‍ കയറിയിരുന്ന് നോമ്പ് കാലത്ത് മലപ്പുറത്തെ സ്കൂളുകളില്‍ ഉച്ച ഭക്ഷണം കൊടുക്കില്ലെന്ന് തട്ടിവിടും. നാട്ടിലെ ചാനലില്‍ എത്തിയാ താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല, ഇനി അഥവാ അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് നമ്മുടെ മതേതരത്വത്തിന്‍റെ ഉദാത്ത മാതൃകയാണെന്ന് വെച്ച് കാച്ചും. ചോദ്യം ചോദിച്ചവന്‍ കൃതാര്‍ത്ഥനാവും. അതാണ്‌ മാരീച വേഷം കെട്ടിയ ആ നിയോ ഗാന്ധിസ്റ്റിന്‍റെ സ്ട്രാറ്റജി. "ആരൊക്കെ വന്നാലും പോയാലും ലാസര്‍ ആ കസേരയുടെ വലത്ത് വശത്ത് തന്നെ ഉണ്ടായിരിക്കും, പള്ളിക്കൂടത്തില്‍ പോയതിന്‍റെ ഗുണാണേ"!

"മുസ്ലീങ്ങൾ വെള്ളിയാഴ്ചയും ക്രിസ്ത്യാനികൾ ഞായറാഴ്ചയും ഒത്തുകൂടുമ്പോൾ ഹിന്ദുക്കൾ ശനിയാഴ്ച്ച ദിവസം ഒരുമിച്ചുകൂടി ആത്മീയകാര്യങ്ങൾ പങ്കുവെയ്ക്കുന്നത് നല്ലതാണെന്നു ഞാൻ എന്റെ എല്ലാ പ്രഭാഷണങ്ങളിലും നിർദ്ദേശിക്കാറുണ്ട്".

ഉവ്വ! തന്നെ തന്നെ; പാര്‍ട്ടി ഓഫീസിലും ചായക്കടയിലും തുടങ്ങി ബാറുകളിലും ക്ലബുകളിലുമൊക്കെയായി അവിടേം ഇവിടെമൊക്കെ ചുറ്റി തിരിയുന്ന ഹിന്ദുക്കളെയൊക്കെ എങ്ങനെയേലും അമ്പലത്തില്‍ എത്തിക്കണം. അതു വരെയേ തനിക്ക് ജോലിയുള്ളൂ, അവരെ വിരാട ഹിന്ദുക്കളാക്കിയെടുക്കാനുള്ള ബാക്കി പണികള്‍ ചെയ്യാന്‍ അവിടെ വേറെ ആള്‍ക്കാരുണ്ടെന്ന്. അതിനാണീ പറഞ്ഞ ബില്‍ഡപ്പ് മുഴുവനും.

(ശ്രീകാന്ത് ഫേസ്ബുക്കില്‍ എഴുതിയത്)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories